“ആണോ? എന്നാലേ ഞാൻ ഇപ്പോൾ അങ്കിളിന്റെ കൂടെ ബൈക്കിൽ പോയിക്കോട്ടെ പള്ളിയിൽ.?”
“അയ്യടാ!!!! അതു വേണ്ട. എന്നിട്ട് രണ്ടാൾക്കും കറങ്ങി നടക്കാൻ അല്ലേ. വെറുതെ ആ ചെക്കനെ രാവിലെ തന്നെ ഉപദ്രവിക്കേണ്ട.”
“ഇല്ല മമ്മ ഞങ്ങള് വേഗം വരും.. വേറെ എവിടേയും പോകില്ല. ”
“അയ്യടാ!!” ഒരു പാവം അങ്കിളും അതിനേക്കാൾ പാവം മോളും . ഉള്ള ഐസ്ക്രീമും ചോക്ലേറ്റും എല്ലാം വാങ്ങി തിന്നാൻ അല്ലെ. അങ്ങനെ ഇപ്പോൾ പോകണ്ട. പപ്പേടയും മമ്മേടയും കൂടെ വന്നാൽ മതി രണ്ടും. കേട്ടോ ”
“ഈ മമ്മയ്ക്ക് എന്താ? ഞാൻ പപ്പയോടു ചോദിച്ചോളാം.”
ചേച്ചി ചിരിച്ചു. എന്നിട്ട് പറഞ്ഞു.
” എടി അന്നകുട്ടി എന്നാ ഉടുപ്പ് മാറ്റിയേച്ചു പോ”
അന്നമോൾ വേഗം ഉടുപ്പ് മാറ്റി ആനി ചേച്ചിക്ക് ഒരു ഉമ്മയും കൊടുത്തു. പുറത്തേക്ക് ഓടി.
” എവിടെയാടി കുറുമ്പി നീ ഇങ്ങനെ ഓടുന്നത്.” അച്ചായൻ ചോദിച്ചു.
“പള്ളിയിൽ പോകാൻ” അന്ന മോള് പറഞ്ഞു
” എന്നാ വേഗം കാറിൽ കേറിക്കോ” അച്ചായൻ പറഞ്ഞു.
” കാറിൽ അല്ല ബൈക്കിൽ ആണ് പോകുന്നത്. ” അന്നമോൾ പറഞ്ഞു.
“ആണോ എന്നാ ഇന്ന് പപ്പയാണ് ബൈക്ക് എടുക്കുന്നത് . മമ്മയും അങ്കിളും ആണ് കാറിൽ വരുന്നത്. അപ്പൊ!!! അന്നമോൾ ഏതിലാ വരുന്നത് ” അച്ചായൻ ചോദിച്ചു.
അന്നമോളുടെ മുഖം വാടി.
“പപ്പ ബൈക്കിൽ വരണ്ട. പപ്പ കാറിൽ വന്നാൽ മതി. ഞാനും അങ്കിളും ബൈക്കിൽ വന്നോളാം.”
“എന്നാ എല്ലാർക്കും കാറിൽ പോകാം. എല്ലാവരും ഒരു സ്ഥലത്തേക്കല്ലേ പോകുന്നത്.”
“അല്ല. എനിക്കും അങ്കിളിനും പള്ളിയിൽ നിന്ന് കുഞ്ഞൂസിനെ കാണാൻ പോകണം. ”
“എന്റെ കുറുമ്പി . നിന്റെ കാര്യം അങ്കിളിന്റെ കൂടെ കറങ്ങാൻ അല്ലെ. പോയി വാ”
അന്നമോൾ ചിരിച്ചു.
ഞാൻ ബൈക്ക് എടുത്തു വന്നു. അന്നമോൾ വേഗം ബൈക്കിൽ കയറി.
” നിന്റെ ഹെൽമെറ്റ് എവിടെ? ”
അച്ചായൻ അന്നമോളോട് ചോദിച്ചു.
“മറന്നു പോയി. മമ്മാ എന്റെ ഹെൽമെറ്റ്.” അന്നമോൾ വിളിച്ചു പറഞ്ഞു.
ആനി ചേച്ചി അന്നമോളുടെ തലയിൽ ഹെൽമെറ്റും വെച്ച് അന്ന മോളുടെ മൂക്കിൽ പിടിച്ചു വലിച്ചു പറഞ്ഞു.
“എടി കുറുമ്പി . മമ്മ പറഞ്ഞത് ഓർമയുണ്ടല്ലോ ”
“ആ മമ്മാ..ഓർമ്മയുണ്ട് ഐസ്ക്രീം കഴിച്ചിട്ടേ ഞങ്ങൾ വരൂ. അങ്കിൾ വേഗം വണ്ടിയെടുക്ക്.”
ഞങ്ങൾ പള്ളിയിൽ എത്തി . കുറച്ചു കഴിഞ്ഞു അച്ചായനും ചേച്ചിയും വന്നു. കുർബാന കഴിഞ്ഞു ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ഞാൻ ഇപ്പോൾ അന്നമോളുടെ കൂടെ പള്ളിയിൽ പോയി ഇരിക്കും.
ഞാനും അന്നമോളും ചുമ്മാ ഒന്ന് കറങ്ങാൻ പോയി. കറങ്ങി ഐസ്ക്രീം കഴിച്ച ശേഷം വീട്ടിൽ എത്തി .
“ആഹാ!! എത്തിയോ ഇത്രയും സമയം എവിടെയാ കറങ്ങിയേ ” ചേച്ചി ചോദിച്ചു.
“ഞങ്ങൾ അങ്ങനെ കൂടുതൽ ഒന്നും കറങ്ങിയില്ല. കുറച്ചേ കറങ്ങിയുള്ളൂ.” അന്ന മോൾ പറഞ്ഞു.
“അയ്യടാ!!! കുറച്ചേ കറങ്ങിയുള്ളൂ… സമയം ഉച്ചയായി. വേഗം പോയി ഫ്രഷ് ആയി വാ രണ്ടും.” ചേച്ചി പറഞ്ഞു.
ഞാൻ മുകളിലേക്ക് പോയി വേഗം ഫ്രഷ് ആയി വന്നു. അപ്പോഴേക്കും ഹരിയും കുടുംബവും എത്തി. ഞങ്ങൾ എല്ലാവരും ഭക്ഷണം കഴിക്കാൻ ഇരുന്നു. ഭക്ഷണം കഴിച്ചു എല്ലാവരും ഹാളിൽ ഇരുന്നു.
” അടുത്ത മാസം ആദ്യ ആഴിച്ച നമുക്ക് എല്ലാവർക്കും കൂടെ ഒരു ടൂർ പോയാലോ ഹരി? ” അച്ചായൻ ചോദിച്ചു.
“എവിടെയാ സാർ ” ഹരി ചോദിച്ചു.
“അത് എല്ലാവരും കൂടെ ആലോചിച്ചു പറയട്ടെ ” അച്ചായൻ പറഞ്ഞു.
“അതിനെന്താ ഇത്രയും ആലോചിക്കാൻ ഉള്ളത്. നമുക്ക് ഊട്ടിയിൽ പോകാം . ” ശാലു പറഞ്ഞു.
“ഇത് ഹണി മൂൺ യാത്ര അല്ല. നമുക്ക് വേളാങ്കണ്ണിയിൽ പോകാം. ” ചേച്ചി പറഞ്ഞു.
“അത് വേണ്ട മൈസൂർ പോകാം.. ” നിത്യമോൾ പറഞ്ഞു.
“വേണ്ട . നമുക്ക് തിരുവനന്തപൂരം കോവളം കന്യാകുമാരി പോയാലോ?” ഞാൻ ചോദിച്ചു.
“വേണ്ട കാശ്മീരിൽ പോകാം. ” ശാലു പറഞ്ഞു.
