ഇന്റര്‍നെറ്റ് തന്ന സുന്ദരി

ആദ്യം ഒന്നു ഞെട്ടിയെങ്കിലും അതു പുറത്തുകാണിക്കാതിരിക്കാന്‍ അവള്‍ ശ്രമിച്ചു. അവള്‍ ചിരിക്കുകയാണെന്ന് അവളുടെ മുഖത്തെ സപര്‍ശിച്ചിരുന്ന എന്റെ വിരലുകള്‍ എനിക്ക് പറഞ്ഞു തന്നു. ആ ചിരി എന്നിലേക്കും പട്ന്നിരുന്നു.

എന്റെ കൈകളില്‍ അവള്‍ രണ്ടും കയ്യും ചേര്‍ത്തു പിടിച്ചു, കൂടെ അവള്‍ടെ മൊബൈലും… എന്നിടവള്‍ പറഞ്ഞു..

മന്യുവല്ലേ…. ‘

ന്‍ഹൂഹും, അല്ല. ഞാന്‍ അല്പം ശബ്ദം വ്യത്യാസപ്പെടുത്തി മൂളി.

പെട്ടന്ന് മുഖത്തെ ചിരി അപ്രത്യക്ഷമായ പോലെ, എനിക്ക് എന്റെ വിരലുകളിലൂറ്റെ അറിയാന്‍ കഴിഞ്‌നു, പിന്നെ അവള്‍ടെ കൈകള്‍ എന്റെ കയ്യില്‍ മുറുകെ പ്ടിച്ച് മാറ്റാന്‍ ശ്രമം ആരംഭിച്ചു..

അവിടെയുണ്ടായിരുന്ന ചിലരൊക്കെ നോക്കാന്‍ തുടങ്ങിയിരുന്നു. ഇല്ലെങ്കില്‍ കുറച്ചു നേരം കൂടി ഞാന്‍ കണ്ണുപൊത്തിക്കളിച്ചേനെ.

ഞാന്‍ കൈകള്‍ അയച്ചു. അതില്‍ പിടിച്ചുകൊണ്ടു തന്നെ അവള്‍ തിരിഞ്ഞു നിന്ന് എന്റെ മുഖത്തേക്ക് നോക്കി. എന്നേക്കാല്‍ ഒരു അഞ്ചിഞ്ചെങ്കിലും ഉയരം കുറവായിരിക്കണം. മുകളിലേക്ക് നോക്കി അപരിചിതനെ അവള്‍ തിരിച്ചറിഞ്ഞു. ആ കണ്ണിലെ തിളക്കം അത് വിളംബരം ചെയ്യുന്നുണ്ടായിരുന്നു.

ഹായ്… അവള്‍ മുത്തുപോലെയുള്ള പല്ലുകള്‍ കീഴ് ചുണ്ടുകളില്‍ ചേര്‍ത്ത് വച്ച്, കവിളിലെ ആഴമുള്ള നുണക്കിഴി നീട്ടി എന്നെ നോക്കി മന്ദഹസിച്ചു.

ഹേയ്. ഞാനും അതേ പോലെ, അത്ര ഭംഗിയുള്ള ചിരി അല്ലെങ്കിലും, ഒന്ന് അവള്‍ക്കും സമ്മാനിച്ചു.

പിന്നെ കുറച്ചു നേരം ഞാനാ കണ്ണിന്റെ പരപ്പും നുണക്കുഴിയുടെ ആഴവും അളന്ന് അവിടെ ഒന്നും മിണ്ടാതെ നിന്നു പോയി.

നമുക്ക് ഇവിടെ ഇരുന്നാലോ… കോണ്‍ക്രീറ്റ് ബെഞ്ചുകളൊന്നിലേക്ക് ചൂണ്ടി അവള്‍ ചോദിച്ചു.

വേണ്ട. നമുക്ക് ഒന്നു ചുറ്റിയിട്ടു വരാം. ഇവിടെ നിറയെ ആളുകള്‍. എനിക്ക് അല്പം ക്ലോസ്‌റ്റ്രോഫോബിയ ഉണ്ട്. മാത്രവുമല്ല മഴ വരുമോ എന്നു സംശയം ഉണ്ട്.

എന്താ? ..

ങും ശരി. മന്യു ചായ കുടിച്ചില്ലല്ലോ. ആദ്യം അതാവാം.

ഞാന്‍ ചായ കുടിച്ചിട്ടില്ല എന്നെങ്ങനെ ഇവള്‍ക്ക് മനസ്സിലായി.? എനിക്ക് കൗതുകമായി. ഇനി ടൂത്ത്‌പേസ്റ്റെങ്ങാനും ചുണ്ടത്ത് പറ്റിയിരിക്കുന്നുണ്ടോ. ഞാന്‍ പതുക്കെ വിരല്‍ കൊണ്ട് തടവി നോക്കി.

എങ്ങനെ മനസ്സിലായി?

അതോ.. ഞാന്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുത്തില്ലല്ലോ. എനിക്ക് തോന്നി ഉറങ്ങുകയാണ് എന്ന്. പിന്നെ 25ന്മിനിറ്റിനുള്ളില്‍ ഇവിടെ എത്തിയല്ലോ. ആ സ്പീഡ് കണ്‍ടപ്പോള്‍ ഞാന്‍ ഊഹിച്ചു എന്തൊക്കെ ചെയ്തു തീര്‍ത്തിട്ടുണ്ടാവും ആ സമയത്തിനുള്ളില്‍ എന്ന്.

ഹ ഹ. ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. ചില്ലറക്കാരിയല്ല ഞാന്‍ കണ്ടെത്തിയ കൂട്ട് എന്നെനിക്കു തോന്നി..

ശരി. എവിടെ നിന്നെങ്കിലും കഴിച്ചിട്ട് പോകാം. എന്താ, രാഖി പ്രാതല്‍ കഴിയ്‌ച്ചൊ?

അതൊക്കെ എപ്പഴേ ദഹിച്ചു.

എന്നാല്‍ ഒന്നു കൂടെ ആവാം. വരൂ..

പോകുന്ന വഴിക്കുള്ള കാന്റീനില്‍ നിന്ന് മസാല ദോശ കഴിച്ച്. രാഖി രണ്ട് ഉഴുന്നു വടയും. എന്തോ പ്രത്യേക സ്വാദായിരുന്നു മസാല ദോശക്ക്. ഞാന്‍ ആസ്വദിച്ച് തിന്നുന്ന കണ്ടപ്പോള്‍ അവള്‍ വീണ്ടും മുത്തുച്ചിപ്പി തുറന്നു ചിരിച്ചു എന്നെ കളിയാക്കി. ഞാന്‍ പ്രതീക്ഷിച്ച ഒരു പെണ്ണില്‍ നിന്നും ഏറെ വ്യത്യസ്തയായിരുന്നു രാഖി എന്നു ഞാന്‍ ആലോചിച്ചു.

എന്താ, എന്നെയല്ലേ പ്രതീക്ഷിച്ചത്..

എന്തായിത്, ഈ പെണ്ണിനു മനസ്സു വായിക്കാന്‍ അറിയാമോ?

കുറെ നേരമായല്ലോ അവള്‍ എന്റെ മനസ്സിലുള്ളത് അതേ പടി വെളിപ്പെടുത്തുന്നു.

ഹേയ്, എന്താ അങ്ങനെ ചോദിച്ചത്. കാഷ്യര്‍ക്ക് കാശു കൊടുക്കുന്‍പോഴാണ് ഞാന്‍ അതിനു മറു പടി പറഞ്ഞത്

ഇല്ല എന്നെ നോക്കുന്നതു കണ്ടപ്പോള്‍ സംശയം തോന്നിയതാണ്.

ഞങ്ങള്‍ കാന്റീനു പുറത്തുള്ള മാംഗോസ്റ്റീന്‍ മരത്തണലില്‍ ഒരല്പം നിന്നു. ഞാന്‍ നിന്നപ്പോള്‍ അവളും നിന്നു പോയതാണ്.

സത്യം പറയൂ രാഖി. മനുഷ്യര്‍ടെ മനസ്സ് വായിക്കാന്‍ പഠിച്ചിട്ടുണ്ടോ? എന്റെ മനസ്സിലുള്ളതൊക്കെ എങ്ങനെ അറിയുന്നു? ഞാന്‍ തെല്ലു കൗതുകത്തോടെ ചോദിച്ചുകൊണ്ട് വീണ്ടും നടക്കാനാരംഭിച്ചു

അങ്ങനെയൊന്നുമില്ല. സംസാരിക്കാതിരുന്നാല്‍ പിന്നെ ഭാവങ്ങള്‍ വച്ച് ഊഹിക്കുകയല്ലേ നിവൃത്തിയുള്ളൂ..

ശരിയാണ്. ഞാന്‍ വെറും ബോറനാണ്. ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ മുന്നില്‍ കിട്ടിയിട്ട് വെറുതെ നോക്കിയിരുന്ന് മസാല ദോശ തിന്നോണ്ടിരിക്കുന്ന മണ്ടന്‍,.. ഇപ്പോള്‍ ഞങ്ങള്‍ രണ്ടും പേരും ചിരിച്ചു. അവള്‍ ചിരി കൈതണ്ട കൊണ്ടു മറക്കാനും ശ്രമിച്ചു.

നടന്ന് എന്റെ കാറിലെത്തി. ഞാ കാറിന്റെ ഡോര്‍ തുറന്ന് അവളോട് കയറാന്‍ പറഞ്ഞു. അവള്‍ പുരികം ഉയര്‍ത്തി ഗംഭീരം എന്ന് ആംഗ്യം കാണിച്ചു. കാറിനെയാണ് ഉദ്ദേശിച്ചത്.

കാര്‍ സ്റ്റാര്‍ട്ടാക്കി, എയര്‍ കണ്ടീഷണറിന്റെ കാറ്റ് അവളുടെ മുടികളില്‍ വീണ്ടും കുസൃതികാട്ടിത്തുടങ്ങി.

ഈ മുടി ഇങ്ങനെ കെട്ടതെയിടുന്നത് നല്ല രസമുണ്ട്. രാഖിക്ക് ചേരുന്നുണ്ട്.

മുടി ഉണങ്ങിയില്ല. അതോണ്ടാ കെട്ടാത്തത്.

വേണ്ട, കെട്ടണ്ട ഇങ്ങനെയിരുന്നോട്ടെ.

തണുപ്പ് പെട്ടന്ന് വ്യാപിച്ചു. പുറത്ത് മഴക്കാരുണ്ടായിരുന്നതു കൊണ്ടായിരിക്കണം. കാര്‍ അഴിഞ്ഞില്ലത്തെ പഴയ കെട്ടിടങ്ങള്‍ക്കിടയിലൂടെ ഞാന്‍ താമസിച്ചിരുന്ന റാവീസ് ഹോട്ടലിനു സമീപത്ത് എത്തി.

ഇവിടെയാണ് ഞാന്‍ ഇന്നലെ രാഖിയെ വിളിച്ചത്. ഞാന്‍ ഹോട്ടലിലിനു മുന്നില്‍ നിര്‍ത്തിയതിനു ഒരുദ്ദേശ്യം ഉണ്ടായിരുന്നു. രാഖി എങ്ങനെയുള്ള ആളാണെന്ന് അളക്കുകയായിരുന്നു അത്. അവള്‍ പക്ഷെ ആ പരീക്ഷണത്തില്‍ വിജയിച്ചു.

ഇത് പുതിയതല്ലേ. ഇതിനു മുന്‍പ് ഇവിടം പാടമായിരുന്നു… അവള്‍ മറ്റൊന്നും പറഞ്ഞില്ല. ഞാന്‍ വണ്‍ടിയെടുത്തു. പിന്നെ കുറേ ദൂരം ഞാന്‍ വണ്ടിയോടിച്ചു, ഇടക്ക് ചാറ്റല്‍ മഴ. ഞാന്‍ ബോറനാണെന്ന് നേരത്തേ പറഞ്ഞുവല്ലോ. മസാല ദോശ തിന്നുന്ന ലാഘവത്തോടെയാണ് ഞാന്‍ വണ്ടിയോടിച്ചതും അവളോട് സംസാരിക്കുകയ് എന്നതായിരുന്നു കഠിനം. എനിക്ക് ലാഘവമായിത്തോന്നുന്ന മറ്റൊരു കാര്യമുണ്ടായിരുന്നു. ഷോപ്പിങ്ങ് ആയിരുന്നു അത്…

കാര്‍ പന്തീരം കാവും ഇരിങ്ങല്ലൂരും താണ്ടി കോഴിക്കോട് ടൗണിലെത്തി. മാവൂര്‍ റോഡിലെ ഫോക്കസ് മാളില്‍ കയറ്റി.

രാഖി എന്റെ ഉദ്ദേശ്യം അറിയാതെ ഇടക്കിടക്ക് എന്റെ മുഖത്തു നോക്കുന്നുണ്ട്.

എന്റെ ഒരു സുഹൃത്തിനു കുറച്ചു ഡ്രസ്സും മറ്റും വാങ്ങണം. രാഖി സഹായിക്കുമോ..

അതിനെന്താ.. എന്നേക്കാള്‍ ആവേശമായിരുന്നു അവള്‍ക്ക്.

സുഹൃത്ത്, ആളെങ്ങനെ? അവള്‍ കൗതുകം കൊണ്ടു,

രാഖിയെപ്പോലെ തന്നെ. അല്പം വെളുത്തിട്ടാണ്.

ആണോ. എങ്കില്‍ എളുപ്പമായി.

അവള്‍ കരിമ്പിന്‍ കാട്ടില്‍ കയറിയ ആനക്കുട്ടിയെപ്പോലെ അവിടെ തുണിക്കടയില്‍ ഉണ്ടായിരുന്ന സകലതു വലിച്ചു വാരിയിട്ട്, കണ്ണാടിയില്‍ പോയി ദേഹത്ത് ചേര്‍ത്ത് വച്ച് ചേര്‍ച്ച ഉറപ്പു വരുത്തി. ഇടക്ക് എന്റെ അടുക്കല്‍ വന്ന് ഒരോന്നിന്റെയും വില കാണിച്ചു പേടിപ്പിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഒരു കൂളിങ്ങ് ഗ്ലാസ് എടുത്തു വച്ചു ഇതൊന്നും എനിക്ക് ബാധകമല്ല എന്ന രീതിയില്‍ പ്രോത്സാഹനം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *