എങ്ങനെയെങ്കിലും ആ ഗേറ്റ് കടന്ന് വീടിന്റെ ഉമ്മറത്തേക്ക് എത്താൻ എന്റെ ഹൃദയം
പിടയുന്നുണ്ടായിരുന്നു. രാവിലെ മുതൽ അവളെ കാണാതിരുന്നതിന്റെ ഒരു ശൂന്യത എന്റെ ഉള്ളിലുണ്ടായിരുന്നു.
ട്രാഫിക്കൊക്കെ കഴിഞ്ഞ് വണ്ടി വീട്ടിലെത്തുമ്പോൾ സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. ഗേറ്റ് കടന്ന് ബുള്ളറ്റ് മുറ്റത്തേക്ക് കയറുമ്പോൾ, ഉമ്മറത്തെ മഞ്ഞവെളിച്ചത്തിൽ എന്നെയും കാത്ത് നിൽപ്പുണ്ടായിരുന്നു എന്റെ പ്രാണൻ. ഇളം റോസ് നിറമുള്ള ആ ചുരിദാറിൽ, കാറ്റത്ത് പാറിപ്പറക്കുന്ന മുടിയും ഒതുക്കിവെച്ച് അവൾ നിൽക്കുന്ന ആ നിൽപ്പ് കണ്ടപ്പോൾ, വഴിയിലെ ട്രാഫിക്കിൽ എനിക്കുണ്ടായ ക്ഷീണമെല്ലാം ഒറ്റയടിക്ക് എങ്ങോട്ടോ മാഞ്ഞുപോയി.
ഞാൻ വണ്ടി ഓഫ് ചെയ്ത് തിണ്ണയിലേക്ക് കയറി. വീട് വല്ലാതെ നിശബ്ദമായിരുന്നു.
”അമ്മയെവിടെ?”
ഞാൻ ഷൂസ് ഊരിവെക്കുന്നതിനിടയിൽ ചോദിച്ചു.
”അമ്മ എങ്ങോട്ടോ പോയീലോ… ആ രമ്യ എന്ന് പേരുള്ള ഏതോ ഒരാളുടെ വീട്ടിൽ പോകുവാണെന്ന് പറഞ്ഞ് കുറച്ചുമുൻപ് ഇറങ്ങിയതാ,”
അവൾ എന്റെ കയ്യിൽ നിന്നും ഓഫീസ് ബാഗ് വാങ്ങിക്കൊണ്ട് വളരെ സ്വാഭാവികമായി പറഞ്ഞു.
അതുകേട്ടതും എന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു. വീട് മുഴുവൻ ഞങ്ങൾക്കുവേണ്ടി ഒഴിഞ്ഞുകിട്ടിയിരിക്കുകയാണ്. അവൾ ബാഗും പിടിച്ച് ഹാളിലേക്ക് നടന്നു. ഞാൻ വേഗം വാതിലടച്ച് കുറ്റിയിട്ടു. അവൾ ഹാളിലെ ടീപ്പോയിയുടെ മുകളിലേക്ക് ബാഗ് വെക്കാൻ കുനിയുകയായിരുന്നു. കാൽപ്പെരുമാറ്റം കേൾപ്പിക്കാതെ ഞാൻ
പതുക്കെ അവളുടെ പിന്നിലൂടെ ചെന്നു.
രാവിലെ മുതൽ അവളെ കാണാതിരുന്നതിന്റെ ആ വിരഹം എന്നെ വല്ലാതെ പൊള്ളിച്ചിരുന്നു. എന്റെ ഇരുകൈകളും അവളുടെ ഇടുങ്ങിയ അരക്കെട്ടിലൂടെ ചുറ്റി ഞാൻ അവളെ പെട്ടെന്ന് എന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു.
”ആദി..!”
പ്രതീക്ഷിക്കാത്ത ആ സ്പർശനത്തിൽ അവളൊന്ന് ഞെട്ടി. കയ്യിലിരുന്ന ബാഗ് ടീപ്പോയിയിലേക്ക് വീണു.
അവൾ എന്തെങ്കിലും പറയുന്നതിന് മുൻപ് തന്നെ ഞാൻ അവളെ എന്റെ നേരെ തിരിച്ചുനിർത്തി. വിറയ്ക്കുന്ന ആ ചുണ്ടുകളിലേക്ക് എന്റെ ചുണ്ടുകൾ ഞാൻ ആഴത്തിൽ ചേർത്തു. പകൽ മുഴുവൻ അടക്കിവെച്ച പ്രണയത്തിന്റെ സകല ഭ്രാന്തും ആ ചുംബനത്തിലുണ്ടായിരുന്നു. പെട്ടെന്നുള്ള എന്റെ ആ ആക്രമണത്തിൽ അവളൊന്ന് പതറിയെങ്കിലും, എന്റെ നെഞ്ചിലെ ചൂടിലേക്ക് അവളും പതുക്കെ അലിഞ്ഞുചേർന്നു. അവളുടെ മൃദുവായ വിരലുകൾ എന്റെ ഷർട്ടിന്റെ കോളറിൽ മുറുകെ പിടിച്ചു.
ഒരു നിമിഷം ശ്വാസമെടുക്കാനായി ഞാൻ ആ ചുണ്ടുകൾ വിട്ടകന്നു. കിതപ്പോടെ, നാണം കൊണ്ട് ചുവന്നുതുടുത്ത മുഖത്തോടെ അവൾ എന്നെ നോക്കി. ആ ഇളം നീലക്കണ്ണുകളിലെ ലഹരി കണ്ട്, അടങ്ങാത്ത ദാഹത്തോടെ ഞാൻ വീണ്ടും ആ ചുവന്ന അധരങ്ങൾ കടന്നുനുകരാൻ വേണ്ടി അവളുടെ മുഖത്തേക്ക് എന്റെ മുഖം അടുപ്പിച്ചു.
പെട്ടെന്ന് അവൾ എന്റെ നെഞ്ചിൽ കൈവെച്ച് എന്നെ പതുക്കെ പുറകോട്ട് തള്ളിമാറ്റി.
”ദേ ആദീ… വേണ്ട ട്ടോ…”
ഒരു കുസൃതിയോടെ അവൾ പറഞ്ഞു.
“രാവിലെ തൊട്ട് ഓഫീസിൽ പോയി പണിയെടുത്തതിന്റെ വിയർപ്പാ ആദിയുടെ ദേഹം മുഴുവൻ. പോയി വേഗം കുളിച്ച് ഫ്രഷ് ആയിട്ട് വാ. ഞാൻ നല്ല ചൂട് ചായ എടുത്തു വെക്കാം.”
ഇത്രയും പറഞ്ഞ് നാണത്തോടെ എന്നെ നോക്കി കണ്ണിറുക്കിയിട്ട് അവൾ വേഗം അടുക്കളയിലേക്ക് ഓടി. അവളുടെ ആ ഓട്ടവും നോക്കി നിൽക്കുമ്പോൾ, എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ സായാഹ്നങ്ങളിലൂടെയാണ് ഞാൻ കടന്നുപോകുന്നതെന്ന് എനിക്ക് തോന്നി. വല്ലാത്തൊരു ഉന്മേഷത്തോടെ ഞാൻ ഫ്രഷ് ആവാനായി മുകളിലേക്ക് നടന്നു…
കുളിച്ച് പുതിയൊരു ടീഷർട്ടും ട്രാക്ക് പാന്റും ഇട്ട് ഞാൻ താഴേക്ക് വരുമ്പോൾ, ഹാളിൽ നല്ലൊരു ഏലക്കയിട്ട ചായയുടെ മണം നിറഞ്ഞുനിന്നിരുന്നു. ഓഫീസിലെ സകല ടെൻഷനുകളും ആ കുളിയിൽ ഒഴിഞ്ഞുപോയിരുന്നു. ഞാൻ പതുക്കെ ചെന്ന് ഹാളിലെ സോഫയിലേക്ക് ഇരുന്നു. തൊട്ടുപിന്നാലെ ആവിപറക്കുന്ന ചായയുമായി അവൾ എത്തി.
ചായ എന്റെ കയ്യിലേക്ക് തന്നിട്ട്, അവൾ എനിക്ക് തൊട്ടരികിലായി, എന്റെ തോളിലേക്ക് പതുക്കെ ചാരിയിരുന്നു. അവളുടെ മുടിയിലെ ആ ഗന്ധം എന്നിലേക്ക് വീണ്ടും പടർന്നു. ഞാൻ ചൂടുള്ള ആ ചായ പതുക്കെ ഊതിക്കുടിക്കുന്നതിനിടയിൽ, എന്റെ നെഞ്ചിലേക്ക് ഒന്നുകൂടി ഒതുങ്ങിക്കിടന്നുകൊണ്ട് അവൾ വളരെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
