അപ്പോഴാണ് സമയത്തെക്കുറിച്ച് ഞാൻ ഓർത്തത്. എത്ര നേരമായി നമ്മൾ ഈ നടപ്പ് തുടങ്ങിയിട്ട്! ഞാൻ വാച്ചിലെ ബട്ടൺ അമർത്തി. തിളങ്ങുന്ന സ്ക്രീനിലെ സമയം കണ്ട് ഞാൻ ഞെട്ടി.
”എടാ… എട്ട് മണി കഴിഞ്ഞു!”
”എട്ട് മണിയോ?”
രോഹിത് തിരിഞ്ഞു നോക്കി.
“അപ്പൊ നമ്മൾ മണിക്കൂറുകളായി ഈ ഒരൊറ്റ വഴിയിലൂടെ നടക്കുകയാണോ?”
കോടമഞ്ഞും കാടിന്റെ വന്യതയും കാരണം നേരത്തെ തന്നെ ഇരുട്ട് വീണതുകൊണ്ട് സമയം പോയത് ആരും അറിഞ്ഞിരുന്നില്ല. ഇനിയും നിന്നാൽ ശരിയാകില്ല എന്ന് മനസ്സിലായതോടെ ഞങ്ങൾ നടത്തത്തിന്റെ വേഗത കൂട്ടി. പക്ഷെ സമയം വല്ലാതെ ഇഴഞ്ഞു നീങ്ങുന്നതുപോലെ എനിക്ക് തോന്നി. ഓരോ കാൽവെപ്പിലും ശരീരത്തിന്റെ ഭാരം കൂടിക്കൂടി വന്നു.
എത്ര നടന്നിട്ടും വഴി അവസാനിക്കുന്നില്ല, ആ എസ്റ്റേറ്റ് ബംഗ്ലാവിന്റെ ഒരു ലക്ഷണം പോലും എങ്ങും കാണാനുമില്ല.
പെട്ടെന്ന് പുറകിൽ നിന്ന് വലിയൊരു ദീർഘനിശ്വാസത്തോടെ മാളവിക താഴെ കരിയിലകളിലേക്ക് ഇരുന്നു.
”എന്നെക്കൊണ്ട് ഇനി വയ്യ… ഒരടി പോലും മുന്നോട്ട് വെക്കാൻ എന്റെ കാലിൽ ജീവനില്ല,”
അവൾ കിതച്ചുകൊണ്ട് പറഞ്ഞു.
അവൾക്ക് പിന്നാലെ കാവ്യയും അവിടേക്ക് തന്നെ തളർന്നിരുന്നു. ശരിയാണ്, എല്ലാവരും വല്ലാതെ തളർന്നിട്ടുണ്ട്. വിശപ്പും ദാഹവും അതിനൊപ്പം പേടിയും ഞങ്ങളുടെ ഊർജ്ജം മുഴുവൻ ചോർത്തിക്കളഞ്ഞിരുന്നു.
”അവൾ പറയുന്നതാ ശരി. ഇനിയും നമ്മൾ ഈ ഇരുട്ടത്ത് ഇങ്ങനെ
അലയുന്നത് ബുദ്ധിയല്ല,”
രോഹിത് തന്റെ ബാഗ് താഴെ വെച്ചുകൊണ്ട് പറഞ്ഞു.
“ഇന്ന് രാത്രി നമുക്ക് ഇവിടെ എവിടെയെങ്കിലും വിശ്രമിക്കാം. നന്നായിട്ടൊന്ന് നേരം വെളുത്തിട്ട്, നാളെ അതിരാവിലെ തന്നെ യാത്ര തുടരുന്നതല്ലേ നല്ലത്?”
”ഈ കൊടുംകാട്ടിൽ രാത്രി കിടന്നുറങ്ങാനോ?”
വിശാഖിന്റെ ശബ്ദത്തിൽ വലിയൊരു ഭയമുണ്ടായിരുന്നു.
“വല്ല കാട്ടുമൃഗങ്ങളും വന്നാൽ നമ്മൾ എന്ത് ചെയ്യും? ഈ ഇരുട്ടിൽ നമുക്ക് ഓടാൻ പോലും കഴിയില്ല.”
”പിന്നെ നമ്മൾ എന്ത് ചെയ്യാനാ? ദാ, ഇവരെക്കൊണ്ട് ഇനി നടക്കാൻ പറ്റില്ല. നമ്മൾ നടന്നു നടന്നു ഈ കാടിന്റെ കൂടുതൽ ഉള്ളിലേക്കാണോ പോകുന്നതെന്ന് പോലും ഉറപ്പില്ല,”
ഞാൻ ഇടയ്ക്കു കയറി പറഞ്ഞു.
“രോഹിത് പറഞ്ഞതാ ശരി. ഇവിടെ നിൽക്കുന്നതാകും ഇപ്പോൾ സുരക്ഷിതം. എല്ലാവരും ഒരുമിച്ച് ഒരിടത്ത് നിന്നാൽ മതി.”
ദേവുവും അതിനോട് യോജിച്ചു.
“അശ്വിൻ പറയുന്നതാ ശരി. എനിക്കും തീരെ വയ്യ… നമുക്ക് ഇവിടെ എവിടെയെങ്കിലും ഇരിക്കാം.”
വേറെ വഴിയില്ലാത്തതുകൊണ്ട് ഒടുവിൽ വിശാഖും സമ്മതിച്ചു. മൊബൈൽ വെളിച്ചത്തിൽ ഞങ്ങൾ ചുറ്റും ഒന്ന് നോക്കി. പാതയുടെ അരികിൽ തന്നെ വലിയ വേരുകളുള്ള, പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു വൻമരമുണ്ടായിരുന്നു. ആ വലിയ വേരുകൾക്കിടയിലെ സുരക്ഷിതമായ ഒരു ഭാഗം ഞങ്ങൾ ഈ രാത്രി കഴിച്ചുകൂട്ടാനായി തിരഞ്ഞെടുത്തു.
കരിയിലകൾ വകഞ്ഞുമാറ്റി, ഞങ്ങൾ ആറുപേരും പരസ്പരം ചേർന്നിരുന്നു. തണുപ്പ് അരിച്ചിറങ്ങാതിരിക്കാൻ പെൺകുട്ടികൾ ഷാൾ ഒന്നുകൂടി വലിച്ചു പുതച്ചു. കാടിന്റെ ഭയാനകമായ ആ നിശബ്ദതയിൽ, ഞങ്ങളുടെ ശ്വാസോച്ഛ്വാസം മാത്രമാണ് ആകെ കേൾക്കാനുണ്ടായിരുന്നത്.
എന്റെ വലതുവശത്ത് എന്റെ തോളിലേക്ക് തലചായ്ച്ച് ദേവു കണ്ണുകളടച്ചിരുന്നു. അവൾ വല്ലാതെ തളർന്നിട്ടുണ്ട്. എന്റെ ഇടതുവശത്തായി രോഹിത്തും വിശാഖും മരത്തിൽ ചാരിയിരിപ്പുണ്ട്. കാവ്യയും മാളവികയും പരസ്പരം ചേർന്ന് ഉറങ്ങാനുള്ള ശ്രമത്തിലാണ്. ആർക്കും പെട്ടെന്ന് ഉറക്കം വരുന്നുണ്ടായിരുന്നില്ല, എന്നാലും ക്ഷീണം കാരണം എല്ലാവരുടെയും കണ്ണുകൾ അടഞ്ഞുതുടങ്ങി.
ഞാൻ പതുക്കെ എന്റെ ഇടതുകൈ ഉയർത്തി. കൂരിരുട്ടിൽ എന്റെ സ്മാർട്ട് വാച്ചിന്റെ ഡയൽ മാത്രം ഒരു ചെറിയ വെളിച്ചത്തിൽ തിളങ്ങി. സമയത്തിന് താഴെ, അതിലെ തീയതി തെളിഞ്ഞുവന്നു.
’05 മെയ് 2026’
ഈ കാടിന്റെ അസാധാരണത്വങ്ങൾക്കിടയിൽ അതൊരു ചെറിയ ആശ്വാസമായിരുന്നു. സമയം അതിന്റെ വഴിക്ക് തന്നെയാണല്ലോ എന്നോർത്ത് എപ്പോഴോ ഞാനും ആ വലിയ മരവേരുകൾക്കിടയിൽ മയങ്ങിപ്പോയി.
