യമദേവൻ ഫ്രം കാലപുരി 4അടിപൊളി  

കയറ്റം കയറി ഇറങ്ങി ചെന്നതും ഒരു വീടിനു മുന്നിലുള്ള ആൾക്കൂട്ടം കണ്ട് ദാസൻ ഒന്നു
അമ്പരന്നു.

“നീ അങ്ങോട്ടേക്ക് പൊക്കോ ഞാൻ വണ്ടി പാർക്ക് ചെയ്തിട്ട് വരാം”

കാലന്റെ പറച്ചിൽ കേട്ട് ദാസൻ പൊട്ടിച്ചിരിച്ചു.

പോത്തിനെയും കൊണ്ട് കാലൻ നല്ലൊരു സ്ഥലം നോക്കി നടന്നു.

അവൻ തലയാട്ടി ക്കൊണ്ട് നേരെ ആ വീട്ടിലേക്ക് വച്ചു പിടിച്ചു.

അവന്റെ

കണ്ണുകൾ അവിടെ ഓടി നടന്നു.

ആരുടെയൊക്കെയോ ആർത്ത നാദം അവിടെ നിന്നും ഉയരുന്നുണ്ടായിരുന്നു.

അതൊരു മരണ വീട് ആണെന്ന് അവന് തോന്നി.

ആകപ്പാടെ നിറഞ്ഞു നിൽക്കുന്ന ആൾക്കൂട്ടം.

എന്തോ ഒരു നിസ്സഹായാവസ്ഥ അവനെ ബാധിച്ചു.

ചുമലിൽ ഒരു കൈ പതിഞ്ഞപ്പോഴാണ് അവൻ തിരിഞ്ഞു നോക്കിയത്.

യമദേവനായിരുന്നു അത്.

അവന്റെ കൈയ്യും പിടിച്ചുകൊണ്ട് അദ്ദേഹം ആൾക്കൂട്ടത്തിനിടയിലൂടെ വീട്ടിനുള്ളിലേക്ക് കയറി ചെന്നു.

അവിടെ കണ്ട കാഴ്ച്ച.

ഒരു കുഞ്ഞു പാവക്കുട്ടിയെയും കെട്ടിപിടിച്ചുകൊണ്ട് ഒരു സ്ത്രീ അലമുറയിട്ട് കരയുകയായിരുന്നു.

“ഹെന്റെ നന്ദന മോളെ………….”

ഹൃദയഭേദകമായ ആ കാഴ്ച്ച കണ്ട് സഹിക്ക വയ്യാതെ അവൻ കണ്ണുകളടച്ചു.

പലരുടെയും കണ്ണുകളിൽ നിറഞ്ഞു നിന്നത് സഹതാപവും ദുഖവും മാത്രം.

എല്ലാവരുടെയും തേങ്ങൽ മാത്രമായിരുന്നു അവന്റെ കാതുകളിൽ മാറ്റൊലി കൊണ്ടത്.

അവിടെ ഒരു കുഞ്ഞുടുപ്പ് ഇട്ടുകൊണ്ട് നിന്നിരുന്ന പെണ്കുട്ടി ആ അമ്മയുടെ തോരാ കണ്ണുനീർ തുടക്കാൻ വൃഥാ ശ്രമിക്കുന്നുണ്ടായിരുന്നു.

പക്ഷെ അവൾക്ക് അതിന് കഴിയുന്നുണ്ടായിരുന്നില്ല.

അതു കണ്ടപ്പോഴേ ദാസന് ഒരു കാര്യം പിടികിട്ടി.

അത് ഒരു ആത്മാവ് ആണെന്ന്.

അവിടെ കൂടി നിന്നവർ കുശു കുശുക്കുന്നത് ദാസന്റെ കാതിൽ പതിഞ്ഞു.

“ഏതോ തന്തയില്ലാ കഴുവേറി ഇന്ന് രാവിലെ ആ കൊച്ചിനെ വേണ്ടത്തതൊക്കെ ചെയ്ത് ശ്വാസം മുട്ടിച്ചു കൊന്നതാ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇപ്പോഴാ വന്നേ.”

“എങ്ങനാ ഇത് സംഭവിച്ചേ?”

“സ്കൂളിൽ ഇന്ന് പിള്ളേരുടെ സമരം ആയോണ്ട് നേരത്തെ വിട്ടതാണ് പോലും. കണ്ടില്ലേ ആ കൊച്ചിന്റെ അവസ്ഥ.അതിന്റെ അമ്മ വരുമ്പോൾ കണ്ടത് ദേഹത്ത് ഒരൊറ്റ തുണിക്കണ്ടം പോലുമില്ലാതെ കിടക്കുന്ന  കൊച്ചിനെയായിരുന്നു.”

അത് കേട്ടതും ദാസന്റെ ദേഹമാകെ തളരുന്ന പോലെ തോന്നി.

അരികിൽ നിൽക്കുന്ന തങ്ങളെ കണ്ട് ആ പെണ്കുട്ടി ചിരിച്ചു.

അപ്പൊ ഇത് തന്നെയാവണം നന്ദന.

ദാസന്റെ മനസ് മന്ത്രിച്ചു.

അവൾ എണീറ്റ്‌ ഓടി വന്ന് യമദേവനെ ചേർത്തു പുണർന്നു

അദ്ദേഹം വാത്സല്യത്തോടെ അവളുടെ

കവിളിൽ തലോടിക്കൊണ്ടിരുന്നു.

ഒരച്ഛന് തന്റെ മകളോടുള്ള വാത്സല്യം എങ്ങനായിരിക്കണമെന്നതിന്റെ മകുടോദാഹരണമായിരുന്നു അത്.

ആ പ്രവൃത്തിയെ അവൻ സാകൂതം വീക്ഷിച്ചുകൊണ്ടിരുന്നു.

അതു കണ്ടുകൊണ്ടിരുന്നപ്പോൾ ഉള്ളിലെവിടെയോ ഒരു നീറ്റൽ പോലെ ദാസന് തോന്നി.

“എന്റെ മാളൂട്ടിയെ ഞാൻ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടോ?

ഒന്ന് കൊഞ്ചിച്ചിട്ടുണ്ടോ ?

ഉമ്മ വച്ചിട്ടുണ്ടോ ?

കെട്ടിപിടിച്ചിട്ടുണ്ടോ?

ഒരിക്കലും ഞാനതിനൊന്നും മുതിർന്നിട്ടില്ലായിരുന്നു.

തലയ്ക്ക് മത്തു പിടിപ്പിക്കുന്ന ആ ദ്രാവകത്തോടായിരുന്നു എന്റെ അടങ്ങാത്ത പ്രണയവും ആസക്തിയും.

അതിനിടക്ക് ഒരിക്കൽ പോലും എന്റെ പൊന്നു മോളെയോ ഭാര്യയെയോ സ്നേഹിക്കാൻ ശ്രമിച്ചിട്ടില്ല.

എന്നെ വിശ്വസിച്ചു കൂടപ്പിറപ്പുകളെ ഉപേക്ഷിച്ചു ഇറങ്ങി വന്നവൾക്ക് ഒരിക്കൽ പോലും നല്ലൊരു ജീവിതം പ്രധാനം ചെയ്യാൻ എനിക്ക് സാധിച്ചില്ല.

എന്നും ആ പാവത്തിനെ പട്ടിയെ പോലെ തല്ലും.

അവൾ ഒരു പരാതിയുമില്ലാതെ എല്ലാം സഹിച്ചും ക്ഷമിച്ചും ജീവിച്ചു.

എല്ലാം മനസിലാക്കാൻ എനിക്ക് ഒന്നു മരിക്കേണ്ടി വന്നു.

കുറ്റബോധംകൊണ്ട് ദാസന്റെ മനസ് നീറിക്കൊണ്ടിരുന്നു.

അത് സമ്മാനിക്കുന്ന വേദന അവന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

പൊടുന്നനെ വീണ്ടും ചുമലിൽ ഒരു കൈ പതിഞ്ഞു.

അത് മറ്റാരുമല്ലെന്നു അവനുറപ്പായിരുന്നു.

“ജീവിതം അങ്ങനൊക്കെയാണ് ദാസാ ചിലപ്പോ ഒന്നു മരിക്കേണ്ടി വരെ വരും..തിരിച്ചറിവുകൾ നേടാൻ”

Updated: September 1, 2026 — 8:56 pm

Leave a Reply

Your email address will not be published. Required fields are marked *