“പരമേശ്വരന്‍ തന്നെ ചെയ്യിച്ചതാകാന്‍ ആണ് സാധ്യത..വേറെ ആരാണ് നമ്മുടെ ശത്രു?”
റോയ് ആലോചനയോടെ പറഞ്ഞു. റീനയുടെ നേരെ നടന്ന ആക്രമണവും അവള്‍ രക്ഷപെട്ടതും രേണു ഫോണ്‍ ചെയ്ത് ഇരുവരെയും അറിയിച്ചിരുന്നു. ഒരു കാരണവശാലും പുറത്തിറങ്ങരുത് എന്നും ടോമിച്ചനും സംഘവും എല്ലായിടത്തും തിരച്ചില്‍ നടത്തുന്നുണ്ട് എന്നും അവള്‍ അവരെ ഓര്‍മ്മിപ്പിച്ചതിനാല്‍ ഒന്നും ചെയ്യാനാകാത്ത നിസ്സഹായത അവരെ അതിയായി അലട്ടുന്നുണ്ടായിരുന്നു.
“എന്റെയും സംശയം അതുതന്നെയാണ്. രാജീവിന്റെ വധത്തില്‍ നമുക്ക് പങ്കുണ്ടെന്നാണ് അയാളുടെ ധാരണ…പോലീസ് യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുന്ന നാള്‍വരെ അയാളുടെ കണ്ണില്‍ നമ്മള്‍ ആയിരിക്കും പ്രതികള്‍..അതിന്റെ പക നമ്മുടെ വീട്ടുകാരോടും അവന്‍ കാണിച്ചു തുടങ്ങിയതാണ്..എടാ അളിയാ സത്യത്തില്‍ നിനക്കിതില്‍ വല്ല മനസറിവും ഇക്കാര്യത്തില്‍ ഉണ്ടോ?” ശിവന്‍ സംശയത്തോടെ ചോദിച്ചു.
“അത് ശരി..അപ്പോള്‍ നിനക്കും എന്നെ വിശ്വാസമില്ലേ?”
“നമ്മള്‍ തമ്മില്‍ അന്ന് രാത്രി കണ്ടിരുന്നില്ലല്ലോ..നീ തെറ്റിദ്ധരിക്കരുത്…ഞാന്‍ ചുമ്മാ ചോദിച്ചെന്നെ ഉള്ളു….”
“ശിവാ നീ അറിയാത്ത വല്ല രഹസ്യവും എനിക്കുണ്ടോ…പിന്നെ നീ ഇങ്ങനെ സംസാരിച്ചാല്‍ എനിക്ക് വിഷമമാകും..”
“ഒരു രഹസ്യവുമില്ല എന്ന് നീ പറയരുത്..ഒരെണ്ണം ഉണ്ട്…സമയമാകുമ്പോള്‍ മാത്രം പറയാം എന്ന് നീ പറഞ്ഞ ആ രഹസ്യം..” കള്ളച്ചിരിയോടെ ശിവന്‍ പറഞ്ഞു.
“അതിനു മതിയായ കാരണമുണ്ട് എന്നും ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ…അത് വിട്…വീട്ടുകാരുടെ കാര്യം ഇങ്ങനെ അപകടത്തിലായാല്‍ നമ്മളെങ്ങനെ ഇവിടെ സമാധാനത്തോടെ ജീവിക്കും….”
“ആ ഹംസ എന്ന തൊലിയന്‍ പോലീസുകാരന്‍ ഞങ്ങളുടെ അയല്‍ക്കാരനാണ്..അയാളും നമ്മളെ തിരയുന്ന സ്ക്വാഡില്‍ അംഗമാണ്… അയാള്‍ ഇടയ്ക്കിടെ വീട്ടില്‍ ചെല്ലുന്നുണ്ടെന്ന് ഇന്നലെ വിളിച്ചപ്പോള്‍ അച്ഛന്‍ പറഞ്ഞിരുന്നു..അയാള്‍ ഒരു പക്കാ പെണ്ണുപിടിയന്‍ ആണ്..രാധയെ കാണാനാണ് അയാളുടെ സന്ദര്‍ശനം എന്നെനിക്ക് അറിയാം” ശിവന്‍ പല്ല് ഞെരിച്ചു.
“നീ വീട്ടിലേക്ക് ഫോണ്‍ ചെയ്തോ..” റോയ് ഞെട്ടലോടെ ചോദിച്ചു.
“എത്രയെന്നു കരുതിയാ അവരെ തീ തീറ്റിക്കുന്നത്..ഇന്നലെ ഒരു രണ്ടു മിനിറ്റ് നേരം ഞാന്‍ അവരോടോന്നു സംസാരിച്ചു….”
“എടാ നീ കാണിച്ചത് വലിയ അബദ്ധമാണ്..നമ്മുടെ വീടുകളിലെ ഫോണുകള്‍ പോലീസ് നിരീക്ഷണത്തില്‍ ആയിരിക്കും..അവിടേക്ക് വരുന്ന ഓരോ കോളും അവര്‍ പരിശോധിക്കും…മിക്കവാറും നമ്മള്‍ ഈ ഭാഗത്താണ് എന്ന് ഇതിനകം ടോമിച്ചനും സംഘവും അറിഞ്ഞു കാണാനാണ് വഴി…” റോയി ഭീതിയോടെ പറഞ്ഞു.
“ശരിയാണല്ലോ…ഛെ..ഞാന്‍ അതോര്‍ത്തില്ല…വേണ്ടായിരുന്നു..” ശിവന് അപ്പോഴാണ് തനിക്ക് പറ്റിയ അബദ്ധം മനസിലായത്. അവന്റെ സ്വരത്തില്‍ ഭയം നിഴലിച്ചിരുന്നു.
“ഈ ഫോണ്‍ സ്വിച്ചോഫ് ചെയ്തേക്കാം..ആവശ്യമുള്ളപ്പോള്‍ ഓണ്‍ ചെയ്‌താല്‍ മതി” വസീം നല്‍കിയ മൊബൈല്‍ സ്വിച്ചോഫ് ചെയ്ത് റോയ് മാറ്റി വച്ചു.
“നമ്മുടെ ലൊക്കേഷന്‍ അവര്‍
ക്ക് പിടികിട്ടിക്കാണും…ഇനി മിക്കവാറും ഇവിടെ അവന്മാര്‍ എത്തി തിരച്ചില്‍ തുടങ്ങും..നമ്മള്‍ അധികമൊന്നും പുറത്ത് പോയിട്ടില്ലാത്തതിനാല്‍ നാട്ടുകാര്‍ക്ക് നമ്മെ അറിയാന്‍ വഴിയില്ല..എന്നാലും സൂക്ഷിക്കണം. നമ്മളെ ഇവിടെ നിന്നും പിടികൂടിയാല്‍ അത് വസീം സാറിനെയും രേണു മാഡത്തെയും ദോഷമായി ബാധിക്കും…” ശിവന്‍ പറഞ്ഞു.
“അതെ..നമ്മള്‍ അഥവാ പിടിക്കപ്പെട്ടാലും അതിവിടെ വച്ചാകരുത്..” റോയ് ആലോചനയോടെ പറഞ്ഞു.
—–
“വസീമേ..ഞങ്ങള്‍ക്ക് രേണുവിനെ ഒന്ന് ചോദ്യം ചെയ്യണം…”
മുറിയിലേക്ക് കയറി വന്നു ടോമിച്ചന്‍ പറഞ്ഞത് കേട്ടപ്പോള്‍ വസീമിന്റെ ഉള്ളൊന്നു കാളി. അവര്‍ക്ക് വിവരം വല്ലതും ലഭിച്ചോ എന്നയാള്‍ സംശയിച്ചു.
“എന്താ കാര്യം?”
“റോയിയും ശിവനും രേണുവിന്റെ വീട്ടില്‍ ഇടയ്ക്കിടെ പോകുമായിരുന്നു എന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. അതെപ്പറ്റി അറിയാനാണ്..അവര്‍ ഒളിവില്‍ പോയതില്‍ രേണുവിന് ബന്ധം വല്ലതുമുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്”
