” അതിന് മോളുടെ ഉപ്പ സമ്മതിക്കുമോ? . മോളെ എന്റെ വേലക്കാരിയാക്കാൻ.. ”
അവളുടെ മുഖം ഒന്നുകൂടെ മങ്ങി.
” അതിന് ഞാൻ വേലക്കാരി അല്ലല്ലോ. ഞാൻ താമസിക്കുന്ന വീട്ടിലെ ജോലികൾ ചെയ്യേണ്ടത് എന്റെ കടമയല്ലേ. . എന്റെ വീട്ടിലും ഞാൻ അതുപോലെയാണല്ലോ കഴിഞ്ഞത്. സാറിന് സമ്മതമാണോ ഞാനിവിടെ നിൽക്കുന്നത് “?
ഞാൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു.
” എന്താ സമ്മതമല്ലാതിരിക്കാൻ. ഈ വീടും നോക്കും നല്ല ഭക്ഷണവും കിട്ടും. കൂടാതെ ഈ മൊഞ്ചത്തി കുട്ടിയെ കാണുകയും ചെയ്യാലോ. എനിക്ക് സമ്മതമാണ്. ഞാൻ മോളുടെ ഉപ്പയോട് സംസാരിച്ചു നോക്കട്ടെ.”
അവൾക്ക് നാണവും സന്തോഷവും ഉണ്ടായി. അവൾ ചിരിച്ചു.
“എന്നാ ശരി!! വേഗം പരിപാടി നോക്ക്. സമയം ഉച്ച ആകാറായി. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി. ഞാനിവിടെത്തന്നെ കാണും.”
ഞാൻ സോഫയിൽ പോയിരുന്നു. ടിവി ഓൺ ചെയ്തു. ഒരു സിനിമ വെച്ചു വെറുതെ അതിൽ നോക്കിയിരുന്നു.
കുറച്ചുകഴിഞ്ഞ് ഞാൻ ഇക്കയെ വിളിച്ചു.
” ഉച്ചയ്ക്ക് ഹോട്ടലിൽ പോകേണ്ട . ഇവിടുന്ന് കഴിക്കാം. ഇങ്ങ് പോര്.”
” അയ്യോ!! അത് വേണ്ട സർ. വെറുതെ സാറിന് ബുദ്ധിമുട്ട് ഉണ്ടാക്കാൻ.”
“എനിക്കെന്തു ബുദ്ധിമുട്ട്. ഇക്കയുടെ മോള് ആണ് എല്ലാം ഉണ്ടാക്കുന്നത്. പിന്നെ എനിക്ക് എന്ത് ബുദ്ധിമുട്ട്. ഇക്ക വന്നാൽ അവൾക്കും അത് സന്തോഷമാകും. സന്തോഷത്തോടെ അവളുടെ ഉപ്പ ഭക്ഷണം കഴിക്കുന്നത് അവൾക്ക് കാണാലോ? അവളുടെ ഉപ്പയുടെ കൂടെ ഇരുന്ന് അവൾക്ക് ഭക്ഷണം കഴിക്കാലോ?”
“ശരി സാർ. ഞാൻ വരാം. ”
ഉച്ചയ്ക്ക് ഇക്ക വന്നു. ഞങ്ങൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.
“എന്റെ ഇക്ക നിങ്ങൾക്ക് ഈ സെക്യുരിറ്റി ജോലി കളഞ്ഞു. ഒരു ഹോട്ടൽ തുടങ്ങു.. ഈ മോളുടെ മാന്ത്രിക കൈ മതി ആളുകൾ വരാൻ.. എന്താ രുചി കറികൾക്ക്..”
“എന്തിനാ സാറെ മോളെ വെറുതെ കളിയാക്കുന്നെ? ”
“കളിയാക്കാനോ ഞാനോ? നല്ല കാര്യായി. ഞാൻ കാര്യമായിട്ട് പറഞ്ഞതാ.”
“എന്നാ സാർ തന്നെ ഹോട്ടൽ തുടങ്ങു ഞാൻ വരാം. എന്ത് വേണമെങ്കിലും ഉണ്ടാക്കി തരാം. ശമ്പളം ഒന്നും തരേണ്ട. എനിക്ക് സമ്മതം ആണ്. ”
“അതിന് മോളുടെ ഉപ്പ സമ്മതിക്കണ്ടേ.? മോളുടെ ഉപ്പ മോളെ എനിക്ക് തന്നാൽ.. ഞാൻ റെഡി അപ്പോൾ ഞാൻ ഹോട്ടൽ തുടങ്ങും.”
“എന്നാ എന്റെ മോളെ സാറ് എടുത്തോ. അങ്ങനെ എങ്കിലും എന്റെ മോള് രക്ഷപെട്ടു കാണാലോ. ”
“അതിന് എന്തിനാ എന്റെ ഉപ്പ എന്നെ തരുന്നത്?”
“അല്ലാതെ പിന്നെ ഹോട്ടൽ തുടങ്ങി കുറച്ചു ദിവസം കഴിയുമ്പോൾ.. എനിക്കൊന്നും വയ്യ.. എനിക്ക് എന്റെ ഉപ്പയുടെ അടുത്ത് പോണം.. അനിയത്തിയെ കാണണം . ചെറിയുമ്മയെ കാണണം എന്നൊക്കെ പറഞ്ഞു പോയാൽ. എന്റെ കച്ചോടം പൂട്ടൂലേ. എനിക്ക് തന്നാൽ പിന്നെ എന്റെ അല്ലേ. അപ്പോൾ പിന്നെ എന്നും എന്റടുത്തു കാണൂലെ . അപ്പോ എന്റെ കട പൂട്ടൂല്ലാലോ. ”
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അത് കേട്ട് അവരും ചിരിച്ചു.
കുറച്ചു കഴിഞ്ഞു ഇക്ക തിരിച്ചു പോയി ഞാൻ സോഫയിൽ പോയി ഇരുന്നു.
അടുക്കള വൃത്തി ആക്കിയതിന് ശേഷം.
“അവൾ എന്റെ അടുത്ത് വന്നു . സാറിന്റെ എന്തെങ്കിലും നനച്ചിടാൻ ഉണ്ടോ ഞാൻ നനച്ചിടാം . ”
“ഉണ്ട്. പക്ഷെ എന്റെ എല്ലാം നനച്ചിടുന്നത് അവളാണ്.”
“ആര്”
“ദേ നോക്കിയേ അവൾ. അവൾ അവിടെ ഇരുന്നു ചിരിക്കുന്ന ”
ഞാൻ വാഷിംഗ് മെഷീൻ കാണിച്ചു കൊണ്ട് പറഞ്ഞു.
അവൾ ചിരിച്ചു.
“ഇനി ഞാൻ എന്താ ചെയ്യേണ്ടത് സാർ “?
” ആദ്യം സാർ എന്ന വിളി നിർത്തു.. എന്നിട്ട് ഏട്ടന്നോ.. ഇക്കാന്നോ വിളിച്ചോ.”
“അയ്യോ!! അത് വേണ്ട സാർ. എന്റെ ഉപ്പ സാറിനെ സാറെ എന്ന് വിളിക്കുമ്പോ ഞാൻ എങ്ങനെയാ ഇക്കാന്നോ ഏട്ടന്നോ വിളിക്കുന്നേ. ??”
“അത് ഇവിടുത്തെ റൂൾ അല്ലേ? അതല്ലേ ഇക്ക ഏട്ടനെ സാർ എന്ന് വിളിക്കുന്നേ. അതുപോലെ ആണോ മോള്.”
