അവസാനം ശക്തി സംഭരിച്ച് ഞാൻ തല പൊക്കി നോക്കിയപ്പോൾ ചേച്ചി തല താഴ്ത്തിയിരുന്ന് കഴിക്കുന്നതാണ് കണ്ടത്.
ഹം.. ഇവിടെ ഒരാള്‍ക്ക് എങ്കിലും വിശപ്പുണ്ടല്ലോ, അത് മതി.
എന്റെ വിശപ്പാണെങ്കിലോ, എവിടെയോ പോയി മറഞ്ഞിരുന്നു. മുന്നില്‍ വച്ചിരുന്ന ആഹാരത്തോട് വെറുപ്പ് തോന്നി. അത് വായിൽ വച്ചാൽ ഞാൻ ഛർദ്ദിക്കുമെന്ന അവസ്ഥയായിരുന്നു, അതുകൊണ്ട് എന്റെ പ്ലേറ്റിൽ നിന്ന് ഒരിറ്റ് ചോറിനെ പോലും എടുത്ത് കഴിക്കാൻ കഴിഞ്ഞില്ല.
തല ഉയർത്താതെ കഴിച്ച ശേഷം എഴുനേൽക്കാൻ തുടങ്ങിയപ്പോഴാണ് എന്റെ പ്ലേറ്റിൽ ഭക്ഷണം അതുപോലെ ഇരിക്കുന്നതിനെ ചേച്ചി കണ്ടത്.
അഞ്ചന ചേച്ചിയുടെ കണ്ണില്‍ കുറ്റബോധം നിറഞ്ഞു. എന്തോ പറയാൻ തുടങ്ങിയതും ഞാൻ വേഗം എഴുനേറ്റ് പോയി.
കൈയും കഴുകി ബില്ല് പേ ചെയ്തിട്ട് അവള്‍ വരുന്നത് വരെ കാത്തിരുന്നു.
അഞ്ചന ചേച്ചി വന്നതും ഞാൻ ഹോട്ടൽ വിട്ട് പുറത്തിറങ്ങി. എന്നിട്ട് ഞങ്ങളുടെ ഫ്ലാറ്റ് നോക്കി മിണ്ടാതെ നടന്നു.
ലിഫ്റ്റിൽ കേറി ഞങ്ങളുടെ ഫ്ലോറിൽ ഇറങ്ങിയതും എന്നെ വേദനിപ്പിച്ചു കൊണ്ട് ചേച്ചി അവളുടെ ഫ്ലാറ്റ് തുറന്നു അകത്ത് കേറി ഡോറടച്ചു.
എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു. അവസാനം ലിഫ്റ്റ് വഴി ഞാൻ താഴേക്ക് വന്നു. ശേഷം വണ്ടീയുമെടുത്ത് ഓഫീസ് ലക്ഷ്യമാക്കി വിട്ടു.
ഞാൻ വന്നത് കണ്ട് മറിയ ആശ്ചര്യത്തോടെ എന്റെ ഓഫീസ് റൂമിൽ കേറി വന്നു.
“സർ, മീറ്റിംഗ് നാളത്തേക്ക് മാറ്റി വയ്ക്കാൻ പറഞ്ഞിട്ട് പോയതല്ലേ? പിന്നെ —”
“ഇന്നത്തേക്ക് സ്കെജ്യൂലിന് മാറ്റമൊന്നുമില്ല, അതുകൊണ്ട് ദയവായി എല്ലാം റീ അറേഞ്ച് ചെയ്യൂ.”
“ശരി സർ.” ചിന്താകുഴപ്പത്തോടെ മറിയ പോയി.
അവൾ പറഞ്ഞത് പോലെ എനിക്ക് വട്ടാണെന്ന് അവളെ ബോധിപ്പിച്ചതായി ഞാൻ സംശയിച്ചു.
സാധാരണയായി എന്റെ ഓഫീസ് അഞ്ച് മണിക്കാണ് ക്ലോസ് ചെയ്യുന്നത്. പക്ഷേ മീറ്റിംഗിൽ പുതിയ പ്രോജക്റ്റ് ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ ചർച്ചയിൽ വന്നപ്പോൾ ലേറ്റ് ആയി. ഒടുവില്‍ 6 മണിയോടെ എല്ലാം കഴിഞ്ഞു.
പക്ഷേ എന്റെ ഫ്ലാറ്റിലേക്ക് പോകാൻ മനസ്സ് അനുവദിച്ചില്ല, അതുകൊണ്ട് എന്റെ ഓഫീസിൽ ഞാൻ പോയിരുന്നു.
എല്ലാവരും പോയ ശേഷം ഓഫീസ് ബോയാണ് സാധാരണയായി ഓഫീസ് പൂട്ടി അവസാനം പോകാറുള്ളത്. അതുപോലെ അവനാണ് രാവിലെ നേരത്തെ വന്ന് ഓഫീസ് തുറക്കുന്നതും. അതുകൊണ്ട് ഓഫീസ് കീ ഒരെണ്ണം അവന്റെ കൈയിലാണ്. പിന്നെ മറ്റൊരു കീ എന്റെ പക്കലും.
അവന്‍ ആദ്യം വരുന്നതും അവസാനം പോകുന്നതും കൊണ്ട്, ഓഫീസിന്‍റെ തൊട്ടടുത്തുള്ള ചെറിയ ബിൽഡിംഗിൽ സ്റ്റുഡിയോ റൂം അറേഞ്ച് ചെയ്ത് കൊടുത്തിരുന്നു.
“സർ, ഞാൻ വെയിറ്റ് ചെയ്യണോ?” ഞാൻ ഇപ്പോഴും ഓഫീസിൽ തന്നെ ഉള്ളത് കൊണ്ട് ഓഫീസ് ബോയ് വന്ന് ചോദിച്ചു.
ഞാൻ ക്ലോസ് ചെയ്തോളാം എന്ന് പറഞ്ഞു.
അങ്ങനെ സ്റ്റാഫ്സ് എല്ലാവരും ഓഫീസ് വിട്ടു പോയി. അവരെ എടുക്കുന്നതും കൊണ്ടു വിടുന്നത് എല്ലാം കമ്പനി വണ്ടി തന്നെയായിരുന്നു.
അവസാനം എല്ലാവരും പോയ ശേഷം മറിയ എന്റെ ഓഫീസ് റൂമിൽ വന്നു.
ഇവള്‍ പോയില്ലേ?
“മറിയ പൊയ്കോളു.”
“പക്ഷേ സർ, സർ ഒറ്റക്ക് —”
“ഒറ്റയ്ക്ക് ഇരിക്കണം, അതുതന്നെയാണ് എനിക്ക് വേണ്ടത്. മറിയ പൊയ്ക്കോളു.” അവളെ നോക്കാതെ ഞാൻ പറഞ്ഞു.
എന്റെ മോശം മൂഡ് മനസ്സിലായതും മറിയ എന്റെ അടുത്തേക്ക് വന്നു.
“സർ, എന്നെ വീട് വരെ ഡ്രോപ്പ് ചെയ്യാമോ? എനിക്ക് വേണ്ടി വെയിറ്റ് ചെയ്യണ്ട എന്ന് ഞാൻ പറഞ്ഞിരുന്നത് കൊണ്ട് വണ്ടി പോയി.”
അവളെ ടാക്സി പിടിച്ചു പോകാൻ പറയാനായി എന്റെ വായ് ഞാൻ തുറന്നു, പക്ഷേ പറഞ്ഞില്ല. അത് ശരിയാവില്ല. അവളെ ഇൻസൾറ്റ് ചെയ്ത പോലെയാകും.
പുഞ്ചിരിക്കാന്‍ ശ്രമിച്ചു കൊണ്ട് ഞാൻ എഴുന്നേറ്റു. ഓഫീസ് പൂട്ടി ഞങ്ങൾ ഇറങ്ങി. ഓഫീസിൽ നിന്നും 20 മിനിറ്റ് ഓട്ടമേയുള്ളു മറിയയുടെ വില്ലയിലേക്ക്. ആ വില്ലയിൽ 3 വീടുകൾ ഉണ്ട്. ഒന്നില്‍ മറിയ താമസിക്കുന്നു. മറ്റ് രണ്ട് വീടുകളിലും ഏതോ രണ്ട് ഫാമിലി താമസിക്കുന്നുണ്ട്.
