മുഖത്തേക്ക് വീണ നേർത്തൊരു ചൂടാണ് എന്നെ ഉണർത്തിയത്. കണ്ണ് തുറക്കുമ്പോൾ, കാടിന്റെ മേൽക്കൂര ഭേദിച്ച് ഇലകൾക്കിടയിലൂടെ സൂര്യപ്രകാശത്തിന്റെ ചെറിയൊരു കിരണം എന്റെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു. ഇന്നലത്തെ ആ ഭീകരമായ രാത്രി കഴിഞ്ഞിരിക്കുന്നു! പകൽവെളിച്ചം കാടിന് കുറച്ചുകൂടി ശാന്തത നൽകിയതുപോലെ തോന്നി. കോടമഞ്ഞിന്റെ കട്ടി കുറഞ്ഞിട്ടുണ്ട്.
ഞാൻ പതുക്കെ എഴുന്നേറ്റു. എന്റെ തോളിൽ ചാരി കിടന്നുറങ്ങുകയായിരുന്ന ദേവു ഉണരാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. പക്ഷെ കരിയിലകൾ ഞെരിഞ്ഞമർന്ന ശബ്ദം കേട്ട് അവളും കണ്ണുകൾ തുറന്നു. തണുപ്പുകൊണ്ട് അവളുടെ
ചുണ്ടുകൾ വിളറിയിരുന്നു.
”നേരം വെളുത്തോ…”
അവൾ കണ്ണുകൾ തിരുമ്മിക്കൊണ്ട് പതുക്കെ ചോദിച്ചു.
”ഉം… വെളുത്തു. ബാക്കിയുള്ളവരെ കൂടെ എഴുന്നേൽപ്പിക്ക്, നമുക്ക് വേഗം നടന്നു തുടങ്ങാം,”
ഞാൻ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു.
ഞങ്ങൾ എല്ലാവരെയും വിളിച്ചുണർത്തി. മരവിച്ച ശരീരവും വെച്ചുകൊണ്ട് ഓരോരുത്തരായി എഴുന്നേറ്റു.
ഇന്നലത്തെ ക്ഷീണവും പേടിയും എല്ലാവരുടെയും മുഖത്ത് ഇപ്പോഴുമുണ്ട്. ദേവു ബാഗിൽ ബാക്കിയുണ്ടായിരുന്ന കുറച്ചു ആപ്പിളും ഓറഞ്ചും പുറത്തെടുത്തു.
എല്ലാവർക്കും അത് തുല്യമായി വീതിച്ചു നൽകി. വിശന്നു വലഞ്ഞ ആ സമയത്ത് അത് കഴിച്ചപ്പോൾ ശരീരത്തിന് ചെറിയൊരു ഉന്മേഷം കിട്ടിയതുപോലെ തോന്നി.
ആപ്പിൾ കടിച്ചുതിന്നുന്നതിനിടയിൽ കാവ്യ ദേഷ്യത്തോടെ ചുറ്റും നോക്കി.
“ഏത് കഷ്ടകാലത്തിനാണോ എന്തോ ഈ കാട്ടിലേക്ക് തന്നെ വരാൻ തോന്നിയത്! വല്ല ഗോവയിലോ മറ്റോ പോയിരുന്നെങ്കിൽ ഇപ്പോ അടിച്ചുപൊളിച്ചു നടക്കാമായിരുന്നു. ഇതിപ്പോ ജീവൻ തിരിച്ചു കിട്ടുമോ എന്ന് പോലും ഉറപ്പില്ലാത്ത അവസ്ഥയായി.”
”അതെ, പ്ലാൻ ചെയ്തപ്പോൾ എല്ലാവർക്കും വയനാട് മതി, കാട് മതി എന്നായിരുന്നല്ലോ,”
അവൾക്ക് പിന്തുണയുമായി മാളവികയും പറഞ്ഞു.
“ഇതിലും ഭേദം വീട്ടിൽ വെറുതെ ഇരിക്കുന്നതായിരുന്നു. ഇങ്ങനെയൊരു പട്ടിപ്പണി കിട്ടുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.”
അത് കേട്ടപ്പോൾ മുന്നോട്ട് നടക്കാൻ തയ്യാറെടുക്കുകയായിരുന്ന രോഹിത് തിരിഞ്ഞുനിന്നു.
“എടീ… നമ്മൾ ആരും വണ്ടി കേടാകുമെന്നോ, വഴി തെറ്റുമെന്നോ വിചാരിച്ചല്ലല്ലോ ഇറങ്ങിയത്. ഗോവയിൽ പോയാലും പ്രശ്നങ്ങൾ വരില്ല എന്ന് എന്താ ഉറപ്പ്? ഇപ്പോ നടന്നത് നടന്നു, ഇനി അതിനെപ്പറ്റി പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ?”
”അവൻ പറഞ്ഞതാ ശരി,”
വിശാഖ് ബാഗ് തോളിലിട്ടുകൊണ്ട് പറഞ്ഞു.
“ഇന്നലെ ഇരുട്ടായതുകൊണ്ടാണ് നമുക്ക് വഴി പിടികിട്ടാഞ്ഞത്. പകൽ വെളിച്ചം ഉള്ളതുകൊണ്ട് ഇനി വലിയ കുഴപ്പമില്ല. നമ്മൾ ഇന്നലെ രാത്രി നടന്നത് ഈ കാടിന്റെ ഉള്ളിലേക്കാണോ അതോ എസ്റ്റേറ്റിലേക്കാണോ എന്ന് ഈ വെളിച്ചത്തിൽ നോക്കിയാൽ മനസ്സിലാകുമല്ലോ.”
”എന്തായാലും എല്ലാവരും വേഗത്തിൽ നടക്കാൻ നോക്ക്. നമ്മൾ വിചാരിക്കുന്നതിലും വലിയൊരു കാടാണിത്. വെളിച്ചം പോകുന്നതിന് മുൻപ് നമുക്ക് ആ എസ്റ്റേറ്റിലോ അല്ലെങ്കിൽ വല്ല റോഡിലോ എത്തിപ്പെടണം,”
ഞാൻ എല്ലാവർക്കുമായി ഒരു നിർദേശം നൽകി.
പകൽവെളിച്ചം തന്ന ആ ചെറിയ ധൈര്യത്തിൽ ഞങ്ങൾ വീണ്ടും ആ മൺപാതയിലൂടെ നടക്കാൻ തുടങ്ങി. എന്നാൽ, ഓരോ ചുവടുവെക്കുമ്പോഴും ആ കാട് പുതിയ നിഗൂഢതകളിലേക്ക് ഞങ്ങളെ ക്ഷണിക്കുകയാണെന്ന് അപ്പോൾ ഞങ്ങൾ അറിഞ്ഞിരുന്നില്ല. പച്ചിലകൾക്കിടയിലൂടെ അരിച്ചെത്തുന്ന വെളിച്ചത്തിൽ പോലും ആ കാടിന്റെ നിശബ്ദത ഞങ്ങളെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു..
പകൽ വെളിച്ചത്തിന് വലിയൊരു കഴിവുണ്ട്, എത്ര വലിയ പേടിയെയും അത് താൽക്കാലികമായെങ്കിലും മറച്ചുപിടിക്കും. വെളിച്ചം വീണതോടെ ആ കാട്ടുപാതയിലൂടെയുള്ള ഞങ്ങളുടെ നടത്തത്തിന് ചെറിയൊരു ആവേശം കൈവന്നിരുന്നു. ഇന്നലത്തെ ഭയം മാറി, കൂട്ടുകാർക്കിടയിലെ ആ പഴയ തമാശകൾ വീണ്ടും പുറത്തുവന്നു തുടങ്ങി.
”ഇങ്ങനെ കുറച്ചുദൂരം കൂടി നടന്നാൽ, അടുത്ത ഒളിമ്പിക്സിൽ നടപ്പുമത്സരത്തിന് ഇന്ത്യയെ പ്രതിനിധീകരിച്ച് ഞാൻ
