എവിടെയെങ്കിലും ഒരു പോറലോ തട്ടലോ ഉണ്ടോ എന്ന് അറിയണമല്ലോ. രാവിലെ ഈ പൈനാപ്പിൾ റാണി വണ്ടി എടുത്തോണ്ട് പോയതല്ലേ!
എന്റെ ആ പരിശോധന കണ്ടതും അനു ഇടുപ്പിൽ കൈകുത്തി നിന്ന് ഒരു ചിരി ചിരിച്ചു.
ഇത്തവണ തമിഴ് മാറ്റി അവൾ പച്ച മലയാളത്തിൽ തന്നെ കാച്ചി.
”എന്താടാ അപ്പു ഇങ്ങനെ നോക്കുന്നത്? ഞാൻ നിന്റെ വണ്ടി എവിടെയും അടിച്ചിട്ടൊന്നും ഇല്ല. ഒരു പോറൽ പോലും വീണിട്ടില്ല, കണ്ടല്ലോ!”
അവളുടെ ആ ആത്മവിശ്വാസം കണ്ടപ്പോൾ എനിക്ക് കുറച്ച് ചമ്മൽ തോന്നി.
“എന്റെ പൊന്നോ, ഞാൻ ഒന്ന് ചുമ്മാ നോക്കിയതല്ലേ. എന്റെ വണ്ടിയല്ലേ, ഒരു പേടി…അത്രമാത്രം!!”
അവൾ പതുക്കെ എന്റെ അടുത്തേക്ക് വന്നു,
“എങ്കിൽ ഇപ്പൊ വിശ്വാസം ആയില്ലേ? എങ്കിൽ ആ കീ ഇങ്ങു താ അപ്പു. സേലം ഹൈവേയിലൂടെ ഞാൻ ഒന്ന് പറപ്പിക്കട്ടെ. എന്റെ ഡ്രൈവിംഗ് ഒന്ന് നീ കാണണം!”
ഞാൻ ഒന്ന് ആലോചിച്ചു. രാവിലെ അവൾ വണ്ടി ഓടിച്ചതാണല്ലോ. ആ ഒരു ധൈര്യത്തിൽ ഞാൻ കീ അവളുടെ കൈവെള്ളയിലേക്ക് ഇട്ടു കൊടുത്തു.
”ഇന്നാ… നിന്റെ ഡ്രൈവ് എങ്ങനെ ഉണ്ടെന്ന് ഞാനൊന്ന് കാണട്ടെ. പക്ഷേ ശ്രദ്ധിക്കണം, സേലം ഹൈവേയാണ്. വല്ല ലോറിയും വന്ന് മുട്ടിയാൽ പിന്നെ നിന്റെ പൈനാപ്പിളും ഉണ്ടാവില്ല, എന്റെ വണ്ടിയും ഉണ്ടാവില്ല!കേട്ടല്ലോ..!!”
അവൾ ആ കീ കൈയ്യിലിട്ട് ഒന്ന് കറക്കി.
“പേടിക്കണ്ട ഡിസൈനർ അളിയാ… നീ സീറ്റിൽ ഇരുന്നോ. നിന്റെ ഈ വണ്ടി ഒരു വിമാനം പോലെ ഞാൻ പറപ്പിക്കുന്നത് നോക്കിക്കോ!”
അവൾ ആ കൈയിൽ ഉണ്ടായിരുന്ന പൈനാപ്പിൾ ഉണ്ടായിരുന്ന കവർ പിൻ സീറ്റിൽ വെച്ചു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി.
ആ പെർഫ്യൂം മണവും അവളുടെ ആ തന്റേടവും കൂടി ആയപ്പോൾ എനിക്ക് വല്ലാത്തൊരു സുഖം തോന്നി.
ഹോട്ടലിന്റെ ഗേറ്റ് ലക്ഷ്യമാക്കി ഞാൻ പതുക്കെ നടന്നു.
അവൾ വണ്ടി എടുത്ത് ഗേറ്റിനടുത്തേക്ക് വരുമല്ലോ എന്ന് കരുതിയാണ് ഞാൻ മുന്നോട്ട് നീങ്ങിയത്.
ഗേറ്റിനടുത്തെത്തി ചുമ്മാ ഒന്ന് പുറകോട്ട് തിരിഞ്ഞു നോക്കിയ ഞാൻ അവിടെ തറഞ്ഞുനിന്നുപോയി.
എന്റെ വണ്ടിയുടെ തൊട്ടടുത്ത് തന്നെ ഇതാ കിടക്കുന്നു… ഒരു തട്ടുപൊളിപ്പൻ മഹീന്ദ്ര ഥാർ റോക്സ്!!
കറുത്ത നിറത്തിൽ, ആകാരവടിവോടെ, ഒരു കാട്ടുരാജാവിനെപ്പോലെ അത് അവിടെ ഗമയിൽ നിൽക്കുന്നു.
ആ കാഴ്ച കണ്ടതും എന്റെ ഉള്ളൊന്ന് കാളി.
സത്യം പറഞ്ഞാൽ, നേരത്തേ അത് ശ്രദ്ധിച്ചിരുന്നെങ്കിലും അതിന്റെ തീവ്രത ദൂരെ നിന്നു നോക്കുമ്പോഴാണ് ഉള്ളതെന്ന് എനിക്ക് തോന്നി…
ആ ഥാറിന്റെ കൂടെ നിർത്തിയിട്ടിരിക്കുന്നത് കണ്ടപ്പോൾ എന്റെ വണ്ടിക്ക് വല്ലാത്തൊരു പാവം ലുക്ക്!
അനു ഇന്നലെ പറഞ്ഞ ആ ‘ആണും പെണ്ണും കെട്ട’ ഡയലോഗ് എന്റെ കാതുകളിൽ വീണ്ടും മുഴങ്ങി.
ആ പരുക്കൻ വണ്ടിയുടെ അടുത്തു നിൽക്കുമ്പോൾ എന്റെ വണ്ടി ഒരു പാവം പട്ടുറുമാൽ പോലെ തോന്നിച്ചു.
ആദ്യമായി എന്റെ ഡിസൈനർ മനസ്സിൽ ഒരു ചിന്ത ഉദിച്ചു…
“ശേ! ഇവൾ പറഞ്ഞത് ശരിയാണല്ലോ. ഇതിനെ ഒന്ന് മാറ്റിപ്പിടിച്ചാലോ? ഒരു ഥാർ തന്നെ എടുത്താലോ?!!”
ഞാൻ ആ ഗേറ്റിനടുത്ത് നിന്ന് ആ ഥാർ റോക്സിനെ നോക്കി നെടുവീർപ്പിടുന്നത് കണ്ടപ്പോൾ, അനു വണ്ടിക്കുള്ളിൽ ഇരുന്നുകൊണ്ട് ഗ്ലാസ് താഴ്ത്തി.
ആ പഴയ ഉണ്ടക്കണ്ണുകൾ ഇത്തിരി കൂടി വിടർത്തി അവൾ എന്നെ നോക്കി വിളിച്ചു.
”എന്റെ പൊന്ന് ഡിസൈനർ അളിയാ… ഇങ്ങനെ വായയും പൊളിച്ചു നോക്കി നിൽക്കാതെ ഒന്ന് സൈഡ് പറഞ്ഞു തന്നേ!”
അവൾ ഡ്രൈവിംഗ് സീറ്റിലിരുന്ന് സ്റ്റിയറിംഗ് മുറുക്കി പിടിച്ചിട്ടുണ്ട്.
ആ ഥാർ റോക്സ് അല്പം തള്ളി നിൽക്കുന്നത് കൊണ്ട് വണ്ടി വെട്ടിച്ചെടുക്കാൻ അവൾക്ക് ചെറിയൊരു പേടി.
