അനുപല്ലവി – 5

Related Posts

(പ്രിയപ്പെട്ട കൂട്ടുകാരെ.. ഈ പ്രാവശ്യം അധികം പേജുകൾ എഴുതാൻ കഴിഞ്ഞിട്ടില്ല.. ഒരുപാട് കാത്തിരുത്തി ബുദ്ധി മുട്ടിക്കേണ്ട എന്നു കരുതി ആണ്‌ എഴുതിയ ഭാഗം അയക്കുന്നത്… ഇത് വരെ തന്ന സപ്പോർട്ട് തുടർന്നും തരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്.. അനുപല്ലവി യിലേക്ക് )

മുത്തശ്ശി ചൂണ്ടിയിടത്തേക് പല്ലവി നോക്കി.. അവിടെ ആരും ഇല്ല മുത്തശ്ശി.. ഇല്ല മോളെ.. ഞാൻ കണ്ടതാ… അമ്മയെ മുത്തശ്ശിയുടെ അടുത്തേക് ഇരുത്തി..പല്ലവി ആകാംഷയോടെ തെക്കേ നടയുടെ വാതിൽക്കലേക് നടന്നു….

പല്ലവി നടക്കുക ആയിരുന്നില്ല അവളുടെ കാലുകൾക്കു ഗതി വേഗം കൂട്ടാൻ തക്ക വണ്ണം ആയിരുന്നു മുത്തശ്ശിയുടെ മുഖത്തു കണ്ട ഉദ്വേഗവും വെപ്രാളവും…

(തുടർന്നു വായിക്കുക )

അവൾ ഓടി തെക്കേ നടയുടെ പടി കടന്നു പുറത്തേക് വരുമ്പോളേക്കും അവൾ ആരെയൊക്കെ തട്ടിയാണ് കടന്നു വന്നതെന്നു പോലും അവൾ അറിഞ്ഞിരുന്നില്ല…

തെക്കേ നടയിലെ ഗുളികൻ കോവിലിനു പുറത്തു നിന്നും നീണ്ടു പോകുന്ന ചെമ്മൺ റോഡ് ചെന്നവസാനിക്കുന്ന മെയിൻ റോഡു വരേയ്ക്കും പല്ലവിയുടെ മിഴികൾ നീണ്ടു..

മെയിൻ റോഡിലേക്ക് ഇടതേക് ഇൻഡിക്കേറ്റർ ഇട്ടു തിരിയുന്ന ഒരു ചുവന്ന കാറിന്റെ പുറകു വശം മാത്രാണ് അവൾക്കു കാണാൻ കഴിഞ്ഞത്….

ചുറ്റിനും നോക്കിയെങ്കിലും മറ്റാരെയും കാണാൻ കഴിഞ്ഞില്ല… പല്ലവിയുടെ മുഖത്തും പ്രതീഷിച്ചതെന്തോ കാണാൻ കഴിയാത്തതിലുള്ള നിരാശ വന്നു മൂടി..

ആ കാറിൽ വന്നവരെ ആരെയെങ്കിലും ആയിരിക്കുമോ മുത്തശ്ശി കണ്ടത് അവളുടെ ഉള്ളിൽ സംശയങ്ങളുടെയും ചോദ്യങ്ങളുടെയും ഒരു തിരയേറ്റം തന്നെ നടന്നു…

നിരാശയോടെ അവൾ തിരിഞ്ഞു കിഴക്കേ നടയിലെ ഭജന തറ യിലേക്ക് നടന്നു….തന്നെ തന്നെ പ്രതീക്ഷയോടെ നോക്കി ഇരിക്കുന്ന മുത്തശ്ശിയുടെ അരികിലേക് അവൾ നടന്നു ചെന്നു..

പല്ലവിയുടെ മുഖ ഭാവം കണ്ടത് കൊണ്ട് തന്നെയാവണം മുത്തശ്ശി ഒന്നും മിണ്ടിയില്ല…

പെട്ടെന്ന് തന്നെ അവിടെ നിന്നും തൊഴുതിറങ്ങി… ശ്രീലകത്തു എത്തുന്നത് വരെയും…മൂവരും ഓരോ ചിന്തയിൽ മുഴുകി ഇരിക്കുക ആയിരുന്നു…

❄️❄️❄️❄️ ✳️✳️❄️❄️❄️❄️✳️✳️❄️❄️
മുത്തശ്ശി തൊഴാൻ വരും എന്ന പ്രതീക്ഷ ഉള്ളത് കൊണ്ട് തന്നെയാണ്.. രാവിലെ അമ്മയേം കൂട്ടി ശ്രീകൃഷ്ണ ക്ഷേത്രത്തിലേക് പോയത്..

കിഴക്കേ നടയിൽ നിന്നും മാറ്റി തെക്കേ നടയിൽ ആണ്‌ വണ്ടി പാർക്ക്‌ ചെയ്തത്.. ശ്രീലകത്തു നിന്നു വരുന്നവർ എന്തായലും കിഴക്കേ നട വഴിയേ വരൂ എന്നു പറഞ്ഞതും അമ്മയാണ്..

വണ്ടി പാർക് ചെയ്തു കിഴക്കേ നടയിലേക് വരുന്ന റോഡിലേക്ക് തന്നെ ആയിരുന്നു അമ്മയുടെ മിഴികൾ.. വര്ഷങ്ങള്ക്കു ശേഷം അമ്മയെ കാണാൻ കൊതിയോടെ കാത്തിരിക്കുന്ന ആ ആ കണ്ണുകൾ കണ്ടപ്പോൾ സങ്കടം തോന്നി….

അവർ വരുന്നത് കാണുന്നില്ലല്ലോ അമ്മേ…

ഇനി നമ്മൾ വരുന്നതിനു മുന്നേ അമ്പലത്തിൽ വന്നിട്ടുണ്ടെങ്കിലോ.. ഞാൻ ഒന്ന് പോയി നോക്കീട്ടു വരാം..

മോനെ നിന്നെ അവര് കണ്ടാൽ.. അമ്മ എന്തോ സംശയത്തോടെ തിരക്കി

അതു കേട്ടു എനിക്ക് ചിരിയാണ് വന്നതു

എന്റെ അമ്മേ… ഞാൻ ശ്രീലകത്തു സാവിത്രി അമ്മയുടെയും സഖാവ് കൃഷ്ണന്റെയും മകൻ അനു ആണെന്ന് അവരെങ്ങനെ അറിയാന… ചിരിയോടെ അതും പറഞ്ഞു കാറിന്റെ ഡോർ അടച്ചു..

കിഴക്കേ നടയിലേക് നടന്നു…

പ്രണയ ദേവനായ കണ്ണനെ മനസ്സിൽ നിറച്ചു ദീപാലങ്കാരങ്ങളാൽ തിളങ്ങി നിന്ന കൃഷണ വിഗ്രഹത്തിലേക് നോക്കി കൈകൾ കൂപ്പി… കളിക്കൂട്ടുകാരിയായ രാധയെ തന്നിലേക്കു ലയിപ്പിച്ച കൃഷ്ണ ഭഗവാനോട് പ്രാർത്ഥിക്കാൻ അനുവിന്റെ മനസ്സിൽ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു.

മനസ്സിലെ ഭാവം വിഗ്രഹത്തിൽ കാണാം എന്നു അമ്മ പറഞ്ഞത് അനു ഓർത്തു… പാതി തുറന്ന മിഴികളിൽ കൂടെ… ശ്രീകോവിലിനുള്ളിലെ പ്രേമ ലോലുപനായ കള്ള കണ്ണൻ പുഞ്ചിരി പൊഴിക്കുന്നത് കണ്ടു എന്റെ ചുണ്ടുകളിലും അറിയാതെ ഒരു ചിരി വിടർന്നു…

ശ്രീകോവിലിനു വലം വെച്ചു തെക്കേ നടയിൽ എത്തിയപ്പോളാണ് ആ കാഴ്ച കണ്ടത്..
മുത്തശ്ശിയുടെ കൈകൾ പിടിച്ചു വരുന്ന പല്ലവിയെ…ശ്രീത്വം വിളങ്ങുന്ന ആ കുഞ്ഞ് കവിളുകൾ കൈകളിൽ കോരിയെടുത്തു നെഞ്ചോടണക്കാനാണു ഹൃദയം വെമ്പിയത്… കൂടെയുള്ളത് പല്ലവിയുടെ അമ്മ ആവണം… എന്റെ അമ്മായി…

മുത്തശ്ശിയുടെ മുടിയിഴകൾ വെള്ളി നൂല് പോലെ തിളങ്ങുന്നു….മുഖത്തു വല്ലാത്തൊരു ഐശ്വര്യം കളിയാടിയിരുന്നു… അവർ കാണാതിരിക്കാൻ ഒന്ന് പുറകിലോട്ടു മാറി നിന്നു….

മുത്തശ്ശിയെ കൊണ്ട് കിഴക്കേ നടയിലെ ഭജന തറയിൽ ഇരുത്തുന്നതും പല്ലവിയും അമ്മയും വഴിപാട് കൗണ്ടറിലേക് നടന്നു നീങ്ങുന്നതും കണ്ടാണ്… മാറി നിന്നിടത്തു നിന്നും നട യുടെ അടുത്തേക് നടന്നത്‌.

കുറച്ചു നേരം മുത്തശ്ശിയെ തന്നെ ശ്രദ്ധിച്ചിരുന്നു…

അടുത്തേക് ചെന്നു ആ മുത്തശ്ശിയുടെ സ്നേഹവാത്സല്യങ്ങൾ മതി വരുവോളം നുകരണം എന്നു മനസ്സിന്റെ കോണിൽ ഇരുന്നു ആരോ മന്ത്രിക്കുന്നത് പോലെ തോന്നി…

ഇടക് എപ്പോളോ.. മുത്തശ്ശിയുടെ നോട്ടം എന്റെ നേർക്കു വരുന്നത് ഞാൻ ശ്രദ്ധിച്ചു…മുത്തശ്ശി പുരികത്തിനു മേൽ കൈകൾ വിടർത്തി പിടിച്ചു എന്നെ സൂക്ഷിച്ചു നോക്കി എന്റെ നേർക്കു കൈ ചൂണ്ടുന്നതാണ് പിന്നെ കണ്ടത്.. ഇനിയും അവിടെ നിന്നാൽ ശെരി ആവില്ലെന്ന് മനസ്സു പറഞ്ഞു…

പെട്ടെന്ന് തെക്കേ നടയുടെ വാതിൽ കടന്നു പുറത്തേക് വന്നു… ഓടിയാണ് കാറിനടുത്തേക് എത്തിയത്… കാറിനുള്ളിൽ ഇരുന്നിരുന്ന അമ്മയുടെ മുഖം കണ്ടപ്പോൾ മനസ്സിലായി…അമ്മ മുത്തശ്ശിയെ കണ്ടിരുന്നു എന്നു….

അമ്മേ മുത്തശ്ശിക് എന്നെ മനസ്സിലായിട്ടുണ്ടാവുമോ..?

കാർ വീടിനടുത്തേക് എത്തിയപ്പോൾ ആയിരുന്നു ഞാൻ അമ്മയോട് ചോദിച്ചത്….

അതെന്താ ഉണ്ണീ നീ അങ്ങനെ ചോദിച്ചത്..

മുത്തശ്ശി എന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു….

എന്നെ ചൂണ്ടി എന്തോ പറയുന്നത് പോലെ തോന്നി അതാ ഞാൻ പെട്ടെന്ന് പുറത്തേക് വന്നതു…

ആർക്കു മനസ്സിലായില്ലെങ്കിലും അമ്മയ്ക്ക് നിന്നെ മനസ്സിലാകും.. വിദൂരതയിലേക് കണ്ണും നട്ടു അമ്മ പറഞ്ഞു..

അതെങ്ങനാ അമ്മേ… എന്നെ ഒരു പക്ഷെ കണ്ടിട്ടുണ്ടെങ്കിൽ തന്നെ അതു നന്നേ ചെറുപ്പത്തിൽ അല്ലേ.. ഞാൻ സംശയത്തോടെ ചോദിച്ചു…

ഒരമ്മയ്ക്കും സ്വന്തം മകന്റെ രൂപം മനസ്സിൽ നിന്നും മായ്ച്ചു കളയാൻ ആവില്ല… ആ അമ്മയുടെ മകന്റെ മുറിച്ചു വെച്ച രൂപമാണ് നീ…. നിന്റെ അമ്മാവന്റെ… എന്റെ ദേവേട്ടന്റെ… പറഞ്ഞു കഴിയുമ്പോളേക്കും അമ്മയുടെ കണ്ണിൽ നിന്നും അടർന്നു വീഴാൻ ഒരുങ്ങിയ അശ്രു കണങ്ങളെ മറക്കാൻ എന്ന വണ്ണം മുഖം ഒരു വശത്തേക്കു തിരിച്ചു.. സാരിയുടെ തലപ്പ് കൊണ്ട് മിഴിയൊപ്പുന്നതു കണ്ടു…

Leave a Reply

Your email address will not be published. Required fields are marked *