കാലഭ്രംശം – 2 Likeഅടിപൊളി  

ഭയം എല്ലാവരിലും ഒരു പുതിയ ഊർജ്ജം നിറച്ചിരുന്നു. പെൺകുട്ടികൾ പോലും തളർച്ച വകവെക്കാതെ ജീപ്പ് ലക്ഷ്യമാക്കി വേഗത്തിൽ നടക്കാൻ തുടങ്ങി. എന്നാൽ സമയം കടന്നുപോയിക്കൊണ്ടിരുന്നു. കാട്ടുപാത അവസാനിക്കുന്നില്ല. ഞങ്ങൾ കുറെ ദൂരം പിന്നിട്ടിട്ടും ആ മഹീന്ദ്ര ജീപ്പിന്റെ യാതൊരു ലക്ഷണവും എങ്ങും കാണാനില്ല.

നടപ്പിന്റെ വേഗത കുറഞ്ഞുവന്നു. പെട്ടെന്ന് മുന്നിൽ നടന്നിരുന്ന രോഹിത് നിന്നു. അവൻ ചുറ്റുമുള്ള മരങ്ങളിലേക്കും ആ വഴിയിലേക്കും വല്ലാത്തൊരു സംശയത്തോടെ നോക്കി.

​”എന്താടാ… എന്ത് പറ്റി? എന്താ നീ നിൽക്കുന്നത്?”

വിശാഖ് അവനോട് ചോദിച്ചു.

​രോഹിത് ഞങ്ങൾക്ക് നേരെ തിരിഞ്ഞു. അവന്റെ മുഖത്ത് അതുവരെയില്ലാത്ത വലിയൊരു തിരിച്ചറിവിന്റെ ഞെട്ടലുണ്ടായിരുന്നു.

​”നിങ്ങളൊരു കാര്യം ശ്രദ്ധിച്ചോ?”

അവന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.

“നമ്മൾ തിരിച്ചു നടക്കാൻ തുടങ്ങിയിട്ട് കുറെ നേരമായില്ലേ? ആ സുഗന്ധഗിരി എന്ന് എഴുതിയ ഒരു ബോർഡ് മാത്രമല്ലേ നമ്മൾ ഇതുവരെ കണ്ടുള്ളൂ? മറ്റൊരു ബോർഡ് കൂടെ കാണേണ്ടതല്ലേ?”

​ആ ചോദ്യം കേട്ടതും ഞാൻ ഞെട്ടിത്തരിച്ചുപോയി.

​”അതെ…”

ദേവു പേടിയോടെ പറഞ്ഞു.

“ഇന്നലെ നമ്മൾ ഇങ്ങോട്ട് വന്നപ്പോൾ ആ രണ്ട് ബോർഡുകളും തമ്മിൽ വളരെ കുറച്ചു ദൂരത്തിന്റെ വ്യത്യാസമല്ലേ ഉണ്ടായിരുന്നുള്ളൂ? രണ്ടും സുഗന്ധഗിരി 5 കിലോമീറ്റർ എന്ന് തന്നെയായിരുന്നല്ലോ എഴുതിയിരുന്നത്. എന്നിട്ട് തിരിച്ചു പോകുമ്പോൾ രണ്ടാമത്തെ ബോർഡ് എവിടെപ്പോയി?”

ഞാൻ വേഗം എന്റെ ഇടതുകൈ ഉയർത്തി സ്മാർട്ട് വാച്ചിലെ സ്റ്റെപ്പ് കൗണ്ടറിലേക്ക് നോക്കി. ആ നമ്പറുകൾ കണ്ട് എന്റെ തലച്ചോറ് മരവിച്ചുപോയി.

​”രോഹിത് പറഞ്ഞത് ശരിയാ…”

ഞാൻ വിറയ്ക്കുന്ന സ്വരത്തിൽ പറഞ്ഞു.

“നമ്മൾ ആ ആദ്യത്തെ ബോർഡ് കണ്ടിട്ട് ഇപ്പോൾ കൃത്യം മൂന്ന് കിലോമീറ്റർ കഴിഞ്ഞിരിക്കുന്നു! ഇന്നലെ ഇങ്ങോട്ട് വന്നപ്പോൾ ആ രണ്ട് ബോർഡുകൾ തമ്മിൽ വെറും

രണ്ട് കിലോമീറ്റർ വ്യത്യാസമേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ രണ്ടാമത്തെ ബോർഡ് നമ്മൾ എപ്പോഴേ കടന്നുപോകേണ്ടതാണ്!”

​”എന്തൊക്കെയാ ഇവിടെ നടക്കുന്നത്? എല്ലാം ഒരുമാതിരി വിചിത്രമായ കാര്യങ്ങളാണല്ലോ!”

വിശാഖ് ദേഷ്യവും നിരാശയും സഹിക്കാൻ കഴിയാതെ ഉറക്കെ വിളിച്ചുപറഞ്ഞു.

“ഇങ്ങോട്ട് വന്നപ്പോൾ കണ്ട ബോർഡ് തിരിച്ചുപോകുമ്പോൾ എവിടെപ്പോയി? ഈ കാട് നമ്മളെ വട്ടംചുറ്റിക്കുകയാണോ?”

​യുക്തിക്ക് യാതൊരു സ്ഥാനവുമില്ലാത്ത ഏതോ ഒരു ഭ്രാന്തൻ ലോകത്താണ് ഞങ്ങളെന്ന് ഒന്നുകൂടി ഉറപ്പിക്കുകയായിരുന്നു. മുന്നോട്ട് പോകുമ്പോൾ ഉള്ള ബോർഡ് തിരിച്ചു വരുമ്പോൾ ഇല്ലാതാകുന്നു! ദൂരങ്ങൾ അപ്രത്യക്ഷമാകുന്നു! നമ്മൾ നടന്നുകയറിയത് വെറുമൊരു കാട്ടിലേക്കല്ല, മറിച്ച് പുറത്തുകടക്കാൻ കഴിയാത്ത അദൃശ്യമായ ഏതോ ഒരു ഗണിതശാസ്ത്ര സമവാക്യത്തിലേക്കാണെന്ന് എനിക്ക് തോന്നി. മഴ പെയ്യാൻ തുടങ്ങുന്നതിന് മുൻപേ തന്നെ ഭയം കൊണ്ട് ഞങ്ങൾ എല്ലാവരും വിയർത്തു കുളിച്ചിരുന്നു. ഒരടി പോലും മുന്നോട്ട് വെക്കാൻ കഴിയാതെ, ഇനിയെന്ത് എന്നറിയാതെ ആ ശൂന്യതയിൽ ഞങ്ങൾ തറഞ്ഞുനിന്നു.

അപ്രത്യക്ഷമായ ആ ബോർഡിനെക്കുറിച്ച് ആലോചിച്ചു നിന്ന ആ നിമിഷങ്ങളിൽ, ഈ കാട് വെറുമൊരു മരക്കൂട്ടമല്ലെന്നും, ഭയപ്പെടുത്തുന്ന വല്ലാത്തൊരു നിഗൂഢതയിലേക്കുള്ള വാതിലാണെന്നും ഞങ്ങൾക്ക് പൂർണ്ണമായി മനസ്സിലായി. നമ്മൾ നിൽക്കുന്നത് പ്രകൃതിയുടെ നിയമങ്ങളൊന്നും ബാധകമല്ലാത്ത ഒരു അജ്ഞാത ലോകത്താണ്!

​ആ ഭയാനകമായ തിരിച്ചറിവിൽ എല്ലാവരും തറഞ്ഞുനിൽക്കുമ്പോൾ, രോഹിത് ആ നിശബ്ദതയെ ഭേദിച്ചു.

​”ഗയ്സ്… നമ്മൾ ഇവിടെ ഇങ്ങനെ നിന്നിട്ട് എന്താ കാര്യം?”

അവൻ നിരാശയോടെ ചോദിച്ചു.

“ഇതൊരു സാധാരണ കാടല്ല എന്ന് നമുക്കെല്ലാവർക്കും മനസ്സിലായല്ലോ. പക്ഷെ ഇങ്ങനെ പേടിച്ചു നിന്നാൽ എങ്ങനെയാ മുന്നോട്ട് പോവുക? വേറെ വഴിയില്ലല്ലോ നമുക്ക്… മുന്നോട്ട് തന്നെ നടക്കാം.”

​”രോഹിത് പറഞ്ഞതാ ശരി,”

ഞാൻ അവനെ ശരിവെച്ചുകൊണ്ട് ബാക്കിയുള്ളവരോടായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *