നിധിയുടെ കാവൽക്കാരൻ – 23 14

എന്റെ ശരീരമാകെ സിരകളിലൂടെ തീ തുപ്പുന്നതുപോലെ എനിക്ക് തോന്നി. വേദനകൾ മാഞ്ഞുപോയി, പകരം പ്രപഞ്ചത്തെ മുഴുവൻ നശിപ്പിക്കാൻ പോന്ന വല്ലാത്തൊരു വന്യമായ കരുത്ത് എന്നിലേക്ക് ഇരച്ചുകയറി. ഞാൻ പതുക്കെ തലയുയർത്തി എന്റെ കണ്ണുകൾ തുറന്നു. എന്റെ കൃഷ്ണമണികൾ പൂർണ്ണമായും രക്തവർണ്ണമായി മാറിയിട്ടുണ്ടായിരുന്നു.

 

ഈ കാഴ്ചയെല്ലാം കണ്ട് നിൽക്കുന്ന സാക്ഷാൽ മാനസയുടെ മുഖം എനിക്ക് വ്യക്തമായി കാണാമായിരുന്നു. എക്കാലത്തും അധികാരത്തിന്റെ അഹങ്കാരം മാത്രം നിറഞ്ഞുനിന്നിരുന്ന, എന്തിനെയും പുച്ഛത്തോടെ മാത്രം നോക്കിക്കണ്ടിരുന്ന ആ മുഖത്ത് ഇപ്പോൾ എന്താണെന്നോ? വിശ്വസിക്കാൻ കഴിയാത്ത വലിയൊരു ഞെട്ടലും ഭയവും! അവരുടെ ചുണ്ടുകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു

 

അവർക്ക് ഭയം തോന്നാൻ കാരണം ആ ചെറിയ കഷണം നഷ്ടപ്പെട്ടതുകൊണ്ടായിരുന്നില്ല.

 

ശിവന്റെ കൊടുംശക്തിയായ നാഗമാണിക്യത്തിൽ നിന്നും അടർത്തിയെടുത്ത രുധിരമണിയുടെ ഒരു ചെറിയ തരി പോലും സ്വന്തം ശരീരത്തിലേക്ക് ആവാഹിക്കാൻ ഒരു സാധാരണ മനുഷ്യനും കഴിയില്ല!

 

അങ്ങനെ എപ്പോഴെങ്കിലും സംഭവിച്ചാൽ, ആ ഊർജ്ജം താങ്ങാനാവാതെ ആ മനുഷ്യന്റെ മാംസവും അസ്ഥികളും ആ നിമിഷം തന്നെ കത്തിച്ചാമ്പലാകേണ്ടതാണ്. എന്നാൽ ഇവിടെ… ആ മാന്ത്രിക രത്നത്തിന്റെ അംശം എന്റെ നെറ്റിയിൽ വെറുമൊരു തിലകം പോലെ ഒട്ടിപ്പിടിച്ചിരിക്കുന്നു!

 

എന്റെ ശരീരം എരിഞ്ഞടങ്ങുന്നതിന് പകരം, അത് ആ കൊടുംശക്തിയെ പൂർണ്ണമായും ഉൾക്കൊണ്ടിരിക്കുന്നു!

​ഇതൊരു സാധാരണ മനുഷ്യന് ഒരിക്കലും സാധിക്കുന്ന കാര്യമല്ല എന്ന് മാനസയ്ക്ക് വ്യക്തമായി അറിയാമായിരുന്നിരിക്കണം….

 

ആ കാര്യം വാതിൽക്കൽ നിൽക്കുന്ന മാനസയുടെ നോട്ടത്തിൽ നിന്നും എനിക്ക് വ്യക്തമായി വായിച്ചെടുക്കാമായിരുന്നു.

 

അവരുടെ ആ അമ്പരപ്പ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു പോയി… “പിന്നെ ആരാണ് ഞാൻ? വെറുമൊരു മനുഷ്യനായ എനിക്ക് ഈ കൊടുംശക്തിയെ എങ്ങനെ ഉൾക്കൊള്ളാൻ കഴിയുന്നു? ഇനി മനുഷ്യരൂപത്തിൽ ജനിച്ച മറ്റേതെങ്കിലും അമാനുഷിക ശക്തിയാണോ ഞാൻ? എന്റെ ഈ യഥാർത്ഥ രൂപമാണോ അവരെ ശരിക്കും അമ്പരപ്പിച്ചത്..?”

 

സ്വന്തം കണ്ണുകളെത്തന്നെ അവിശ്വസിച്ച്, ശ്വാസം നിലച്ചതുപോലെ മാനസ അപ്പോഴും എന്നെത്തന്നെ നോക്കി തറഞ്ഞുനിൽക്കുകയായിരുന്നു….

 

വലതുകയ്യിൽ ഭദ്രമായി ഇരുന്ന ആ കറുത്ത വാൾ ഞാൻ പതുക്കെ വായുവിലേക്ക് ഉയർത്തി.

 

ആ ഇരുമ്പിൽ എന്റെ നെറ്റിയിലെ രുധിരമണിയുടെ ചുവന്ന പ്രകാശം തട്ടി പ്രതിഫലിക്കുന്നുണ്ടായിരുന്നു. ആ വാളിന്റെ കൂർത്ത മുന ഞാൻ നേരെ ചൂണ്ടിയത്,എന്നെത്തന്നെ അമ്പരപ്പോടെ നോക്കിനിൽക്കുന്ന സാക്ഷാൽ മാനസയ്ക്ക് നേരെയാണ്!

 

അതുകണ്ട് സച്ചിനും രാഹുലും മാത്രമല്ല, താഴെ കിടന്നിരുന്ന തക്ഷകനും നാഗികയും, എന്തിന് ആമിയും നിധിയും വരെ ശ്വാസം വിടാൻ മറന്നുപോയി…

 

അത്രയും വലിയ അമാനുഷിക ശക്തിയുള്ള, ഈ മാന്ത്രിക ലോകത്തെ മുഴുവൻ വിറപ്പിച്ചു നിർത്തുന്ന മാനസയ്ക്ക് നേരെ വാളോങ്ങുകയോ!

 

“എന്താ മാനസാ… നോക്കി നിൽക്കുന്നത്?”

 

എന്റെ ശബ്ദത്തിന് ഇപ്പോൾ വല്ലാത്തൊരു ഗാംഭീര്യവും മുഴക്കവുമുണ്ടായിരുന്നു. ആ ചുവന്ന കളരിയിലാകെ എന്റെ ശബ്ദം മാറ്റൊലിക്കൊണ്ടു.

 

“ഇതുവരെ നിങ്ങളുടെ കളിപ്പാവകളോടല്ലേ ഞാൻ പൊരുതിയത്. ഇനി നേരിട്ട് നിങ്ങളോടാണ് എനിക്ക് മത്സരിക്കേണ്ടത്… എന്നോടൊരു കൈ നോക്കാൻ നിങ്ങൾക്ക് സമ്മതമാണോ?

 

വലിയൊരു അഹങ്കാരത്തോടെയായിരുന്നു എന്റെ ആ വെല്ലുവിളി. എന്നാൽ വാക്കുകളിൽ ആ പഴയ മര്യാദയും ബഹുമാനവും ഞാൻ ബോധപൂർവ്വം നിലനിർത്തിയിരുന്നു…

 

പുറമെ ഇത്രയും ധൈര്യം കാണിച്ചെങ്കിലും, ചോദ്യം ചോദിച്ചതിന് ശേഷം എന്റെ ഉള്ളിലെ ഒരു കോണിൽ എനിക്ക് കൃത്യമായി അറിയാമായിരുന്നു ഞാൻ കാണിക്കുന്നത് തികഞ്ഞ ഒരു വിഡ്ഢിത്തമാണെന്ന്.

 

കാര്യം പറഞ്ഞാൽ, എന്റെ നെറ്റിയിൽ ഇപ്പോൾ ഒട്ടിപ്പിടിച്ചിരിക്കുന്നത് ആ രുധിരമണിയുടെ വെറുമൊരു ചെറിയ തരി മാത്രമാണ്. ആ ഒരു തരിയിൽ നിന്നും എനിക്ക് ഈ ശരീരത്തിലേക്ക് ഇത്രത്തോളം ശക്തിയും വേഗതയും കിട്ടിയിട്ടുണ്ടെങ്കിൽ… ആ യഥാർത്ഥ രുധിരമണിയുടെ മുക്കാൽ ഭാഗവും കയ്യിലുള്ള മാനസയ്ക്ക് എത്രത്തോളം കൊടുംശക്തിയുണ്ടാകും?

Leave a Reply

Your email address will not be published. Required fields are marked *