ഞാൻ പറഞ്ഞു.
“ശരി… ശരി… ഡിസൈനർ അളിയൻ തന്നെ പറപ്പിക്കൂ. ഞാൻ എന്നാൽ ഇനി കാഴ്ചകൾ കണ്ടിരിക്കാം.”
അതും പറഞ്ഞു അനു വണ്ടി ഇടതുസൈഡ് ലേക്ക് ഒരൊറ്റ വെട്ടിക്കൽ…
“അനു.. ആ ഇണ്ടിക്കേറ്റർ ഓക്കെ യിട്ട് മിറർ നോക്കി എടു…… കക്ക്ക്ക്ക്!!!!!!”
വാക്കുകൾ പറഞ്ഞു തീരുന്നതിന് മുൻപേ എല്ലാം സംഭവിച്ചു കഴിഞ്ഞിരുന്നു.
അനു പെട്ടെന്ന് വണ്ടി ഇടതുവശത്തേക്ക് വെട്ടിക്കാൻ നോക്കിയതും, പിന്നിൽ നിന്നും ചീറിപ്പാഞ്ഞു വന്ന ആ വണ്ടി ഭയങ്കരമായ ഒരു ശബ്ദത്തോടെ ഞങ്ങളുടെ വശത്ത് ഉരസി പാഞ്ഞുപോയി.
’ടക്… ശടപടാ…!’
എന്റെ വണ്ടിയുടെ ഇടതുവശത്തെ സൈഡ് മിറർ തകർന്ന് റോഡിലേക്ക് തെറിച്ചു വീണു.
ആഘാതത്തിൽ വണ്ടി ഒന്ന് ഉലഞ്ഞു.
”അയ്യോ…!”
അനു ഞെട്ടിപ്പോയി. സ്റ്റിയറിംഗിൽ അവളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
മുന്നിൽ കയറിയ ആ വണ്ടി കുറച്ചകലെയായി സൈഡിൽ ബ്രേക്കിട്ട് നിർത്തി.
അനു വല്ലാതെ പതറിപ്പോയിരുന്നെങ്കിലും, എങ്ങനെയൊക്കെയോ വണ്ടി പതുക്കെ ആ വണ്ടിയുടെ കുറച്ചു മാറി പിന്നിലായി ഒതുക്കി നിർത്തി.
എന്റെ ചങ്ക് തകരുകയായിരുന്നു.
എന്റെ പ്രിയപ്പെട്ട വണ്ടിക്ക് ഒരു അവയവം നഷ്ടപ്പെട്ടിരിക്കുന്നു!
ഞാൻ ദേഷ്യത്തോടെ അനുവിനെ നോക്കി.
പക്ഷേ അവൾക്ക് അപ്പോഴും അവളുടെ ആ പഴയ സ്വഭാവം മാറിയിരുന്നില്ല. അവൾ ആ തകർന്ന മിററിലേക്ക് നോക്കി പതുക്കെ പിറുപിറുത്തു:
”ആണും പെണ്ണും കെട്ട വണ്ടിയുടെ ഇടത്തെ ചെവി പോയോ അപ്പൂ?!!”
”എടി… നിനക്ക് ഇപ്പോഴും തമാശയാണോ? ഒന്ന് ഇൻഡിക്കേറ്റർ ഇട്ടിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു!”
ഞാൻ അല്പം കടുപ്പത്തിൽ തന്നെ പറഞ്ഞു.
പക്ഷേ, ഞങ്ങളുടെ ഇടയിലെ ആ ചെറിയ വഴക്ക് അവിടെ തീരാനിരിക്കുകയായിരുന്നു. യഥാർത്ഥ സീൻ തുടങ്ങാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ.
മുന്നിൽ നിർത്തിയിട്ടിരുന്ന ആ വണ്ടിയിലേക്ക് ഞാൻ നോക്കി.
അത് ഒരു പഴയ 2006 മോഡൽ ചുവന്ന സ്കോർപ്പിയോ ആയിരുന്നു.
അതിന്റെ ബോഡിയിൽ ആകെ മുമ്പ് ഉണ്ടായ ഉരസലുകളും തട്ടലുകളും. ആ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഒരുത്തൻ പതുക്കെ പുറത്തിറങ്ങി.
മുടി തോളറ്റം നീട്ടി വളർത്തിയ, കണ്ണുകളിൽ ഒരുതരം കാഠിന്യമുള്ള ഒരു തടിച്ച ഭീകര രൂപം.
പിന്നാലെ വണ്ടിയുടെ മറ്റു വാതിലുകൾ തുറന്ന് വേറെ രണ്ടുപേർ കൂടി ഇറങ്ങി. മുഷിഞ്ഞ വേഷം, കഴുത്തിൽ വലിയ ചെയ്‌നുകൾ…
ഐവാ! സിനിമയിലെ വില്ലന്മാരെ വെല്ലുന്ന ലുക്ക്. അവർ മൂന്നുപേരും പതുക്കെ ഞങ്ങളുടെ വണ്ടി ലക്ഷ്യമാക്കി നടന്നു വരികയാണ്.
സേലം ഹൈവേയുടെ വിജനമായ ഒരിടത്ത്, ഒരു തകർന്ന വണ്ടിയും മൂന്ന് വില്ലന്മാരും… പിന്നെ ഞാനും ഈ പൈനാപ്പിൾ റാണിയും!
അനുവിന്റെ മുഖത്തെ ആ പഴയ ചിരി പതുക്കെ മാഞ്ഞു.
അവൾ എന്റെ കൈയ്യിൽ പതുക്കെ നഖം ആഴ്ത്തിപ്പിടിച്ചു.
“അപ്പൂ… അവർ ഇങ്ങോട്ടാണല്ലോ വരുന്നത്. പണി പാളുമോ?!!”
(പ്രിയരേ… ആദ്യഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിനു വളരെ നന്ദി.. തുടർന്നും അതേ സപ്പോർട്ട് ഉണ്ടാവുകയാണെങ്കിൽ തുടരും.)
