“ഹരി നമുക്ക് നേരെ കന്യാകുമാരി പിടിച്ചാൽ പുലർച്ചയോടെ അവിടെ എത്താൻ കഴിയില്ലേ?” അച്ചായൻ ചോദിച്ചു.
“അച്ചായൻ ഇങ്ങനെ ഡ്രൈവ് ചെയ്താൽ . തീർച്ചയായും നാളെ വൈകുന്നേരം നമ്മൾ അവിടെ എത്തും.. ” ഹരി പറഞ്ഞു. എല്ലാവരും ചിരിച്ചു.
“എന്നാ നീ വണ്ടിയെടുക്ക് ഞാൻ പിന്നിൽ ഇരുന്നോളാം. ” അച്ചായൻ പറഞ്ഞു.
“അച്ചായന് മരുന്ന് കഴിക്കാൻ സമയം ആയി എന്നാ തോന്നുന്നത് ” ശാലു പറഞ്ഞു.
“അത് മോളുടെ കെട്ടിയോന് .. ഞാൻ ഇന്ന് കഴിക്കുന്നില്ല. ബാലു നീ വണ്ടി എടുക്കില്ലേ? ” അച്ചായൻ ചോദിച്ചു.
“അതിനെന്താ അച്ചായാ ഞാൻ എടുത്തോളാം” ഞാൻ പറഞ്ഞു.
“എന്നാൽ ഒരു ചായ കുടിക്കാൻ നിർത്താം എന്നിട്ട് വണ്ടി നീ എടുത്തോ.” അച്ചായൻ പറഞ്ഞു.
“വേണ്ട സാർ വണ്ടി ഞാൻ എടുത്തോളം. ബാലു മുന്നിൽ ഇരുന്നാൽ മതി. ” ഹരി പറഞ്ഞു.
കുറച്ചു കഴിഞ്ഞു അച്ചായൻ വണ്ടി ഒരു ഹോട്ടലിന് മുന്നിൽ നിർത്തി. ഓരോ ചായയും ഓരോ ലഘു ഭക്ഷണവും കഴിച്ചു. ഉഴുന്ന് വട , ഉള്ളിവട, പരിപ്പുവട, സുഖിയൻ, പഴംപൊരി അങ്ങനെ എന്തൊക്കയോ ഉണ്ടായിരുന്നു. അതിൽ ചിലത് പൊതിഞ്ഞു വാങ്ങുകയും ചെയ്തു.
അച്ചായൻ പോയി പിറകിൽ കയറി. ഞാൻ മുന്നിലും . കുഞ്ഞൂസ് ചേച്ചിയുടെ കൂടെ ആണ് ഇരുന്നത്.
ഹരി വണ്ടി എടുത്തു. പിന്നെ ഇത്തിരി സ്പീഡിൽ പോയി.. ഇതിനിടയിൽ ശാലുവും ചേച്ചിയും എന്തൊക്കയോ സംസാരിച്ചു. എന്നോടും എന്തൊക്കയോ ചോദിച്ചു. ഏതാണ്ട് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ ചേച്ചി ചോദിച്ചു.
“അച്ചായാ ഭക്ഷണം കഴിക്കേണ്ടേ..? എല്ലാവർക്കും ഉള്ളത് ഞാൻ കൊണ്ടുവന്നിട്ടുണ്ട്.”
“എന്നാ ഹരി നല്ല സ്ഥലം നോക്കി വണ്ടി നിർത്തു . ഇനി ഫുഡ് കഴിച്ചിട്ട് പോകാം ”
“അച്ചായാ നേരെ കന്യാകുമാരിയിൽ പോണോ. ? വെറുതെ ഒറക്കം കളഞ്ഞു വണ്ടി ഓടിക്കണോ?. തിരുവനന്തപൂരം എത്തിയിട്ട് അവിടെ താമസിച്ചിട്ട് നാളെ പോയാൽ പോരെ.?” ചേച്ചി ചോദിച്ചു.
” അത് ശരിയാ അച്ചായാ അതാ നല്ലത്.” ഹരി പറഞ്ഞു.
“എന്നാ നീ എവിടെയെങ്കിലും ഒന്ന് നല്ല സ്ഥലം നോക്കി നിർത്ത് ഹരി . ഞാൻ അവനെ വിളിച്ചു നോക്കട്ടെ വീടിന്റെ കാര്യം.” അച്ചായൻ പറഞ്ഞു.
“എന്തിനാ അച്ചായാ വെറുതെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്നത്.. നമുക്ക് ഒരു ഹോട്ടലിൽ റൂം എടുത്താൽ പോരെ?” ചേച്ചി ചോദിച്ചു.
“പക്ഷെ ഇങ്ങനെ ഒരു വീട് ഉണ്ടാകുമ്പോൾ വെറുതെ എന്തിനാ… പണം അല്ലെടി പ്രശ്നം ഇതാകുമ്പോൾ നമുക്ക് സമാധാനം ആയി കിടന്നുറങ്ങാം. മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കേണ്ട ” അച്ചായൻ പറഞ്ഞു.
“അത് ശരിയാ സാറെ! അതാകുമ്പോൾ നമുക്ക് രണ്ടെണ്ണം അടിച്ചു കിടന്നുറങ്ങാം. ” ഹരി പറഞ്ഞു.
“എപ്പോഴും ഈ ചിന്ത മാത്രം മതി വേറൊന്നും വേണ്ട ഇങ്ങനെ ഒരു സാധനം. വണ്ടി എവിടെയേലും നിർത്ത് ” ശാലു പറഞ്ഞു.
“അതേ ഹരി ആദ്യം എന്തെങ്കിലും പമ്പിൽ നിർത്ത് എണ്ണയടിക്കാം. എന്നിട്ട് ബാക്കി നോക്കാം. ” അച്ചായൻ പറഞ്ഞു.
“എന്നാ ആ കാണുന്ന പാലത്തിനടുത്തുള്ള പമ്പിൽ നിർത്തിക്കോ. അതിനടുത്തു നല്ലൊരു പാർക്കുണ്ട് അവിടെ ഇരുന്നു ഭക്ഷണം കഴിക്കാം. അവിടെയാകുമ്പോൾ ടോയ്ലറ്റും ഉണ്ട്. അതാകുമ്പോൾ ഫ്രഷായിട്ട് പോകാം.” ഞാൻ പറഞ്ഞു.
ഹരി നേരെ പമ്പിൽ കൊണ്ടുപോയി വണ്ടി നിർത്തി. വണ്ടിയിൽ പെട്രോൾ അടിച്ച ശേഷം പാർക്കിനടുത്തു കൊണ്ടുപോയി വണ്ടി നിർത്തി. എല്ലാവരും പുറത്ത് ഇറങ്ങി ഫുഡും എടുത്തു പാർക്കിലേക്ക് നടന്നു. എന്നാൽ അച്ചായനും ഹരിയും വണ്ടിയിൽ ഇരുന്നു മദ്യം കഴിച്ച ശേഷം ആണ് അവിടേക്ക് വന്നത്.
പിന്നെ അവിടെ ഇരുന്നു ഭക്ഷണം കഴിച്ച ശേഷം. കുറച്ചു സമയം അവിടെ ഇരുന്നു. എല്ലാവരും ഒന്ന് ഫ്രഷ് ആയി.
“ബാലു നീ എടുത്താമതി കാർ. ഇതിനെ രണ്ടിനേയും എടുത്തു പിറകിൽ ഇടാം. ” ചേച്ചി പറഞ്ഞു.
അച്ചായനും ഹരിയും പിറകിൽ ഇരുന്നു. നടുവിൽ കുട്ടികളും ശാലുവും ഇരുന്നു. ചേച്ചിയാണ് മുന്നിൽ ഇരുന്നത്.. ഞങ്ങൾ സംസാരിച്ചുകൊണ്ടാണ് യാത്ര പോയത്. ശരിക്കും പറഞ്ഞാൽ ആ യാത്രയിൽ ആണ് ഞാനും ശാലുവും നല്ല കമ്പനി ആയത്. ഞങ്ങൾ അച്ചായൻ പറഞ്ഞ വീട്ടിൽ എത്തി കിടന്നുറങ്ങി . കുട്ടികളും ഞാനും ഒരു മുറിയിൽ ആണ് ഉറങ്ങിയത്.
