“ങ്റ്ഹാ…………………….”
നീട്ടിയുള്ള അമറൽ കേട്ട് ദാസൻ ചുറ്റും നോക്കി.
അപ്പോഴാണ് വീട്ടു വളപ്പിൽ തെങ്ങിനോട് ചേർത്ത് കെട്ടി വച്ച അസാമന്യ വലിപ്പമുള്ള കറുത്തുരുണ്ട പോത്തിനെ അവൻ ശ്രദ്ധിച്ചത്.
അത് കണ്ടതും നേരിയ ഭയം അവന്റെ മനസിനെ കീഴടക്കി.
.
.
.
.
എന്തു ചെയ്യണമെന്നറിയാതെ അവൻ ഉരുകി.
അകത്തേക്ക് ചെന്നാൽ
തന്റെ ശവവും കെട്ടിപിടിച്ചു കരയുന്ന ഭാര്യയെ കാണേണ്ടി വരും.
മുൻപോട്ട് പോകാമെന്ന് വച്ചാൽ ഇയാള് അപശകുനം പോലെ നിൽക്കുന്നു.
ഇത് ആരാണാവോ ?
ശരിക്കും കാലൻ തന്നാണോ?
ദാസന് ശങ്ക തോന്നി.
അവന്റെ മുഖ ഭാവത്തിൽ നിന്നും യമദേവൻ അത് മനസിലാക്കി.
“ദാസാ ഞാൻ യമദേവൻ തന്നാണ്.
അതിൽ യാതൊരുവിധ സംശയങ്ങളും വേണ്ട”
“അങ്ങനെ മനസിലാകുന്ന ഭാഷയിൽ പറാ.. അല്ലാതെ വത്സാ കുൽസ എന്നൊക്കെ പറഞ്ഞാൽ എനിക്കൊരു കോപ്പും മനസിലാവൂല.
ദാസൻ തല ചൊറിഞ്ഞുകൊണ്ടു പറഞ്ഞു.
“തീർച്ചയായും നിനക്ക് മനസിലാകുന്ന ഭാഷയിൽ ഞാൻ പറയുന്നതായിരിക്കും.”
യമദേവൻ പുഞ്ചിരിയോടെ പറഞ്ഞു.
അത് കേട്ടതും ദാസന് സന്തോഷമായി.
“ഉം ഉം ”
യമദേവന്റെ നീട്ടിയുള്ള മൂളലും ചിരിയും ദാസന് വല്ലാത്തൊരു പുതുമായായിരുന്നു.
കഥകളിൽ ഒക്കെ കണ്ടും കേട്ടും പരിചയമുള്ള സാക്ഷാൽ യമദേവൻ അഥവാ മരണദേവൻ തന്റെ കണ്മുന്നിൽ എത്തിയതിന്റെ ത്രില്ലിൽ ആയിരുന്നു ദാസൻ.
എങ്കിലും അവൻ കാലനെ ചുഴിഞ്ഞൊന്ന് നോക്കി.
നീളമുള്ള കോലൻ മുടി.
ഉരുണ്ട മുഖത്തിൽ തിളങ്ങുന്ന നീലക്കണ്ണുകൾ വിളങ്ങി നിൽക്കുന്നു.
പുഞ്ചിരിയോടൊപ്പം കവിളിൽ വിരിയുന്ന നുണക്കുഴി ആരെയും മനം മയക്കുന്നതായിരുന്നു.
മനോഹരമായ ചേലയും അല്പം ആഭരണങ്ങളും ദേവന്റെ സൗന്ദര്യം ഇരട്ടിയാക്കി.
അതോടൊപ്പം തെളിഞ്ഞു കാണുന്ന ഒത്ത ശരീരം അസാമാന്യ ശക്തി വിളിച്ചോതുന്നു.
ചേലയുടെ പുറത്തൂടെ തെളിഞ്ഞു കാണുന്ന സിക്സ് പാക്കിൽ അവന്റെ കണ്ണുകൾ ഉടക്കി.
“ദൈവങ്ങൾക്കൊക്കെ ജിമ്മൻ ബോഡിയോ?”
ദാസൻ മനസിൽ പറഞ്ഞത് അറിയാതെ വെളിവായി.
അത് കേട്ടതും യമദേവന്റെ അധരങ്ങളിൽ മന്ദസ്മിതം ചൂടി.
“അതൊക്കെ കായകൽപ്പത്തിലൂടെ സാധ്യമാവുന്നതാണ് ദാസാ..പിന്നെ ഞങ്ങൾ അമൃത് ഭക്ഷിച്ചവരാണല്ലോ”
യമദേവൻ അവനു മുന്നിൽ വിശദീകരണം നടത്തി.
“ഓഹ് മനസിലായി മറ്റേ തൈര് കടഞ്ഞപ്പോ അല്ലേ?”
“തൈര് കടഞ്ഞപ്പോ അല്ലടാ മണ്ടാ പാലാഴി കടഞ്ഞപ്പോൾ”
യമദേവൻ അവനെ തിരുത്തി.
“ഓഹ് ആഹ് എന്തേലും ആവട്ടെ…അല്ലാ എങ്ങനെ ഇത്ര കൃത്യമായി
മലയാളം ഭാഷ സംസാരിക്കുന്നു?”
ദാസൻ അത്ഭുതം കൂറി.
“അതിന് കാരണം എനിക്ക് ഈ ലോകത്തിലെ എല്ലാ ഭാഷകളും അറിയാം..പിന്നെ എന്റെ അസിസ്റ്റന്റ് ആയിട്ട് വർക്ക് ചെയ്യുന്നവർ മലയാളികളാ..അപ്പൊ അവരോട് സംസാരിച്ച് പഴകി നിങ്ങളുടെ ഭാഷ വശമായി ”
യമദേവൻ കള്ള ചിരിയോടെ മറുപടി പറഞ്ഞു.
“നിങ്ങൾ ആള് കൊള്ളാല്ലോ”
അതു കേട്ടതും യമദേവൻ കണ്ണിറുക്കി കാണിച്ചു.
അതുകണ്ടതും ദാസൻ ഭയങ്കര ചിരി.
നിർത്താതെയുള്ള അവന്റെ ചിരി കണ്ടിട്ട് ദേവൻ ഇടപെട്ടു.
“എന്താ ഇങ്ങനെ ചിരിക്കുന്നെ?”
“ഒന്നുമില്ല യമദേവാ ഞാൻ നിങ്ങളെ കുറിച്ചു ആലോചിച്ചു പോയതാ”
“എന്നെ കുറിച്ചോ ?”
പുരികം കൂർപ്പിച്ചു വച്ച് കാലൻ ചോദിച്ചു.
“അതെയതെ…യമദേവൻ എന്നൊക്കെ പറഞ്ഞപ്പോ നലോണം തടിച്ച് കുടവയറൊക്കെ ചാടിയ രൂപമായിരുന്നു മനസിൽ..പക്ഷെ ഇതൊരുമതിരി ഹിന്ദി സീരിയൽ നടന്മാരെ പോലെ മുടിഞ്ഞ ഗ്ലാമറാണല്ലോ ഒടുക്കത്തെ ബോഡിയും ”
ദാസന്റെ അഭിനന്ദനം യമദേവന് ഭേഷായി പിടിച്ചു.
അദ്ദേഹം പ്രൗഢിയോടെ മീശ പിരിച്ചു വച്ചുകൊണ്ട് അവനെ നോക്കി.
ആദ്യമായി ദൈവത്തെ കണ്ട എക്സൈറ്റ്മെന്റിൽ ആയിരുന്നു ദാസൻ.
അതുകൊണ്ടു തന്നെ എന്തൊക്കെ പറയണം എങ്ങനെ പറയണം എന്നൊക്കെ അവനെ സംബന്ധിച്ച് ചോദ്യ ചിഹ്നങ്ങളായി തുടർന്നു.
“അപ്പൊ എങ്ങനാ ദാസാ പോകുവല്ലേ?”
“ആം പോകാം ”
ദാസൻ തല കുലുക്കി സമ്മതിച്ചു.
“എങ്കിൽ പോയി വണ്ടിയിൽ കേറിക്കോ”
യമദേവൻ അവനോടായി പറഞ്ഞു.
“ഏത് വണ്ടി ?”
ദാസൻ അമ്പരപ്പോടെ റോഡിലേക്ക് നോക്കി.
പക്ഷെ അവിടെ ഒരു വാഹങ്ങളും അവൻ കണ്ടില്ല.
