കാലഭ്രംശം – 2 Likeഅടിപൊളി  

ആ ഒരു ബോർഡ് തന്ന ആശ്വാസം ചെറുതല്ലായിരുന്നു. എല്ലാവരുടെയും മുഖത്ത് വീണ്ടും പ്രതീക്ഷയുടെ വെളിച്ചം വീണുതുടങ്ങി.

കാലുകളിലെ വേദനയൊക്കെ മറന്ന് ഞങ്ങൾ വീണ്ടും ജീപ്പ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.

​നടക്കുന്നതിനിടയിൽ, ഇനി എന്താണ് ചെയ്യേണ്ടതെന്ന ചിന്തയായിരുന്നു എല്ലാവർക്കും.

​”നമ്മൾ ജീപ്പിന്റെ അടുത്തെത്തിയാൽ ഉടനെ ഞാൻ ഒന്നൂടെ വണ്ടി സ്റ്റാർട്ട് ചെയ്തു നോക്കാം,”

വിശാഖ് തന്റെ പ്ലാൻ പറഞ്ഞു തുടങ്ങി.

“ഇന്നലെ രാത്രി മുഴുവൻ എൻജിൻ ഓഫ് ആയി കിടന്നതല്ലേ. ചിലപ്പോൾ തണുത്തതുകൊണ്ട് ബാറ്ററിക്ക് ചെറിയൊരു ചാർജ് കിട്ടിയിട്ടുണ്ടാകും. വണ്ടി ഓൺ ആയാൽ ഒറ്റയടിക്ക് നമുക്ക് ലക്കിടി ടൗണിലേക്ക് വിടാം.”

​”ഇനിയിപ്പോ അങ്ങനെ വണ്ടി സ്റ്റാർട്ട് ആയില്ലെങ്കിലോ?”

ദേവു ചോദിച്ചു.

​”സ്റ്റാർട്ട് ആയില്ലെങ്കിൽ നമ്മൾ ഒരു നിമിഷം പോലും അവിടെ നിൽക്കുന്നില്ല,”

രോഹിത് വളരെ ഉറപ്പിച്ചു തന്നെ പറഞ്ഞു.

“നേരെ വന്ന വഴിയിലൂടെ നമ്മൾ ലക്കിടിയിലേക്ക് നടക്കും. ആ കോലിച്ചാൽ പിന്നിട്ടാൽ പിന്നെ പേടിക്കാനില്ല. ആ ചായക്കടക്കാരൻ ചേട്ടനെങ്കിലും ചിലപ്പോ നമ്മളെ സഹായിക്കാൻ അവിടെ കാണും.”

​”അതെ, വണ്ടി അവിടെ കിടക്കട്ടെ. ജീവൻ തിരിച്ചുകിട്ടിയാൽ അത് തന്നെ വലിയ കാര്യം,”

മാളവികയും പറഞ്ഞു.

​ഒരുപക്ഷെ, ഈ കാടിന്റെ ദുരൂഹതകളിൽ നിന്ന് ഞങ്ങൾ രക്ഷപ്പെടാൻ പോകുകയാണെന്ന് ഞങ്ങൾ അടിയുറച്ചു വിശ്വസിച്ച നിമിഷങ്ങളായിരുന്നു അത്.

കുറച്ചു ദൂരം കൂടി നടന്നാൽ ആ വലിയ മഹീന്ദ്ര ജീപ്പ് കാണാമെന്ന പ്രതീക്ഷയിൽ ഞങ്ങളുടെ കണ്ണുകൾ കാട്ടുപാതയുടെ മുന്നിലേക്ക് മാത്രം നീണ്ടുനിന്നു. ഒരു വലിയ പേടിസ്വപ്നത്തിൽ നിന്ന് ഉണരാൻ പോകുന്നതിന്റെ സമാധാനമായിരുന്നു എല്ലാവർക്കും. പക്ഷെ, ഈ കാടിന് ഞങ്ങളെക്കുറിച്ച് മറ്റെന്തൊക്കെയോ പദ്ധതികൾ കൂടിയുണ്ടായിരുന്നു എന്ന് മനസ്സിലാക്കാൻ അധികനേരം വേണ്ടിവന്നില്ല.

നടന്നു തുടങ്ങുന്നതിനിടയിൽ, ഒരു ദീർഘനിശ്വാസത്തോടെ മാളവിക പറഞ്ഞു,

“എന്തായാലും നമ്മൾ ഇവിടുന്ന് ജീവനും കൊണ്ട് പുറത്തുകടന്നാൽ, പിന്നെ നേരെ വേറെ എങ്ങോട്ടെങ്കിലും പോണം. ഇനി എന്റെ ജീവിതത്തിൽ കാടും വേണ്ട, ഒരു എസ്റ്റേറ്റും വേണ്ട. എനിക്ക് മതിയായി!”

അത് കേട്ടപ്പോൾ മുന്നിൽ നടക്കുകയായിരുന്ന വിശാഖ് തിരിഞ്ഞുനോക്കി.

“സത്യം മാളൂ. ഇനി ആരും എന്നെ ഇതിന്റെ പേരിൽ കുറ്റം പറയരുത്. അമ്മാവൻ പറഞ്ഞതുകേട്ട് ഈ എസ്റ്റേറ്റ് കാണാൻ ഇറങ്ങിപ്പുറപ്പെട്ട എന്നെ വേണം തല്ലാൻ. ആദ്യം ഈ കാട്ടിൽ നിന്നൊന്ന് പുറത്തുകടക്കട്ടെ, ഞാൻ അങ്ങേരെ ഒന്ന് വിളിക്കുന്നുണ്ട്.”

​”ഇനി എങ്ങോട്ടും പോകാനൊന്നും ഞാൻ ഇല്ല. നേരെ വീട്ടിൽ പോയി അമ്മയുടെ

അടുത്തൊന്ന് കിടന്നുറങ്ങിയാൽ മതി എനിക്ക്,”

കാവ്യയുടെ വാക്കുകളിൽ വല്ലാത്തൊരു തളർച്ചയുണ്ടായിരുന്നു.

​ആ സംസാരവും വെച്ചുകൊണ്ട് ഞങ്ങൾ വേഗത്തിൽ നടന്നു. ജീപ്പ് എന്ന ആ ഒരൊറ്റ പ്രതീക്ഷ മാത്രമായിരുന്നു എല്ലാവരുടെയും മനസ്സിൽ. പെട്ടെന്നാണ് അന്തരീക്ഷം വീണ്ടും മാറിയത്. മരങ്ങൾക്ക് മുകളിലൂടെ ആകാശം പെട്ടെന്ന് ഇരുണ്ടുകൂടി. കണ്ണഞ്ചിപ്പിക്കുന്ന ഒരു വെള്ളിത്തിളക്കത്തോടെ വലിയൊരു മിന്നൽ കാടിനെ കീറിമുറിച്ചു! തൊട്ടുപിന്നാലെ, ഭൂമി കുലുങ്ങുന്നതുപോലെയുള്ള അതിഭീകരമായ ഒരു ഇടിമുഴക്കം!

​”അമ്മേ!”

എന്ന് നിലവിളിച്ചുകൊണ്ട് കാവ്യയും മാളവികയും പേടിച്ച് ചെവിപൊത്തി താഴേക്ക് കുനിഞ്ഞു.

ദേവു വല്ലാത്തൊരു ഞെട്ടലോടെ എന്റെ അടുത്തേക്ക് വന്ന് എന്നെ ഇറുകെ കെട്ടിപ്പിടിച്ചു.

​ഇന്നലെ രാത്രി കണ്ട ആ ശബ്ദമില്ലാത്ത മിന്നൽ ആയിരുന്നില്ല ഇത്. തികച്ചും സ്വാഭാവികമായ, എന്നാൽ അങ്ങേയറ്റം ഭയപ്പെടുത്തുന്ന ഒരു കാർമേഘത്തിന്റെ ഗർജ്ജനം!

​”പേടിക്കണ്ട… മഴ പെയ്യാൻ പോകുന്നതാകും,”

ഞാൻ ദേവുവിനെ ചേർത്തുപിടിച്ചുകൊണ്ട് ബാക്കിയുള്ളവരോടായി പറഞ്ഞു.

“എല്ലാവരും വേഗം നടക്ക്. മഴ കൂടി പെയ്താൽ പിന്നെ ഈ വഴിയിലൂടെ നടക്കാൻ പോലും പറ്റില്ല. ജീപ്പിന്റെ അടുത്തേക്ക് ഓടിക്കോ!”

Leave a Reply

Your email address will not be published. Required fields are marked *