“സോറി ചേച്ചി. സോറി. ഇനി ഞാൻ ഇങ്ങനെ ഒരിക്കലും പറയില്ല. അതുപോലെ ചേച്ചിയും എന്നോട് ഈ കല്യാണകാര്യത്തെ കുറച്ചു പറയരുത്.” ഞാൻ പറഞ്ഞു.
ചേച്ചി എന്റെ മുഖത്തു നോക്കി . എന്റെ മുഖത്തു ചെറിയൊരു ചിരിയുണ്ടോ?
പിന്നെ ആ കാര്യം പറയാതെ വേഗം എഴുന്നേറ്റു.
ഞാൻ പുറത്തേക്ക് ഇറങ്ങി. കൂടെ അച്ചായനും.
“ഡാ നീ എന്താ പറഞ്ഞത്. ?” അച്ചായൻ ചോദിച്ചു.
“എന്താ ? അച്ചായാ. ഞാൻ എന്ത് പറഞ്ഞെന്ന? ” ഞാൻ ചോദിച്ചു.
“ആഹ്!! നിനക്ക് ഒന്നും അറിയില്ല അല്ലെ? നിന്നോട് നീ ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ട് ആണെന്ന് എപ്പോഴെങ്കിലും പറഞ്ഞോ? അല്ലേൽ അതുപോലെ പെരുമാറിയോ?. എന്തിനാടാ ആ പാവത്തിനെ വെറുതെ കരയിക്കുന്നത്.. നിന്നെ എത്ര ഇഷ്ട്ടം ആണെന്ന് നിനക്കറിയാമോ? നിന്നെ സ്വന്തം മോനെ പോലെയാ അവൾക്ക്. ഞങ്ങൾക്ക് നഷ്ട്ടപെട്ട മോൻ. ” അച്ചായൻ പറഞ്ഞു.
“എനിക്കറിയാം അച്ചായാ.. എന്നോട് ഇതുവരെ ആരും ഇങ്ങനെ സ്നേഹം കാണിച്ചിട്ടില്ല. പക്ഷെ ഞാൻ അങ്ങനെ പറഞ്ഞില്ലെങ്കിൽ ചേച്ചി ഇന്ന് തന്നെ എന്റെ കല്യാണം നടത്തും. കുറച്ചു കാലം കൂടെ ഞാൻ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞോട്ടെ” ഞാൻ പറഞ്ഞു.
ഞാനും അച്ചായനും ചിരിച്ചു. അത് കേട്ട് ചേച്ചി പുറത്തേക്ക് വന്നു. ഞാൻ പോയി ചേച്ചിയുടെ കൈ പിടിച്ചു . എന്നിട്ട് പറഞ്ഞു.
“എനിക്കറിയാം ഞാൻ പറഞ്ഞത് ചേച്ചിക്ക് വലിയ വിഷമം ആയിക്കാണും എന്ന്. സോറി ചേച്ചി സോറി. ഞാൻ ഇനി ഒരിക്കലും ഒരിക്കലും അങ്ങനെ പറയില്ല.”
ഞാൻ ചേച്ചിയുടെ കൈ പിടിച്ചു എന്റെ കവിളിൽ അടിച്ചു.
ചേച്ചി പെട്ടന്ന് കൈ വലിച്ചു . എന്നിട്ട് എന്റെ കവിളിൽ തലോടി. എന്നിട്ട് ചോദിച്ചു.
“നീ എന്താ ഈ കാണിച്ചേ? വേദന ആയോ മോന്. ”
“ഇല്ല ചേച്ചി.. എനിക്ക് ഒരു വേദനയും ഇല്ല. ചേച്ചി ശരിക്കും എന്നെ അടിച്ചാലും. ഞാൻ ഇപ്പോൾ പറഞ്ഞത് കേട്ട് ചേച്ചിക്ക് എത്രമാത്രം വേദനിച്ചോ ? അതിന്റെ ഒരു ശതമാനം വേദന പോലും ആകില്ല”.
. ഞാൻ ചേച്ചിയുടെ കാലിൽ വീഴാൻ നോക്കി . ചേച്ചി എന്നെ തടഞ്ഞു. എന്നെ കെട്ടിപിടിച്ചു.
“അതേ മതി മതി ഈ മെലോ ഡ്രാമ . ഈ സെന്റി സീൻ ഒക്കെ നമുക്ക് ഒഴിവാക്കാം. ഓൺലി ഹാപ്പി മൂഡ്. നമുക്ക് ഒരു യാത്ര പോയാലോ?” അച്ചായൻ ചോദിച്ചു.
“എവിടെക്കാ അച്ചായാ?” ചേച്ചി ചോദിച്ചു.
“ഇവിടുന്ന് നേരെ പള്ളിയിലേക്ക്. അവിടുന്നു നേരെ മാർക്കറ്റിലേക്ക് എന്നിട്ട് നല്ല പോർക്കും വാങ്ങി വരാം. എന്താ? ” അച്ചായൻ പറഞ്ഞു.
“വല്ല്യ തമാശ. പോ അവിടുന്ന് . ഞാൻ മോളെ ഒരുക്കി വരാം അപ്പോഴേക്കും വണ്ടി തിരിച്ചിട്” ചേച്ചി പറഞ്ഞു.
“എടി തമാശ അല്ല… ഒരു നാലു ദിവസം എവിടെയെങ്കിലും പോയി അടിച്ചു പൊളിച്ചു വരാം. ഹരിയേയും പിള്ളേരേയും കൂട്ടാം . പിള്ളേരുടെ പരാതിയും തീരട്ടെ. എവിടെ വേണം എന്ന് നിങ്ങൾ തന്നെ തീരുമാനിച്ചോ. ” അച്ചായൻ പറഞ്ഞു.
“സത്യം!!! സത്യമാണോ അച്ചായാ ഈ പറയുന്നേ? എല്ലാം തീരുമാനിച്ചിട്ട് കൃത്യ സമയം മുങ്ങിക്കളയുമോ?” ചേച്ചി ചോദിച്ചു.
“ഇല്ലെടി സത്യം. . അടുത്ത മാസം നാല് ദിവസം കമ്പനി ലീവ് ഉണ്ട്. അന്ന് പോകാം. വാക്ക് ” അച്ചായൻ പറഞ്ഞു.
ചേച്ചി സന്തോഷത്തോടെ അകത്തേക്ക് പോയി.
“മമ്മ എനിക്ക് ഈ ഉടുപ്പ് വേണ്ട. എനിക്ക് അങ്കിൾ വാങ്ങിത്തന്ന ഈ ഉടുപ്പ് മതി” അന്ന മോൾ പറഞ്ഞു.
“എന്റെ മോള് ഏത് ഉടുപ്പ് വേണേലും ഉടുത്തോ.. മമ്മേടെ ചെല്ലം”
ചേച്ചി അന്നമോളെ പിടിച്ചു ഉമ്മ വെച്ചു.
“ഈ മമ്മക്ക് ഇന്നെന്താ പറ്റിയെ? വല്ല്യ സന്തോഷത്തിൽ ആണല്ലോ? അങ്കിൾ കല്യാണത്തിന് സമ്മതിച്ചോ?”
“ഇതേ!! അതൊന്നും അല്ല. നമ്മള് ടൂർ പോകുന്നു. പപ്പ പറഞ്ഞു. പോകാന്നു.”
“സത്യം ആണോ മമ്മ. ഇന്ന് നമ്മള് ടൂർ പോകുവാ? അങ്കിളും നിത്യേച്ചിയും കുഞ്ഞൂസും ശാലു ആന്റിയും. എല്ലാരും വരില്ലേ?”
“അച്ചോടാ!! എല്ലാവരും വരും. പക്ഷെ നമ്മൾ ഇന്ന് അല്ല പോകുന്നെ കുറച്ചു ദിവസം കഴിഞ്ഞു.”
