ഇന്റര്‍നെറ്റ് തന്ന സുന്ദരി

”ഈ കിളവനു വാക്കു തന്നാല്‍ പാലിക്കാനറിയില്ല.”

എനിക്ക് പരിസര ബോധം വന്നതപ്പോഴാണ്.

ഞങ്ങള്‍ പിന്നെ പോയി ഊണു കഴിച്ചു അല്പ നേരത്തിനുള്ളില്‍ കൊടുങ്ങല്ലൂരിലേക്ക് തിരിച്ചു. ഹൈവേക്കു വീതി കുറവായതിനാല്‍ അല്പം വേഗം കുറച്ചേ ഓടിക്കാന്‍ പറ്റിയിരുന്നുള്ളു. വളവുകളും ട്രാഫിക്കും കൂടുതലായതു കൊണ്ട് കൂടുതല്‍ ശ്രദ്ധ റോഡില്‍ കൊടുക്കേണ്ടിയിരുന്നു. റോഡുകള്‍ ചെറിയ ചെറിയ ടൗണുകള്‍ക്കുള്ളിലൂടെ വളഞ്ഞു പുളഞ്ഞ് ഒരു നീളന്‍ മലമ്പാമ്പിനെപ്പോലെ. പുരാതന കാലങ്ങളില്‍ നദികള്‍ക്ക് സമീപത്ത് നഗരസംസ്‌കാരം ഉരുത്തിരുഞ്ഞു വന്നതു പോലെ നാഷണല്‍ ഹൈവേകള്‍ക്കിരുവശങ്ങളിലുമായി ആധുനിക കേരളം രൂപപ്പെട്ടു വരുന്നവരെ പോലെ തോന്നും.

മൂന്നു നാലു മണിയോടെ കൊടുങ്ങല്ലൂരെത്തി. രാഖി കൊടുങ്ങല്ലൂരമ്പലത്തില്‍ തൊഴാന്‍ പോണമെന്നു പറഞ്ഞതു കൊണ്ട് അവളെ ആദ്യം അവളുടെ

അമ്മാവന്റെ വീട്ടില്‍ ചെന്നാക്കി. അവള്‍ കുളിച്ച് വേഷം വാറി സാരിയുടുത്തു വന്നു. ഞാന്‍ ആരാണെന്ന ചോദ്യത്തിനു അവള്‍ എന്ത് മറുപടിയാണാവോ അമ്മാവനു കൊടുത്തത്. ഞാന്‍ ചോദിച്ചില്ല. അവള്‍ അതൊന്നും ഗൗരവമായി എടുത്തുമില്ല. പകരം അവന്റെ നക്ഷത്രം മാത്രം ചോദിച്ചു.

സെറ്റുസാരിയുടുത്തുവന്ന രാഖിയെ കണ്ടാല്‍ ഒരു ദേവിയെപ്പോലെ നവ വധുവിനെപ്പോലെ തോന്നിച്ചു. ഞാന്‍ അമ്പലമുറ്റത്തു നിന്നു രണ്ടുമുഴം മുല്ലപ്പൂ വാങ്ങിക്കൊടുത്തു. അതും ധരിച്ചു അമ്പലത്തിലേക്ക് പോയപ്പോള്‍ അവള്‍ കണ്‍ വെട്ടത്തു നിന്നും മറയും വരെ ഞാന്‍ നോക്കി നിന്നു. അവള്‍ ചെന്നതോടെ ക്ഷേത്രത്തിലെ വിളക്കുകള്‍ക്ക് ഒരു തെളിച്ചം വന്നതു പോലെ. വിശ്രമിക്കാന്‍ പോയ ദേവത തിരിച്ചു വന്നതോ… അല്പ നേരം നിറമാലയില്‍ നിന്ന് കണ്ണെടുക്കാനെനിക്കായില്ല. ഈ ക്ഷേത്രമുറ്റത്തല്ലേ പണ്ട് കളിച്ചു നടന്നിരുന്നത്. ഇവിടത്തെ താലപ്പൊലിക്കല്ലേ രാവിലെ മുതല്‍ രാത്രി വരെ ജലപാനം പോലുമില്ലാതെ കറങ്ങി നടന്നിരുന്നത്. എന്നിട്ടും ഈ നിറമാലക്ക് ഇത്ര ഭംഗിയും തേജസ്സുമുണ്ടെന്ന് ഇതുവരെ ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ.

അവിടെ നിന്നു പുറപ്പെട്ടപ്പോള്‍ ക്ഷേത്രത്തിന്റെ വിളക്കുകള്‍ അണഞ്ഞു തുടങ്ങിയിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്റെയൊപ്പമാണല്ലോ ദേവി.. ഞാന്‍ അതോര്‍ത്തു ചിരിച്ചു. രാഖി ചിരിയുടെ കാരണം ചോദിച്ചു.

”ഹേയ്, ഞാന്‍ കുരുംബക്കാവിലെ ദേവിയെ അടിച്ചോണ്ടു പോകുന്നതായി ഒരു ദിവാ സ്വപ്നം കണ്ടു.

”ദേ.. ദൈവദോഷം ഒ”ന്നും പറയല്ലേട്ടോ”.. അവള്‍ അല്പം സീരിയസ്സ്‌നെസ്സ് ഭാവിച്ചു. എന്റെ നെറ്റിയില്‍ പ്രസാദമായി കിട്ടിയ ചന്ദനം തൊട്ടു തന്നു.

”സത്യായിട്ടും രാഖി ക്ഷേത്രത്തില്‍ നിന്നിറങ്ങിയപ്പോള്‍ അവിടത്തെ ദേവിയും കൂടെ പോന്നോ എന്നു സംശയം”

അവള്‍ ചിരിച്ചു. അതിനൊപ്പം മഴയും

ഏഴുമണിയോടെ കാക്കനാടുള്ള എന്റെ ഫ്‌ലാറ്റിലെത്തി. വാച്ച് മാന്‍ ഓടി വന്നു താക്കോല്‍ തന്നിട്ട് പോയി. രാഖിയെ രണ്ടുമൂന്നുവട്ടം സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു അയാള്‍ . ഞാന്‍ വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ കമ്പനിയില്‍ നിന്ന് മുറിയൊക്കെ വൃത്തിയാക്കാന്‍ ആളെ വിട്ടിട്ടുണ്ടാവും. അവര്‍ കാര്യം കഴിഞ്ഞപ്പോള്‍ താക്കോല്‍ ഏല്പിച്ചു പോകുന്നതാണ്.

എട്ടാം നിലയിലാണു എന്റെ ഫ്‌ലാറ്റ്. ബാല്‍ക്കണിയില്‍ നിന്നു നോക്കിയാല്‍ തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം കാണാം. ആകാശത്ത് ഉദയസൂര്യന്‍ ഹോളി കളിച്ചതിന്റെ തെളിവുകള്‍ മാഞ്ഞു തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. അവള്‍ ബാല്‍ക്കണിയില്‍ വന്ന് എന്റെയൊപ്പം ചേര്‍ന്നു നിന്നു. ഇത്തവണ എനിക്ക് അവളെ ചേര്‍ത്തു പിടിക്കേണ്ടി വന്നില്ല. അവളുടെ മനസ്സില്‍ നിന്ന് ഭയം അപ്രത്യക്ഷമായപോലെ തോന്നി.

അടുക്കളയില്‍ എല്ലാം ഒരുക്കി വച്ചിരുന്നു. രാഖിയുടെ മുഖം പ്രസന്നമായിട്ടുണ്ട്.

ഞാന്‍ നേരത്തേ വിളിച്ചു പറഞ്ഞിരുന്നു മാനേജറെ, എല്ലാം ഒരുക്കി വക്കാന്‍. അല്ലെങ്കില്‍ അയാളുറ്റെ പ്രബേഷന്‍ പിര്യയ്ഡ് തീരുന്നതിനു മുന്‍പേ ഞാന്‍ പറഞ്ഞു വിട്ടേനേ. അവള്‍ റൂമില്‍ പോയി വസ്ത്രം മാറി വന്നു അടുക്കളയിലേക്ക് കയറി. കയറുന്നതിനു മുന്‍പ് അവള്‍ എന്നോട് സമ്മതം ചോദിക്കാനും മറന്നില്ല. ഞാന്‍ ഒരു ജാക്ക് ഡാനിയേലും പിടിപ്പിച്ച് ബാല്‍കണിയില്‍ ഇരുന്നു മഴയെ നോക്കി സ്വപ്നം നെയ്തുകൊണ്ടിരുന്നു. അടുക്കളയില്‍ നിന്ന് സാമ്പാറിന്റെ ഹൃദ്യമായ ഗന്ധം ഒഴുകിയെത്തി. അവള്‍ പാചകം അറിയാമെന്നു പറഞ്ഞപ്പോള്‍ ഇത്രയും കരുതിയിരുന്നില്ല.

എനിക്ക് ഡോക്റ്റര്‍ കാര്‍ത്തികേയന്റെ ഫോണ്‍ വന്നു. അപ്പോഴാണ് എനിക്ക് അക്കാര്യം ഓര്‍മ്മ വന്നത്. മദ്യപാനവും പുകവലിയും വിലക്കിയിട്ടുണ്ട്. അദ്ദേഹം പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. കുടുംബ സുഹൃത്താണ് കാര്‍ത്തികേയന്‍ ഡോക്റ്റര്‍. എന്റെ ഓന്‍കോളജിസ്റ്റിന്റെ സഹപാഠിയാണ്. അദ്ദേഹമാണ് എന്നെ ചികിത്സക്കായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെത്തിച്ചത്. പാവം എന്നേക്കാള്‍ കൂടുതല്‍ വിഷമിച്ചത് അദ്ദേഹമായിരുന്നിരിക്കണം. അല്ലെങ്കില്‍ എന്റെ കൂടെ അത്ര ദൂരം വരികയും ആശുപത്രിയില്‍ കൂടെയിരിക്കുകയും ഒക്കെ ചെയ്യുമോ. എനിക്ക് ഏറ്റവും നല്ല ചികിത്സ കിട്ടുന്നുണ്ട് എന്നുറപ്പു വരുത്താന്‍ അദ്ദേഹം ഇടക്കിടെ ആശുപത്രി മാനേജ്മന്റുമായും സംസാരിക്കുന്നുണ്ടായിരുന്നു. അച്ഛന്‍ ഇല്ലാത്തതിന്റെ വിഷമം അന്നാളില്‍ ഞാന്‍ അറിഞ്ഞതേ ഇല്ല.

ഞാന്‍ ഫോണ്‍ എടുത്തില്ല. എടുത്താല്‍ എനിക്ക് നല്ല ശകാരം കേള്‍ക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. ഞാന്‍ പയ്യെ രണ്ടാമത്തെ വിസ്‌കി കൂടെ ഒഴിച്ചു. ഐസ് കട്ടകള്‍ കൊണ്ട് ഗ്ലാസ്സ് നിറച്ചു. അടുക്കളയില്‍ നിന്ന് വന്നു കൊണ്ടിരുന്ന ആ പ്രത്യേക സുഗന്ധത്തെ ആസ്വദിച്ചു കൊണ്ടിരുന്നു.

ഒരു മൂളിപ്പാട്ടുപാടിക്കൊണ്ടിരിക്കുന്നതിനിടക്ക് രാഖി എന്റെ അടുത്തു വന്നു കുറച്ചു നേരം നിന്നു. ഞാന്‍ അവളുടെ കൈ പിടിച്ച് കൂടെ ഇരിക്കാന്‍ പറഞ്ഞെങ്കിലും അവള്‍ ഇരിക്കാന്‍ കൂട്ടക്കിയില്ല. അടുക്കളയില്‍ ദോശ ചുടാന്‍ വച്ചിരിക്കുകയാണത്രെ. പാട്ടുകേള്‍ക്കാന്‍ സംഗതികള്‍ ഒന്നുമില്ലേ എന്ന് ചോദിക്കാനായിരുന്നു അവള്‍ വന്നത്. എന്റെ മൂളിപ്പാട്ട് അത്ര അസഹനീയമായിരുന്നോ. ഞാന്‍ ഇടനാഴിയില്‍ വച്ചിരുന്ന വലിയ മൂസിക് സിസ്റ്റം ചുണ്ടിക്കാണിച്ച്ഉ കൊടുത്തു. അത് ഉപയോഗിച്ചിട്ട് ഒരുപാടുനാളായിരുന്നു.

വര്‍ക്ക് ചെയ്യുമോ ആവോ, ഞാന്‍ ഒരു നിസംഗതയോടെ പറഞ്ഞു.

ങും നോക്കട്ടെ. പഴയ ആറു സിഡി ചേഞ്ചര്‍ മൂസിക് സിസ്റ്റമാണ്. ഓണാക്കിയിട്ടെ കാലം കുറേ ആയിട്ടുണ്ട്.

അവള്‍ ആദ്യം പോയത് അടുക്കളയിലേക്കാണ് പിന്നീട് ഇടനാഴിയിലെത്തി പാട്ട് ശരിയാക്കിയെന്നു തോന്നുന്നു. തീരെ കുറഞ്ഞ ശബ്ദത്തില്‍ പാട്ടുകള്‍ കേള്‍ക്കാമായിരുന്നു. അവള്‍ മിടുക്കിയാണ് അഞ്ച് മിനിറ്റിനുള്ളില്‍ പുതിയ ഫോണിന്റെ നിയന്ത്രണങ്ങള്‍ പഠിച്ച ആളല്ലേ പാട്ടുപെട്ടിയൊക്കെ നിസാരമായിരിക്കണം. അല്പസമയത്തിനുള്ളില്‍ ജഗ്ജിത് സിങ്ങിന്റെ ഗസലുകള്‍ കേട്ടു തുടങ്ങി. അത്രയും നേരം അവള്‍ പാട്ടുകള്‍ തിരയുകയായിരുന്നു. ഗസലിന്റെ നൊമ്പരപ്പെടുത്തുന്ന സംഗീതം എനിക്ക് പണ്ട് വളരെ ഇഷ്ടമായിരുന്നു. ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടവന്റെ പ്രത്യേകിച്ച് പ്രണയവും സ്വന്തം മകനെയും വരെ നഷ്ടപ്പെട്ട ജഗ്ജിത് സിങ്ങിന്റെ വരികള്‍ക്ക് നമ്മുടെ മനസ്സില്‍ മായാത്ത പോറലേല്പിക്കാനാവുമെന്ന് തീര്‍ച്ചയാണ്. ഞാന്‍ ഒറ്റക്കായ നാളുകളില്‍ എന്റെ പ്രിയപ്പെട്ട ഗാനങ്ങള്‍ അവയായിരുന്നു. പക്ഷെ ഇന്നു ഞാന്‍ ഒറ്റക്കല്ലല്ലോ. എനിക്കു സ്‌നേഹിക്കാന്‍ എന്നെ പുണരാന്‍ ഒരാളെ

Leave a Reply

Your email address will not be published. Required fields are marked *