വായുവിൽ വെച്ച് തന്നെ തന്റെ ഇരുകാലുകൾ കൊണ്ടും അവരുടെ നെഞ്ചിലേക്ക് അവൾ ആഞ്ഞൊഴിച്ചു!
വലിയൊരു സ്ഫോടനം നടന്നതുപോലെയുള്ള ശബ്ദത്തോടെ, അത്രയും വലിയ ഭീമാകാരനായ തക്ഷകനും നാഗികയും ആ ചുവന്ന മണ്ണിലേക്ക് പന്തുകൾ പോലെ തെറിച്ചുവീണു! കരിങ്കൽ ഭിത്തിയിലിടിച്ച് നിലംപതിച്ച അവർക്ക് ഒന്നെഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല. മണ്ണിൽ വലിയൊരു കുഴിയുണ്ടാക്കിക്കൊണ്ട് തങ്ങളുടെ ഗുരുക്കന്മാർ കൂടിയായ ആ വലിയ പോരാളികൾ പരാജയം സമ്മതിച്ചു കിടന്നു.
കുറച്ചുനേരം ആ മുറിയിൽ വലിയൊരു പ്രകമ്പനമായിരുന്നു.
പൊടിപടലങ്ങൾ അടങ്ങിയപ്പോൾ, നിലത്തുവീണുകിടക്കുന്ന തക്ഷകനെയും നാഗികയെയും, അവർക്ക് നടുവിലായി യാതൊരു ഭാവവ്യത്യാസവുമില്ലാതെ മരണദേവതകളെപ്പോലെ നിൽക്കുന്ന ആമിയെയും നിധിയെയും കണ്ട് ഞങ്ങൾക്ക് ശ്വാസം മുട്ടിപ്പോയി.
ഞാനും സച്ചിനും രാഹുലും, എന്തിന് റോസും കൃതികയും വരെ കല്ലിച്ചതുപോലെ നിന്നുപോയി.
അവരുടെ ആ മാന്ത്രിക നീക്കങ്ങൾ, ആ അമാനുഷിക ശക്തി… അതൊക്കെ ഒരു അത്ഭുതം പോലെ നോക്കിനിൽക്കാനേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ! ഞങ്ങൾ ഈ ഒരാഴ്ച ചോരയൊഴുക്കി നേടിയെടുത്ത ശക്തിയൊന്നും ഇവരുടെ കാൽക്കീഴിൽ വെക്കാൻ പോലുമില്ലെന്ന് എനിക്ക് പൂർണ്ണമായും ബോധ്യമായി!
എന്റെ കൈകളിലെ ഇരുമ്പിന്റെ കരുത്തും ഞാൻ സഹിച്ച വേദനകളും ഈ അമാനുഷിക ശക്തികൾക്ക് മുന്നിൽ എത്ര നിസ്സാരമാണ്!
ആമിയുടെയും നിധിയുടെയും കാലുകൾക്ക് കീഴിലാണ് ഞാനിപ്പോഴും.
അവർക്ക് മുൻപിൽ ഞാൻ വീണ്ടും വെറുമൊരു ശൂന്യതയായി, ഒരു വേസ്റ്റ് ആയി മാറിയിരിക്കുന്നു എന്ന ചിന്ത എന്റെ തലച്ചോറിനെ വല്ലാതെ മരവിപ്പിച്ചു.
എന്റെ ഉള്ളിലെ അവസാനത്തെ വാശിയും അവിടെ കെട്ടടങ്ങുകയായിരുന്നു.
പെട്ടെന്ന്… എന്റെ ആ വല്ലാത്ത നിരാശയുടെയും ശൂന്യതയുടെയും നിമിഷത്തിൽ, മുകളിലെ ആ വലിയ ക്രിസ്റ്റൽ മേൽക്കൂരയിൽ നിന്നും ഭയാനകമായ ഒരു പൊട്ടിത്തെറിയുടെ ശബ്ദം മുഴങ്ങി!
എല്ലാവരും ഞെട്ടി മുകളിലേക്ക് നോക്കി. ആ മേൽക്കൂരയിൽ ഉറപ്പിച്ചുവെച്ചിരുന്ന ആ ഭീമാകാരമായ ഊർജ്ജസ്രോതസ്സായ… രുധിരമണി… അത് വലിയൊരു ശബ്ദത്തോടെ അതിന്റെ സ്ഥാനത്ത് നിന്നും അടർന്നുമാറി!
ആരുമൊന്ന് ശ്വാസമെടുക്കുന്നതിന് മുൻപ്, ചോരയുടെ നിറമുള്ള ഒരു വാൽനക്ഷത്രം കണക്കെ അത് താഴേക്ക് പാഞ്ഞു വന്നു. അതിന്റെ ലക്ഷ്യം മറ്റാരുമായിരുന്നില്ല… ഞാൻ തന്നെയായിരുന്നു!
ഏതോ കാന്തികശക്തിയാൽ വലിച്ചെടുക്കപ്പെടുന്നതുപോലെ വായുവിനെ കീറിമുറിച്ച് പാഞ്ഞുവന്ന ആ മാന്ത്രിക രത്നം നേരെ വന്ന് പതിച്ചത് എന്റെ നെറ്റിത്തടത്തിലായിരുന്നു!
നെറ്റിയിൽ തറച്ചതും എന്റെ ജീവൻ പറിഞ്ഞുപോകുന്നതുപോലൊരു കൊടുംവേദന എന്നിൽ ആഞ്ഞടിച്ചു! ഇരുമ്പ് ഉരുക്കിയൊഴിച്ചതുപോലെ ആ ചുവന്ന രത്നം എന്റെ മാംസത്തിലേക്ക്, എന്റെ തലയോട്ടിയിലേക്ക് ചൂഴ്ന്നിറങ്ങി ഒട്ടിപ്പിടിച്ചു. ഒരൊറ്റ നിമിഷം… ആ ഭീമാകാരമായ കളരിയിലെ അന്തരീക്ഷം ഒന്നാകെ മാറിമറിഞ്ഞു. ഭൂമി പിളരുന്നതുപോലൊരു പ്രകമ്പനം അവിടെയുണ്ടായി! എന്നിൽ നിന്നും പുറത്തേക്ക് തെറിച്ച അതിശക്തമായ ചുവന്ന ഊർജ്ജതരംഗങ്ങളിൽപ്പെട്ട് സച്ചിനും രാഹുലും, എന്തിന് തങ്ങളുടെ മാന്ത്രിക മോതിരങ്ങളുടെ അഹങ്കാരത്തിൽ നിന്ന ആമിയും നിധിയും വരെ കാറ്റിൽ പറക്കുന്ന കരിയിലകൾ പോലെ പുറക്കോട്ട് തെറിച്ചുപോയി!
മുറിയിലെ താപനില പൊടുന്നനെ ഉയർന്നു. ശ്വാസം മുട്ടിക്കുന്ന ചൂടുള്ള കാറ്റ് ആ കളരിയിലാകെ കൊടുങ്കാറ്റ് പോലെ ആഞ്ഞുവീശി. എന്റെ നെറ്റിയിലെ ആ രുധിരമണിയിൽ നിന്നും പ്രവഹിച്ച വെളിച്ചം അവിടെയുണ്ടായിരുന്ന സകല മാന്ത്രിക പ്രകാശങ്ങളെയും ഒറ്റയടിക്ക് നിഷ്പ്രഭമാക്കി. ആമിയുടെയും നിധിയുടെയും വിരലുകളിലെ മോതിരങ്ങളുടെ വെളിച്ചം പോലും ആ രക്തവർണ്ണത്തിന് മുന്നിൽ മങ്ങിപ്പോയി.
നിലത്തുവീണുകിടന്ന എന്റെ കറുത്ത വാൾ ഒരു ജീവനുള്ള മൃഗത്തെപ്പോലെ വായുവിലൂടെ പാറിവന്ന് എന്റെ വലതുകയ്യിൽ മുറുകി!
