അതും കഴിഞ്ഞു ഇന്നേക്ക് ഒരാഴ്ച ആയി.
“”സാർ…. സാർ.” ആരോ വിളിക്കുന്നത് പോലെ തോന്നി ഞാൻ കണ്ണ് തുറന്നു നോക്കി. അവൾ… റിയാന ആയിരുന്നു.
“എന്താ റിയ കുട്ടാ ഫുഡ് ആയോ ? ”
അപ്പോഴാണ് ആ മണം എനിക്ക് ശരിക്കും കിട്ടിയത്. അതോ നേരത്തെ കിട്ടിയോ? എന്തൊക്കയോ ഓർത്ത് കിടന്നത് കൊണ്ട് മനസ്സിൽ ആകാഞ്ഞതോ?
നല്ല നെയ്യ് മണം .. അതേ നെയ്‌ച്ചോർ മണം.. ശരിയാണ്. മുൻപ് എപ്പോഴോ ബിരിയാണി അരി വാങ്ങി വെച്ചിരുന്നു. ഉണ്ടാക്കാനുള്ള മടികാരണം അത് അവിടെ തന്നെ കിടന്നു. ബിരിയാണി അരിയും മസാലയും കൂടെ ഉണ്ടായിരുന്നു.
“ഇതെന്താ ഉണ്ടാക്കിയത് ബിരിയാണിയോ? ” ഞാൻ ചോദിച്ചു.
“അത് സാർ!! ഞാൻ അടുക്കളയിൽ നോക്കിയപ്പോൾ അവിടെ കുറച്ചു ബിരിയാണി അരി കണ്ടു. അതാ ഞാൻ വേഗം നെയ്‌ച്ചോർ ഉണ്ടാക്കിയത്. രാത്രി അല്ലേ സാറിന് ശരിക്കും വിശക്കുന്നുണ്ടാകില്ലേ? അതിനു ഇതാണ് നല്ലത് എന്ന് തോന്നി. ”
ഞാൻ എഴുനേറ്റു. കൈകഴുകി പോയി ഇരുന്നു. അവൾ എനിക്ക് നെയ്‌ച്ചോർ കൊണ്ടത്തന്നു. കൂടെ മുട്ട കൊണ്ടുള്ള ഒരു മസാല കറിയും. നേരത്തെ വാങ്ങിയ ബീഫ് കറിയിൽ ബാക്കി വന്നതിൽ എന്താല്ലാമോ ചേർത്ത് ഒരു ബീഫ് കറിയും.
ഞാൻ കുറച്ചെടുത്തു കഴിച്ചു നോക്കി. വൗ!! നല്ല രുചി. എപ്പോഴും ഹോട്ടൽ ഭക്ഷണം കഴിച്ചു രുചി പോയ എനിക്ക് തോന്നിയതാണോ അറിയില്ല..
ഞാൻ അവളേയും അടുത്ത് പിടിച്ചു ഇരുത്തി.
“ഉണ്ടാക്കി തന്നയാൾ കഴിക്കാതെ കഴിച്ചാൽ എന്നോടും പടച്ചോൻ കോപിക്കും. അത് കൊണ്ട് മോളും കുറച്ചെടുത്തു കഴിക്ക് “. ഞാൻ പറഞ്ഞു.
“അയ്യോ!!! എനിക്ക് വേണ്ട സാർ. സാർ കഴിച്ചാൽ മതി.” അവൾ പറഞ്ഞു.
“അപ്പോൾ എന്നോട് പടച്ചോൻ കോപിച്ചോട്ടെ എന്നാണോ?”
“അയ്യോ!! അങ്ങനെ അല്ല സാർ . എനിക്ക് ഇപ്പോൾ വിശക്കുന്നില്ല. ഞാൻ നേരത്തെ കഴിച്ചില്ലേ.? ”
“അത് സാരമില്ല! രണ്ടു ദിവസം ഒന്നും കഴിച്ചില്ല എന്നല്ലേ പറഞ്ഞത്. അപ്പോൾ കുറച്ചു കൂടെ കഴിക്കാം. ഇരിക്കാന പറഞ്ഞത്. ഇരുന്നു കഴിക്കാൻ. ” അതും പറഞ്ഞു ഞാൻ റിയാനയെ ഒന്ന് നോക്കി. പേടിച്ചിട്ടാണോ എന്നറിയില്ല അവൾ വേഗം കുറച്ചെടുത്തു കഴിച്ചു.
“നന്നായിട്ടുണ്ട് കേട്ടോ? ആരായാലും. ഈ മൊഞ്ചത്തിയെ കെട്ടുന്നവൻ ഭാഗ്യവനാ. നല്ലൊരു സുന്ദരി പെണ്ണിനേയും കിട്ടും കൂടെ നല്ല ഭക്ഷണവും കഴിക്കാം.. എന്നെ പോലെ ഹോട്ടലിൽ നിന്ന് കഴിക്കേണ്ടി വരില്ല.”
അവൾ ഒന്ന് ചിരിച്ചു. പിന്നെ നാണിച്ചു തല താഴ്ത്തി.
ഞാൻ ഭക്ഷണം കഴിച്ചു സോഫയിൽ പോയി കിടന്നു. കുറച്ചു കഴിഞ്ഞു അവൾ എന്റെ അടുത്തു വന്നു.
“ഞാൻ അവിടെപോയി കിടന്നോട്ടെ സാർ.? ”
അടുക്കളയിലേക്ക് കൈ ചൂണ്ടി എന്നോട് ചോദിച്ചു. ഞാൻ ചിരിച്ചു.
എന്നിട്ട് എഴുനേറ്റ് അവളുടെ കൈ പിടിച്ചു റൂമിൽ കയറി . അവൾ പേടിച്ചെങ്കിലും കൈ തട്ടി മാറ്റാൻ നോക്കിയില്ല.
റൂമിൽ എത്തിയ ഞാൻ അവിടെ കട്ടിലിൽ കിടന്ന പുതപ്പും തലയിണയും എടുത്തു. അതിന് മുൻപ് അവളേയും കൂട്ടി ബാത്‌റൂമിൽ കയറി.
“നിനക്ക് വേണമെങ്കിൽ കുളിക്കുകയോ മറ്റോ ചെയ്‌തോ.. ഇതിൽ ഇരിക്കാൻ അറിയാമോ?” യൂറോപ്യൻ ക്ലോസെറ്റ് കാണിച്ചു കൊണ്ട് ഞാൻ ചോദിച്ചു.
അവൾ “ഇല്ല! എന്ന് പറഞ്ഞു.
ഞാൻ അതെല്ലാം കാണിച്ചു കൊടുത്തിട്ട് അവളേയും കൂട്ടി വീണ്ടും റൂമിൽ വന്നു. ഷെൽഫിൽ നിന്ന് മറ്റൊരു പുതപ്പെടുത്തു . അവൾക്ക് കൊടുത്തിട്ട് പറഞ്ഞു ..
“ഈ കട്ടിലിൽ കയറി കിടന്നോ. കിടക്കുമ്പോൾ വാതിൽ അടച്ചു കുട്ടിയിട്ടോ .. എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ വിളിച്ചോളാം. ”
ഞാൻ അവിടെ വെച്ച പുതപ്പും തലയിണയും എടുത്തു പുറത്തേക്ക് ഇറങ്ങാൻ നോക്കി..
“അയ്യോ!! അതു വേണ്ട സാർ ഞാൻ അടുക്കളയിൽ അവിടെ എവിടെയെങ്കിലും കിടന്നോളാം. സാറ് ഇവിടെ കിടന്നു ഉറങ്ങിക്കോ. എനിക്ക് വിശന്നപ്പോൾ സാറ് സാറിന്റെ ഭക്ഷണം തന്നു. ഇപ്പോൾ കിടക്കാനുള്ള സ്ഥലവും. അത് വേണ്ട സാർ എന്നോട് ഇപ്പോൾ കാണിച്ചതിന് തന്നെ ഒരുപാട് നന്ദിയുണ്ട് . സാറിനെ ഇനിയും ബുദ്ധിമുട്ടിക്കുന്നത് പാപം ആണ്. ” അവൾ പറഞ്ഞു.
