അങ്ങനെ കുറേ തമാശകളും, നാട്ടിലെ ഓർമ്മകളും, ഭാവി പരിപാടികളെ കുറിച്ചുള്ള സംസാരവുമൊക്കെയായി ആ രാത്രി കുറെ നേരം നീണ്ടുപോയി. ഒരുപാട് നാളുകൾക്ക് ശേഷം അവരുടെ മനസ്സുകളിൽ വലിയൊരു സന്തോഷം നിറഞ്ഞുനിന്നിരുന്നു.
എന്നാലും പിറ്റേന്ന് മുതൽ ഷാഹിദ് കുറച്ചു ദിവസത്തേക്ക് അവരുടെ കൂടെ ഉണ്ടാവില്ല എന്നുള്ളത് ബാക്കിയുള്ളവർക്ക് ചെറിയൊരു വിഷമമുണ്ടാക്കി.
പാർട്ടിയും തമാശകളുമൊക്കെ കഴിഞ്ഞ് സുഹൃത്തുക്കൾ ഓരോരുത്തരായി ഉറങ്ങാൻ കിടക്കാനുള്ള തയ്യാറെടുപ്പിലായി. മദ്യത്തിന്റെ ആലസ്യത്തിൽ കിടന്നയുടനെ തന്നെ രാഹുലും അജിംസും മൻസൂറും ഉറങ്ങിപ്പോയെങ്കിലും, ഷാഹിദിന് പെട്ടെന്ന് ഉറങ്ങാൻ കഴിഞ്ഞില്ല.
രാവിലെ അഞ്ചു മണിക്ക് തന്നെ എയർപോർട്ടിലേക്ക് ഇറങ്ങണം. ലഗേജ് ഒക്കെ പാക്ക് ചെയ്തു എന്ന് ഒന്നുകൂടി ഉറപ്പുവരുത്തിയ ശേഷം അവൻ ഫോണെടുത്തു.
ടൊറന്റോയിൽ ഇപ്പോൾ സമയം രാത്രി പന്ത്രണ്ടര കഴിഞ്ഞിട്ടുണ്ട്. എന്ന് വെച്ചാൽ നാട്ടിൽ പകൽ പത്തര പതിനൊന്നു മണി ആയിക്കാണും. ഉപ്പ കടയിൽ പോകുന്നതിന് മുൻപുള്ള സമയമാണ്.
അവൻ നേരെ വീട്ടിലേക്ക് വാട്സാപ്പിൽ (WhatsApp) വിളിച്ചു.
രണ്ടാമത്തെ റിങ്ങിൽ തന്നെ കോൾ കണക്ട് ആയി. ഉമ്മയുടെ ഫോണിൽ കളിച്ചുകൊണ്ടിരുന്ന പെങ്ങൾ സഫയാണ് വേഗം ഫോണെടുത്തത്.
“എടി, ഞാൻ നാളെ രാവിലെ ഇവിടുന്ന് ഇറങ്ങും. ഫ്ലൈറ്റ് ഡീറ്റെയിൽസ് ഒക്കെ ഞാൻ വാട്സാപ്പിൽ അയച്ചിട്ടുണ്ട്. കണക്ഷൻ ഫ്ലൈറ്റ് (connection flight) ഒക്കെ കഴിഞ്ഞ് മറ്റന്നാൾ രാവിലെ
എട്ടരയോടെ കരിപ്പൂരിൽ എത്തും,” ഷാഹിദ് പറഞ്ഞു.
“ഞങ്ങൾ ഇപ്പൊ നിന്റെ കാര്യങ്ങൾ സംസാരിച്ചിരിക്കുവായിരുന്നു മോനെ,” കടയിലേക്ക് പോകാൻ ബൈക്കിലിറങ്ങാൻ നിൽക്കുകയായിരുന്ന ഉപ്പ ഫോൺ വാങ്ങിക്കൊണ്ട് പറഞ്ഞു. മകനെ ഒരുപാട് നാളുകൾക്ക് ശേഷം കാണാൻ പോകുന്നതിന്റെ വലിയൊരു സന്തോഷം ആ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു.
“ഞാൻ എന്തായാലും അങ്ങാടീന്ന് ഒരു ഇന്നോവ കാർ പറഞ്ഞുവെച്ചിട്ടുണ്ട്. ഞങ്ങൾ കാലത്തേ തന്നെ അവിടെ എയർപോർട്ടിൽ എത്തിക്കോളാം മോനെ. നീയ്യ് ശ്രദ്ധിച്ചൊക്കെ പോരണം ട്ടോ..”
ഫോൺ ഉമ്മയുടെ കയ്യിലേക്ക് മാറി. “പാസ്പോർട്ടും ടിക്കറ്റും ഒക്കെ ഒന്നൂടെ ചെക്ക് ചെയ്ത് കയ്യിലുള്ള ചെറിയ ബാഗിൽ വെച്ചോണം കേട്ടോ. വിമാനത്തിൽ കയറാൻ നേരം അവിടെയും ഇവിടെയും വെച്ച് മറക്കരുത്.
പിന്നെ ഫ്ലൈറ്റിൽ കയറിയാൽ ഉറങ്ങിപ്പോയി എവിടെങ്കിലും ഇറങ്ങാൻ മറക്കരുത്,” ഉമ്മയുടെ നിഷ്കളങ്കമായ പതിവ് ഉപദേശം കേട്ട് ഷാഹിദ് ചിരിച്ചുപോയി.
“ഉമ്മാ, ഇതൊക്കെ അനൗൺസ് (announce) ചെയ്യും. ഞാൻ കെ.എസ്.ആർ.ടി.സി ബസ്സിലല്ല, വിമാനത്തിലല്ലേ വരുന്നത്!” അവൻ ചിരിയോടെ മറുപടി നൽകി.
അതിനിടയിൽ സഫയുടെ വക ഒരു ചോദ്യം വന്നു, “ഇക്കാ, എന്റെ ചോക്ലേറ്റും സാധനങ്ങളും ഒക്കെ എടുത്തിട്ടുണ്ടല്ലോ അല്ലെ? ഒന്നും മറന്നിട്ടില്ലല്ലോ?”
“പോടീ… അല്ലെങ്കിലേ വീപ്പക്കുറ്റി പോലെ ആയിട്ടുണ്ട്… ഇനി നിനക്ക് ഇപ്പൊ ചോക്ലേറ്റ് ഇല്ലാഞ്ഞിട്ട്…. എന്തായാലും ഞാൻ ഉറങ്ങാൻ നോക്കട്ടെ. സമയം ഒരുപാടായി.
ഇറങ്ങാൻ നേരം എയർപോർട്ടിൽ എത്തിയിട്ട് ഒന്നൂടെ വിളിക്കാം. അതുപോലെ കണക്ഷൻ ഫ്ലൈറ്റിനായി അബുദാബിയിൽ നിർത്തുമ്പോഴും വിളിക്കാം.”
എല്ലാവരോടും യാത്ര പറഞ്ഞ് ഫോൺ വെച്ച ശേഷം ഷാഹിദ് ബെഡിലേക്ക് വീണു. അതിരാവിലെ എഴുന്നേൽക്കാൻ ഫോണിൽ നാലരയ്ക്കും നാലേ മുക്കാലിനുമായി മൂന്നാല് അലാറങ്ങൾ അവൻ സെറ്റ്
ചെയ്തു.
റൂമിലെ ലൈറ്റുകൾ അണച്ച്, ഡ്യൂവെ (Duvet) പുതച്ചു കിടക്കുമ്പോഴും ഷാഹിദിന്റെ ഉള്ളിൽ ഒരുപാട് ചിന്തകളായിരുന്നു. ജീവിതത്തിൽ നിന്ന് ഓരോ അധ്യായങ്ങളായി കൊഴിഞ്ഞു പോവുകയാണ്.
കാനഡയിലെ ആദ്യത്തെ കഷ്ടപ്പാടുകൾ, ഉറക്കമൊഴിഞ്ഞുള്ള നൈറ്റ് ഷിഫ്റ്റുകൾ, വിന്ററിലെ തണുപ്പ്… അതെല്ലാം കടന്ന് ഇപ്പോൾ പുതിയൊരു ജോലി, പ്രതീക്ഷിച്ചതിലും കൂടുതൽ ശമ്പളം, പിന്നെ കാത്തിരിക്കാൻ ഒരു പെണ്ണും.
ഇനി വരാനുള്ളത് ഇതിലും വലിയ പ്രതീക്ഷകളാണെന്ന ഉറപ്പോടെ ആ ഇരുട്ടിൽ അവൻ പതിയെ കണ്ണുകളടച്ചു.
