ഒരിക്കൽ പോലും നന്നാകുവാൻ ഇനിയൊരു അവസരം കിട്ടില്ലല്ലോ എന്നോർത്തപ്പോൾ ആദ്യമായി ഒന്നു വാവിട്ടു കാരയുവാൻ തല തല്ലി കാരയുവാൻ ദാസന് മോഹം തോന്നി.
ഈ ദൃശ്യങ്ങളൊക്കെ താടിക്ക് കൈ കൊടുത്തു നോക്കിയിരിക്കുക്കയായിരുന്ന യമദേവൻ ഒന്നും ഉരിയാടിയില്ല.
ചിത്ര ഗുപ്തൻ വീണ്ടും എന്തോ പറയാൻ തുണിഞ്ഞതും അവിടുള്ള വിളക്കുകളെല്ലാം കെട്ടു പോയി.
അവിടെ പ്രവർത്തിച്ചു കൊണ്ടിരുന്ന കംപ്യൂട്ടറുകളും ടാബും ഒക്കെ പൊടുന്നനെ വലിയ ശബ്ദത്തോടെ ഓഫ് ആയിപ്പോയി.
ഈ ഒച്ചപ്പാടൊക്കെ കേട്ട് ദാസൻ അല്പം ഭയത്തോടെ ചുറ്റും നോക്കി.
പല സ്ഥലത്തു നിന്നും ആളുകൾ വരുന്നു പോകുന്നു.
ആകെ ആ കാലപുരി സഭ മൊത്തം ആളുകൾ നിറഞ്ഞു ബഹളമയമായി.
യമദേവന്റെ മുഖത്തേക്ക് നോക്കിയതും അദ്ദേഹം അവനെ നോക്കി കള്ള
ചിരിയോടെ കണ്ണിറുക്കി.
അതിന്റെ അർത്ഥം എന്താണെന്ന് അവന് മനസിലായില്ല.
ആകപ്പാടെ കോലാഹളങ്ങളായതും യമദേവൻ കയ്യുയർത്തി.
പൊടുന്നനെ അവിടെ നിശബ്ദമായി.
ഗൗരവത്തോടെ യമദേവൻ ചോദിച്ചു.
“ചിത്രഗുപ്താ എന്തു സംഭവിച്ചു?”
‘ദേവാ ക്ഷമിച്ചാലും വീണ്ടും വൈറസിന്റെ അതിപ്രസരം..ഇവിടുത്തെ കമ്പ്യൂട്ടർ വ്യവസ്ഥിതി മൊത്തം തകരാറിലായി”
അത് കേട്ടതും കാലൻ ഒന്നിരുത്തി മൂളി.
കാലപുരിയിലെ പേരുകേട്ട ടെക്നീഷ്യൻമാർ അങ്ങോട്ടേക്ക് ഓടിയെത്തിയിരുന്നു.
“അതുവരെ ഈ ആത്മാവിനെ എന്ത് ചെയ്യണം?”
ദാസനെ ചൂണ്ടി കാണിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു.
“സഭയിലെ വിചാരണ കഴിയാതെ ഒരു ആത്മാവിനെയും ഇവിടെ പ്രവേശിപ്പിക്കാൻ സാധിക്കില്ല’
ചിത്ര ഗുപ്‌തൻ തീർത്തും പറഞ്ഞു.
“എങ്കിൽ ഈ ആത്മാവ് ഭൂമിയിലേക്ക് തന്നെ തിരിച്ചു പോയിക്കൊള്ളട്ടെ..അതുവരെ ഇയാൾക്ക് ഒരവധി കൂടി നൽകാം..അയാൾക്ക് പശ്ചാത്താപം ചെയ്യാനുള്ള ഒരവസരം”
“അങ്ങയുടെ ഹിതം പോലെ ദേവാ”
“ഉം ”
കാലൻ ഒന്നിരുത്തി മൂളി.
അതിനു ശേഷം സിംഹാസനത്തിൽ നിന്നും എണീറ്റു.
അവിടെ ചാരി വച്ചിരുന്ന ദണ്ഡ് കൈയിൽ പിടിച്ചുകൊണ്ട് കാലൻ ദാസന്റെ സമീപം നടന്നു വന്നു.
അവൻ സംഭ്രമത്തോടെ തൊഴു കയ്യോടെ അവരെ നോക്കി.
അവന്റെ അടുത്തെത്തിയതും കാലൻ കയ്യിലിരുന്ന ദണ്ഡ് അന്തരീക്ഷത്തിൽ വച്ച് ഒന്ന് ചുഴറ്റി.
അപ്പോൾ അതിന്റെ അറ്റത്തുള്ള വജ്രം ശോഭയുടെ തിളങ്ങി.
ആ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ദാസന്റെ കാഴ്ചയെ മറച്ചതും യമദേവൻ ആ വജ്രത്തിന്റെ കൂർത്ത ഭാഗം ദാസന്റെ നെഞ്ചിന് നടുവിലായി അമർത്തി കുത്തി.
കുത്തേറ്റതും അവന്റെ ആത്മാവ് ചുഴിയിൽ പെട്ട പോലെ വട്ടം കറങ്ങിക്കൊണ്ടിരുന്നു.
അതു പോലെ വട്ടം കറങ്ങിക്കൊണ്ട് ആരോ വലിച്ചെടുക്കുന്ന പോലെ അവൻ വന്ന വഴിയെ തിരിച്ചു പോന്നു.
അപ്പോഴും അവന്റെ കാതിൽ യമദേവന്റെ അശരീരി പതിയുന്നുണ്ടായിരുന്നു.
“മടങ്ങി പോ ദാസാ…നീ പശ്ചാത്തപിക്കൂ..ഇനി നിന്റെ കുടുംബത്തിന് വേണ്ടി ജീവിക്കൂ.. അതുപോലെ മറ്റുള്ളവർക്ക് വേണ്ടിയും.. നിന്റെ നിയോഗം പൂർത്തിയായിട്ടില്ല..അത് പൂർത്തിയാക്കൂ..നമ്മുടെ വിജയാശംസകൾ”
ആ വാക്കുകൾ കേട്ടതും വല്ലാത്തൊരു ഊർജം
അവന്റെ മനസിലേക്ക് വന്നു നിറഞ്ഞു.
അസ്ത്രം തൊടുത്തു വിട്ട പോലെ അവന്റെ ആത്മാവ് സഞ്ചരിച്ചു കൊണ്ടിരുന്നു.
തനിക്ക് ചുറ്റും ചുഴിയായതിനാൽ ദാസന് ഒന്നും കാണാൻ സാധിച്ചില്ല.
ആ ചുഴിയിൽ അവൻ പതിയെ അലിഞ്ഞു ചേർന്നുകൊണ്ടിരുന്നു.
പൊടുന്നനെ എന്തിലോ ഒന്ന് ശക്തമായി ഇടിച്ചതും ദാസന്റെ ബോധം നഷ്ടമായി.
അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു.
.
.
.
.
ആരോ കുലുക്കി വിളിക്കുന്നത് കേട്ടാണ് ദാസൻ കണ്ണു തുറന്നത്.
ശരീരമാകെ ഒരു തരം മരവിപ്പ് അവന് തോന്നി.
മുഖത്തേക്ക് ശക്തമായ പ്രകാശം അടിക്കുന്നതിനാൽ അവൻ കണ്ണു ചിമ്മി തുറന്നു.
തന്റെ ശിരസ്സ് മടിയിൽ വച്ച് പൊട്ടി കരയുന്ന ശ്രീജയെയാണ് അവൻ കണ്ടത്.
അവളുടെ കണ്ണിൽ നിന്നുമിറ്റ അശ്രുകണങ്ങൾ അവന്റെ നെഞ്ചിനെ പൊള്ളിച്ചു.
ആ പുകച്ചിൽ സഹിക്ക വയ്യാതെ ദാസൻ പയ്യെ കയ്യുയർത്തി ശ്രീജയുടെ കവിളിൽ തൊട്ടു.
ഒരു സ്പർശനം തിരിച്ചറിഞ്ഞതും വാവിട്ടു കരയുകയായിരുന്ന ശ്രീജ പതിയെ കണ്ണു തുറന്നു നോക്കി.
