പാർവണം – 7 7അടിപൊളി  

​ഇത്രയും കേട്ടപ്പോൾ അവളുടെ മുഖത്തെ ആ അത്ഭുതം മാറി അവിടെ വളരെ മനോഹരമായൊരു പുഞ്ചിരി വിടർന്നു.

​”അയ്യോ… എന്റെ ചേച്ചിക്ക് ഒരാളോട് ഇഷ്ടാർന്നോ? എന്നിട്ട് എന്നോട് ഇതൊന്നും പറഞ്ഞില്ല്യാലോ കള്ളി…”

അവൾ ചെറിയൊരു പരിഭവത്തോടെ പറഞ്ഞു.

​”അവൾക്ക് പേടിയായതുകൊണ്ടല്ലേടി… അമ്മ ഇപ്പൊ ഈ കാര്യം കേൾക്കുമ്പോ എങ്ങനെ റിയാക്ട് ചെയ്യും എന്ന് എനിക്കൊരു പിടിയുമില്ല,”

ഞാൻ എന്റെ ടെൻഷൻ വീണ്ടും പങ്കുവെച്ചു.

​അവൾ പതുക്കെ എന്റെ അടുത്തേക്ക് ഒന്നുകൂടി നീങ്ങിയിരുന്ന് എന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകളിൽ

ഇപ്പോൾ ഒരു പേടിയുമില്ലായിരുന്നു, പകരം വളരെ പ്രാക്ടിക്കൽ ആയൊരു ഉത്തരമുണ്ടായിരുന്നു.

​”ദേ മനുഷ്യാ… ഇതിനാണോ ഇങ്ങനെ കിടന്ന് വെറുതെ ടെൻഷൻ അടിക്കണേ?”

അവൾ എന്റെ വലതുകയ്യിൽ മുറുകെ പിടിച്ചുകൊണ്ട് ചോദിച്ചു.

“സ്വന്തം മോൾക്ക് ഒരാളെ ഇഷ്ടാണെന്ന് കേൾക്കുമ്പൊ ഏത് അമ്മയായാലും ആദ്യമൊന്ന് വിഷമിക്കും. പിന്നെ അതൊക്കെ മാറും. നല്ലൊരു പയ്യനാണെങ്കിൽ അമ്മ എന്തായാലും സമ്മതിക്കും. പിന്നെ ചേച്ചീടെ സന്തോഷം കാണുമ്പൊ അമ്മയ്ക്ക് വേറൊന്നും പറയാനുണ്ടാവില്ല.”

​”അതൊക്കെ ശരിയാ… പക്ഷെ ഞാൻ ഒറ്റയ്ക്ക് ചെന്ന് പറഞ്ഞാൽ അത്…”

ഞാൻ പറഞ്ഞു പൂർത്തിയാക്കുന്നതിന് മുൻപേ അവൾ ഇടപെട്ടു.

​”ആദി ഒറ്റയ്ക്കല്ലല്ലോ… ഞാനും ഇല്ലേ കൂടെ?”

ആ ചോദ്യത്തിൽ അവൾ എനിക്ക് നൽകിയ ധൈര്യം ചെറുതായിരുന്നില്ല.

“സമയം വരുമ്പൊ നമുക്ക് രണ്ടാൾക്കും കൂടി അമ്മയോട് കാര്യങ്ങൾ പറയാം. എല്ലാം ശരിയാവും. ഇതൊന്നും ഓർത്ത് ആദിയിപ്പൊ വെറുതെ തല പുകയ്ക്കണ്ട…”

​ആ ശൈലിയിൽ, വളരെ സ്വാഭാവികമായി അവളത് പറഞ്ഞപ്പോൾ എന്റെ നെഞ്ചിൽ കിടന്ന വലിയൊരു ഭാരമാണ് ഒറ്റയടിക്ക് ഇല്ലാതായത്. ഒരു പ്രശ്നം വരുമ്പോൾ കൂടെ നിൽക്കാൻ, നമ്മളെ ചേർത്തുപിടിച്ച് ധൈര്യം തരാൻ ഒരാളുണ്ടാകുക എന്നത് എത്ര വലിയ ആശ്വാസമാണ്. അത്രയും നേരം എന്നെ അലട്ടിയിരുന്ന സകല ചിന്തകളും ആ ഒരു നിമിഷം കൊണ്ട് എങ്ങോട്ടോ മാഞ്ഞുപോയി.

​ഞാൻ ഒരു ചിരിയോടെ അവളുടെ കൈകളിൽ പിടിച്ച് അവളെ എന്റെ നെഞ്ചിലേക്ക് ചായ്ച്ചു.  നെറ്റിയിൽ സ്നേഹത്തോടെ ഒരു ചുംബനം നൽകി.

​”നീയിപ്പൊ എന്നെക്കാളും വലിയ പക്വതയുള്ളവളായി മാറിയല്ലോ…”

ഞാൻ വാത്സല്യത്തോടെ അവളുടെ മുടിയിഴകളിൽ തലോടി.

​”പിന്നല്ലാണ്ട്… എന്റെ ആദീടെ സങ്കടം മാറ്റേണ്ടത് എന്റെം കൂടി ആവശ്വല്ലേ,”

അവൾ എന്റെ ഷർട്ടിന്റെ കോളറിലൊന്ന് പിടിച്ച് നെഞ്ചിലേക്ക് മുഖമമർത്തിക്കൊണ്ട് പറഞ്ഞു.

​”നിന്റെ സങ്കടമൊക്കെ മാറിയോ ഞാൻ നാളെ ഓഫീസിൽ പോകുന്നതിന്റെ?”

ഞാൻ പതുക്കെ ചോദിച്ചു.

​”മ്മ്… മാറി. പക്ഷെ ഉച്ചയ്ക്ക് ചോറുണ്ണാൻ നേരം എന്നെ അമ്മയുടെ ഫോണിൽ വിളിക്കാൻ മറക്കണ്ട ട്ടോ…”

അവൾ എന്റെ നെഞ്ചിൽ കിടന്നുകൊണ്ട് തന്നെ പതുക്കെ മന്ത്രിച്ചു.

​”ഇല്ലെന്റെ പെണ്ണെ… ഞാൻ വിളിക്കാം.”

​പൂട്ടിയ ആ വാതിലിനപ്പുറം, ഞങ്ങളുടേത് മാത്രമായ ലോകത്ത്, പരസ്പരം താങ്ങായി മാറുന്നതിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെ ഞങ്ങൾ കടന്നുപോകുകയായിരുന്നു.

​”നിക്ക്… ഞാൻ നിനക്കൊരു സാധനം തരാം. നീ കണ്ണൊന്ന് അടച്ചേ…”

ഞാൻ അവളെ കട്ടിലിൽ ഇരുത്തിക്കൊണ്ട് പറഞ്ഞു.

​”എന്ത് സാധനമാ ആദീ? കാര്യം പറ…”

അവൾക്ക് വല്ലാത്ത ആകാംക്ഷയായിരുന്നു.

​”പറയുന്നതിനേക്കാളും കാണിച്ചു തരുന്നതല്ലേ നല്ലത്? നീ ആ കണ്ണൊന്ന് അടച്ചേ പെണ്ണേ…”

ഞാൻ വീണ്ടും നിർബന്ധിച്ചു.

​അവൾ ഒരു കുസൃതിയോടെ എന്നെ നോക്കിയിട്ട് കണ്ണുകൾ ഇറുകെയടച്ചു.

​അവൾ കണ്ണടച്ചെന്ന് ഉറപ്പായതും ഞാൻ പതുക്കെ എഴുന്നേറ്റ് റൂമിലെ മേശയുടെ അടുത്തേക്ക് നടന്നു. രാവിലെ ചേച്ചിയെ റെയിൽവേ സ്റ്റേഷനിൽ ആക്കിയിട്ട്

തിരിച്ചു വരുന്ന വഴിക്ക് ഞാൻ വാങ്ങിയതായിരുന്നു അത്. വീട്ടിൽ ആരും കാണാതെ വളരെ രഹസ്യമായി റൂമിലെ മേശയ്ക്കകത്ത് കൊണ്ടുവന്ന് വെച്ചതാണ്. അവൾക്കായി ഞാൻ കരുതിവെച്ച എന്റെ ആദ്യത്തെ സർപ്രൈസ് ഗിഫ്റ്റ്.

​മേശയുടെ വലിപ്പ് ശബ്ദമുണ്ടാക്കാതെ തുറന്ന് ഞാൻ ആ കവർ കയ്യിലെടുത്തു. തിരികെ അവളുടെ അടുത്തേക്ക് വന്ന് ഞാൻ അത് അവളുടെ കൈകളിലേക്ക് വെച്ചുകൊടുത്തു.

Updated: August 14, 2026 — 11:08 pm

Leave a Reply

Your email address will not be published. Required fields are marked *