“ഇതെന്താ അപ്പൂ… ദീപാവലി ആണോ ഇവിടെ..?”
“എനിക്കറിയില്ല മോളെ..!!”
സേലം ബൈപാസിനടുത്ത് ഉള്ളിലോട്ടു കയറി നല്ല ഉയരത്തിൽ നിൽക്കുന്ന ഒരു കൊട്ടാരം പോലുള്ള ഹോട്ടലിന് മുന്നിൽ ഞാൻ വണ്ടി നിർത്തി.
‘ഹോട്ടൽ തങ്കമകൾ ഗോൾഡ് ‘. പുറത്ത് വർണ്ണാഭമായ ലൈറ്റുകളും, യൂണിഫോം ഇട്ട സെക്യൂരിറ്റിക്കാരും ഒക്കെയായി നല്ല ‘റോയൽ’ ഫീലുണ്ട്.
അനു കാറിൽ നിന്നിറങ്ങി ആ കെട്ടിടത്തിന്റെ ആഡംബരം നോക്കി നിന്നു.
”ഇത് കൊള്ളാം അപ്പൂ… നേരത്തെ കേറിയ കോഴിഹോട്ടലിനെക്കാൾ എന്തുകൊണ്ടും നല്ലത് ഇത് തന്നെ…”
ഞങ്ങൾ അകത്തേക്ക് കയറി.
റിസപ്ഷനിൽ നിൽക്കുന്ന പെൺകുട്ടി പട്ടുസാരിയൊക്കെ ഉടുത്ത് മുടിയിൽ മല്ലിപ്പൂവും വെച്ച് ഒരു തമിഴ് സിനിമയിലെ നായികയെപ്പോലെ ചിരിച്ചു.
”വണക്കം സർ, വണക്കം മാഡം! വെൽക്കം ടു തങ്കമകൾ…”
”റൂംസ് അവൈലബിൾ അല്ലെ..”
“യെസ്.. സർ…റൂംസ് ഇറുക്ക്.. ഡിന്നർ ഇറുക്ക്..”
അനു പെട്ടെന്ന് എന്റെ അടുത്തേക്ക് നീങ്ങി നിന്നിട്ട് പതിയെ ചോദിച്ചു,
“അപ്പൂ… രണ്ട് റൂമിനും കൂടി എത്രയാകും? എന്റെ കയ്യിൽ അത്രക്ക് കാശൊന്നുമില്ല കേട്ടോ.”
”നീ പേടിക്കണ്ടടി പൈനാപ്പിൾ റാണീ, നിന്റെ പഴയ പെൻസിൽ ഒടിച്ചതിന് പരിഹാരമായി ഈ ഒരു രാത്രിയിലെ വാടക ഞാൻ അങ്ങ് സഹിച്ചോളാം!”
ഞാൻ ഒന്ന് കണ്ണടിച്ചു.
“എന്നാൽ പിന്നെ ഫുഡ് കഴിച്ചിട്ട് റൂം എടുക്കാം…”
“ആഹ്.. എങ്കിൽ വാ..”
ഞങ്ങൾ ഉള്ളിലേക്ക് മാറിയുള്ള റെസ്റ്റോറന്റ് സ്പേസ് കണ്ട് അങ്ങോട്ടേക്ക് നീങ്ങി..
ഭക്ഷണം കഴിക്കാനായി റെസ്റ്റോറന്റിലേക്ക് കയറിയപ്പോൾ സംഗതി വേറെ ലെവൽ.
സ്വർണ്ണനിറത്തിലുള്ള കസേരകളും വെള്ളതുണി വിരിച്ച മേശകളും. വെയിറ്റർമാർ ഒക്കെ സൂട്ടും കോട്ടും ഇട്ടാണ് നടക്കുന്നത്.
സേലത്തെ ആ ‘തങ്കമകൾ ഗോൾഡ് ‘ റെസ്റ്റോറന്റിൽ ഞങ്ങൾ ഒഴിഞ്ഞ ടേബിളിൽ അഭിമുഖമായി ഇരുന്നു.ഇവടെയും നല്ല തിരക്ക് തന്നെ.. ചുറ്റുമുള്ളവർ നല്ല ‘തനി തമിഴിൽ’ സംസാരിക്കുന്നുണ്ട്.
അനു മെനു കാർഡ് തുറന്നു നോക്കി.
മെനു കാർഡിലെ വില കണ്ടപ്പോൾ അനുവിന്റെ കണ്ണുകൾ പണ്ടത്തെക്കാൾ വട്ടത്തിലായി.
“ഒരു മസാല ദോശയ്ക്ക് ഇത്രയും രൂപയോ?!
ഇതിൽ സ്വർണ്ണം വല്ലതും ഉരുക്കി ഒഴിച്ചിട്ടുണ്ടോ?”
ഞാൻ എന്റെ ഫോൺ എടുത്ത് മെസ്സേജ്സ് വന്നത് നോക്കുകയായിരുന്നു.. അപ്പോഴാണ് ചേച്ചി വീട്ടിന്നു പോരുന്നതിനു മുന്നേ എന്നെയും അനുവിനെയും ചേർത്തു നിർത്തിയ ഫോട്ടോ വാട്സാപ്പിൽ അയച്ചുതന്നത് ഞാൻ ശ്രദ്ധിച്ചത്..
.
അനു എന്റെ നേരെ മുന്നിലാണ് ഇരിക്കുന്നതെങ്കിലും ആ ഫോട്ടോ അവൾ കാണാതിരിക്കാൻ ഞാൻ മാക്സിമം ശ്രദ്ധിച്ചുകൊണ്ട് ആ ഫോട്ടോ നോക്കിയിരുന്നു..
‘ഐവാ…എന്താ ഐശ്വര്യം..’
അപ്പോഴാണ് വെയിറ്റർ അങ്ങോട്ട് വന്നത്. പട്ടു വേഷ്ടിയൊക്കെ ഉടുത്ത് മുടിയിൽ നിറയെ എണ്ണയൊക്കെ തേച്ച് മിനുക്കിയ ഒരു പാവം തോന്നിക്കുന്ന നാൽപതുകാരൻ അണ്ണൻ..
വെയിറ്റർ: “വണക്കം സാർ!വണക്കം മേഡം.. എന്ന വേണം സാർ? ടിഫിൻ മുടിഞ്ചു പോച്ച്… സാപ്പാട് മട്ടും താൻ ഇരിക്കുത്.”
അയാളുടെ വാക്ക് കേട്ട് ഞങ്ങൾ അവിടത്തെ സ്പെഷ്യൽ ‘സേലം ഗ്രാൻഡ് മീൽസ്’ ഓർഡർ ചെയ്തു.
കുറച്ചു നേരത്തിനു ശേഷം തമിഴ് സ്റ്റൈലിൽ വലിയ വട്ടത്തിലുള്ള പ്ലേറ്റിൽ നിറയെ ചെറിയ പാത്രങ്ങളുമായി ഭക്ഷണം എത്തി.
“സർ..റൈസ് ഇപ്പൊ വരുവേൻ..കൊഞ്ചം വെയിറ്റ് പന്നിടുങ്കോ…”
അതും പറഞ്ഞു അയാൾ ആ വലിയ പ്ലേറ്റും ഒപ്പം കുഞ്ഞി കോപ്പകളിലെ വിഭവങ്ങളും ഞങ്ങള്ക്ക് മുന്നിൽ വെച്ചു അകത്തേക്ക് വേഗത്തിൽ കടന്നുപോയി..
”അപ്പൂ… ഇതെന്താ ഇത്രയും പാത്രങ്ങൾ? ഇതൊക്കെ ഓരോന്ന് ടേസ്റ്റ് ചെയ്യുമ്പോഴേക്കും നാളെ ആവുമല്ലോ..!”
