“… എടാ നിനക്ക് അവരെ ഒന്ന് പറഞ്ഞ് മനസ്സിലാക്കിയാൽ പോരെ…” തേജസ് അവന്റെ അഭിപ്രായം പറഞ്ഞു.
“… ഞാൻ അവരോട് പറഞ്ഞതാടാ. എന്നെ കാണുമ്പോൾ ആള് വലിയ ഡീസന്റ് എന്റെ കണ്ണ് തെറ്റിയ അപ്പൊ പോരിന് ഇറങ്ങും. എനിക്ക് എപ്പോഴും വീട്ടിൽ തന്നെ നിൽക്കാൻ പറ്റോ…” ദേവൻ അവന്റെ സങ്കടം പറഞ്ഞു.
“… ഇവരോട് എത്ര പറഞ്ഞിട്ടും മനസ്സിലാവുന്നില്ല. അവർക്ക് ദേവു ആ വീട്ടിൽ നിന്നും പോണം. എനിക്ക് എന്റെ പെങ്ങളെ അങ്ങനെ പുറത്ത് ആക്കാൻ പറ്റോ. അവരോട് കൂടുതൽ സംസാരിക്കാൻ പോയാൽ അപ്പൊ അവരുടെ വീട് വിറ്റ് സഹായിച്ച കഥ തുടങ്ങും. എല്ലാം കൊണ്ട് എനിക്ക് പ്രാന്ത് പിടിക്കുന്നു…” ഏറെനേരം എന്റൊപ്പം ഇരുന്ന് അവന്റെ വിഷമങ്ങൾ ഓരോന്നായി ദേവൻ പങ്ക് വച്ചു. എന്നാൽ കഴിയും വിധം അവനെ അശ്വസിപ്പിച്ച് തിരികെ വീട്ടിലേക്ക് അയച്ചു.
ഇടക്ക് ദേവന്റെ വീട്ടിലേക്ക് ചെല്ലാറുള്ള തേജസും തൊട്ടതിനും പിടിച്ചതിനും കല്ലുമോളെ ശകാരം പറയുന്ന സരസ്വതിയമ്മയെ നേരിൽ കാണാൻ തുടങ്ങി. അങ്ങനെ ഇരിക്കയാണ് ഒരുദിവസം രാത്രി ദേവന്റെ കാൾ തേജസിനെ തേടി വരുന്നത്.
“… എടാ നീ ഇപ്പൊ ഫ്രീ ആണോ…” ചെറിയ ടെൻഷനോടെ ദേവൻ ചോദിച്ചു.
“… ആട നീ കാര്യം പറയ്…”
“… എടാ രാവിലെ ജോലിക്ക് പോയ ദേവു ഇതുവരെ ആയിട്ടും വീട്ടിലേക്ക് എത്തിയില്ല. സാധാരണ ഇത്ര വൈകുന്നതല്ല പോരാത്തതിന് ഫോൺ സ്വിച്ച് ഓഫും. നീ ഒന്ന് ആ ഷോപ്പിൽ പോയി തിരക്കാവോ. ഞാൻ ആണെങ്കിൽ വീട്ടിൽ ഇല്ല ബിസിനസ്സ് ആവിശ്യത്തിന് പുറത്ത് നിൽക്കാണ്…” പരിഭ്രമത്തോടെ ദേവൻ പറഞ്ഞു.
“…നീ പേടിക്കാതെ ഞാൻ ഒന്ന് തിരക്കട്ടെ…” ദേവനെ അശ്വസിപ്പിച്ച ശേഷം തേജസ് ബൈക്കുമായി ദേവു പണി ചെയ്യുന്ന ഷോപ്പിലേക്ക് നീങ്ങി.
ദേവുവിനെ അവിടെ അനേഷിച്ചതും ലാസ്റ്റ് ബസിൽ വീട്ടിലേക്ക് പോയി എന്ന് അറിയാൻ കഴിഞ്ഞു. ദേവനെ അത് അറിയിച്ച ശേഷം ദേവുവിനെ കാത്ത് അവൾ സ്ഥിരം ഇറങ്ങുന്ന ബസ് സ്റ്റോപ്പിലേക്ക് തേജസ് പാഞ്ഞു. അവിടെ അവൾക്കായി കാത്ത് നിന്നു. കുറച്ചു സമയം കഴിഞ്ഞതും ആ റൂട്ടിലെ അവസാന ബസ് തേജസ് നിൽക്കുന്ന സ്റ്റോപ്പിൽ വന്ന് നിന്നു. ചെറിയൊരു ചാറ്റൽ മഴ ഉള്ളതിനാൽ ബസിൽ നിന്നും ഇറങ്ങിയ ദേവു തേജസ് നിന്നിരുന്ന ബസ് സ്റ്റോപ്പിലേക്ക് കയറി നിന്നു.
“… ദേവു എന്താ നീ വൈകിയേ…” തേജസ് ദേവുവിനോട് തിരക്കി.
“…ജോലി കഴിഞ്ഞപ്പോ താമസിച്ചു…” സംസാരിക്കാൻ വലിയ താല്പര്യം ഇല്ലാതെ ദേവു മറുപടി പറഞ്ഞു.
“…ദേവു നിനക്ക് ഇപ്പോഴും എന്നോട് ദേഷ്യം ഉണ്ടോ…”
“…ദേഷ്യമോ എന്തിന്. എല്ലാരും സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടിയല്ലേ ജീവിക്കുന്നത് അവിടെ മറ്റുള്ളോരുടെ ജീവിതം അവർക്ക് ഒരു പ്രശ്നം അല്ല. അങ്ങനെ നോക്കുമ്പോൾ നിങ്ങളും അതല്ലേ ചെയ്തത് പിന്നെ എന്തിന് എനിക്ക് നിങ്ങളോട് ദേഷ്യം തോന്നണം…” നിർവികാരത്തോടെ ദേവു പറഞ്ഞു.
“…ദേവു പ്ലീസ് അന്ന് ഞാൻ ചെയ്തത് തെറ്റ് ആണ്. ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ അന്നേ നിന്നെ…” പറഞ്ഞു മുഴുവക്കാൻ കഴിയാതെ തേജസിന്റെ ശബ്ദം പതറി.
“…കഴിഞ്ഞതിനെ പറ്റി ചിന്തിക്കാനോ വിഷമിക്കാനോ എനിക്ക് താല്പര്യം ഇല്ല…”
“…ദേവു ഞാൻ നിന്നെ കല്യാണം കഴിച്ചോട്ടെ…”മുഖവര ഇല്ലാതെ തേജസ് ചോദിച്ചു.
“…കല്യാണം…ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും വെറുക്കുന്ന വാക്കാണ് അത്. അല്ല ഇപ്പൊ എന്താ അങ്ങനെ തോന്നാൻ എന്റെ കഥകൾ അറിഞ്ഞപ്പോ തോന്നിയ സഹതാപമോ അതോ പണ്ട് ചെയ്ത തെറ്റിന്റെ കുറ്റബോധമോ…” ദേവുവിന്റെ ഓരോ വാക്കും മൂർച്ച കൂടിയ കത്തിയായി തേജസിനെ കുത്തിമുറിവേൽപ്പിച്ചു.
“… രണ്ടും അല്ല. നിന്നോട് ഉള്ള ഇഷ്ട്ടം കൊണ്ട് ചോദിക്കുന്നത…”
“…പണ്ട് ഇതുപോലൊരു ബസ് സ്റ്റോപ്പിൽ വച്ച് ഞാൻ ഏറെ കൊതിയോടെ കേൾക്കാൻ ആഗ്രഹിച്ച വാക്കാണ് നിങ്ങൾ ഇപ്പൊ പറഞ്ഞത്. എന്നാൽ ഇനി ഒരു കുടുംബ ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ല…” അത്രമാത്രം പറഞ്ഞ് ബാഗിലെ കുട നിവർത്തി ആർത്ത് പെയ്യുന്ന മഴയിൽ ദേവു വീടിനെ ലക്ഷ്യമാക്കി നടന്നു.
