പാർവണം – 7 8അടിപൊളി  

​പെട്ടെന്നാണ് എന്റെ നെഞ്ചിലേക്ക് ചാരിയിരുന്ന പാർവണ ഫോണിനടുത്തേക്ക് കുറച്ചുകൂടി നീങ്ങിയിരുന്നത്. അവളുടെ മുഖത്ത് ഒരു കുസൃതിച്ചിരി വിടർന്നിരുന്നു. സ്പീക്കറിലേക്കായി അവൾ പതുക്കെ വിളിച്ചു.

​”ഹലോ നാത്തൂനേ…”

​അവളുടെ ശബ്ദം കേട്ടതും ചേച്ചി പെട്ടെന്നൊന്ന് ഞെട്ടി. അങ്ങേത്തലക്കൽ പെട്ടെന്നൊരു നിശബ്ദത.

​”അയ്യോ… ഈ ചേച്ചീടെ ഒരു കാര്യം! അരവിന്ദേട്ടൻ ഇങ്ങോട്ട് വരാൻ പോക്ണതിന്റെ ടെൻഷനാണോ അതോ സന്തോഷം കൊണ്ടാണോ എന്റെ ചേച്ചിക്ക് ഈ വെപ്രാളം? എന്തായാലും അരവിന്ദേട്ടൻ വന്നു കഴിഞ്ഞാൽ പിന്നെ ഈ അനിയത്തിയെ ഒന്നും ചേച്ചിക്ക് ഓർമ്മയുണ്ടാവില്ല്യാലോ…”

ആ തനി പാലക്കാടൻ ശൈലിയിൽ, ഒരു കൊഞ്ചലോടെ അവൾ ചേച്ചിയെ കളിയാക്കി.

​അതുകേട്ടതും അതുവരെയുണ്ടായിരുന്ന ചേച്ചിയുടെ സകല ടെൻഷനും ഒറ്റയടിക്ക് പൊട്ടിത്തെറിച്ചൊരു ചിരിയായി മാറി.

​”ഡി കള്ളി… നീയും അറിഞ്ഞോ ഇത്? ഈ ആദി നിന്നോട് എല്ലാം പറഞ്ഞല്ലേ?”

ചേച്ചിയുടെ ശബ്ദത്തിൽ വലിയൊരു ആശ്വാസം വന്ന് നിറയുന്നത് എനിക്ക് കേൾക്കാമായിരുന്നു.

​”പിന്നല്ലാണ്ട്… എന്റെ ആദിക്ക് എന്നിൽ നിന്ന് എന്തെങ്കിലും ഒളിക്കാൻ പറ്റുമോ?”

അവൾ എന്റെ മുഖത്തേക്ക് നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.

“ചേച്ചിയൊന്നും കൊണ്ടും പേടിക്കണ്ട. ചേച്ചിക്ക് ഇഷ്ടമുള്ള ആളെക്കൊണ്ട് തന്നെ നമ്മളീ കല്യാണം നടത്തും. അമ്മ ഈ കാര്യം ആദ്യം കേൾക്കുമ്പൊ ചിലപ്പൊ എന്തെങ്കിലും എതിര് പറഞ്ഞാലും, എന്റെ ചേച്ചീടെ കൂടെ കട്ട സപ്പോർട്ട് ആയിട്ട് ഈ പാർവണ ഉണ്ടാവും ട്ടോ…”

​അവളുടെ ആ വാക്കുകൾ കേട്ടപ്പോൾ മറുതലക്കൽ ചേച്ചി ശരിക്കും വിതുമ്പിപ്പോയിരുന്നു. സ്വന്തം അനിയത്തിയെപ്പോലെ പാർവണ അവളെ ചേർത്തുപിടിക്കുന്നതിന്റെ  സന്തോഷം ആ മൗനത്തിലുണ്ടായിരുന്നു.

​”എന്റെ മോളെ… നിങ്ങളെനിക്ക് തരുന്ന ഈ ധൈര്യമുണ്ടല്ലോ… അത് മതിയെനിക്ക്,”

ചേച്ചിയുടെ ശബ്ദം നിറഞ്ഞിരുന്നു.

​”നീ വെറുതെ സെന്റി അടിക്കാതെ ചേച്ചീ…”

ഞാൻ ചിരിച്ചുകൊണ്ട് ഇടപെട്ടു.

“നിന്റെ കാര്യത്തിൽ ഇവളിപ്പോ എന്നെക്കാളും വലിയ ആവേശത്തിലാ. നീ ഒന്നും ഓർത്ത് ടെൻഷൻ ആവണ്ട. ഇന്ന് രാത്രി തന്നെ ഞാൻ അമ്മയോട് കാര്യങ്ങൾ സംസാരിക്കുന്നുണ്ട്…. ബാക്കിയൊക്കെ ഞാൻ ഏറ്റു. അമ്മയെ ഞാൻ പറഞ്ഞ് മനസ്സിലാക്കിക്കോളാം.”

​”ഉം… എങ്ങനെയെങ്കിലും അമ്മയോട് ഒന്ന് പറഞ്ഞ് സമ്മതിപ്പിക്കെടാ…”

ചേച്ചി വലിയൊരു പ്രതീക്ഷയോടെ പറഞ്ഞു.

​”എല്ലാം ശരിയാവും. നീ സമാധാനമായിട്ട് ഇരിക്കാൻ നോക്ക്. ബാക്കി ഞാൻ നാളെ വിളിച്ചു പറയാം,”

ഇത്രയും പറഞ്ഞ് ഞാൻ കാൾ കട്ട് ചെയ്തു.

​ഫോൺ വെച്ച ശേഷം ഞാൻ

പാർവണയെ നോക്കി. എന്റെ മുഖത്തെ ആ ചെറിയൊരു ടെൻഷൻ മനസ്സിലാക്കിയിട്ടാകണം, അവൾ എന്റെ കയ്യിൽ ഒന്നുകൂടി മുറുകെ പിടിച്ചു.

​”ഒന്നും പേടിക്കണ്ട ആദീ… അമ്മ വരുമ്പോൾ നമുക്ക് സംസാരിക്കാം….”

അവൾ എന്റെ തോളിലേക്ക് തലവെച്ച് എനിക്ക്ആശ്വാസം തന്നു.

സംസാരം കഴിഞ്ഞ് ഫോൺ മാറ്റിവെക്കുമ്പോഴേക്കും ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു. ഉമ്മറത്തേക്ക് കയറിവരുന്ന അമ്മയെ കണ്ട്, എന്റെ തോളിലേക്ക് ചാരിയിരുന്ന പാർവണ പതുക്കെ ഒന്ന് മാറി കുറച് അകലം പാലിച്ച് ഇരുന്നു. മുഖത്തെ ആ കുസൃതിച്ചിരിയൊക്കെ മാറ്റി അവൾ പെട്ടെന്ന് വളരെ ഗൗരവത്തിൽ ഇരിക്കുന്നത് കണ്ട് എനിക്ക് ഉള്ളിൽ ചിരിവന്നു.

​അമ്മ നേരെ ഹാളിലേക്ക് വന്ന് ഞങ്ങൾക്ക് എതിർവശത്തുള്ള സോഫയിലേക്ക് ഒരു നെടുവീർപ്പോടെ ഇരുന്നു.

​”അമ്മ ഇതെവിടെ പോയതാ?”

ഞാൻ ചോദിച്ചു.

​”ഞാൻ ദേ ആ രമ്യയുടെ വീടുവരെ ഒന്ന് പോയതാടാ… അവൾ ഇന്നലെ വണ്ടിയിൽ നിന്നൊന്ന് വീണു. അപ്പൊ പോയി ഒന്ന് കണ്ടിട്ട് വരാമെന്ന് കരുതി,”

സാരിയുടെ തുമ്പുകൊണ്ട് മുഖത്തെ വിയർപ്പ് തുടക്കുന്നതിനിടയിൽ അമ്മ എന്നെ നോക്കി ചോദിച്ചു.

“നീ എപ്പൊ എത്തി?”

​”ഞാൻ വന്നിട്ട് കുറച്ചുനേരമായി അമ്മേ…”

ഞാൻ പറഞ്ഞു.

​അപ്പോഴേക്കും പാർവണ അമ്മയോടായി ചോദിച്ചു.

“അവർക്കിപ്പോ എങ്ങനെയുണ്ട് അമ്മേ? വല്ല്യ കുഴപ്പമൊന്നും ഇല്ല്യാലോ?”

Updated: August 14, 2026 — 11:08 pm

Leave a Reply

Your email address will not be published. Required fields are marked *