കാലഭ്രംശം – 2 Likeഅടിപൊളി  

​ഞങ്ങൾ ആറുപേരും പരസ്പരം കൈകൾ ചേർത്തുപിടിച്ചു. കാടിന്റെ ഇരുട്ടിൽ നിന്ന്, നിഗൂഢതകൾ ഒളിപ്പിച്ചുവെച്ച ആ ഗുഹയുടെ ഉള്ളറകളിലേക്ക് പതുക്കെ കാലടുത്തുവെച്ചു. അകത്തേക്ക് പോകുന്തോറും ആ ഇളം നീല വെളിച്ചത്തിന് തിളക്കം കൂടിക്കൂടി വരികയായിരുന്നു. ഒപ്പം, വല്ലാത്തൊരു തണുപ്പും ഗുഹയുടെ ചുവരുകളിൽ നിന്ന് ഞങ്ങളെ പൊതിയാൻ തുടങ്ങി.

ഗുഹയുടെ ഉള്ളറകളിലേക്ക് കടക്കുംതോറും പ്രകാശത്തിന്റെ നേർത്ത തരികൾ പോലും ഇല്ലാതായി. മുന്നിലുള്ള നീല വെളിച്ചമല്ലാതെ മറ്റൊന്നും കാണാൻ കഴിയാത്ത അവസ്ഥ. ഭീമാകാരമായ ആ ഗുഹയുടെ ഇരുട്ട് ഞങ്ങളെ പൂർണ്ണമായും വിഴുങ്ങാൻ തുടങ്ങിയിരുന്നു. തണുത്ത കാറ്റ് ഗുഹാഭിത്തികളിൽ തട്ടി ഒരു വല്ലാത്ത മൂളലോടെ പുറത്തേക്ക് പോകുന്നുണ്ട്.

​”ആരുടെയെങ്കിലും ബാഗിൽ ടോർച്ച് വല്ലതുമുണ്ടോ? സ്വന്തം കൈ പോലും കാണാൻ പറ്റുന്നില്ല,”

നടപ്പിന്റെ വേഗത കുറച്ചുകൊണ്ട് വിശാഖ് ചോദിച്ചു.

​”നിൽക്ക്, ഞാൻ നോക്കട്ടെ,”

എന്ന് പറഞ്ഞ് ദേവുവും,

“ഞാനും നോക്കാം,”

എന്ന് പറഞ്ഞ് മാളവികയും തങ്ങളുടെ ബാഗുകളിൽ പരതാൻ തുടങ്ങി.

​”ഇത് മതിയോ?”

ഇരുട്ടിൽ തപ്പിത്തടഞ്ഞ് ബാഗിൽ നിന്നും ഒരു ചെറിയ ഹാൻഡ് ടോർച്ച് പുറത്തെടുത്ത് ദേവു അവന് നേരെ നീട്ടി.

​വിശാഖ് അത് വാങ്ങി ഓൺ ചെയ്തു.

ടോർച്ചിന്റെ കൂർത്ത വെളിച്ചം ഗുഹയുടെ ഇരുട്ടിനെ കീറിമുറിച്ചു. ആ വെളിച്ചത്തിൽ ഗുഹയുടെ വ്യാപ്തി കണ്ട് ഞങ്ങൾ ഞെട്ടിപ്പോയി. അതൊരു ചെറിയ ഗുഹയായിരുന്നില്ല; പാറകൾ നിറഞ്ഞ, നീളമേറിയ വലിയൊരു തുരങ്കമായിരുന്നു അത്. അതിന്റെ ഏറ്റവും അവസാനത്തെ അറയിൽ നിന്നാണ് ആ നീല വെളിച്ചം അരിച്ചിറങ്ങുന്നത്.

​വിശാഖ് ടോർച്ചിന്റെ വെളിച്ചം ഗുഹയുടെ വശങ്ങളിലുള്ള വലിയ പാറകളിലേക്ക് അടിച്ചു. ആ വെളിച്ചം പാറകളിൽ തട്ടി പ്രതിഫലിച്ചപ്പോഴാണ് എന്റെ കണ്ണുകൾ ആ കാഴ്ച ശ്രദ്ധിച്ചത്.

​”ഗയ്സ്… ദാ അവിടെയൊന്ന് നോക്കിക്കേ!”

ഞാൻ അത്ഭുതത്തോടെ വിരൽചൂണ്ടി.

ടോർച്ചിന്റെ വെളിച്ചം പതിഞ്ഞ ആ കരിങ്കൽ ഭിത്തികളിൽ മുഴുവൻ എന്തൊക്കെയോ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. ഞാൻ സൂക്ഷിച്ചു നോക്കി. അക്ഷരങ്ങളല്ല, അക്കങ്ങളാണ്! കുറച്ചുദൂരം മാറിമാറി കൊത്തിവെച്ചിരിക്കുന്ന വർഷങ്ങളും സമയവും! 1990, 1885, 1756… എന്നിങ്ങനെ കഴിഞ്ഞുപോയ പഴയ വർഷങ്ങൾ. എന്നാൽ എന്റെ ശ്വാസം നിലച്ചുപോയത് അതിനു താഴെ കൊത്തിവെച്ച അക്കങ്ങൾ കണ്ടപ്പോഴാണ്. 2309, 2177, 5683… ഭാവിയിലെ വർഷങ്ങൾ! അതിനൊപ്പം സമയവും മാസവും ദിവസവും ആ കരിങ്കല്ലിൽ ആഴത്തിൽ കൊത്തിവെച്ചിരിക്കുന്നു.

​”ഇതൊക്കെ എന്താ അശ്വിൻ?”

യാതൊന്നും മനസ്സിലാകാതെ കാവ്യ എന്നോട് ചോദിച്ചു.

​ആർക്കും അതിനൊരു ഉത്തരമുണ്ടായിരുന്നില്ല. യുക്തിക്ക് നിരക്കാത്ത ആ അക്കങ്ങൾ നോക്കി ഞങ്ങൾ നിശബ്ദരായി നിന്നു.

​”ചിലപ്പോൾ… പണ്ട് ഈ കാട്ടിൽ ഉണ്ടായിരുന്ന ആദിവാസികൾ വല്ലതും കൊത്തിവെച്ചതായിരിക്കുമോ?”

ദേവു സംശയത്തോടെ ചോദിച്ചു.

​”മണ്ടത്തരം പറയാതെ ദേവൂ,”

രോഹിത് ഉടനെ അവളെ തിരുത്തി.

“ആദിവാസികൾക്ക് എങ്ങനെയാ ഭാവിയിലെ വർഷങ്ങൾ മുൻകൂട്ടി എഴുതി വെക്കാൻ പറ്റുക? അതും 2309 ഉം

5683 ഉം ഒക്കെ? പോരാത്തതിന് കൃത്യമായ സമയവും തീയതിയും! ഇതൊരിക്കലും മനുഷ്യർ ചെയ്തതല്ല… ഇത് വേറെ എന്തോ ആണ്.”

​രോഹിത് പറഞ്ഞതായിരുന്നു ശരി. മനുഷ്യന്റെ ചരിത്രത്തിനും അതീതമായ എന്തോ ഒരു രഹസ്യം ആ ഗുഹയിലുണ്ടെന്ന് ഞങ്ങൾക്കപ്പോഴേക്കും മനസ്സിലായിരുന്നു. ആ അക്കങ്ങളെ പുറകിലാക്കി ഞങ്ങൾ വീണ്ടും മുന്നോട്ട് നടന്നു.ഗുഹയുടെ അവസാന ഭാഗത്തേക്ക് എത്തുന്തോറും ആ നീല വെളിച്ചത്തിന് ശക്തി കൂടിക്കൂടി വന്നു.

​ഒടുവിൽ ഞങ്ങൾ ആ കാഴ്ചയ്ക്ക് മുന്നിലെത്തി. വായുവിൽ യാതൊരു താങ്ങുമില്ലാതെ ഉയർന്നുനിൽക്കുന്ന, തിളങ്ങുന്ന വലിയൊരു നീല പ്രകാശഗോളം! അതൊരു തീഗോളമാണോ അതോ മിന്നൽ പിണരുകൾ ചുരുണ്ടുകൂടിയതാണോ എന്ന് വ്യക്തമായിരുന്നില്ല. അതിൽ നിന്നും പ്രസരിക്കുന്ന നീല വെളിച്ചത്തിൽ ഞങ്ങളുടെ എല്ലാവരുടെയും മുഖം വിളറിവെളുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *