സ്കാർബറോയിൽ നിന്നും കാറില്ലാതെ അങ്ങോട്ട് പോവുക എന്നത് ഒരു വിദ്യാർത്ഥിയെ സംബന്ധിച്ച് അത്യാവശ്യം വലിയൊരു യാത്രയാണ്. കെന്നഡി സ്റ്റേഷനിൽ (Kennedy Station) നിന്നും സബ്വേ (Subway) കയറി, ലൈൻ മാറി ലൈൻ വൺ (Line 1) പിടിച്ച് വോൺ മെട്രോപൊളിറ്റൻ സെന്ററിൽ (VMC) എത്തി.
അവിടുന്ന് വീണ്ടും യോർക്ക് റീജിയൻ ട്രാൻസിറ്റ് (YRT) ബസ്സ് കയറി വേണം മാളിലെത്താൻ. ട്രെയിനിലെയും ബസ്സിലെയും ആ നീണ്ട യാത്രയിൽ അവന് കൂട്ടായി സുഹൃത്തുക്കളുടെ വക കല്യാണ ഉപദേശങ്ങളും തമാശകളും ഉണ്ടായിരുന്നു.
നല്ല സുഹൃത്തുക്കൾ ആണല്ലോ ഏതൊരു യാത്രയും ഉല്ലാസകരമാക്കുന്നത്.
പുറത്തെ കൊടും തണുപ്പിൽ നിന്നും, വോൺ മിൽസ് മാളിന്റെ ഉള്ളിലേക്ക് കയറിയപ്പോൾ വല്ലാത്തൊരു ചൂടും എനർജിയുമാണ് അവർക്ക് അനുഭവപ്പെട്ടത്. വീക്കെൻഡ് ആയതുകൊണ്ട് നല്ല തിരക്കുണ്ടായിരുന്നു അവിടെ.
ആദ്യം തന്നെ അവർ നൈക്കിന്റെ ഫാക്ടറി ഔട്ട്ലെറ്റിൽ (Nike Factory Store) കയറി. നാട്ടിൽ പോകുമ്പോൾ ഗിഫ്റ്റ് ചെയ്യാനും മറ്റും അത്യാവശ്യം കുഴപ്പമില്ലാത്ത ബ്രാൻഡഡ് ഷർട്ടുകളും ഡ്രസ്സുകളും, പിന്നെ തനിക്കൊരു നൈക്കി ഷൂസും അവൻ അവിടെ നിന്ന് ഔട്ട്ലെറ്റ് പ്രൈസിൽ (Outlet price) വാങ്ങി.
അതിനുശേഷം നേരെ സെഫോറയിൽ (Sephora)
കയറി. പെങ്ങൾക്കും ഉമ്മയ്ക്കും കൊടുക്കാൻ അത്യാവശ്യം നല്ല ക്വാളിറ്റിയുള്ള പെർഫ്യൂമുകൾ തന്നെ ഷാഹിദ് സെലക്ട് ചെയ്തു.
ഒരെണ്ണം ജസ്നക്കായി വാങ്ങിക്കാനും അവൻ മറന്നില്ല. പിന്നീട് മാളിലുള്ള ലിൻഡ് (Lindt) ചോക്ലേറ്റ് ഔട്ട്ലെറ്റിൽ കയറി വലിയ കവറുകളിൽ ചോക്ലേറ്റുകൾ വാരിയെടുത്തു.
കാനഡയിൽ നിന്ന് ആദ്യമായി നാട്ടിൽ പോവുമ്പോൾ ഇനി മിട്ടായിക്ക് ഒന്നും ഒരു കുറവ് വരരുതല്ലോ. ബാക്കിയുള്ള ഫെറെറോ റോഷർ (Ferrero Rocher) വഴിക്ക് സ്കാർബറോയിലെ വാൾമാർട്ടിൽ (Walmart) നിന്ന് വാങ്ങാമെന്ന് അവൻ കരുതി.
ഇത്രയൊക്കെ വാങ്ങിയിട്ടും ഷാഹിദിന്റെ പ്രധാന ലക്ഷ്യം അതൊന്നുമായിരുന്നില്ല. രണ്ടു കൈകളിലും ഷോപ്പിംഗ് ബാഗുകളുമായി അവർ മാളിലെ ഫുഡ് കോർട്ടിൽ ചെന്നിരുന്നു. ഓരോ ബർഗർ വാങ്ങി കഴിക്കുന്നതിനിടയിൽ അവൻ പതിയെ തന്റെ പ്രധാന വിഷയം അവതരിപ്പിച്ചു:
“എടാ, എനിക്ക് നല്ലൊരു ഫോൺ വാങ്ങണം,” ഷാഹിദ് കൂട്ടുകാരോട് പറഞ്ഞു.
“ഫോണോ? നിന്റെ കയ്യിൽ ഇപ്പൊത്തന്നെ നല്ലൊരു സാംസങ് ഫോൺ ഇല്ലേ? പിന്നെന്തിനാ പുതിയത്?” മൻസൂർ ബർഗർ കടിക്കുന്നതിനിടയിൽ ചോദിച്ചു.
“അതെനിക്കല്ലെടാ, പെണ്ണിന് കൊടുക്കാനാ. നല്ലൊരു ഫോൺ ഇല്ലാതെ കല്യാണം ഉറപ്പിക്കുന്ന പരിപാടി ഞങ്ങളുടെ ഭാഗത്തൊന്നുമില്ല എന്നാണ് നാട്ടിലെ ഫ്രണ്ട്സ് പറഞ്ഞത്. പിന്നെ കല്യാണം ഉറപ്പിച്ചു കഴിഞ്ഞാൽ അവളോട് എപ്പോഴും സംസാരിക്കാനും, കോൾ ചെയ്യാനും ഒക്കെ നല്ലൊരു ഫോൺ തന്നെ വേണം.”
ഇതുകേട്ടതും അജിംസ് വലിയൊരു ചിരിയോടെ അവനെ നോക്കി. “ഓഹോ, അപ്പൊ പ്ലാനിങ് ഒക്കെ ഭയങ്കര ഉഷാറാണല്ലോ മോനെ. അപ്പോഴേക്കും കോളിലോട്ടൊക്കെ എത്തിയോ…
രാത്രി വെറും മുഖം മാത്രം കാണാനുള്ള കോൾ ഒന്നും ആയിരിക്കില്ലല്ലോ നിന്റെ പ്ലാൻ?” അജിംസ് കണ്ണിറുക്കി കാണിച്ചു.
“അവൻ പോയിന്റ് പിടിച്ചു,”
രാഹുൽ ഒരു ചിരിയോടെ കൂട്ടത്തിൽ കൂട്ടി.
“എടാ എങ്കിൽ പിന്നെ നീ വേറെയൊന്നും ആലോചിക്കണ്ട, നേരെ ആപ്പിൾ സ്റ്റോറിൽ പോയി ഒരു ഐഫോൺ 15 (iPhone 15) തന്നെ എടുത്തോ,” അജിംസ് വളരെ ഗൗരവത്തിൽ പറഞ്ഞു.
“നാട്ടിലെ പെൺകുട്ടികൾക്ക്, പ്രത്യേകിച്ച് കോളേജിൽ ഒക്കെ പഠിക്കുന്നവർക്ക് iPhone എന്ന് പറഞ്ഞാൽ ഒരു വല്ലാത്ത അഭിമാനം ഒക്കെ ആയിരിക്കും. നീ ആദ്യമായിട്ട് കൊടുക്കുന്ന ഗിഫ്റ്റ് അല്ലെ, ആ ആപ്പിൾ ലോഗോ കാണുമ്പോൾ തന്നെ അവൾ ഫ്ലാറ്റ് ആകും.”
അതൊരു നല്ല ഐഡിയ ആണെന്ന് ഷാഹിദിനും തോന്നി. പക്ഷെ വോൺ മിൽസ് മാളിൽ ആപ്പിൾ സ്റ്റോർ ഇല്ലായിരുന്നു.
“നമുക്ക് തിരിച്ചു പോകുന്ന വഴിക്ക് യോർക്ക്ഡേൽ മാളിൽ (Yorkdale Mall) ഇറങ്ങാം. അത് സബ്വേ ലൈനിൽ തന്നെയല്ലേ, അവിടെ വലിയ ആപ്പിൾ സ്റ്റോർ ഉണ്ട്,” ടൊറൻ്റോയിലെ മുക്കും മൂലയും അറിയാവുന്ന രാഹുൽ ഐഡിയ പറഞ്ഞു.
