കാലഭ്രംശം – 2 Likeഅടിപൊളി  

​ദേവു എന്റെ കൈയിലെ പിടി വിട്ടിരുന്നില്ല. പക്ഷെ അവളുടെ കൈകൾ ഇപ്പോൾ ഐസുപോലെ തണുത്തുറഞ്ഞിരുന്നു. അവൾ എന്നെ നോക്കി. ആ നോട്ടത്തിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ… ഇനി നമ്മൾ എന്ത് ചെയ്യും? ഉത്തരമില്ലാതെ, ചുറ്റുമുള്ള ആ ഭീകരമായ ശൂന്യതയിലേക്ക് നോക്കി നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.

ഇല്ലാത്ത ഒരു എസ്റ്റേറ്റിന്റെ ബോർഡിന് മുന്നിൽ പകച്ചുനിൽക്കുകയാണ് ഞങ്ങൾ. കാടിന്റെ ഭയാനകമായ ആ നിശബ്ദത ഞങ്ങളുടെ കാതുകളിൽ വലിയൊരു മുഴക്കമായി മാറുന്നത് ഞാൻ അറിഞ്ഞു. പകൽവെളിച്ചത്തിന് പോലും ഈ കാടിന്റെ ദുരൂഹതയെ മറച്ചുപിടിക്കാൻ കഴിയുന്നില്ല.

ഞാൻ പതിയെ വിശാഖിന്റെ നേർക്ക് തിരിഞ്ഞു.

“എടാ… നിന്റെ അമ്മാവൻ പറഞ്ഞ എസ്റ്റേറ്റ് ഇത് തന്നെയല്ലേ?”

​അവൻ ആ ബോർഡിലേക്കും പിന്നെ കെട്ടിടത്തിന്റെ യാതൊരു അടയാളവുമില്ലാത്ത ആ ശൂന്യമായ കാട്ടിലേക്കും മാറിമാറി നോക്കി.

“അതെ… സിൽവർവുഡ് എന്ന് തന്നെയാ അമ്മാവൻ പറഞ്ഞത്. പക്ഷെ ഇവിടെ കെട്ടിടം പോയിട്ട് ഒരു തറക്കല്ല് പോലുമില്ലല്ലോ…”

അവന്റെ ശബ്ദം വല്ലാതെ ഇടറുന്നുണ്ടായിരുന്നു.

​അതുകേട്ടപ്പോൾ അതുവരെ പിടിച്ചുനിർത്തിയ ഭയവും സങ്കടവും കാവ്യയുടെ ശബ്ദത്തിൽ അണപൊട്ടി.

​”ഇവിടെ ഇത് എന്തൊക്കെയാ നടക്കുന്നത്?”

അവൾ ഞങ്ങളെ എല്ലാവരെയും നോക്കി ചോദിച്ചു.

“ഇന്നലെ മുതൽ വല്ലാത്ത കുറെ കാര്യങ്ങളല്ലേ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. യാതൊരു കുഴപ്പവുമില്ലാതിരുന്ന വണ്ടി പെട്ടെന്ന് കേടായി… പിന്നെ ഇങ്ങോട്ട് നടക്കുമ്പോൾ ആ സുഗന്ധഗിരി എന്ന് എഴുതിയ ബോർഡ് രണ്ട് തവണ നമ്മുടെ മുന്നിൽ വന്നു… അതിനുശേഷം അത്രയും ഭീകരമായ ആ റോസ് മിന്നൽ, അതും യാതൊരു ഇടിമുഴക്കവുമില്ലാതെ! പോരാത്തതിന് ഇത്രയും വലിയൊരു കാട്ടിൽ നമ്മളല്ലാതെ ഒരു മനുഷ്യക്കുഞ്ഞിനെപ്പോലും ഇതുവരെ കണ്ടില്ല.””

​അവൾ പറഞ്ഞ ഓരോ കാര്യങ്ങളും ഞങ്ങളുടെ ഉള്ളിലെ ഭയത്തിന്റെ ആഴം കൂട്ടുകയായിരുന്നു. ഒരുനിമിഷം എല്ലാവരും നിശബ്ദരായി.

യുക്തിയുടെ എല്ലാ അതിരുകളും ലംഘിക്കപ്പെട്ട ഏതോ ഒരു ലോകത്താണ് ഞങ്ങളിപ്പോൾ ഉള്ളതെന്ന് എല്ലാവർക്കും പൂർണ്ണമായി

ബോധ്യപ്പെട്ട നിമിഷം.

​എന്റെ വലതുകൈയിൽ മുറുകെ പിടിച്ചുകൊണ്ട് ദേവു പറഞ്ഞു,

“ഇനി നമ്മൾ ഇവിടെ നിൽക്കണ്ട… നമുക്ക് എത്രയും പെട്ടെന്ന് ഇവിടുന്ന് പോകാം.”

അവളുടെ വിറയ്ക്കുന്ന ശബ്ദം കേട്ടപ്പോൾ എന്റെ നെഞ്ചൊന്ന് പിടഞ്ഞു. അവൾ ചുറ്റുമുള്ള വലിയ മരങ്ങളിലേക്ക് ഭയത്തോടെ നോക്കി.

“എനിക്കിവിടെ നടക്കുന്നതൊക്കെ കണ്ടിട്ട് വല്ലാതെ പേടിയാവുന്നു. നമ്മൾ നിൽക്കുന്നത് ഏതോ വലിയൊരു കെണിയിലാണെന്ന് എനിക്ക് തോന്നുന്നു. എന്തോ വലിയൊരു അപകടം വരാൻ പോകുന്നതുപോലെ…”

​അവളുടെ ആ വാക്കുകളിൽ ആ കാടിനേക്കാൾ വലിയൊരു തണുപ്പുണ്ടായിരുന്നു. ഞാൻ അവളുടെ കൈ ചേർത്തുപിടിച്ചു.

​”അവൾ പറഞ്ഞതാ ശരി,”

ഞാൻ ബാക്കിയുള്ളവരെ നോക്കി ഉറപ്പിച്ചു പറഞ്ഞു.

“ഇനിയും ഇവിടെ നിന്നിട്ട് യാതൊരു കാര്യവുമില്ല. ഇല്ലാത്ത എസ്റ്റേറ്റും അന്വേഷിച്ചു നമ്മൾ ഇനി മുന്നോട്ട് പോകുന്നില്ല. ഈ കാട് നമ്മളോട് എന്തൊക്കെയോ കള്ളങ്ങൾ പറയുകയാണ്. വന്ന വഴിയിലൂടെ തന്നെ നമുക്ക് തിരിച്ചു നടക്കാം. ഇരുട്ടുന്നതിന് മുൻപ് ജീപ്പ് വെച്ച സ്ഥലത്തെങ്കിലും എത്താതിരിക്കില്ല.”

​”അതെ, അത് തന്നെയാണ് നല്ലത്. ആ ജീപ്പിന്റെ അടുത്തേക്ക് തന്നെ പോകാം. റോഡരികിൽ ആകുമ്പോൾ വല്ല വണ്ടിയും വരാതിരിക്കില്ലല്ലോ,”

രോഹിത്തും പെട്ടെന്ന് എന്റെ കൂടെ ചേർന്നു.

​ആരും അതിനെ എതിർത്തില്ല. എല്ലാവർക്കും അവിടെ നിന്ന് എത്രയും പെട്ടെന്ന് രക്ഷപ്പെട്ടാൽ മതി എന്നായിരുന്നു. മുന്നോട്ടുള്ള യാത്രയേക്കാൾ ഭയാനകമായിരിക്കും ഈ തിരിച്ചുപോക്കെന്ന് അപ്പോൾ ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഇല്ലാത്ത എസ്റ്റേറ്റിന്റെ ആ ബോർഡിനെ പുറകിലാക്കി, ആറടി മണ്ണിലേക്ക് നടന്നടുക്കുന്നവരെപ്പോലെ ഞങ്ങൾ തിരിഞ്ഞു നടക്കാൻ തുടങ്ങി.

​വന്നതിനേക്കാൾ വേഗത്തിലായിരുന്നു ഞങ്ങളുടെ മടക്കയാത്ര. പക്ഷെ, ഓരോ ചുവടുവെക്കുമ്പോഴും ഈ കാട് ഞങ്ങളെ അത്രയെളുപ്പം തിരികെ പോകാൻ അനുവദിക്കില്ലെന്ന് എന്റെ ഉള്ളിലെ ഒരു ശബ്ദം എന്നോട് പറയുന്നുണ്ടായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *