വസീം പുഞ്ചിരിച്ചു. പിന്നെ ബെല്ലില്‍ സ്വിച്ചമര്‍ത്തി. ഒരു പോലീസുകാരന്‍ വന്നു സല്യൂട്ട് നല്‍കി.
“രേണുവിനെ വിളിക്ക്..”
“സര്‍” അയാള്‍ തിരികെപ്പോയി.
“ചോദ്യം ചെയ്യല്‍ ഇവിടെ വച്ചല്ല..എന്റെ ഓഫീസില്‍ വച്ചായിരിക്കും..” ടോമിച്ചന്‍ പറഞ്ഞു.
“ഇവിടെ വച്ച് മതി..ഇയാള് ചെയ്യുന്ന പണി തന്നാ ഞാനും ചെയ്യുന്നത്”
വസീം അയാളെ രൂക്ഷമായി നോക്കിക്കൊണ്ട് പറഞ്ഞു. ടോമിച്ചന്‍ ഇഷ്ടമാകാത്ത മട്ടില്‍ ഒന്ന് മുരടനക്കി. അല്പം കഴിഞ്ഞപ്പോള്‍ രേണു ഉള്ളില്‍ കയറി വസീമിന് സല്യൂട്ട് നല്‍കി.
“എന്താ സര്‍” അവള്‍ ചോദിച്ചു.
“ഇയാള്‍ക്ക് രേണുവിനെ ചോദ്യം ചെയ്യണമെന്ന്..വിഷയം റോയി ആന്‍ഡ് ശിവന്‍” വസീം പറഞ്ഞു.
“ചോദിച്ചോ സര്‍..” രേണു ടോമിച്ചന് നേരെ തിരിഞ്ഞു പറഞ്ഞു.
“രേണു ഇരിക്ക്…” അയാള്‍ പറഞ്ഞു.
അവള്‍ അയാള്‍ക്കെതിരെ ഇരുന്നു. അവളുടെ തുടുത്ത മുഖത്തേക്ക് നോക്കിയപ്പോള്‍ ആത്മവിശ്വാസം കൈമോശം വരുന്നത് പോലെ ടോമിച്ചന് തോന്നി.
“റോയിയും ശിവനും നിങ്ങളുടെ വീട്ടില്‍ സ്ഥിര സന്ദര്‍ശകര്‍ ആയിരുന്നു എന്ന് ഞാനറിഞ്ഞു..എന്താണ് നിങ്ങളും അവരും തമ്മില്‍ ബന്ധം?”
ടോമിച്ചന്‍ അവളുടെ സൌന്ദര്യത്തില്‍ പതറുന്നുണ്ടായിരുന്നു എങ്കിലും സ്വരം ലേശം കടുപ്പിച്ച് ചോദിച്ചു.
“അവര്‍ സ്ഥിര സന്ദര്‍ശകര്‍ ആയിരുന്നില്ല. ജോണ്‍ അച്ചായനെ കാണാനാണ് അവരവിടെ ആദ്യം വന്നത്. വിഷയം ഗള്‍ഫില്‍ എന്തെങ്കിലും ജോലി തരപ്പെടുത്തുക എന്നതായിരുന്നു. അച്ചായന്‍ അവര്‍ക്ക് വിസിറ്റ് വിസ എടുത്ത് നല്‍കാമെന്ന് പറഞ്ഞതിന്റെ പേരില്‍ ചില ഡോക്യുമെന്റ്സ് നല്‍കാന്‍ വേണ്ടി രണ്ടോ മൂന്നോ തവണ അവരവിടെ വന്നിട്ടുണ്ട്” രേണു പറഞ്ഞു.
“ഞങ്ങള്‍ അറിഞ്ഞത്, ഈ അടുത്തിടെയും അതായത് ജോണ്‍ പോയ ശേഷവും അവരവിടെ വന്നു എന്നാണല്ലോ?”
“വന്നിരുന്നു..വിസ ശരിയായോ എന്നറിയാന്‍ വന്നതാണ്…”
“ഇടയ്ക്കിടെ ഉള്ള അവരുടെ സന്ദര്‍ശനം നിങ്ങളും അവരും തമ്മില്‍ ഒരു അടുപ്പം ഉണ്ടാക്കി എന്ന് ഞാന്‍ പറഞ്ഞാല്‍ രേണു നിരസിക്കുമോ?”
“ഇല്ല…”
“ഹും..ഈ തന്റേടം കൊള്ളാം..അവര്‍ ഒളിവില്‍ പോകാന്‍ രേണു സഹായിച്ചു എന്ന് കൂടി ഞാന്‍ പറഞ്ഞാല്‍..” ടോമിച്ചന്‍ അല്പം പരിഹാസം കലര്‍ത്തിയാണ് അത് ചോദിച്ചത്.
“അതിന്റെ കാരണം കൂടി സാറ് തന്നെ പറ..” രേണു തിരിച്ചടിച്ചു. വസീം അവളെ നോക്കി അര്‍ത്ഥഗര്‍ഭമായി ചിരിച്ചു.
“എങ്കില്‍ രേണു അറിഞ്ഞോ..ഞങ്ങള്‍ ഏറെക്കുറെ അവന്മാരുടെ താവളം മനസിലാക്കിക്കഴിഞ്ഞു…കൂടിയാല്‍ പന്ത്രണ്ടു മണിക്കൂര്‍..അതിനകം ടോമിച്ചന്റെ കൈയില്‍ അവന്മാര്‍ വീണിരിക്കും…അപ്പോഴും ഈ കാരണം എന്നോട് ചോദിക്കണം കേട്ടോ..ഇതേ ആത്മവിശ്വാസത്തോടെ..”
അയാള്‍ എഴുന്നേറ്റ് വസീമിനെയും അവളെയും ഒന്ന് ഇരുത്തി നോക്കിയ ശേഷം പുറത്തേക്ക് പോയി. രേണു തോളുകള്‍ മേലേക്ക് ഉയര്‍ത്തി ചുണ്ട് മലര്‍ത്തി വസീമിനെ നോക്കി. വസീമിന്റെ മുഖത്ത് പക്ഷെ ചെറിയ ആശങ്ക നിഴലിച്ചിരുന്നു.
“ബി കെയര്‍ഫുള്‍” വസീം ശബ്ദം തീരെ താഴ്ത്തി പറഞ്ഞു. രേണു തല കുലുക്കിയ ശേഷം പുറത്തിറങ്ങി.
രാത്രി പവിത്രാ ബാറിന്റെ വളപ്പില്‍ നിന്നും ഷാഫിയുടെ സ്കോര്‍പിയോ നിരത്തിലേക്ക് ഇറങ്ങി. വണ്ടിയുടെ ഉള്ളില്‍ അവനും അവന്റെ സ്ഥിരം ശിങ്കിടികളും ഉണ്ടായിരുന്നു. വാഹനം ഇരുള്‍ നിറഞ്ഞ വഴിയിലൂടെ പ്രകാശം പരത്തി മുന്‍പോട്ടു കുതിച്ചു. എല്ലാവരും നല്ല മദ്യലഹരിയില്‍ ആയിരുന്നു.
“അളിയാ സൂക്ഷിച്ചു പോണേ..നീ പണ്ടാരമടങ്ങാന്‍ ഒത്തിരി ഓവറാ……” വണ്ടി ഓടിക്കുകയായിരുന്ന ഷാഫിയോട് വേറൊരുത്തന്‍ കുഴഞ്ഞ ശബ്ദത്തില്‍ പറഞ്ഞു.
“ഭ കോപ്പേ..നിന്റെ തന്തയാടാ ഓവര്‍..ഒഴിക്കടാ ഒരെണ്ണം കൂടി..എന്റെ കപ്പാസിറ്റി ചോദ്യം ചെയ്യുന്നോടാ എരപ്പേ..” ഷാഫി വണ്ടി ശക്തമായി ബ്രേക്കിട്ടു നിര്‍ത്തി. അതിന്റെ ടയറുകള്‍ ഉരയുന്ന ശബ്ദം ഇരുട്ടില്‍ മാറ്റൊലിക്കൊണ്ടു.
“അളിയാ മതിയെടാ..ഇന്നിനി വേണ്ട..” മറ്റൊരുത്തന്‍ പറഞ്ഞു.
“എന്തായാലും ഒരെണ്ണം വിട്ടിട്ടേ പോകുന്നുള്ളൂ..എന്റെ കപ്പാസിറ്റി നിനക്കൊന്നും അറിയില്ല..ഇനീം പുല്ലുപോലെ ഒരു ഫുള്ള് പോകുമെടാ കാണണോ”
