യമദേവൻ ഫ്രം കാലപുരി 4അടിപൊളി  

“ഏട്ടാ എന്താ പറ്റിയെ കണ്ണു തുറക്ക് ”

ശ്രീജയുടെ ശബ്ദം കേട്ടിട്ടും ദാസൻ അനങ്ങിയില്ല.

അത് കണ്ടതും ശ്രീജ അല്പം ഭയത്തോടെ അവനെ കുലുക്കി വിളിച്ചു.

എന്നിട്ടും അനക്കമില്ലാതെ കിടക്കുന്ന

അവന്റെ  മൂക്കിൻതുമ്പിൽ അവൾ വിരൽ ചേർത്തു.

ദാസൻ നിശ്വാസം ഉതിർക്കുന്നില്ല എന്ന് തിരിച്ചറിഞ്ഞതും ശ്രീജയുടെ തലയിലൂടെ മിന്നൽപിണർ പാഞ്ഞു.

ഭയംകൊണ്ടു വിറയ്ക്കുന്ന മേനിയുമായി അവൾ ശില പോലെയിരുന്നു.

ശരീരമാകെ കുഴഞ്ഞു പോകുന്ന പോലെ.

“ഏട്ടാ……………..”

ശ്രീജയുടെ അലർച്ച ഉച്ചസ്ഥായിൽ അവിടെ മുഴങ്ങി.

തേങ്ങിക്കൊണ്ട് അവൾ മുഖത്തടിച്ചുകൊണ്ടിരുന്നു.

നിറഞ്ഞു തുളുമ്പുന്ന കണ്ണുകൾ ചുറ്റുമുള്ള കാഴ്ചകളെ മറച്ചു വച്ചു.

തലക്കുള്ളിൽ ഒരു പെരുപ്പ് കേറുന്ന പോലെ ശ്രീജയ്ക്ക് തോന്നി.

ദാസനെ ചേർത്തു പിടിച്ച് അവൾ പൊട്ടികരഞ്ഞുകൊണ്ടിരുന്നു.

അവളുടെ കരച്ചിൽ കേട്ടാണ് ദാസൻ പയ്യെ കണ്ണു തുറന്നത്.

മുന്പിലിരുന്ന് തേങ്ങുന്ന ഭാര്യയെ കണ്ട് അയാൾക്ക് അരിശം തോന്നി.

പൊടുന്നനെ അയാൾ അവളുടെ കൈകൾ തട്ടിമാറ്റിക്കൊണ്ടു എണീറ്റു.

തിരിഞ്ഞു നോക്കിയതും ദേഷ്യം കൊണ്ട് ചുവന്നു തുടുത്ത മുഖത്ത് ഭയം നിഴലടിക്കുവാൻ തുടങ്ങി.

പൊടുന്നനെ ആ ഭയം ദാസനെ പൂർണമായി കീഴ്‌പ്പെടുത്തി.

തന്റെ ശരീരവും കെട്ടി പിടിച്ചു കരയുന്ന ഭാര്യയെ കണ്ട് അവൻ ഞെട്ടിത്തരിച്ചു.

മുൻപിൽ നടക്കുന്നത് കണ്ടു വിശ്വസിക്കാനാവാതെ അവൻ കണ്ണുകൾ തിരുമ്മി.

കൂടെ കൂടെ ചിമ്മി തുറന്നു.

ഒന്നും മനസ്സിലാവാതെ നിസ്സഹായതയോടെ അവൻ നിന്നു.

പൊടുന്നനെ കുനിഞ്ഞു നിന്ന് ശ്രീജയെ തൊടാൻ അവൻ ശ്രമിച്ചു.

അപ്പോഴാണ് താനൊരു ആത്മാവ് ആയി മാറിയെന്ന് ദാസൻ മനസിലാക്കുന്നത്.

വിശ്വാസം വരാതെ അവൻ സ്വന്തം ദേഹത്തിലേക്ക് ഉറ്റു നോക്കി.

ഇത്രയും വൃത്തികെട്ട രൂപമായിരുന്നു തനിക്കെന്ന് അപ്പോഴാണ് അവൻ തിരിച്ചറിഞ്ഞത്.

“ങ്റ്ഹാ…………………….”

പുറത്തു നിന്നുമുള്ള ഒച്ച കേട്ട് ദാസൻ വീടിനു വേളയിലേക്കിറങ്ങി നോക്കി.

അവിടെ നിൽക്കുന്ന ആളെ കണ്ട് അവൻ അമ്പരന്നു.

ദാസൻ കണ്ട ആള് സുന്ദരനായ ഒരു പുരുഷനായിരുന്നു.

ഏകദേശം 35 വയസ് പ്രായം.

നയന മനോഹരമായ ഉടയാടകളും ചേലകളും ഉടുത്തു കൊണ്ട് പുഞ്ചിരി പൊഴിക്കുന്ന ആളെ കണ്ട് ദാസൻ വരെ അറിയാതെ പുഞ്ചിരിച്ചു പോയി.

നാടകത്തിലെ വേഷ ഭൂഷാധികൾ പോലെ.

കണ്ണഞ്ചിപ്പിക്കുന്നതല്ലെങ്കിലും രാജകീയമായ പ്രൗഢി അതിനുണ്ട്

അയാളുടെ മുഖത്ത് വല്ലാത്തൊരു ശ്രീത്വവും ഐശ്വര്യവും തേജസ്സും വിളങ്ങി നിന്നു.

ഒറ്റ നോട്ടത്തിൽ ബാഹുബലിയിലെ പ്രഭാസിനെ പോലെയാണ് ദാസന് തോന്നിയത്.

“ആരാ എന്തു വേണം ?”

അവൻ കുശലത്തോടെ അയാളോട് ചോദിച്ചു തുടങ്ങി.

“നാം നിന്നെ കൊണ്ടുപോകാൻ വന്നതാണ് വത്സാ”

ആഗതൻ പുഞ്ചിരിയോടെ മൊഴിഞ്ഞു.

‘അയ്യോ ഞാൻ വത്സനല്ല ദാസനാണ് ”

അവൻ അയാളെ തിരുത്താൻ ശ്രമിച്ചു.

“നാം നിന്നെ അഭിസംബോധന ചെയ്തതാണ് പുത്രാ…നമ്മുടെ വന്ദനം താഴ്മയായി സ്വീകരിച്ചാലും”

“ഇയാൾക്ക് വല്ല വട്ടാണോ?”

ദാസൻ തന്റെ സംശയാദൃഷ്ടിയുടെ മുനയിൽ ആഗതനെ നിർത്തി.

“അതേയ് നിങ്ങളാരാന്ന് പറാ വെറുതെ മനുഷ്യനെ മെനക്കെടുത്താൻ ”

ദാസൻ മുഷിപ്പോടെ അയാളോട് പറഞ്ഞു.

എങ്ങനേലും അയാളെ പറഞ്ഞു വിടാൻ അവനു ധൃതിയായി.

“പുത്രാ നാം ദേവലോകത്ത് നിന്നും ആഗതനായിരിക്കുന്നു..നിന്നെയും കൊണ്ട് ഒരു മടക്കയാത്രക്ക് വന്നതാണ്… ഭൂമിയിലെ നിന്റെ വാസത്തിന് അറുതി വന്നിരിക്കുന്നു ..നിന്റെ ആയുസ്സ് പൂർത്തിയായിരിക്കുന്നു..നീ നമ്മുടെ കൂടെ മടങ്ങാൻ തയാറാകുക”

“നിങ്ങളെന്ത് പ്രാന്താ മനുഷ്യാ പറയുന്നേ ഞാൻ വരാനോ എങ്ങട്ട് ?ഒരിടത്തേക്കും ഞാൻ വരൂല”

കോപത്തോടെ അവൻ തിരിഞ്ഞു പോകാൻ തുടങ്ങി.

‘ദാസാ നീ മരണപ്പെട്ടു…നിന്റെ ദേഹം ജീവൻ വെടിഞ്ഞു..നീ ഇപ്പോൾ ഒരു ആത്മാവാണ്.. നിന്നെയും കൊണ്ടുപോകാൻ ദേവലോകത്തു നിന്നും വന്ന യമദേവനാണ് ഞാൻ.”

ആ പറഞ്ഞത് കേട്ട് വിശ്വാസം വരാതെ അവന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി വന്നു.

ആഗതനെയും നോക്കിയിരിക്കുന്ന സമയത്താണ് അപ്പുറത്ത് ഒരു ശബ്ദം കേട്ടത്.

Updated: September 1, 2026 — 8:56 pm

Leave a Reply

Your email address will not be published. Required fields are marked *