പാർവണം – 7 8അടിപൊളി  

​”ആദീ… എന്റെ ഡിഗ്രീടെ റിസൾട്ട് നാളെയെങ്ങാനും വരുംന്നാ ഇപ്പൊ അറിഞ്ഞേ… ആദി നാളെ ഓഫീസിൽ പോയിട്ട് വരുമ്പോ അതൊന്ന് നോക്കിത്തരുമോ? ഞാൻ അഡ്മിഷൻ നമ്പർ എടുത്തുതരാം…”

​അതുകേട്ടപ്പോൾ എന്റെ

ഓർമ്മകൾ ഒറ്റയടിക്ക് പാലക്കാട്ടേക്ക് പാഞ്ഞു. ഇന്ദ്രനീലത്തിലെ ആ വലിയ കുളപ്പുരക്കൽ വെച്ച് അവൾ ആദ്യമായി എന്നോട് അവളുടെ ഇഷ്ടങ്ങളെക്കുറിച്ച് പറഞ്ഞ ആ മനോഹരമായ നിമിഷം. ബി.എ ഇംഗ്ലീഷ് കഴിഞ്ഞു നിൽക്കുകയാണെന്നും, റിസൾട്ട് വന്നാൽ പി.ജിക്ക് ചേരണമെന്നും അന്ന് അവൾ എന്നോട് പറഞ്ഞിരുന്നു.

​ഞാൻ ചായ ഗ്ലാസ്സ് ടീപ്പോയിയിലേക്ക് വെച്ചിട്ട്, എന്റെ തോളിൽ കിടക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി. എന്നിട്ട് ആ വിറയ്ക്കുന്ന വിരലുകളെ എന്റെ കൈക്കുള്ളിലാക്കി, വാത്സല്യത്തോടെ പറഞ്ഞു.

​”നാളെയോ? അപ്പൊ എന്റെ പെണ്ണിന് ഇനി പി.ജി ഒക്കെ കഴിഞ്ഞ് വേഗം ഒരു സ്കൂൾ ടീച്ചർ ആവാമല്ലോ…  ഇന്ദ്രനീലത്തിലെ കുളക്കടവിൽ വെച്ച് നീ എന്നോട് പറഞ്ഞ നിന്റെ

ആഗ്രഹങ്ങളൊന്നും ഈ ആദി മറന്നിട്ടില്ല പെണ്ണേ…”

​എന്റെ ആ വാക്കുകൾ കേട്ടതും അവളുടെ ഇളം കണ്ണുകളിൽ വലിയൊരു വിസ്മയം വിടർന്നു. അവൾ പറഞ്ഞ ഓരോ കൊച്ചു കാര്യങ്ങളും എന്റെ ഹൃദയത്തിൽ ഞാൻ ഇത്രത്തോളം സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്ന തിരിച്ചറിവ് അവളെ വല്ലാതെ സന്തോഷിപ്പിച്ചു. വലിയമ്മാവനെപ്പോലെ കുട്ടികളെ പഠിപ്പിച്ച് അവർക്കൊപ്പം സന്തോഷമായി നടക്കണമെന്ന അവളുടെ ആ കൊച്ചു സ്വപ്നം, ഞാൻ ഇത്രയും കാലത്തിന് ശേഷവും ഓർമ്മിപ്പിച്ചത് അവളിൽ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു പ്രണയമാണ് നിറച്ചത്.

​”ആദി അപ്പൊ അതൊക്കെ അപ്പടി ഓർത്തു വെച്ചിരിക്കുവാർന്നോ…”

അതിയായ സന്തോഷത്തോടെ അവൾ എന്റെ കഴുത്തിലൂടെ കൈകളിട്ട് നെഞ്ചിലേക്ക് ഒന്നുകൂടി മുഖമമർത്തി. ആ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

​”പിന്നല്ലാതെ… എന്റെ ദേവത പറയുന്ന ഓരോ കാര്യങ്ങളും എനിക്കീ ജീവനേക്കാളും വലുതല്ലേടി,”

ഞാൻ അവളുടെ നെറുകയിൽ തലോടിക്കൊണ്ട് പറഞ്ഞു.

​അവൾ ഒരു സ്നേഹത്തോടെ എന്റെ ഷർട്ടിൽ മുറുകെ പിടിച്ചുകൊണ്ട് പതുക്കെ മന്ത്രിച്ചു.

“എന്റെ കൊച്ചു കൊച്ചു കാര്യങ്ങൾ പോലും ഇത്രക്കും മനസ്സിലാക്കുന്ന എന്റെ പ്രാണന്റെ കൂടെ ഇങ്ങനെ ജീവിക്കണതിനേക്കാളും വലുതൊന്നും എനിക്കിനി ഈ ലോകത്തില്ല്യ ആദീ…”

​ആ വാക്കുകളിൽ വലിയൊരു ആശ്വാസവും സമാധാനവും ഉണ്ടായിരുന്നു. പുറത്ത് സന്ധ്യയുടെ ഇരുട്ട് പരക്കുന്നുണ്ടായിരുന്നെങ്കിലും, പരസ്പരം താങ്ങായി മാറിയ ആ നിമിഷത്തിൽ, വലിയൊരു പ്രകാശം ഞങ്ങൾക്ക് ചുറ്റും നിറയുന്നതുപോലെ എനിക്ക് തോന്നി. ഒരു ചായക്കോപ്പയിലെ ചൂടിനേക്കാൾ  ഊഷ്മളത അവളുടെ ആ ചേർന്നിരിപ്പിൽ എനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ടായിരുന്നു…

​ആ സായാഹ്നത്തിന്റെ സമാധാനത്തിൽ, അവളെയും നെഞ്ചോട് ചേർത്ത് സോഫയിൽ അങ്ങനെ ഇരിക്കുമ്പോഴാണ് ടീപ്പോയിലിരുന്ന എന്റെ ഫോൺ പെട്ടെന്ന് റിങ് ചെയ്തത്. ഞാൻ പതുക്കെ അവളുടെ തോളിൽ നിന്നും കൈയെടുത്ത് ഫോൺ എടുത്തു നോക്കി.

​’അനഘ ചേച്ചി’

​ഞാൻ കോൾ എടുത്ത് സ്പീക്കറിലിട്ടു.

​”ഹലോ ചേച്ചീ… പറയ്,”

ഞാൻ പറഞ്ഞു.

​”എടാ ആദീ… നീ എവിടെയാ?”

അങ്ങേത്തലക്കൽ ചേച്ചിയുടെ ശബ്ദത്തിൽ വല്ലാത്തൊരു വെപ്രാളവും പേടിയും ഉണ്ടായിരുന്നു.

​”ഞാൻ വീട്ടിലെത്തി ചേച്ചീ. ഓഫീസിൽ നിന്ന് വന്നിട്ട് കുറച്ചു നേരമേ ആയുള്ളൂ. എന്താ ഈ നേരത്ത്? നീ ഓഫീസിൽ നിന്ന് ഇറങ്ങിയോ?”

ഞാൻ സ്വാഭാവികമായി ചോദിച്ചു.

​”ഞാൻ റൂമിലെത്തി. എടാ ആദീ… അരവിന്ദിന്റെ കാര്യം… ഞാൻ നിന്നോട് പറഞ്ഞില്ലായിരുന്നോ അവൻ ഈ വീക്കെൻഡിൽ നാട്ടിലേക്ക് വരാമെന്ന്. പക്ഷെ അമ്മ പെട്ടെന്ന് വേറെ ആലോചനയുടെ കാര്യം പറഞ്ഞപ്പോൾ എനിക്ക് വല്ലാത്തൊരു ടെൻഷനാടാ… അമ്മയെങ്ങാനും വേറെ വല്ലതും ഉറപ്പിച്ചാൽ…”

ചേച്ചിയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

സ്വന്തം പ്രണയം വീട്ടിൽ പറയാൻ പേടിക്കുന്ന ഒരു പെൺകുട്ടിയുടെ സകല ആധിയും ആ വാക്കുകളിലുണ്ടായിരുന്നു.

Updated: August 14, 2026 — 11:08 pm

Leave a Reply

Your email address will not be published. Required fields are marked *