അത്രയും പറഞ്ഞിട്ട് അവള്‍ എഴുനേറ്റ് എന്റെ റൂമിന്റെ പുറത്തേക്ക് ഓടി.
അവളുടെ വാക്കുകൾ കേട്ട് ഒരു സെക്കന്‍ഡ് ഞാൻ സ്തംഭിച്ചു പോയി. പക്ഷേ അവൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ചെറിയൊരു ഊഹം കിട്ടിയതും പേടിച്ച് അവളുടെ പേരിനെ വിളിച്ചലറി കൊണ്ട് ഞാനും പിന്നാലെ ഓടി.
ഞാൻ ഓടി ഹാളില്‍ വന്ന സമയം അവൾ ബാൽക്കനി ഡോറിനെ തുറന്ന് പുറത്തേക്ക് ഓടി കഴിഞ്ഞിരുന്നു.
“അഞ്ചന… അവിവേകം ഒന്നും കാണിക്കരുത്…!” പേടിച്ച് അലറി കൊണ്ട് ഞാൻ ബാൽക്കണിയിലേക്ക് പാഞ്ഞു ചെന്നു.
അപ്പോഴേക്കും, എന്നില്‍ നിന്ന് വെറും രണ്ട് മീറ്റര്‍ അകലെയുള്ള ബാൽക്കണി കൈവരിടെ മുകളിലേക്ക് അവൾ കേറി കഴിഞ്ഞിരുന്നു.
“എഡി പൊന്നു മോളെ….” ഞാൻ നെഞ്ച് പൊട്ടി അലറി. “പ്ലീസ് ഡീ.. ചാടരുത്…!!” എന്നും പറഞ്ഞു ആ രണ്ട് മീറ്ററും ഒറ്റയടിക്ക് ചാടി കൈവരിക്കടുത്ത് എത്തിയ അതേ സമയത്ത് അവള്‍ താഴേക്ക് ചാടി.
കരഞ്ഞു വിളിച്ചു കൊണ്ട് എന്റെ രണ്ടു കൈയും എത്തി കിട്ടിയ വാക്കില്‍ അവളെ ഞാൻ പിടിച്ചു. തല മുടിയില്‍ ആണ് എനിക്ക് പിടി കിട്ടിയത്. അവളെ എങ്ങനെയും രക്ഷിക്കണം എന്ന ഒറ്റ ചിന്തയിൽ, മുടിയില്‍ പിടികിട്ടിയ അതേ വേഗത്തിൽ അവളെ വലിച്ച് ബാൽക്കണിയിലേക്ക് തന്നെ എങ്ങനെയോ വലിച്ചിട്ടു.
എന്റെ ഹൃദയം കൊട്ട് പോലെ അടിച്ചു.. എന്റെ ദേഹമാകെ നടുങ്ങി.
“എന്തു ഭ്രാന്താണ് നി കാണിച്ചത്…!?” ഞാൻ അലറി.
“എനിക്ക് ജീവിക്കേണ്ട… എന്നെ എന്തിനാ രക്ഷിച്ചത്…..?” എന്നലറി കൊണ്ട് അവള്‍ പിന്നെയും ചാടി എഴുനേറ്റ് താഴേക്ക് ചാടാൻ ശ്രമിച്ചു.
ഉടനെ അവളെ ഞാൻ അടക്കി പിടിച്ചുയർത്തി അകത്തേക്ക് കൊണ്ടുവന്നു.
“എന്നോട് പൊറുക്കാൻ കഴിയില്ലെങ്കിൽ എന്നെ എന്തിന് രക്ഷിച്ചു? എന്നെ വിഡട… ഈ ജീവിതവും, ഈ ലോകവും എല്ലാം എനിക്ക് മടുത്തു.. ഈ നശിച്ച ജീവിതം എനിക്കു വേണ്ട.. ജീവിച്ചിരിക്കാനും ആഗ്രഹമില്ല…” അപ്പോഴും അവള്‍ എന്റെ പിടിയിൽ നിന്നും കുതറി കൊണ്ടിരുന്നു.
അവസാനം എങ്ങനെയോ അവളെ ഹാളില്‍ കൊണ്ട് താഴെ ഇട്ടിട്ട് ബാൽക്കണി ഡോറിൽ തന്നെ ഉണ്ടായിരുന്നു താക്കോൽ കൊണ്ട് അതിനെ ലോക് ചെയ്തു. എന്നിട്ട് വേഗം ചെന്ന് എന്റെ ഫ്ലാറ്റ് ഡോറിൽ ഉണ്ടായിരുന്നു അവളുടെ താക്കോലും ഊരി എടുത്തു കൊണ്ട് എന്റെ റൂമിൽ കൊണ്ട് ഒളിപ്പിച്ചു വച്ച ശേഷം, പിന്നെയും ഹാളില്‍ ഞാൻ വന്നു.
തറയില്‍ ചുരുണ്ടുകൂടി കിടന്ന് കരയുന്നവളേയും നോക്കി ഞാൻ വെറുതെ നിന്നു.
എന്റെ മരവിച്ച മനസ്സ് എപ്പോഴോ അലിഞ്ഞു പോയി പഴയത് പോലെ അവളെ സ്നേഹിക്കാന്‍ തുടങ്ങിയിരുന്നു.
അവളുടെ കരച്ചില്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. ഞാൻ നടന്നു ചെന്ന് അവള്‍ക്ക് അടുത്തായി മുട്ടുകുത്തി ഇരുന്നു.
“അഞ്ചന…!” അവളുടെ ഒരു ചുമലില്‍ പിടിച്ചുകൊണ്ട് അനുകമ്പയോടെ ഞാൻ വിളിച്ചു. എന്റെ സ്നേഹവും.. എന്റെ ക്ഷമയും.. എന്റെ എല്ലാ വികാരങ്ങളെയും അവളുടെ ചുമലിലൂടെ അവളുടെ മനസ്സിലേക്ക് പടർത്താൻ എന്റെ ആത്മാവിനോട് കെഞ്ചി അപേക്ഷിച്ച് കൊണ്ടാണ് അവളെ ഞാൻ മൃദുവായി പിടിച്ചിരുന്നത്.
എന്റെ കൈയിനെ തട്ടി മാറ്റാത്തത് കൊണ്ട് അല്‍പ്പം ആശ്വാസം തോന്നി. എന്റെ ആത്മാവ് അവളെ ആശ്വസിപ്പിക്കുന്നത് പോലെ അവളുടെ കരച്ചില്‍ കുറഞ്ഞു വന്നു.. അവസാനം തേങ്ങൽ മാത്രമായി മാറി.
ഉടനെ രണ്ട് ചുമലിലും പിടിച്ച് അവളെ എണീപ്പിക്കാൻ നോക്കിയപ്പോ അവള്‍ ബലം പിടിച്ചു കിടന്നു. പക്ഷേ അങ്ങനെ വിട്ടുകളയാൻ എനിക്ക് മനസ്സിലായിരുന്നു.
ഒരു കുഞ്ഞിനെ പോലെ അവളെ ഞാൻ കോരിയെടുത്തു. ഭാഗ്യത്തിന് അവള്‍ എതിർത്തില്ല. പകരം എന്റെ ശരീരത്തോട് അവള്‍ ഒതുങ്ങി കിടന്നു. അഞ്ചന ഉപയോഗിച്ചിരുന്ന റൂമിലാണ് അവളെ ഞാൻ കൊണ്ട് കിടത്തിയത്. കിടത്തിയ ഉടനെ അവള്‍ അങ്ങോട്ട് തിരിഞ്ഞു കിടന്നു.
അവള്‍ റസ്റ്റ് എടുക്കാൻ വിട്ടിട്ട് ഞാൻ എന്റെ റൂമിലേക്ക് വന്നു.
കൂടുതൽ സ്ട്രെയിൻ കൊടുത്തത് കൊണ്ട് എന്റെ വലത് കൈയിലെ മുറിവിനെ കെട്ടിയിരുന്ന പ്ലാറ്റർ മൊത്തം രക്തത്തില്‍ കുതിര്‍ന്ന് പോയിരുന്നു. അഞ്ചനയുടെ തല മുടിയിലും ദേഹത്തും ഡ്രസ്സിലൊക്കെ എന്റെ രക്തം പുരണ്ടിരുന്നതും ഞാൻ കണ്ടതാണ്.
