ആ ഷാൾ എന്റെ കൈകളിൽ മുറുകിക്കിടക്കുകയാണ്.
അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും എന്റെ വിരലുകൾ തരിക്കാൻ തുടങ്ങി.
ഈ അവസ്ഥയിൽ എങ്ങനെ ഉറങ്ങാനാണ്!
പൈനാപ്പിൾ റാണി അപ്പുറത്ത് കൂർക്കം വലി തുടങ്ങിയിട്ടുണ്ട്. എനിക്ക് ദേഷ്യവും ഒപ്പം വല്ലാത്തൊരു അവസ്ഥയും വന്നു.
ഞാൻ പതുക്കെ കാലുകൊണ്ട് അവളെ ഒന്ന് തട്ടി വിളിച്ചു.
”യെടി… അനു… ഒന്ന് എഴുന്നേറ്റേ…”
അവൾ ഉറക്കപ്പിച്ചിൽ കണ്ണൊന്നു തുറന്നു.
“എന്നാടാ… തൂങ്ങാമൽ എന്നെ ഏൻ കൂപ്പിടുറേ?!!”
ഞാൻ കൈകൾ രണ്ടും അവൾക്ക് നേരെ പൊക്കി കാണിച്ചു.
“എടി, എനിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നു. ഈ കൈ ഇങ്ങനെ കെട്ടിയിട്ടാൽ ഞാൻ എന്ത് ചെയ്യും? നീ വന്ന് പിടിച്ചുതരുമോ?!!”
അതുകേട്ടതും അവൾ ഒന്ന് പൊട്ടി ചിരിച്ചു.
ഉറക്കമെല്ലാം പമ്പകടന്നു. ബെഡിൽ എഴുന്നേറ്റിരുന്ന് അവൾ ആ ഉണ്ടക്കണ്ണുകൾ മിഴിച്ച് എന്നെ ഒന്ന് നോക്കി.
”അപ്പൂ… റൊമ്പ അധികമാ പേസാതേ! മൂത്രം വരുതാ? എന്നാൽ നീ ബെഡിൽ തന്നെ ഒഴിച്ചോ. രാവിലെ നിന്റെ ആ സെൽവി അക്കയെ കൂപ്പിട്ട് ക്ലീൻ ആക്കിപ്പിച്ചോ! ഹഹഹ!”
അവളുടെ ആ കുലുങ്ങിച്ചിരി കണ്ടപ്പോൾ എനിക്ക് എന്റെ ദേഷ്യം കൺട്രോൾ ചെയ്യാൻ പറ്റിയില്ല.
“എടി! നീ ഒരു പെണ്ണാണോ? നിന്റെ ഈ നാവിന്നു വരുന്നത് എന്തൊക്കെയാ? ഒന്ന് അഴിച്ചു തന്നാൽ നിനക്ക് എന്താ?!!”
അവൾ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിഞ്ഞു.
“നോ ചാൻസ് അപ്പൂ… നീ പാവം മാതിരി ഇപ്പടി പടുത്തിരു. കാലൈയില് അഴിച്ചു വിടലാം. ഗുഡ് നൈറ്റ്!”
ഞാൻ ആകെ നിസ്സഹായാവസ്ഥയിലായി.
കൈകൾ രണ്ടും നെഞ്ചോട് ചേർത്ത് വെച്ച് ഞാൻ ആ ബെഡിൽ മലർന്നു കിടന്നു.
എസിയിൽ നിന്ന് വരുന്ന തണുത്ത കാറ്റ് ആ ഷാളിന് മുകളിലൂടെ കടന്നുപോകുമ്പോൾ ഞാൻ ചിന്തിച്ചു…പതിനാറ് വർഷം മുൻപ് ഇവളുടെ പെൻസിൽ ഒടിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായിപ്പോയി!
അതിന്റെ പലിശയും കൂട്ടുപലിശയും ചേർത്ത് അവൾ ഇന്ന് സേലം ബൈപാസിൽ വെച്ച് എന്നോട് ഈടാക്കുകയാണ്.
പുറത്ത് ഉത്സവത്തിന്റെ ശബ്ദങ്ങൾ മെല്ലെ നിലച്ചു.
അവളുടെ ശാന്തമായ ശ്വാസഗതിയും കൊലുസ്സിന്റെ നേരിയ അനക്കവും കേട്ട് ഞാൻ അങ്ങനെ തന്നെ കിടന്നു.
ഒടുവിൽ വൈകി എപ്പോഴോ, ആ ഷാളിന്റെ കെട്ടിനുള്ളിലെ തരിപ്പും പേറി ഞാനും ഉറക്കത്തിന്റെ ഏതോ ലോകത്തേക്ക് ഊളിയിട്ടു.
പിറ്റേന്ന് രാവിലെ ഏഴുമണിയോടെ വെട്ടം മുഖത്തടിച്ചപ്പോഴാണ് ഞാൻ പതുക്കെ കണ്ണ് തുറന്നത്.
കൈകൾ ഇപ്പോഴും ആ ഷാളിന്റെ ‘ലോക്കിൽ’ തന്നെയാണ്. പക്ഷേ, കണ്ണ് തുറന്നതും ഞാൻ ഒന്ന് ഞെട്ടി!
ബെഡിന്റെ അപ്പുറം ശൂന്യം!
അനു അവിടെയില്ല.!!
ഷീറ്റൊക്കെ ചുരുണ്ടുകൂടി കിടക്കുന്നു. ഞാൻ പതുക്കെ തലയുയർത്തി നോക്കിയപ്പോൾ റൂമിന്റെ ഡോർ പാതി തുറന്നു കിടക്കുന്നു.
എന്റെ ഉള്ളിലൂടെ ഒരൊറ്റ മിന്നൽ പാഞ്ഞു! ഇവൾ ഇതെവിടെപ്പോയി?!!
”എന്റെ ദൈവമേ… ഞാൻ വല്ല ഹണി ട്രാപ്പിലും പെട്ടോ?!!”
ഞാൻ മനസ്സിൽ ആലോചിച്ചു.
ചേച്ചി വിശ്വസിച്ചു കൂടെ അയച്ച ആള് വലിയ ഉടായിപ്പാണോ?!!
ഞാൻ ആകെ അമ്പരന്നു ചുറ്റും നോക്കി. ഭാഗ്യം!
എന്റെ ബാഗ് അവിടെ തന്നെയുണ്ട്.
അനുവിന്റെ ബാഗും അവിടെ ഇരിക്കുന്നു.
അത് കണ്ടപ്പോഴാണ് കുറച്ചൊരു സമാധാനം വന്നത്. പക്ഷേ, ഏഴുമണി നേരത്ത് ഇവൾ എവിടെ പോകാനാണ്?!!
കയ്യിലാണെങ്കിൽ ആ ഷാളിന്റെ മുറുക്കം കാരണം ഫോൺ എടുക്കാൻ പോലും പറ്റുന്നില്ല.
പോരാത്തതിന് അവളുടെ നമ്പർ എന്റെ കയ്യിൽ ഇല്ലതാനും!!!
അപ്പോഴാണ് ആ വലിയ ദുരന്തം ഞാൻ ശ്രദ്ധിച്ചത്.
ബെഡ് സൈഡ് ടേബിളിൽ പേഴ്സിന്റെ കൂടെ വെച്ചിരുന്ന എന്റെ കാർ ചാവി കാണുന്നില്ല!!!
”തീർന്നു! എല്ലാം തീർന്നു!”
ഞാൻ തലയിൽ കൈ വെക്കാൻ നോക്കി, പക്ഷേ കെട്ടിയ കൈകൾ നെഞ്ചിൽ തന്നെ തങ്ങി നിന്നു.
അവൾ പറഞ്ഞ ആ ‘ആണും പെണ്ണും കെട്ട’ വണ്ടി എടുത്ത് അവൾ സ്ഥലം വിട്ടോ?!!
ഇനി ബാംഗ്ലൂർ വരെ അവൾ ഒറ്റയ്ക്ക് ഓടിച്ചു പോകുമോ?!!
ഞാൻ ആഞ്ഞു വലിഞ്ഞു.
ആ ഷാൾ എങ്ങനെയെങ്കിലും കടിച്ചു പറിക്കാനോ അഴിക്കാനോ നോക്കി.
പക്ഷേ അവൾ അത് മൂന്നു വരി മടക്കി അമ്മാതിരി ഉറപ്പിലാണ് കെട്ടിയിരിക്കുന്നത്.
