“”വേണ്ടാ!!! വായിൽ കെട്ടൊന്നും വേണ്ടാ… നീ എനിക്ക്..
എനിക്ക് വാരി തര്വോ കുട്ടാ….””
അമ്മ വളരെ കുട്ടിത്തത്തോടെ നിഷ്കളങ്കമായി എന്നോട് ചോദിച്ചു.. സത്യം പറഞ്ഞ എനിക്ക് ചിരി പൊട്ടി പോയി.. നാടിനെയും നാട്ടുക്കാരെയും വിറപ്പിച്ച് നടക്കണ ജേർണലിസ്റ്റ് അനുരാധ ബാബു തന്നെ ആണോ ഇത്… അതോ രണ്ട് മക്കളുടെ വളരെ പാവമായ ഒരു വീട്ടമ്മ ആണോ…. ഇത് രണ്ടുമല്ല ഇതാണ് ഞങ്ങടെ സ്വന്തം അമ്മക്കിളി.. നമ്മടെ പോരാളി ആവശ്യം വന്ന രുദ്രതാണ്ഡവമാടുന്ന കാളിയും അല്ലെങ്കി വെറുമൊരു കുഞ്ഞാടും…
ഞാൻ അമ്മയെ നോക്കി തലയാട്ടി.. എന്നിട്ട് അമ്മയെ പൊക്കി എന്റെ മടിയിലിരുത്തി. ചള്ളാസും അച്ചാറും ചിക്കൻ കഷ്ണവും റൈസും ഒക്കെ കൂട്ടി കൊഴച്ച് ഉരുള ആക്കി..
കുഞ്ഞു പിള്ളേർ വായ പൊളക്കും പോലങ് അമ്മ വായ പിളർത്തി നിക്കുവാണ്. ഞാൻ അമ്മയുടെ വായിലോട്ടൊരു ഉരുള വെച്ച് കൊടുത്തു…വളരെ പതിയെ ആണ് അമ്മ കഴിക്കുന്നേ ഞാൻ രണ്ടാമത് ഉരുള ആക്കുമ്പോഴും അമ്മയുടെ വായിൽ നേരത്തെ കൊടുത്തതിന്റെ പാതിയോളം ഇരിപ്പുണ്ട്.. ഞാൻ അമ്മയെ നോക്കി എനിക്ക് വയ്യ എന്ന രീതിക്ക് ഒന്ന് ചിരിച്ചു…
അത് കണ്ടപ്പോ പറക്കും തളികയിലെ ബസന്തി വായിൽ ഇഡലി ചവച്ചു ചിരിക്കും പോലൊരു ചിരി അമ്മ എന്നെ നോക്കി ചിരിച്ചു…ഇത് കണ്ടപ്പോ എനിക്ക് കണ്ട്രോൾ ചെയ്യാൻ പറ്റീല ഞാൻ അമ്മയെ നോക്കി അട്ടഹസിച്ചു ചിരിച്ച് പോയി…
“”അവന്റ ഒരു ക്ക.ക്ക.ക്ക.. എനിക്ക് അടുത്ത ഉരുള താടാ പന്നി…”” എന്റെ തലക്ക് ഒരു കൊട്ട് തന്ന് കൊണ്ടമ്മ പറഞ്ഞു..
ഞാൻ അടുത്ത ഉരുള.. അമ്മേടെ വായിൽ വെച്ചതും കിട്ടിയ അവസരം മുതലെടുത്തു അമ്മ എന്റെ നാല് വിരലും അമർത്തി കടിച്ചു..
“”ഔഹ്…. എന്തുവാ അമ്മേ.. കാട്ടണേ കുട്ട്യോളെ പോലെ..എന്റെ കൈ മുറിഞ്ഞൂന്ന തോന്നണേ”” ഞാൻ കൈ തിരിച്ചും മറിച്ചും നോക്കി…
“”എന്താല്ലേ… പണ്ടൊക്കെ അമ്മമാർ മക്കളെ മടിയിൽ ഇരുത്തിയാ ചോർ കൊടുക്കാർ ഇവിടെ നേരെ തിരിച്ചാണല്ലോ അമ്മ മോന്റെ മടിയിൽ കേറി ഇരുന്നാണല്ലോ ഉണ്ണുന്നെ…”” അമ്മു ഞങ്ങളെ രണ്ടിനേം കളിയാക്കി…
“”നീ പോടീ…നീയേ നിന്റെ പണി നോക്ക്.. ഇതേ ഇതെന്റെ മോനാ ഞാൻ ഇവന്റെ മടിയിൽ ഇരുന്ന് ഉണ്ണുന്നോണ്ട് നിനക്ക് എന്തുവാ…””
അമ്മ അമ്മൂനെ നോക്കി പറഞ്ഞോണ്ട് എന്റെ മുഖം പിടിച്ചു കവിളത്തു അമർത്തി ഉമ്മ വെച്ചു..
“”ഉമ്മാഹ്… അമ്മേന്റെ ചക്കര കുട്ടൻ “”
“”ഈഹ്… എന്തുവാ അമ്മേ വായിലെ റൈസ് മൊത്തോം എന്റെ കവിളത്ത് ആയല്ലോ””
ഞാൻ കവിളും തുടച്ചു പറഞ്ഞു..
ഇത് കേട്ടപ്പോ അമ്മേടെ മുഖം വാടി പോയി…
“”അച്ചോട… എന്റെ അമ്മകുട്ടനു വിശമായോ.. സാരില്ല.. ഇന്നാ… ഉമ്മാഹ്…””
ഞാനൊരുമ്മ തിരിച്ചു കൊടുത്തപ്പോ ആ മുഖം തിളങ്ങിയത് ഒന്ന് കാണണം എന്റെ ദേവി….
പിന്നെ അധികം പറച്ചിലും കളിയും ഒന്നും ഉണ്ടായില്ല ഞാൻ ഉരുട്ടി കൊടുക്കുന്ന ഓരോ ഉരുള യും വളരെ പതിയെ ആണേലും കൂടി അമ്മ കഴിച്ചു തീർത്തോണ്ട് ഇരുന്നു.. എന്തേലും വേണെങ്കിൽ.. വായ തുറന്ന് മിണ്ടാതെ തന്നെ ഓരോന്നു തൊട്ട് കാണിച്ച് പറഞ്ഞു തന്നു.. ഇത് പോലൊരു പിള്ള മനസ്… എന്റമ്മക്കേ കാണു…
അങ്ങനെ കുറച്ചു സമയത്തിനുള്ളിൽ തന്നെ അമ്മയുടെ പ്ലേറ്റ് കാലിയായി.. ഇത് കണ്ട് ഞാൻ അമ്മയോട് ചോദിച്ചു..
“”ഇതാണോ മതിയായി എന്ന് പറഞ്ഞത്.. എവിടെ ഇതിൽ ഒരു വറ്റ് പോലുമില്ലല്ലോ അമ്മേ “”
“”അത് കുട്ടാ.. ഇതൊക്കെ ഞാൻ എപ്പോളാ തിന്നേ.. എനിക്ക് ഒന്നും ഓർമ ഇല്ലാട്ടോ…””
“”ദേ നല്ല തല്ല് വച്ചു തരും കേട്ടോ ഞാൻ.. പോയി വാ കഴുകി ദോ അച്ഛന്റെ കൂടെ ഇരുന്ന് ന്യൂസ് കാണ്.. ഞാൻ ഒന്ന് സുധീഷേട്ടന്റെ വീട് വരെ പോയി വരാം.. ചേട്ടൻ എന്നോട് വരാൻ പറഞ്ഞാർന്നു…””
ഇത്രയും പറഞ്ഞിട്ടും മടിന്ന് എണിക്കാതെ എന്നെ തന്നെ നോക്കി നിക്കണ അമ്മയോട് ഞാൻ ചോദിച്ചു..
“”എന്തെയ്.. ഇനി വായും ഞാൻ കഴുകി തരണോ… ഏഹ്…””
“”വേണ്ടാ…””
അമ്മേടെ വക അൾട്ടിമേറ്റ് പുച്ഛം…
“”നീ എന്നെ എടുക്ക്.. “”
അമ്മ എന്റെ കണ്ണിൽ നോക്കിക്കൊണ്ട് പറഞ്ഞു.
