നിധിയുടെ കാവൽക്കാരൻ 23
Nidhiyude Kaavalkkaran Part 23 | Author : Kavalkkaran
[ Previous Part ] [ www.kambi.pw ]
സാധാരണ ഇത്ര നേരത്തെ ഇടാത്തതാണ് പക്ഷെ ലൈക്കും കമന്റും കുറഞ്ഞുപോയെങ്കിലും കഴിഞ്ഞ പാർട്ടിൽ കിട്ടിയ അഭിപ്രായങ്ങൾ തന്ന മോട്ടിവേഷൻ ചില്ലറയല്ല അതിൽ നിന്നും കിട്ടിയ മോട്ടിവേഷനിൽ നിന്നാണ് ഇത്രയും പെട്ടെന്ന് ഒരു പാർട്ട് കൂടെ അയക്കാൻ തോന്നിയത്
ആ വലിയ മാന്ത്രിക വാതിലിന് മുന്നിൽ ഞങ്ങൾ ചെന്നുനിന്നു.
വാതിൽ തുറക്കപ്പെട്ടാൽ പിന്നെ പിന്നോട്ടൊരു വഴിയില്ല. ഇന്ന് തക്ഷകൻ എന്നിലെ യഥാർത്ഥ പോരാളിയെ കാണാൻ പോവുകയാണ്… രുധിരമണി തീർത്ത ആ കൊടുംരാക്ഷസനെ!
തക്ഷകൻ ആ തടിവാതിലിലേക്ക് തന്റെ വലിയ കൈകൾ അമർത്താൻ തുടങ്ങിയ ആ നിമിഷം… ആ വലിയ ഇടനാഴിയുടെ നിശ്ശബ്ദതയെ കീറിമുറിച്ചുകൊണ്ട് പിന്നിൽ നിന്നൊരു ശബ്ദം മുഴങ്ങിക്കേട്ടു.
“നിൽക്കൂ…”
വളരെ ശാന്തമായ, എന്നാൽ ആരെയും നിശ്ചലമാക്കാൻ പോന്നത്ര അധികാരമുള്ള ഒരു സ്ത്രീശബ്ദം!
ഞെട്ടലോടെ ഞാനും സച്ചിനും രാഹുലും, എന്തിന് വാതിൽ തുറക്കാൻ നിന്ന തക്ഷകൻ പോലും ആ ശബ്ദം കേട്ടയുടനെ പെട്ടെന്ന് തിരിഞ്ഞുനോക്കി.
അവിടെ ഞങ്ങൾക്ക് പിന്നിലായി, ആ ഇടനാഴിയുടെ അറ്റത്തുനിന്നും അവൾ നടന്നു വരികയായിരുന്നു… സാക്ഷാൽ മാനസ!
അവർക്ക് തൊട്ടുപിന്നിലായി നാഗികയുമുണ്ട്.
എന്നാൽ എന്റെ കണ്ണുകൾ അതിവേഗം പരതിയത് അവർക്ക് പിന്നിലായി നടന്നുവരുന്ന ആ നാല് രൂപങ്ങളിലേക്കാണ്. ആമിയും നിധിയും, ഒപ്പം റോസും കൃതികയും! എല്ലാവരും അവിടെ എത്തിയിരിക്കുന്നു.
എന്റെ പുരികങ്ങൾ സംശയം കൊണ്ട് ചുളിഞ്ഞു.
കഴിഞ്ഞ അഞ്ചു ദിവസങ്ങളായി ഈ പരിശീലന മുറിയുടെ പരിസരത്തേക്ക് പോലും ആരും വരാറില്ലായിരുന്നു. പുരുഷന്മാരുടെ പരിശീലനം തക്ഷകന്റെ മാത്രം സാമ്രാജ്യമാണ്. അവിടെ എന്ത് നടക്കുന്നുവെന്ന് പുറത്തുള്ള ആരും അറിയാറുമില്ല. എന്നിട്ടിപ്പോൾ ഈ ആറാം ദിവസത്തെ നിർണ്ണായക പോരാട്ടത്തിന് മുൻപ് ഇവരെല്ലാവരും കൂടി എന്തിനാണ് ഇങ്ങോട്ട് വന്നിരിക്കുന്നത്?
എന്റെ നോട്ടം നേരെ ചെന്നുവീണത് ആമിയുടെയും നിധിയുടെയും മുഖത്താണ്.
കഴിഞ്ഞ രാത്രിയിലെ ആ വിളർച്ച ഇപ്പോഴും അവരുടെ മുഖത്തുണ്ടെങ്കിലും, അവരുടെ കണ്ണുകളിൽ എന്തൊക്കെയോ വികാരങ്ങൾ തിളച്ചു മറിയുന്നുണ്ടായിരുന്നു. ഒരുപക്ഷെ എന്നെ തക്ഷകൻ ഇന്ന് കൊന്നുകളയുമോ എന്ന ഭയമായിരിക്കാം, അല്ലെങ്കിൽ ഈ വലിയ പോരാട്ടം കാണാനുള്ള ആകാംക്ഷയായിരിക്കാം.
റോസും കൃതികയും ശ്വാസമടക്കിപ്പിടിച്ച് പേടിയോടെയാണ് എന്നെ നോക്കുന്നത്.
എന്നാൽ എന്റെ മുഖത്ത് യാതൊരു ഭാവമാറ്റവുമില്ലായിരുന്നു. രുധിരമണി എന്റെ ഹൃദയത്തെ അത്രത്തോളം കല്ലാക്കി മാറ്റിയിരുന്നല്ലോ.
മാനസ പതുക്കെ നടന്ന് ഞങ്ങൾക്ക് മുന്നിലായി വന്നു നിന്നു. അവരുടെ മുഖത്ത് ഒരു നേരിയ പുഞ്ചിരിയുണ്ടായിരുന്നെങ്കിലും ആ കണ്ണുകൾക്ക് ആയിരം വാളുകളുടെ മൂർച്ചയുണ്ടായിരുന്നു. അവർ ഞങ്ങളെ മൂന്നുപേരെയും, പ്രത്യേകിച്ച് എന്നെ അടിമുടി ഒന്ന് നോക്കി.
എന്റെ ശരീരത്തിലെ മാറ്റങ്ങളും കണ്ണുകളിലെ ആ വന്യമായ തണുപ്പും അവർ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.
“ഇന്ന് ആറാം ദിവസമാണ് തക്ഷകാ…”
മാനസ തക്ഷകനെ നോക്കി വളരെ ഗാംഭീര്യത്തോടെ പറഞ്ഞു.
“കഴിഞ്ഞ അഞ്ചു ദിവസമായി ഈ അടഞ്ഞ വാതിലുകൾക്ക് പിന്നിൽ ഇവന്മാർ ഒഴുക്കിയ ചോരയുടെയും വിയർപ്പിന്റെയും ഫലം എന്താണെന്ന് എനിക്കൊന്ന് നേരിൽ കാണണം…”
ശേഷം അവർ എന്നിലേക്ക് തിരിഞ്ഞു.
“മരണത്തെ മുഖാമുഖം കാണുമ്പോൾ ഒരു സാധാരണ മനുഷ്യന്റെ ഭയം ഇവരുടെ കണ്ണുകളിൽ ഇപ്പോഴും ബാക്കിയുണ്ടോ എന്നെനിക്കറിയണം. അതിന് ഇതിലും വലിയൊരു അവസരമില്ല.”
മാനസ ഒന്ന് നിർത്തി, പിന്നിൽ നിൽക്കുന്ന പെൺകുട്ടികൾക്ക് നേരെ നോക്കി വീണ്ടും തുടർന്നു:
“മാത്രമല്ല, ഇന്നത്തെ ഈ പോരാട്ടം ഇവർക്കും ഒരു പാഠമാകണം. നിങ്ങൾ തമ്മിലുള്ള ഈ യുദ്ധം ഇതിനു പുറത്തുനിന്ന് ഇവർ നോക്കിക്കാണും. യാതൊരു ദയയുമില്ലാതെ ശത്രുവിനെ എങ്ങനെ നേരിടണമെന്നും, വേദനകളെ എങ്ങനെ പല്ലുകടിച്ച് സഹിക്കണമെന്നും ഇവർ നേരിട്ട് കണ്ട് മനസ്സിലാക്കട്ടെ…!”
