എന്നാൽ എന്റെ അവസ്ഥയോ? എന്റെ നെഞ്ചിൽ ആഴത്തിലുള്ള വലിയൊരു മുറിവുണ്ട്, അതിൽ നിന്നും ചോര വാർന്നൊഴുകുന്നുണ്ട്. എന്നിട്ടും… എന്തുകൊണ്ടാണ് എനിക്കിപ്പോൾ ഈ പോരാട്ടത്തിൽ നിന്നും ഞാൻ പ്രതീക്ഷിച്ച ഹരം ലഭിക്കാത്തത്?
മുകളിലെ രുധിരമണി എനിക്ക് മീതെ പ്രകാശം ചൊരിയുന്നുണ്ടെങ്കിലും, കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ അനുഭവിച്ച ആ വന്യമായ ആസക്തിയും ലഹരിയും എന്തുകൊണ്ടാണ് ഇപ്പോൾ എന്റെ സിരകളിൽ ഇരച്ചുകയറാത്തത്?
പെട്ടെന്ന് എന്റെ തലച്ചോറിലേക്ക് ഒരു ചിന്ത മിന്നിമറഞ്ഞു. ഒരുപക്ഷെ… ഞാൻ തോൽപ്പിക്കണമെന്ന് ജീവൻ കൊടുത്തു ആഗ്രഹിച്ച ഈ തക്ഷകനേക്കാൾ വലിയ കൊടുംശക്തികൾ ഇപ്പോൾ ഈ മുറിയിലുള്ളതുകൊണ്ടാകുമോ?
എന്റെ അഹങ്കാരത്തെയും വാശിയെയും നിഷ്പ്രഭമാക്കുന്നതുപോലെ, യാതൊരു ഭാവവ്യത്യാസവുമില്ലാതെ പറന്നുനടക്കുന്ന ആമിയും നിധിയും! ഞാൻ തോൽപ്പിക്കേണ്ടത് തക്ഷകനെയല്ല, മറിച്ചെന്നെ അപരിചിതനെപ്പോലെ തള്ളിമാറ്റിയ അവരെയാണോ? അവരാണോ എന്റെ യഥാർത്ഥ എതിരാളികൾ? അതോ അവർക്ക് ശിക്ഷണം നൽകിയ മാനസയോ..?
ആ ചിന്തകൾ എന്റെ സമനില തെറ്റിച്ചു. എനിക്ക് ചുറ്റുമുള്ള ശബ്ദങ്ങൾ നിലച്ചതുപോലെ തോന്നി. ഞാൻ അറിയാതെ എന്റെ വലതുകൈയിലെ പിടി അയച്ചു… വലിയൊരു ശബ്ദത്തോടെ എന്റെ കയ്യിലിരുന്ന ആ കറുത്ത വാൾ ചുവന്ന മണ്ണിലേക്ക് വീണു!
ആ ശബ്ദം കേട്ട് സച്ചിനും രാഹുലും, എന്തിന് മറുഭാഗത്ത് നിൽക്കുന്ന പെൺകുട്ടികൾ പോലും അമ്പരപ്പോടെ എന്നെ നോക്കി.
പോരാട്ടത്തിനിടയിൽ ആയുധം താഴെയിടുകയെന്നാൽ സ്വന്തം മരണം എഴുതിവാങ്ങുക എന്നാണർത്ഥം. എന്നാൽ ഇതൊന്നും കണ്ട് സമയം കളയാൻ തക്ഷകൻ ഒരുക്കമല്ലായിരുന്നു. തന്റെ ഇര തോൽവി സമ്മതിച്ചു എന്ന് കരുതിയ അവൻ ഒരൊറ്റ നിമിഷം കൊണ്ട് കാറ്റിന്റെ വേഗതയിൽ തന്റെ വലിയ വാൾ വീശി എന്റെ കഴുത്തിന് നേരെ പാഞ്ഞടുത്തു!
ആ മൂർച്ചയേറിയ വാൾത്തലപ്പ് എന്റെ കഴുത്തിലെ ഞരമ്പുകൾക്ക് വെറും ഒരിഞ്ച് മുന്നിൽ വന്ന് നിന്നു! പക്ഷേ, സത്യം… എനിക്കൊരു തരി പോലും ഭയം തോന്നിയില്ല. എന്റെ കണ്ണുകൾ പിടഞ്ഞില്ല, മുഖം ചുളിഞ്ഞില്ല. എന്റെ ഉള്ളിൽ മുഴുവൻ വലിയൊരു ദേഷ്യവും നിരാശയുമായിരുന്നു. എന്തുകൊണ്ടാണ് എന്റെയാ വന്യമായ ആസക്തി എന്നിൽ ഉണരാത്തത്? ആരോടാണ് ഞാൻ ശരിക്കും മത്സരിക്കേണ്ടത്? എന്റെ കണ്ണുകൾ അപ്പോഴും മരണത്തെയല്ല, മറിച്ച് ആമിയെയും നിധിയെയും മാനസയെയും ഉറ്റുനോക്കുകയായിരുന്നു….
എന്നാൽ തൊട്ടടുത്ത നിമിഷം അവിടെ സംഭവിച്ചത് ആർക്കും വിശ്വസിക്കാൻ കഴിയാത്ത കാര്യങ്ങളായിരുന്നു! എന്റെ കഴുത്തറുക്കാൻ വാളോങ്ങി നിന്ന തക്ഷകന്റെ കൈകൾ പെട്ടെന്ന് വായുവിൽ മരവിച്ചു നിന്നു! അവന്റെ കണ്ണുകളിലെ കൃഷ്ണമണികൾ വികസിച്ചു, മുഖത്ത് വലിയൊരു അമ്പരപ്പും ഭയവും മിന്നിമറഞ്ഞു.
ഞാൻ വേഗം നിധിയെ നോക്കി. അവളുടെ
വിരലിലെ ‘ആത്മദർപ്പണം’ എന്ന മോതിരം കണ്ണഞ്ചിപ്പിക്കുന്ന പച്ച വെളിച്ചം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു! അവളുടെ കണ്ണുകൾ ജ്വലിച്ചുനിന്നു. അവൾ തന്റെ ഇരുകൈകളും വായുവിൽ പ്രത്യേക രീതിയിൽ പിടിച്ച് തക്ഷകന്റെയും നാഗികയുടെയും നേർക്ക് നീട്ടിയിരിക്കുകയാണ്. ഒരൊറ്റ നിമിഷം കൊണ്ട് നിധി അവളുടെ മോതിരത്തിന്റെ മാന്ത്രിക ശക്തിയുപയോഗിച്ച് അവരുടെ രണ്ടുപേരുടെയും മനസ്സിലേക്ക് കടന്നുകയറിയിരിക്കുന്നു! അവരെ പൂർണ്ണമായും അവളുടെ നിയന്ത്രണത്തിലാക്കിയിരിക്കുന്നു!
തക്ഷകനും നാഗികയ്ക്കും സ്വന്തം ശരീരത്തെ ഒന്നിളക്കാൻ പോലും കഴിയാത്ത അവസ്ഥ! അവരുടെ ഞരമ്പുകളെയും തലച്ചോറിനെയും നിധി മരവിപ്പിച്ചുകളഞ്ഞു.
അവർ പ്രതിരോധിക്കാൻ പോലുമാകാതെ സ്തംഭിച്ചു നിൽക്കുന്ന ആ ഒരൊറ്റ നിമിഷം മതിയായിരുന്നു ആമിക്ക്!
അവളുടെ വിരലിലെ നാഗപാശം വലിയൊരു കറുത്ത വെളിച്ചം വമിച്ചു.
ഒരു മിന്നൽപ്പിണർ പോലെയാണ് ആമി വായുവിലേക്ക് കുതിച്ചുയർന്നത്. എന്റെ കണ്ണുകൾക്ക് പോലും അവളുടെ വേഗത പിടിച്ചെടുക്കാൻ കഴിഞ്ഞില്ല. ഒരു സാധാരണ മനുഷ്യശരീരത്തിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ സാധ്യതയില്ലാത്ത അമാനുഷികമായ കരുത്തോടെ അവൾ തക്ഷകന്റെയും നാഗികയുടെയും നേർക്ക് പറന്നിറങ്ങി.
