പോകും. എനിക്കിപ്പോ എന്റെ കാലുകൾ നിലത്താണോ എന്ന് പോലും സംശയമാ,”
വലിയൊരു മരവേര് ചാടിക്കടക്കുന്നതിനിടയിൽ കിതച്ചുകൊണ്ട് രോഹിത് പറഞ്ഞു.
”നിന്റെയീ കിതപ്പും കോപ്രായവും കണ്ടാൽ വല്ല പുലി വന്നാൽ പോലും ചിരിച്ചു ചിരിച്ചു വഴിമാറിപ്പോകും,”
തൊട്ടുപിന്നാലെ നടന്ന വിശാഖ് അവനെ കളിയാക്കി.
”എന്തായാലും ഒരു കാര്യം നന്നായി,”
മാളവിക തന്റെ ഷാൾ ഒന്നുകൂടി വട്ടംചുറ്റുന്നതിനിടയിൽ പറഞ്ഞു.
“ജിമ്മിൽ പോയി കഷ്ടപ്പെടാതെ തന്നെ ഒറ്റ ദിവസം കൊണ്ട് എന്റെ ഒരു അഞ്ചു കിലോ കുറഞ്ഞുകിട്ടി. ഈ ട്രിപ്പ് പ്ലാൻ ചെയ്തവനോട് എനിക്ക് ശരിക്കും നന്ദിയുണ്ട്.”
”ആ നന്ദി നീ വാക്കാൽ പറഞ്ഞാൽ പോരാ, നമ്മൾ നാട്ടിലെത്തുമ്പോൾ എനിക്ക് ബിരിയാണി വാങ്ങി തരണം,”
എന്ന് വിശാഖ് പറഞ്ഞപ്പോൾ കാടിന്റെ നിശബ്ദതയെ ഭേദിച്ച് എല്ലാവരും ഒന്നു ചിരിച്ചു.
ആ ചിരിയിൽ അവരുടെ ക്ഷീണം കുറച്ചെങ്കിലും മാറിയതുപോലെ എനിക്ക് തോന്നി.
ചിരിയും സംസാരവുമായി വീണ്ടും കുറച്ചു ദൂരം കൂടി മുന്നോട്ട് നടന്നു. പെട്ടെന്നാണ് മുന്നിൽ നടന്ന കാവ്യ എന്തോ കണ്ട് വലിയ ആവേശത്തോടെ അലറിയത്.
”ദേ… അവിടെ നോക്കിക്കേ!”
അവൾ ചൂണ്ടിയ ഭാഗത്തേക്ക് ഞങ്ങൾ എല്ലാവരും നോക്കി. കുറച്ചകലെയായി, കാടുപിടിച്ചു കിടക്കുന്ന വലിയൊരു കമാനവും അതിന് മുകളിലായി പകുതി തുരുമ്പിച്ച ഒരു വലിയ ഇരുമ്പുബോർഡും! പച്ചപ്പായൽ പിടിച്ചു കിടക്കുന്ന ആ ബോർഡിലെ അക്ഷരങ്ങൾ ഞാൻ കഷ്ടപ്പെട്ട് വായിച്ചെടുത്തു.
’സിൽവർവുഡ് എസ്റ്റേറ്റ് – സ്വാഗതം’
ആ പേര് വായിച്ചതും എല്ലാവരുടെയും മുഖത്ത് വലിയൊരു ആശ്വാസം പടർന്നു. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് കയറി വന്നതുപോലൊരു സന്തോഷം.
”നമ്മൾ എത്തി അശ്വിൻ!”
ദേവു സന്തോഷം കൊണ്ട് എന്റെ കൈകളിൽ ഇറുകെ പിടിച്ചു. അവളുടെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു.
“ഇനി പേടിക്കാനൊന്നുമില്ലല്ലോ.”
”ഇല്ല ദേവൂ… നമ്മൾ എത്തി,”
ഞാനും വലിയൊരു ദീർഘനിശ്വാസം വിട്ടു.
”അപ്പൊ ഞാൻ പറഞ്ഞത് ശരിയല്ലേ? രാത്രി വഴിമാറി നടന്നതുകൊണ്ടാണ് നമ്മൾ കാട്ടിൽ പെട്ടുപോയത്. ദാ, എസ്റ്റേറ്റ് നമ്മുടെ മുന്നിൽ നിൽക്കുന്നു,”
അഭിമാനത്തോടെ വിശാഖ് എല്ലാവരെയും നോക്കി പറഞ്ഞു.
അവൻ ബാഗ് തോളിലൊന്ന് ശരിയാക്കിയിട്ട് ആ കമാനത്തിന് അടുത്തേക്ക് വേഗത്തിൽ നടന്നു. അവന് പിന്നാലെ വലിയൊരു ആശ്വാസത്തോടെ ഞങ്ങളും.
ആ കമാനവും കടന്ന്, വഴിയിലെ വലിയ കാട്ടുചെടികൾ വകഞ്ഞുമാറ്റി ഞങ്ങൾ മുന്നോട്ടേക്ക് കയറി. ബംഗ്ലാവിന്റെയോ മറ്റോ ഗേറ്റ് കാണാം എന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. പക്ഷെ… അവിടെ കണ്ട കാഴ്ച ഞങ്ങളുടെ തലച്ചോറിനെ അക്ഷരാർത്ഥത്തിൽ മരവിപ്പിച്ചു കളഞ്ഞു.
”ഇതെവിടെയാ…ഈ കുണ്ണ എസ്റ്റേറ്റ്?”
വിശാഖിന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. അവൻ ചുറ്റും വട്ടംകറങ്ങി നോക്കി.
അവിടെ ഒന്നുമില്ലായിരുന്നു! ഒരു കെട്ടിടം പോലുമില്ല. എന്തിന്, ഒരു പഴയ കെട്ടിടം നിന്നിരുന്നതിന്റെ യാതൊരു അടയാളങ്ങളും അവിടെയില്ല.
ആ കമാനം കഴിഞ്ഞാൽ പിന്നെയും കാണുന്നത് അതികഠിനമായ, വെളിച്ചം പോലുമെത്താത്ത കൊടുംകാടാണ്. ഒരു ബോർഡ്
സ്ഥാപിക്കാൻ വേണ്ടി മാത്രം ആരോ വെട്ടിത്തെളിച്ചതുപോലൊരു ചെറിയ ഇടം… അതിനപ്പുറം വലിയ മരങ്ങളും വള്ളിക്കുടിലുകളും മാത്രം!
രോഹിത് ഭ്രാന്തനെപ്പോലെ മുന്നോട്ട് ഓടി, കാട്ടുചെടികൾക്കിടയിലൂടെ നോക്കി.
“ഒന്നുമില്ലടാ! വെറും കാട്! നമ്മൾ എവിടെയാ ഈ വന്നു നിൽക്കുന്നത്?”
സന്തോഷം കൊണ്ട് വിടർന്ന എല്ലാവരുടെയും മുഖം നിമിഷനേരം കൊണ്ട് വിളറിവെളുത്തു.
”പിന്നെ… പിന്നെ എന്തിനാ ഇവിടെ ഇങ്ങനെ ഒരു ബോർഡ് വെച്ചിരിക്കുന്നത്? ഇല്ലാത്തൊരു എസ്റ്റേറ്റിലേക്ക് ആർക്കാ സ്വാഗതം?”
മാളവികയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകാൻ തുടങ്ങിയിരുന്നു.
എനിക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. പകൽവെളിച്ചം പോലും ഞങ്ങളെ ചതിച്ചതുപോലെ.
ഒരു മരുഭൂമിയിൽ ദാഹിച്ചു വലഞ്ഞവന് മുന്നിൽ തോന്നുന്ന മരീചിക പോലെ, ഈ കാട് ഞങ്ങളെ വീണ്ടും വീണ്ടും പരീക്ഷിക്കുകയാണ്. അവിടെ എസ്റ്റേറ്റ് എന്നൊരു സംഭവം ഉണ്ടായിട്ടേയില്ല. ആ കമാനവും ബോർഡും ഒക്കെ എന്തിനുവേണ്ടി നിർമ്മിച്ചതാണെന്ന് ചിന്തിക്കാൻ പോലും എന്റെ യുക്തിക്ക് കഴിയുന്നുണ്ടായിരുന്നില്ല.
