“എന്തിനാ, ചേച്ചിക്ക് എന്നെ ഉപദ്രവിക്കാനാണോ?” ഭയം അഭിനയിച്ച് ഞാൻ ചോദിച്ചു.
“പോടാ, അങ്ങനെ ഒന്നും ഞാൻ ചെയ്യില്ല.” അല്‍പ്പം ജാള്യതയോടെ ചേച്ചി പറഞ്ഞു. “ഇതുവരെ ആരെയും ഞാൻ ഇങ്ങനെ ചെയ്തിട്ടില്ല, വിക്രം പക്ഷേ നിന്നോട് എനിക്ക് എന്തോ ഒരുപാട് — എന്താ പറയുക? ഒരുപാട്……!”
“പ്രണയം.” വാക്കുകൾ കിട്ടാതെ തപ്പുന്ന ചേച്ചിക്ക് വേണ്ടി ഞാൻ പൂരിപ്പിച്ചു.
ഉടനെ ചേച്ചി എന്നെ ദയനീയമായി നോക്കി. “ദേ വിക്രം, നിന്നെ ഞാൻ കൊല്ലും കേട്ടോ!” ഞാൻ നന്നാവില്ല എന്നപോലെ ചേച്ചി തലയാട്ടി. “നിന്നോട് ഒരുപാട് സ്വാതന്ത്ര്യം, ഫ്രണ്ട്ഷിപ്പ്, നിന്നോട് ഫ്രീയായി സംസാരിക്കാനും പെരുമാറാനും കഴിയുന്നു – എന്നൊക്കെയാ ഞാൻ പറയാൻ ഉദ്ദേശിച്ചത്.” അത്രയും പറഞ്ഞിട്ട് വാശി പിടിക്കും കുഞ്ഞുങ്ങളെ പോലെ ചേച്ചി ചുണ്ട് കുർപ്പിച്ചു.
ചുണ്ട് കൂർപ്പിച്ചതും, ഒരു നിഷ്കളങ്ക ഭാവം ചേച്ചിയുടെ ആ മുഖത്തെ ആവരണം ചെയ്തു. കണ്ണുകളില്‍, ലോകമാകെ സ്വതന്ത്രമായി പറന്നു നടക്കുന്ന ഭാവവും, പിന്നെ എന്നോടുള്ള വിശ്വാസവും ആ കണ്ണുകളില്‍ നിറഞ്ഞു നിന്നു. ചുണ്ടിലൊരു മന്ദഹാസവും.
ഇതൊക്കെ കണ്ടതും, ചേച്ചിയെ മറക്കാൻ ശ്രമിക്കാം എന്ന് ഞാനെടുത്ത എന്റെ തീരുമാനത്തെ തകർത്തെറിഞ്ഞ് കൊണ്ട് അവളോടുള്ള എന്റെ പ്രണയം ആളികത്തി. ഒപ്പം ഒരു നൊമ്പരവും എന്റെ ഉള്ളില്‍ നിറഞ്ഞു.
ഉടനെ പ്രഷോബ് ചേട്ടനോട് അസൂയയും, അഞ്ചന ചേച്ചിയുടെ മേല്‍ ഒരു അധീനതയും എന്റെ മനസ്സിന്റെ മൂലയില്‍ ജനിച്ചു.
എല്ലാറ്റിനുമുപരിയായി ചേച്ചിയെ ചേര്‍ത്ത് പിടിച്ച് ചേച്ചിയുടെ നെറുകയിലും കവിളിലും ഉമ്മ കൊടുക്കാന്‍ എന്റെ ചുണ്ടുകള്‍ വെമ്പി.
പക്ഷേ എന്റെ എല്ലാ വികാരത്തിനും ചിന്തകൾക്കും വിരാമം ഇട്ടുകൊണ്ട് ചേച്ചിയുടെ ശബ്ദം എന്നെ ഉണര്‍ത്തി.
“ശരി വാ, നമുക്ക് കഴിക്കാം, വിക്രം. ചപ്പാത്തിയും കുറുമയും ഞാൻ ഉണ്ടാക്കി കൊണ്ടു വന്നിട്ടുണ്ട്.” അതും പറഞ്ഞ് ചേച്ചി പ്ലേറ്റ് എടുക്കാന്‍ കിച്ചണിലേക്ക് പോയി.
എന്നെ എപ്പോഴും കൊതിപ്പിക്കുന്ന, എനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ആയിരുന്നു ചപ്പാത്തിയും കുറുമയും. പക്ഷേ ഇപ്പോൾ കൊതി തോന്നിയില്ല, ജോഗിങ് കഴിഞ്ഞ് വന്നപ്പോൾ തോന്നിയിരുന്നു വിശപ്പ് പോലും ഈ നിമിഷം മറഞ്ഞിരുന്നു.
ഇപ്പോഴത്തെ എന്റെ വിശപ്പ് എന്റെ അഞ്ചന ചേച്ചി ആയിരുന്നു. ഞാൻ ദാഹിക്കുന്നത് ചേച്ചിയുടെ പ്രണയത്തിന് വേണ്ടിയാണ്. ഇപ്പൊ എന്റെ വയറല്ല നിറയേണ്ടത്, മറിച്ച് ചേച്ചിയുടെ സ്നേഹത്തിന് വേണ്ടി ദാഹിക്കുന്ന എന്റെ ഹൃദയവും മനസ്സുമാണ്.
“ഇപ്പോഴും അവിടെതന്നെ നിന്നുകൊണ്ട് നി സ്വപ്നം കാണുകയാണോ, വിക്രം?” ചേച്ചിയുടെ ആശ്ചര്യം കലര്‍ന്ന സ്വരമാണ് എന്നെ ഉണര്‍ത്തിയത്.
“ഏഹ്!” പെട്ടന്ന് തൊട്ടടുത്ത് നിന്നും വന്ന ശബ്ദം കേട്ട് ഞാൻ വിരണ്ടു.
ചേച്ചി പൊട്ടിച്ചിരിച്ചു. “സോറി, പേടിച്ചു പോയോ?” അതും ചോദിച്ച് ചേച്ചി എന്റെ മുഖത്ത് സൂക്ഷിച്ചു നോക്കി, “നിന്റെ കണ്ണുകള്‍ എന്തിനാ നിറഞ്ഞിരിക്കുന്നത്, വിക്രം?”
ഇടിച്ചു പൊളിക്കുന്ന ഇടനെഞ്ചില്‍ കൈയും അമർത്തി വിരിഞ്ഞ കണ്ണുകൾ കൊണ്ട് ഞാൻ ചേച്ചിയെ നോക്കി ഒന്നുമില്ല എന്ന് തലയാട്ടി.
എന്റെ മനസ്സിന്റെ യഥാര്‍ത്ഥ കാരണമായ അവളോടുള്ള അതികാംക്ഷയും പ്രണയവും വേദനയും കാരണമാണ് എന്റെ കണ്ണുകൾ നിറഞ്ഞതെന്ന് അറിയാതെ, ചേച്ചി ചിന്തയോടെ എന്നെ തന്നെ നോക്കി നിന്നു.
ചേച്ചിയുടെ കൈയിൽ ഒന്നിന് മുകളില്‍ അടുക്കി വച്ച രണ്ട് പ്ലേറ്റും, അതിന് മുകളില്‍ കോഫി നിറച്ച രണ്ട് കപ്പും, പിന്നെ കറി കോരുന്ന ഒരു ചെറിയ കരണ്ടിയും ഉണ്ടായിരുന്നു.
“വെറും രണ്ട് നിമിഷം കൊണ്ട് ചേച്ചി കോഫീയും ഉണ്ടാക്കിയോ!?” വിശ്വസിക്കാനാവാതെ ഞാൻ ചോദിച്ചതും ചേച്ചി പെട്ടന്ന് മുഖം ചുളിച്ചു.
എന്നിട്ട് കൈയിലുള്ളത് മേശ പുറത്ത് വച്ച ശേഷം, അരക്ക് കൈയും കൊടുത്ത്, ഞാൻ ഏതോ വിചിത്ര ജീവി ആണെന്ന പോലെ, തല അല്‍പ്പം ചെരിച്ച് കൊണ്ട് എന്നെ നോക്കി.
