“മിണ്ടാതെ മുഴുവൻ കഴിച്ചോണം. ഞാൻ പറഞ്ഞില്ലെന്നു വേണ്ട” ഞാൻ പറഞ്ഞു.
അവൾ കഴിക്കാൻ തുടങ്ങി. ഞാൻ സോഫയിൽ പോയി ഇരുന്നു അവളെ നോക്കി. പിന്നെ അവിടെ തന്നെ കിടന്നു. കുറച്ചു കഴിഞ്ഞു. ആരോ വിളിക്കുന്നത് പോലെ തോന്നി ഞാൻ കണ്ണ് തുറന്നു. അത് അവൾ ആയിരുന്നു. റിയാന
“സാർ… സാർ.. സാർ” അവൾ വിളിച്ചു.
“മ്…. എന്താ.. കഴിച്ചു കഴിഞ്ഞോ? ഞാൻ ചോദിച്ചു.
“കഴിഞ്ഞു… സാറ്.. കഴിച്ചായിരുന്നോ?” അവൾ ചോദിച്ചു.
“ഇപ്പോഴാണോ ചോദിക്കുന്നത്? സാരമില്ല.. എനിക്ക് ഒന്നും വേണ്ട.. മോള് അകത്തു പോയി കട്ടിലിൽ കിടന്നോ.. ഞാൻ ഇവിടെ കിടന്നോളാം ” ഞാൻ പറഞ്ഞു.
അവൾ കരഞ്ഞു.
“എന്തിനാ കരയുന്നെ.. മോളെ … നീ എന്തിനാ കരയുന്നത് ചോദിച്ചത് കേട്ടില്ലേ? ” ഞാൻ ചോദിച്ചു.
“ഞാൻ ഇന്നലെ മുതൽ ഒന്നും കഴിച്ചിട്ടില്ല.. എനിക്ക് ഒന്നും തന്നില്ല.. എനിക്ക് നല്ല വിശപ്പ് ഉണ്ടായിരുന്നു. അതാ ഞാൻ മുഴുവനും കഴിച്ചത്.” അവൾ പറഞ്ഞു.
ഞാൻ ചിരിച്ചു. എന്നിട്ട് ചോദിച്ചു.
“അതിന് ഇപ്പോൾ എന്തിനാ കരയുന്നത്.? ഇവിടെ ആരെങ്കിലും മോളെ വഴക്ക് പറഞ്ഞോ. അതിരിക്കട്ടെ!!!! ആരാ മോൾക് ഭക്ഷണം തരാഞ്ഞത്.? ”
“ചെറിയുമ്മ ” അവൾ പറഞ്ഞു.
“അത് എന്താ.?… അവർ എന്ത് കൊണ്ടാ മോൾക്ക് ഭക്ഷണം തരാത്തത് ?.”
“ഞാൻ കല്യാണത്തിന് സമ്മതിക്കാത്തത് കൊണ്ട്.. ”
“കല്യാണമോ!!!? ഞാൻ ചിരിച്ചു. എന്നിട്ട് ചോദിച്ചു. “അത് എന്താ കല്യാണത്തിന് സമ്മതിക്കാത്തത്”
“അയാളെ എനിക്ക് ഇഷ്ട്ടം അല്ല. എന്റെ കൂട്ടുകാരിയുടെ ഉപ്പാപ്പയെ. കെട്ടാൻ എനിക്ക് വയ്യ. അയാൾ വൃത്തി കെട്ടവനാ. എനിക്ക് അയാളെ വേണ്ട.” അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
“അതിന് മോൾക്ക് അതിനു മാത്രം പ്രായം ആയോ? മോൾക് എത്ര വയസായി. ” ഞാൻ ചോദിച്ചു.
“പതിനെട്ടു കഴിഞ്ഞു.” അവൾ പറഞ്ഞു.
“മോള് എത്രവരെ പഠിച്ചു? ”
“പത്തുവരെ ”
“പിന്നെ എന്തേ പഠിക്കാഞ്ഞത് . ”
“ചെറിയുമ്മ സമ്മതിച്ചില്ല.”
“അത് എന്താ? ”
“രണ്ടുപേരെ പഠിപ്പിക്കാൻ ഉപ്പക്ക് കഴിവില്ല എന്ന് പറഞ്ഞു. എന്നോട് പോകണ്ട എന്ന് പറഞ്ഞു.”
“അതാരാ രണ്ടാമത്തെ ആള്?”
“അത് ചെറിയുമ്മയുടെ മോളാ. എന്റെ അനിയത്തി. ”
“അപ്പൊ ഈ ചെറിയുമ്മയോ? ”
“ഉപ്പയുടെ രണ്ടാമത്തെ ഭാര്യ ”
“അപ്പൊ റിയാനയുടെ ഉമ്മയോ?”
അവൾ വീണ്ടും കരഞ്ഞു.
“എന്റെ ചെറുപ്പത്തിലേ മരിച്ചു പോയി.”
“ശരി ഇപ്പോൾ എന്താ ശരിക്കും സംഭവിച്ചത്”
റിയാന പറഞ്ഞു തുടങ്ങി.
“എന്റെ കുട്ടികാലത്തു ഉമ്മ മരിച്ചു പോയതിന് ശേഷം . ഉപ്പയോട് എല്ലാവരും വേറെ കല്യാണം കഴിക്കാൻ നിർബന്ധിച്ചു എന്നാൽ ഉപ്പ അതിനു കൂട്ടാക്കിയില്ല.. എന്നാൽ ഒരു പെൺകുട്ടിയാണ് വളരുന്നത്. അവൾ ഒരു ഉമ്മയുടെ സ്നേഹവും പരിചരണവും ആവശ്യം ആണ് എന്ന് പറഞ്ഞു . ഉപ്പയെ നിർബന്ധിച്ചാണ് ചെറിയുമ്മയെ കല്യാണം കഴിപ്പിച്ചത്.
ആദ്യമൊക്കെ ചെറിയുമ്മ എന്നോട് വളരെ സ്നേഹത്തോടെയാ പെരുമാറിയത്. ഞങ്ങൾ മൂന്നുപേരും ഒരുമിച്ചാണ് കിടന്നിരുന്നത്. ഒരു ദിവസം ചെറിയുമ്മ പറഞ്ഞു.
“ചെറിയുമ്മക്ക് പനി വരുന്ന പോലെ ഉണ്ട്. അതുകൊണ്ട് മോള് ഇന്ന് ചെറിയുമ്മയുടെ കൂടെ കിടക്കേണ്ട. മോൾക്കും പനിക്കും ”
“അപ്പോൾ ഉപ്പയോ” ഞാൻ ചോദിച്ചു.
“അതോ !! ഉപ്പ ചെറിയുമ്മയുടെ കൂടെ കിടക്കും. ചെറിയുമ്മക്ക് രാത്രിയിൽ എന്തെങ്കിലും ആവശ്യം വന്നാലോ? അത് കൊണ്ട് മോള് അടുത്ത മുറിയിൽ കിടന്നാൽ മതി. ” ചെറിയുമ്മ പറഞ്ഞു.
” അന്ന് രാത്രി എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. ഉപ്പയുടെയും ചെറിയുമ്മയുടെയും സംസാരവും ചിരിയും ആ രാത്രി മുഴുവൻ ഞാൻ കേട്ടു. ആദ്യമായി ഒറ്റയ്ക്ക് ഒരു മുറിയിൽ കിടന്നപ്പോൾ ഞാൻ പേടിച്ചു വിറച്ചുപോയി. അന്നുമുതൽ എന്റെ കിടപ്പ് എന്നും തനിച്ചായി.
എന്നെ കൊണ്ട് ചെറിയുമ്മ ഓരോ ചെറിയ ചെറിയ ജോലികൾ ചെയ്യിക്കാൻ തുടങ്ങി. സ്നേഹത്തോടെ എന്നപോലെ ആണ് എന്നോട് ഓരോന്നും പറയാറ്.
