അകത്ത് കയറിയതും അവൻ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന വളയെടുത്ത് അവൾക്ക് കൊടുത്തു..
“ദാ അരപ്പവനുണ്ട്..”
സോനയുടെ കണ്ണ് മിഴിഞ്ഞു.
“അരപ്പവനോ..”
“പിന്നില്ലാതെ..”
“എങ്ങനെയെടുത്തു ഇത്.. ഇനി ഇതിൻ്റെ പേരിൽ വല്ലോ കുഴപ്പവും ഉണ്ടാകുമോടാ..”
സോനയ്ക്ക് പേടി മാറിയില്ല
“ചേച്ചി ഒന്നും പേടിക്കേണ്ട.. ഒരു പ്രശ്നവുമില്ല..”
“അവരു പിന്നെയെങ്ങാനും നോക്കുമ്പോൾ വള കണ്ടില്ലെങ്കിൽ എന്ത് ചെയ്യും..”
സോനയ്ക്ക് സംശയം തീർന്നില്ല .
“എൻ്റെ ചേച്ചീ ഞാൻ പറയുന്നത് ചേച്ചി വിശ്വസിക്കുമോ എന്നെനിക്കറിയില്ല.. അവരുടെ വീട്ടിൽ പ്രത്യേകം ലോക്ക് ഉള്ള ഒരു അലമാരയുണ്ട്.. അതിൻ്റെയകത്തു എനിക്ക് തോന്നുന്നത് ഒരു ഇരുന്നൂറു വളയെങ്കിലും കാണുമെന്നാണ്.. കണ്ടാൽ നിധി പോലെയുണ്ട്.. അതിന്നൂ ഒരെണ്ണം കുറഞ്ഞാൽ എങ്ങനെയറിയാനാ.. അത്തരം എത്രയെണ്ണം കാണുമെന്നാർക്കറിയാം”
അവൻ്റെ വർണ്ണന കേട്ട് സോന അത്ഭുതപ്പെട്ടു നിന്നു.
“അതീന്നു കുറച്ചെങ്ങാനും കിട്ടിയാൽ നമ്മള് രക്ഷപ്പെട്ടേനെ..”
ശൗരിയുടെ കുറിക്ക് കൊള്ളുന്ന വർത്തമാനം കേട്ട് സോനയുടെ മനസ്സിൽ ഒരു തീപ്പൊരി വീണു.. മെല്ലെ അതൊരു ചെറുനാളമായി. അവളുടെ കണ്ണുകളിൽ നിന്ന് ആഗ്രഹത്തിൻ്റെ തീവ്രത അവൻ വായിച്ചെടുത്തു.
“ഞാൻ പറഞ്ഞന്നെയൊള്ളൂ.. അല്ലേലും നമ്മക്കൊക്കെ ഇങ്ങനെ ആഗ്രഹിക്കാനല്ലേ പറ്റൂ..”
പറഞ്ഞിട്ട് ശൗരി എഴുന്നേറ്റതും സോന അവൻ്റെ കൈയ്യിൽ പിടിച്ചിരുത്തി.
“നീ എവിടെ പോകുവാ.. എനിക്കൊരു കാര്യം പറയാനുണ്ട്..”
“എന്താ പറ..”
“നീ മുന്നേ പറഞ്ഞ പോലെ അവനെ സോപ്പിട്ടാൽ നമുക്ക് അതിൽ നിന്ന് വല്ലതും കിട്ടുമോ”
“പിന്നെന്താ.. വഴിയൊക്കെയുണ്ട്.. പക്ഷെ ഞാൻ വിചാരിച്ചാൽ ഒരു കാര്യവുമില്ല.. ചേച്ചി തന്നെ വിചാരിക്കണം..”
ശൗരി ഉള്ളിൽ പതഞ്ഞുയർന്ന ആഹ്ലാദം അടക്കിപ്പിടിച്ച് കൊണ്ട് പറഞ്ഞു.
“അതിന് ഞാനെന്താ ചെയ്യണ്ടത്..”
