ലീവ് കഴിഞ്ഞുള്ള ആദ്യത്തെ ദിവസമായതുകൊണ്ട് വിചാരിച്ചതിലും കൂടുതൽ പെൻഡിങ് വർക്കുകൾ ഉണ്ടായിരുന്നു ഓഫീസിൽ. ലാപ്ടോപ്പിലെ ഫയലുകൾക്കിടയിൽ തലപുകഞ്ഞിരുന്ന് സമയം പോയത് ഞാൻ അറിഞ്ഞതേയില്ല. പെട്ടെന്ന് സിസ്റ്റത്തിലെ ക്ലോക്കിലേക്ക് നോക്കിയപ്പോഴാണ് സമയം രണ്ടര കഴിഞ്ഞെന്ന സത്യം ഞാൻ മനസ്സിലാക്കുന്നത്.
ഉച്ചയ്ക്ക് ചോറുണ്ണാൻ നേരം വിളിക്കാമെന്ന് അവൾക്ക് രാവിലെ വാക്ക് കൊടുത്തതാണ്. അവളാണെങ്കിൽ അവിടെ എന്റെ കോളും കാത്ത് ഫോണും പിടിച്ച് ഇരിപ്പുണ്ടാകും. ഞാൻ വേഗം സീറ്റിൽ നിന്നെഴുന്നേറ്റ് അവൾ പായ്ക്ക് ചെയ്തുതന്ന ആ ചോറ്റുപാത്രവും ഫോണുമെടുത്ത് ക്യാന്റീനിലേക്ക് നടന്നു.
ക്യാന്റീനിലെ കസേരയിലിരുന്ന് ചോറ്റുപാത്രം തുറക്കുന്നതിനൊപ്പം തന്നെ ഞാൻ അവളുടെ പുതിയ നമ്പറിലേക്ക് ഡയൽ ചെയ്തു. എന്റെ ചുണ്ടിൽ വലിയൊരു ചിരിയുണ്ടായിരുന്നു. ഫോൺ രണ്ടാമത്തെ റിങ് അടിച്ചതും കോൾ കണക്ട് ആയി! ഒരു നിമിഷം പോലും വൈകാതെയുള്ള അവളുടെ ആ ഫോണെടുക്കൽ കണ്ടപ്പോൾ എനിക്ക് വല്ലാതെ കൗതുകം തോന്നി.
”ഞാൻ വിളിക്കുന്നതും കാത്ത് ഫോണും നോക്കി ഇരിക്കുവായിരുന്നോ പെണ്ണേ നീ? രണ്ട് റിങ് അടിച്ചപ്പോഴേക്കും എടുത്തല്ലോ…”
ഞാൻ ചോറ്റുപാത്രത്തിൽ നിന്നും ഒരുരുള ചോറ് വായിലേക്ക് വെക്കുന്നതിനിടയിൽ കുസൃതിയോടെ ചോദിച്ചു.
”എന്താ ആദീ ഇത്രേം താമസിച്ചേ? ഇപ്പഴാണോ ചോറുണ്ണാൻ പോവണത്?”
അവളുടെ സ്വരത്തിൽ എന്റെ ചോദ്യത്തിനുള്ള നാണത്തേക്കാൾ കൂടുതൽ, ചോറുണ്ണാൻ വൈകിയതിലുള്ള ചെറിയൊരു ദേഷ്യവും പരിഭവവുമായിരുന്നു ഉണ്ടായിരുന്നത്.
”അത്… കുറച്ചു ദിവസം ലീവ് ആയിരുന്നില്ലേടി. അതിന്റെ കുറെ പെൻഡിങ് വർക്കുകൾ തീർക്കാൻ ഉണ്ടായിരുന്നു. അതിന്റെ ഇടയിൽ സമയം പോയത് അറിഞ്ഞില്ല. അതാ ലേറ്റ് ആയത്…”
ഞാൻ പതിയെ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചു.
”അതൊക്കെ ചോറുണ്ടിട്ട് നോക്കിയാൽ പോരേ ആദീ? പണിണ്ടെന്നും പറഞ്ഞ് ഇങ്ങനെ നേരം തെറ്റി ചോറുണ്ണാൻ പാടുണ്ടോ…”
ആ വാക്കുകളിൽ വല്ലാത്തൊരു അധികാരമുണ്ടായിരുന്നു. ഭർത്താവിന്റെ ആരോഗ്യത്തിൽ ആവലാതിപ്പെടുന്ന, ശാസിക്കാൻ അവകാശമുള്ള ഒരു ഭാര്യയുടെ പരിഭവം. ഇത്രയും കാലം ഞാൻ ഒരു
കൊച്ചു കുട്ടിയെപ്പോലെ കണ്ടിരുന്നവളല്ല. മറിച് എന്റെ കാര്യങ്ങൾ നോക്കാൻ അവകാശമുള്ള എന്റെ സ്വന്തം പാതിയിലേക്കുള്ള അവളുടെ മാറ്റം ആ ചെറിയ വാക്കുകളിൽ എനിക്ക് വ്യക്തമായി കാണാമായിരുന്നു.
അവളുടെ ആ സ്നേഹം നിറഞ്ഞ ശാസന കേട്ട് എന്റെ ഹൃദയം വല്ലാതെ നിറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
”ശരി എന്റെ പൊട്ടിപ്പെണ്ണേ… ഇനി ഞാൻ കറക്റ്റ് സമയത്ത് കഴിച്ചോളാം. എന്തായാലും ഞാൻ ഫോൺ വെക്കുവാ. നിന്നോട് സംസാരിച്ചിരുന്നാൽ ബാക്കി വർക്കൊന്നും എനിക്കിവിടെ ചെയ്യാൻ പറ്റില്ല. വൈകുന്നേരം വന്നിട്ട് കാണാം …”
”മ്മ്… വേഗം വരണം ട്ടോ…”
അവൾ പതുക്കെ മൂളിക്കൊണ്ട് ഫോൺ കട്ട് ചെയ്തു.
ഫോൺ ടേബിളിലേക്ക് വെക്കുമ്പോൾ, അവൾ കൊടുത്തുവിട്ട ആ ഭക്ഷണത്തിന് മധുരമുള്ളതായി എനിക്ക് തോന്നി. ദൂരങ്ങൾക്കപ്പുറത്തുനിന്നും എന്നെ പൊതിഞ്ഞുപിടിക്കുന്ന അവളുടെ ആ കരുതൽ, ബാക്കിയുള്ള വർക്കുകൾ തീർക്കാനുള്ള വലിയൊരു ഊർജ്ജമായി എന്റെ സിരകളിലേക്ക് പടരുകയായിരുന്നു. വലിയൊരു സമാധാനത്തോടെ ഞാൻ ആ ഭക്ഷണം കഴിച്ചുതീർത്തു…
പിന്നെ വീണ്ടും ലാപ്ടോപ്പിൽ മുഴുകി ഒരു വിധം പെന്റിങ് വർക്ക് ഒക്കെ തീർത്ത് വൈകുന്നേരം അഞ്ചരയോടെയാണ് ഓഫീസിൽ നിന്നും ഞാൻ ഇറങ്ങിയത്. നഗരം വല്ലാതെ തിരക്കമർന്നിരുന്നു അപ്പോൾ. ടെക്നോപാർക്കിലെയും യു.എസ്.ടിലെയും പടുകൂറ്റൻ ഗ്ലാസ് കെട്ടിടങ്ങളിൽ നിന്നും ജോലി കഴിഞ്ഞ് പുറത്തേക്കിറങ്ങുന്ന ആയിരക്കണക്കിന് ഐ.ടി ജീവനക്കാരുടെ വലിയൊരു ആൾക്കൂട്ടം. റോഡിലാകെ വാഹനങ്ങളുടെ വലിയ നിരയും ഹോണടി ശബ്ദങ്ങളും. കഴക്കൂട്ടം ബൈപ്പാസിലെയും ജംഗ്ഷനിലെയും ആ വലിയ ട്രാഫിക് ബ്ലോക്കിൽ കിടക്കുമ്പോഴൊക്കെ വല്ലാത്തൊരു ശ്വാസംമുട്ടലായിരുന്നു എനിക്ക്.
