“ആഹ്!!! അതാണ് ഒരു സമാധാനം. ഡാ നീ മുൻപ് ഇങ്ങനെ കന്യാകുമാരിയിൽ പോയിട്ടുണ്ടോ?”
“എങ്ങനെ പോയിട്ടുണ്ടോ എന്ന്?”
“ഇത് പോലെ വണ്ടി എടുത്ത്. നിനക്ക് ഒരു സംശയവും ഇല്ലാതെ എങ്ങനെ ഇത്രയും കൃത്യമായി വണ്ടി ഓടിക്കുന്നത് കണ്ടു ചോദിച്ചതാ? ”
ഞാൻ ചിരിച്ചു..
“എനിക്കൊക്കെ എവിടുന്നു വണ്ടികിട്ടാനാ ആര് തരാനാ .. ശാലു. പിന്നെ ഒരു സുഹൃത്തിന്റെ വണ്ടിയിൽ കുറച്ചു നാൾ കിളിയായി പോയിട്ടുണ്ട്. അപ്പോൾ ഈ ഭാഗത്തു കുറേ തവണ വന്നിട്ടുണ്ട്. എനിക്ക് എത്ര കണ്ടാലും മതിയാകാത്ത സ്ഥലം ആണ് കന്യാകുമാരി.. ”
ഞങ്ങൾ അങ്ങനെ സംസാരിച്ചു സംസാരിച്ചു കന്യാകുമാരിയിൽ എത്തി. അപ്പോഴേക്കും ഉദയം ആകുന്നതേ ഉള്ളൂ. അവിടുന്ന് ഉദയവും കണ്ട് അവിടെയുള്ള കൽമണ്ഡപത്തിൽ കയറി ഇരുന്നു.
“ഡാ ഇങ്ങനെ ഇരുന്നാലോ? എവിടേലും റൂം എടുത്ത് കുറച്ചു സമയം ഒന്ന് ഉറങ്ങാം… ” കുറച്ചു സമയം കഴിഞ്ഞു ചേച്ചി പറഞ്ഞു.
“അപ്പോൾ! ചേച്ചി വണ്ടിയിൽ ഇരുന്നു ഉറങ്ങിയില്ലേ? ” ശാലു ചോദിച്ചു.
“എങ്ങനെ ഉറങ്ങാനാ…. വണ്ടിയിൽ ഇരുന്നു കലപില സംസാരിച്ചുകൊണ്ടിരുന്നാൽ ? ” ചേച്ചി പറഞ്ഞു.
“ഹരി നീ പോയി റൂമിന്റെ കാര്യം നോക്ക് ഞങ്ങൾ ഇവിടെ ഇരിക്കാം . നീ കൂടെ ചെല്ലടാ ബാലു. ” അച്ചായൻ പറഞ്ഞു.
അങ്ങനെ ഞങ്ങൾ റൂം നോക്കി നടന്നു. ഒടുവിൽ ഒരു റൂം കിട്ടി. കുറച്ചു കഴിഞ്ഞു വേറെ റൂം തരാം എന്നു പറഞ്ഞു. കടൽ കാണുന്ന ഭാഗം തന്നെയാണ് കിട്ടിയത്. ഞങ്ങൾ അച്ചായനെ വിളിച്ചു പറഞ്ഞു. ഞങ്ങൾ റൂം ശരിക്കും പരിശോധിച്ചു പിന്നെ പണി ഒന്നും കിട്ടരുതല്ലോ. ഞങ്ങൾ ബേഗുകൾ എല്ലാം മുറിയിൽ കൊണ്ടുപോയി വെച്ചു.
അപ്പോഴേക്കും അവരെല്ലാം എത്തി. ഞാൻ വേഗം പോയി ഫ്രഷ് ആയി വന്നു.
“നമുക്ക് എന്തെങ്കിലും കഴിച്ചിട്ട് വിശ്രമിച്ചാൽ പോരെ? അപ്പോഴേക്കും ഒരു മുറി കൂടെ കിട്ടും. ” ഞാൻ ചോദിച്ചു.
“എത്ര റൂം പറഞ്ഞിട്ടുണ്ട് ? ” അച്ചായൻ ചോദിച്ചു
” രണ്ടു റൂം. അതുപോരെ? ഒന്നിൽ ചേച്ചിയും ശാലുവും പിള്ളാരും . മറ്റേ മുറിയിൽ നമ്മൾ മൂന്നാളും പോരെ? ” ഹരി ചോദിച്ചു.
“അത് മതി. നല്ല വലിയ മുറിയല്ലേ? ഇത് തന്നെ ധരാളം.. ആ!!! ഇവനെ കൂടെ കൂട്ടി. ഇവന് വല്ല മദ്യവും കൊടുത്താൽ ഉണ്ടല്ലോ ഹരി..!!”ചേച്ചി പറഞ്ഞു.
“അങ്ങനെ ഒന്നും ഇല്ല. പോരെ? നിങ്ങൾ എല്ലാവരും വേഗം ഫ്രഷ് ആവ്. ഞങ്ങൾ നല്ല ഹോട്ടൽ നോക്കട്ടെ.” ഹരി പറഞ്ഞു. എന്നേയും വിളിച്ചു പുറത്തേക്ക് പോയി.
നല്ല ഹോട്ടൽ നോക്കി കണ്ടുപിടിച്ചു. അച്ചായനെ വിളിച്ചു പറഞ്ഞു. എല്ലാവരും വന്നു ഫുഡ് കഴിച്ചു. പൂരിയും, വടയും, ചട്ണിയും, സാമ്പാറും.
തിരിച്ചു റൂമിൽ എത്തിയപ്പോഴേക്കും തൊട്ടടുത്തുള്ള മുറിക്കൂടെ കിട്ടി. മുറിയിൽ കയറിയ ഉടനെ ഞാൻ കിടന്നു ഉറങ്ങി. പിന്നെ കുറേ സമയത്തിന് ശേഷം ആണ് ഞാൻ എഴുന്നേറ്റത്..
ഞാൻ നോക്കുമ്പോൾ എന്റെ അടുത്ത് തന്നെ അന്ന മോളും നിത്യമോളും കിടന്നു ഉറങ്ങുന്നുണ്ട്. വേറെ ആരെയും കാണുന്നില്ല. ഞാൻ എഴുന്നേറ്റ് മുഖം കഴുകി വന്നു. അപ്പുറത്തെ റൂമിൽ പോയി മുട്ടി. ശാലു ആണ് വാതിൽ തുറന്നത്. കട്ടിലിൽ ഹരി കിടക്കുന്നുണ്ട്. തൊട്ടടുത്തു കുഞ്ഞൂസും.
“എന്താടാ…’ ശാലു ചോദിച്ചു.
“ചേച്ചിയും അച്ചായനും എവിടെ ?” ഞാൻ ചോദിച്ചു.
“ചേച്ചിക്ക് ഇവിടെ എവിടെയോ ഒരു പള്ളിയോ അമ്പലമോ ഉണ്ടെന്ന് പറഞ്ഞു അച്ചായനെ വിളിച്ചുകൊണ്ടു നേരത്തെ ഇറങ്ങിയതാ. ഇനി എന്താടാ പരിപാടി?. പിള്ളാരും എഴുന്നേറ്റോ?”
“വാ നമുക്കും ഇറങ്ങി നടക്കാം ഇവിടെ എല്ലാം ചുറ്റി നടന്നു കാണാം.. എന്നിട്ട് ഫുഡ് കഴിച്ച ശേഷം വിവേകാനന്ദ പാറയിലേക്ക് പോകാം. ”
“എന്നാ ഞാൻ ഹരിയെ വിളിക്കട്ടെ. നീ പോയി പിള്ളാരെ വിളിച്ചു എഴുനേൽപ്പിക്ക് ”
ഞാൻ വീണ്ടും റൂമിലേക്ക് പോയി അന്നമോളെയും നിത്യമോളെയും വിളിച്ചു എഴുനേൽപ്പിച്ചു. പിന്നെ എല്ലാവരും ഒന്നുകൂടെ ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി.
