ഞാൻ എഴുനേറ്റു കട്ടിലിൽ നിന്നും ഇറങ്ങി . ചേച്ചിയുടെ കൈ പിടിച്ചു വലിച്ചു. ചേച്ചിയെ തള്ളി റൂമിന് പുറത്താക്കി.
“എന്റെ ചേച്ചി പോയിട്ട് വേഗം റെഡിയായി അച്ചായനേയും കൂട്ടി പള്ളിയിൽ പോകാൻ നോക്ക്. അല്ലെങ്കിലേ കുർബാന കഴിയും. ‘” ഞാൻ പറഞ്ഞു.
“എടാ എന്നിട്ട് നീ ഒന്നും പറഞ്ഞില്ല. ഞങ്ങള് നോക്കട്ടെ?. നല്ല ദൈവഭയം ഉള്ള സുന്ദരികളായ പെൺകുട്ടികൾ വരാറുണ്ട് പള്ളിയിൽ. നമുക്ക് അതിൽ നിന്നും ഒന്നിനെ നോക്കാം. ” ചേച്ചി പറഞ്ഞു.
“എന്റെ ചേച്ചി! ഞാൻ ചേച്ചിയുടെ കൂടെ പള്ളിയിൽ വരുന്നെന്നെ ഉള്ളൂ. ഞാൻ ക്രസ്ത്യാനി ഒന്നും അല്ല. ”
“അതിന് എന്റെ അച്ചായനും ക്രസ്ത്യാനി ഒന്നും അല്ലല്ലോ? എന്നിട്ട് ഞങ്ങൾ കെട്ടിയില്ലേ?.” ചേച്ചി പറഞ്ഞു.
“വേണ്ട ചേച്ചി. വെറുതെ രാവിലെ തന്നെ ഫ്ലാഷ് ബാക് പറഞ്ഞു കരയാൻ നിൽക്കണ്ട” ഞാൻ പറഞ്ഞു.
ചേച്ചിയുടെ മുഖം ഒന്ന് മങ്ങി. എന്നിട്ട് വീണ്ടും പറഞ്ഞു.
“അന്ന് ഞങ്ങൾക്ക് ആരും കൂട്ടുണ്ടായില്ല. ഇന്ന് അങ്ങനെ അല്ല. മാത്രമല്ല.!! പള്ളിയിൽ വരുന്ന അധികപേർക്കും എന്റെ മോനെ അറിയാം. നിന്നെ വലിയ ഇഷ്ടവുമാണ്. പിന്നെന്താ!!?” ചേച്ചി ചോദിച്ചു.
“അത് ചേച്ചിക്ക് തോന്നുന്നത. ഞാൻ പള്ളിയിലൊക്കെ വരുന്നത് കൊണ്ടാണ്. എല്ലാവരും നന്നായി പെരുമാറുന്നതാ. ചേച്ചി കല്യാണ കാര്യം പറഞ്ഞു ചെന്ന് നോക്കിയേ അപ്പൊ കാണാം.” ഞാൻ പറഞ്ഞു.
“എന്നാലേ നമുക്ക് ഇന്ന് ഏതെങ്കിലും അമ്പലത്തിൽ പോകാം അവിടേയും വരില്ലേ നല്ല സുന്ദരികളായ പെൺ കുട്ടികൾ . നമുക്ക് അതിൽ നിന്നും നോക്കാം.” ചേച്ചി പറഞ്ഞു.
“നമ്മൾ ഇപ്പോൾ തല്ക്കാലം അമ്പലത്തിൽ നിന്നും നോക്കുന്നില്ല പള്ളിയിൽ നിന്നും നോക്കുന്നില്ല. അവരൊക്കെ അവിടെ വന്നു പ്രാർത്ഥിച്ചു പോയിക്കോട്ടെ . ” ഞാൻ പറഞ്ഞു.
“ആനി ” അപ്പോഴേക്കും അച്ചായൻ ചേച്ചിയെ വിളിച്ചു.
“ആ ചെല്ല് ദാ താഴെനിന്ന് കെട്യോൻ വിളിക്കുന്ന. പോയി കെട്യോന് ചായ കൊടുക്ക് ആനി കൊച്ചേ ” ഞാൻ പറഞ്ഞു.
“ഡാ നിന്നെ ഞാൻ. ” ചേച്ചി പറഞ്ഞു കൈകൊണ്ടു എന്നെ ചെറുതായി അടിച്ചിട്ട് ചിരിച്ചുകൊണ്ട് താഴേക്ക് പോയി.
ഞാൻ ചേച്ചി കൊണ്ട് വെച്ച ചായ കുടിച്ചു അവിടെ തന്നെ ഇരുന്നു. പിന്നെ കുളിച്ചു ഫ്രഷ് ആയി താഴേക്ക് ചെന്നു.
ഞങ്ങൾ ചായ കുടിക്കാൻ ഇരുന്നു.
” അച്ചായാ ! ഞാൻ ഇവനോട് പറഞ്ഞിട്ട് ഇവൻ സമ്മതിക്കുന്നില്ല. ” ചേച്ചി പറഞ്ഞു.
“എന്തിന് ” അച്ചായൻ ചോദിച്ചു.
“ഓഹ്!!! ഞാൻ ഇന്നലെ പറഞ്ഞില്ലേ ഇവന്റെ കല്യാണക്കാര്യം അതിന്.” ചേച്ചി പറഞ്ഞു.
“ഇവൻ സമ്മതിക്കുന്നില്ലെങ്കിൽ പിന്നെ ഞാൻ എന്ത് ചെയ്യാനാ? ” അച്ചായൻ ചോദിച്ചു.
“അയ്യോ!!! അച്ചായാ അങ്ങനെ അല്ല. ഞാൻ ഇന്നലെ പറഞ്ഞില്ലേ. പള്ളിയിൽ പോയി അച്ഛനോട് ഈ കാര്യത്തെ കുറച്ചു സംസാരിക്കാൻ. എന്നിട്ട് ഏതെങ്കിലും നല്ല കുട്ടിയെ കണ്ടാൽ നമുക്ക് ആലോചിക്കാലോ?” അന്നേരം ഇവൻ സമ്മതിക്കും ” ചേച്ചി പറഞ്ഞു.
“എടി ആരെകണ്ടു സംസാരിച്ചാലും. ഇവന് താല്പര്യം ഇല്ലെങ്കിൽ പിന്നെ എന്തിനാ. ‘ഞാനോ പെട്ടു ഇവനേയും കൂടെ പെടുത്തണോ? ”
അച്ചായൻ അവസാനം പറഞ്ഞത് ഒച്ച കുറച്ചായിരുന്നു. ചേച്ചി അത് കേട്ടു കടുപ്പിച്ചു അച്ചായനെ നോക്കി.
അച്ചായൻ എന്നോട് ചോദിച്ചു.
“എടാ… ഇവൾ പറയുന്ന കാര്യത്തിൽ എന്താ നിന്റെ നിലപാട്.? അതറിഞ്ഞിട്ട് വേണം എനിക്കും ആനിക്കും ബാക്കി കാര്യവുമായി മുന്നോട്ട് പോകാൻ”
“ഇല്ല. അച്ചായാ അങ്ങനെ ഒരു ആഗ്രഹമേ എനിക്ക് ഇല്ല. അച്ചായനും ചേച്ചിക്കും ഞാൻ ഒരു ബുദ്ധിമുട്ട് ആയെങ്കിൽ പറഞ്ഞാൽ മതി. ഞാൻ ഇവിടെനിന്നും പോയിക്കോളാം. വേറെ ഒന്നിനും എന്നോട് പറയരുത്.” ഞാൻ പറഞ്ഞു.
ചേച്ചി കരഞ്ഞു.
“അങ്ങനെ ഞങ്ങൾ പറഞ്ഞോടാ നിന്നോട്?. എന്റെ മോൻ ഒരു പെണ്ണൊക്കെ കെട്ടി സന്തോഷമായി കഴിയുന്നത് കാണാനാ ചേച്ചി പറഞ്ഞത്. അതിനെന്തിനാ നീ ഇങ്ങനെയൊക്കെ പറയുന്നത്. ” ചേച്ചി പറഞ്ഞു.
