”വലിയ കുഴപ്പമൊന്നുമില്ല മോളെ… കയ്യിന് ചെറിയൊരു പൊട്ടലുണ്ട്, പ്ലാസ്റ്റർ ഇട്ടിരിക്കുവാ. കുറച്ചു ദിവസം റെസ്റ്റ് വേണ്ടിവരും,”
അമ്മ പറഞ്ഞു. എന്നിട്ട് അമ്മ എന്നെയൊന്ന് സൂക്ഷിച്ചു നോക്കി. എന്റെ മുഖത്തെ ആ ചെറിയൊരു ഗൗരവവും ടെൻഷനും അമ്മ ശ്രദ്ധിച്ചിട്ടുണ്ടാവണം.
”നിനക്കെന്താടാ ഒരു ക്ഷീണം? ഓഫീസിലെ പണിത്തിരക്കിന്റെ ക്ഷീണമാണോ അതോ വല്ല പ്രശ്നവുമുണ്ടോ?”
അമ്മയുടെ സ്വരത്തിൽ പതിവില്ലാത്തൊരു വേവലാതിയുണ്ടായിരുന്നു.
ഞാൻ എന്ത് പറയണമെന്നറിയാതെ പാർവണയെ ഒന്ന് പാളിനോക്കി. എന്റെ സകല ടെൻഷനുകളും മാറ്റാൻ പാകത്തിൽ അവൾ കണ്ണുകൾ കൊണ്ട് എനിക്ക് വലിയൊരു ധൈര്യം തന്നു.
തുടങ്ങിക്കോള്ളു എന്നർത്ഥത്തിൽ അവൾ എന്നെ നോക്കി പതുക്കെ തലയാട്ടി.
ഞാൻ അല്പം മുന്നോട്ടാഞ്ഞിരുന്ന് വളരെ ശാന്തമായി പറഞ്ഞു തുടങ്ങി.
”എനിക്ക് ക്ഷീണമൊന്നുമില്ല അമ്മേ… പക്ഷെ എനിക്ക് അമ്മയോട് ഒരു കാര്യം സംസാരിക്കാനുണ്ട്. ഞാൻ പറയാൻ ഇരിക്കുകയായിരുന്നു.”
അമ്മയുടെ മുഖത്തെ വേവലാതി ഒന്നുകൂടി കൂടി.
“എന്താടാ കാര്യം? നീ ഇങ്ങനെ മുഖവുര ഇടാതെ എന്താന്ന് വെച്ചാൽ തെളിച്ചു പറ ആദീ.”
”അത്… ചേച്ചിയുടെ കാര്യമാ അമ്മേ…”
ഞാൻ ഒന്നു നിർത്തി, അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി.
“ചേച്ചിയുടെ കല്യാണക്കാര്യം അമ്മ പറഞ്ഞില്ലേ… അപ്പൊ എനിക്ക് പറയാൻ പറ്റിയില്ല. അമ്മ കേൾക്കുമ്പോ എന്ത് വിചാരിക്കും എന്നോർത്തിട്ടാ ഞാൻ മിണ്ടാതിരുന്നത്. ചേച്ചിക്ക് ഒരാളെ ഇഷ്ടമാ അമ്മേ… ബാംഗ്ലൂരിൽ കൂടെ വർക്ക് ചെയ്യുന്ന ആളാ പേര് അരവിന്ദ്.”
ഇത്രയും പറഞ്ഞപ്പോൾ അമ്മയുടെ മുഖത്തെ ഭാവം പെട്ടെന്നൊന്ന് മാറി. അവിടെ അത്ഭുതമാണോ
അതോ ദേഷ്യമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്തൊരു മരവിപ്പായിരുന്നു. ആ വലിയ ഹാളിൽ നിശബ്ദത പടർന്നു. എന്തും നേരിടാൻ തയ്യാറായി, എനിക്ക് പൂർണ്ണ പിന്തുണയുമായി എന്റെ തൊട്ടരികിൽ പാർവണയും ശ്വാസമടക്കിപ്പിടിച്ച് ഇരിപ്പുണ്ടായിരുന്നു.
ഹാളിലെ ആ വലിയ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് അമ്മ പെട്ടെന്ന് സോഫയിൽ നിന്നും എഴുന്നേറ്റു. ആ മുഖത്ത് ഒരു നിമിഷം കൊണ്ട് ഒരുപാട് ഭാവങ്ങൾ മിന്നിമറയുന്നത് ഞാൻ കണ്ടു. ദേഷ്യത്തേക്കാൾ ഉപരി, സ്വന്തം മകളെക്കുറിച്ചുള്ള ആധിയായിരുന്നു ആ കണ്ണുകളിൽ.
”എന്താടാ ആദീ നീ ഈ പറയുന്നേ?”
അമ്മയുടെ ശബ്ദം നേരിയ തോതിൽ വിറയ്ക്കുന്നുണ്ടായിരുന്നു.
“ആരാ എന്താ എന്ന് പോലും അറിയാത്ത ഒരാളെക്കൊണ്ട് അവളെ ഞാൻ എങ്ങനെയാ… നാളെയെന്തെങ്കിലും ഒരു പ്രശ്നം വന്നാൽ അവൾക്ക് നമ്മളല്ലേ ഉള്ളൂ. അവരുടെ കുടുംബം, സ്വഭാവം ഇതൊന്നും അറിയാതെ എന്റെ കുട്ടിയെ ഞാൻ എങ്ങനെയാടാ ഒരു പരിചയവുമില്ലാത്ത ഒരാളുടെ കയ്യിൽ ഏൽപ്പിക്കുക?”
ആ ചോദ്യത്തിൽ ഒരു അമ്മയുടെ സകല പേടിയും സങ്കടവും അടങ്ങിയിട്ടുണ്ടായിരുന്നു. ഞാൻ പതുക്കെ എഴുന്നേറ്റ് അമ്മയുടെ അടുത്തേക്ക് ചെന്നു.
”അമ്മ എന്തിനാ ഇപ്പൊ ഇങ്ങനെ പേടിക്കുന്നത്?”
ഞാൻ അമ്മയുടെ തോളിൽ പിടിച്ചു സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“വഴിയിൽ കിടക്കുന്ന ആർക്കുമല്ല അമ്മേ… അവൾക്ക് അവനെ നന്നായിട്ട് അറിയാം. ഒരേ കമ്പനിയിലാ വർക്ക് ചെയ്യുന്നത്. അത്രയ്ക്കും ഉറപ്പുള്ളതുകൊണ്ടല്ലേ അവൾ ഈ തീരുമാനം എടുത്തത്. മാത്രമല്ല, അവൻ അടുത്ത ആഴ്ച നാട്ടിലേക്ക് വരുന്നുണ്ട്. നമുക്ക് അവനോട് നേരിട്ട് സംസാരിക്കാം. സംസാരിച്ചു കഴിയുമ്പോ അവനെക്കുറിച്ച് അമ്മയ്ക്കൊരു ധാരണ കിട്ടുമല്ലോ. അമ്മയ്ക്ക് അവനെ കണ്ടിട്ട് ഇഷ്ടമായാൽ മാത്രം നമുക്ക് അവരുടെ വീട്ടിൽ പോയി അവന്റെ അച്ഛനോടും അമ്മയോടും കാര്യങ്ങൾ അന്വേഷിക്കാം. അല്ലാതെ ഒറ്റയടിക്ക് അവനു കൊടുക്കാം എന്ന് ഞാൻ പറഞ്ഞില്ലല്ലോ അമ്മേ…”
എന്റെ വാക്കുകൾ കേട്ട് അമ്മ എന്തോ പറയാൻ തുടങ്ങിയെങ്കിലും, ആ ധർമ്മസങ്കടം കണ്ട് അതുവരെ മിണ്ടാതിരുന്ന പാർവണ എന്റെ അടുത്തേക്ക് വന്നു. അവൾ വളരെ വാത്സല്യത്തോടെ അമ്മയുടെ കൈകളിൽ പിടിച്ചു.
”അമ്മേ…”
