ശ്വസിക്കാൻ പാടുപെടുന്ന മാനസ, താൻ എന്താണ് ഈ ചെയ്തതെന്ന അവിശ്വസനീയതയോടെ സ്വന്തം കൈകളിലേക്കും പിന്നീട് എന്നിലേക്കും മാറിമാറി നോക്കി. അവരുടെ ആ സംഹാരരൂപം പതുക്കെ അപ്രത്യക്ഷമാവുകയായിരുന്നു. ആ നേർത്ത കണ്ണുകളിൽ ഇപ്പോൾ അഹങ്കാരമില്ല, പകരം തന്റെ സ്വന്തം വാക്ക് തെറ്റിക്കേണ്ടി വന്നതിന്റെ, ഒരു സാധാരണ മനുഷ്യന് മുന്നിൽ പരാജയപ്പെട്ടതിന്റെ വല്ലാത്തൊരു ഭാരം എനിക്ക് വ്യക്തമായി വായിച്ചെടുക്കാമായിരുന്നു.
അസഹനീയമായ വേദന എന്റെ മാംസപേശികളെ കാർന്നുതിന്നുമ്പോഴും, രക്തം വാർന്നൊലിക്കുന്ന എന്റെ ചുണ്ടുകളിൽ പതുക്കെ ഒരു ചിരി വിരിഞ്ഞു. വെറുമൊരു ആശ്വാസത്തിന്റെ ചിരിയായിരുന്നില്ല അത്. പ്രപഞ്ചത്തെ മുഴുവൻ ചാമ്പലാക്കാൻ പോന്ന കൊടുംശക്തിയെ, യാതൊരു ആയുധവുമില്ലാതെ, വെറുമൊരു മനുഷ്യൻ തന്റെ ബുദ്ധികൊണ്ട്, തന്ത്രം കൊണ്ട് അടിയറവ് പറയിച്ചതിന്റെ വല്ലാത്തൊരു അഹങ്കാരം നിറഞ്ഞ ചിരി! യഥാർത്ഥ വിജയിയുടെ ചിരി!
ചോര ചുമച്ചുകൊണ്ട്, ശബ്ദമില്ലാതെ എന്റെ ചുണ്ടുകൾ അവരെ നോക്കി മന്ത്രിച്ചു…
“ഞാൻ ജയിച്ചിരിക്കുന്നു…”
ആ വലിയ ചിരിയോടെ ഞാൻ അവരുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. പിന്നെ എന്റെ ശരീരത്തിന് എന്റെ ഭാരം താങ്ങാനായില്ല. ലോകം മുഴുവൻ എനിക്ക് ചുറ്റും വട്ടം കറങ്ങുന്നതുപോലെ തോന്നി. കാഴ്ചകൾ അതിവേഗം മങ്ങിത്തുടങ്ങി. അതിനിടയിലൂടെ, ദൂരെ നിന്നും എന്നെ ലക്ഷ്യമാക്കി ആരൊക്കെയോ നിലവിളിച്ചുകൊണ്ട് ഓടിവരുന്നത് എനിക്ക് അവ്യക്തമായി കാണാമായിരുന്നു… അത് ആമിയും നിധിയുമാണോ….
അവരെ തിരിച്ചറിയാൻ കഴിയാത്ത വിധം എന്റെ ബോധം മറയുകയായിരുന്നു. അവളുടെ കരച്ചിൽ വെള്ളത്തിനടിയിൽ നിന്നും കേൾക്കുന്നതുപോലെ എനിക്ക് തോന്നി.
ജയിച്ചവന്റെ ആ വലിയ ചിരി മുഖത്തുനിന്നും മായാതെ തന്നെ, വായുവിൽ ഇരു കൈകളും വിരിച്ച്, വലിയൊരു മരത്തടി കണക്കെ ഞാൻ ആ ചുവന്ന അങ്കത്തട്ടിലേക്ക് വീണു.
വലിയൊരു ശബ്ദത്തോടെ എന്റെ ശരീരം ആ ചുവന്ന മണ്ണിൽ പതിച്ചു. നിലത്ത് വീണതും, എന്റെ ചോര വീണ് കുതിർന്ന ആ തണുത്ത മണ്ണ് എന്നെ സ്നേഹത്തോടെ കെട്ടിപ്പിടിക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. ശരീരമാകെ വലിയൊരു മരവിപ്പിലേക്ക് വഴുതിവീണു. എന്റെ കണ്ണുകൾ പൂർണ്ണമായും അടഞ്ഞു… എന്നെ പൊതിഞ്ഞുനിന്ന വെളിച്ചം പൂർണ്ണമായും അണഞ്ഞ് ഞാൻ വലിയൊരു കൂരിരുട്ടിലേക്ക് വീണു…..
തുടരും…
ഈ പാർട്ടോട് കൂടെ training arc കഴിഞ്ഞിരിക്കുന്നു….
വായിച്ചു കഴിഞ്ഞാൽ അഭിപ്രായം പറയുക ….
തുടർന്നും കൂടെ ഉണ്ടാവും എന്ന് വിശ്വസിക്കുന്നു…..
