കാലഭ്രംശം – 2 Likeഅടിപൊളി  

​നടക്കുന്നതിനിടയിൽ എന്റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചുകൊണ്ട് ദേവു പതുക്കെ ചോദിച്ചു,

“അശ്വിൻ… ഈ വെളിച്ചത്തിന് പിന്നിൽ വല്ല അപകടവും ഒളിഞ്ഞിരിപ്പുണ്ടാകുമോ?”

അവളുടെ സ്വരത്തിൽ ഭയം പൂർണ്ണമായും നിറഞ്ഞുനിന്നിരുന്നു.

​അത് കേട്ടുകൊണ്ട് തൊട്ടുപിന്നിൽ നടന്നിരുന്ന രോഹിത് അവൾക്ക് ധൈര്യം പകർന്നു.

“അങ്ങനെയൊന്നും ഉണ്ടാകില്ല ദേവൂ… എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ തന്നെ നമ്മൾ ആറുപേരില്ലേ കൂടെ? പിന്നെ നമ്മൾ എന്തിനാ വെറുതെ പേടിക്കുന്നത്. എന്ത് വന്നാലും നമുക്ക് നോക്കാം.”

​രോഹിത്തിന്റെ ആ വാക്കുകൾ

അവൾക്ക് ചെറിയൊരു ആശ്വാസം നൽകിയെങ്കിലും, ഈ കാട്ടിലെ നിഗൂഢതകൾക്ക് മുൻപിൽ മനുഷ്യന്റെ കരുത്തിന് എത്രത്തോളം പിടിച്ചുനിൽക്കാൻ കഴിയുമെന്നത് വലിയൊരു ചോദ്യചിഹ്നമായി എന്റെ ഉള്ളിൽ അവശേഷിച്ചു.

​വള്ളിപ്പടർപ്പുകളും വലിയ വേരുകളും വകഞ്ഞുമാറ്റി ഞങ്ങൾ കുറച്ചുകൂടി മുന്നോട്ട് നടന്നു. പെട്ടെന്ന് ആ കാട്ടുപൊന്തകൾ അവസാനിക്കുകയും വലിയൊരു പാറക്കെട്ടിന് മുന്നിലേക്ക് ഞങ്ങൾ എത്തിപ്പെടുകയും ചെയ്തു. ആ കാഴ്ച കണ്ട് ഞങ്ങൾ എല്ലാവരും ഒരടി പിന്നോട്ട് മാറിപ്പോയി.

​കൂറ്റൻ കരിങ്കൽ പാറകൾക്കിടയിൽ പിളർന്നു നിൽക്കുന്ന ഭീമാകാരമായ ഒരു ഗുഹ! ആ ഗുഹയുടെ വായ്ഭാഗത്തുനിന്നാണ് ആ ഇളം നീല വെളിച്ചം പുറത്തേക്ക് ഒഴുകിവരുന്നത്. കോടമഞ്ഞും ആ നീല വെളിച്ചവും കൂടിച്ചേർന്ന് ആ ഗുഹാമുഖത്ത് വല്ലാത്തൊരു മായാജാലം തീർത്തിരുന്നു. സിരകളിൽ മരവിപ്പുണ്ടാക്കുന്ന ഒരു അമാനുഷിക ഭംഗി ആ കാഴ്ചയ്ക്കുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ശ്വാസമടക്കിപ്പിടിച്ച് ആ ഗുഹയുടെ മുന്നിൽ തറഞ്ഞുനിന്നു. അകത്തേക്ക് കയറാൻ ആർക്കും ധൈര്യം വന്നില്ല.

​”ഡാ… ഇതിനകത്ത് നിന്ന ആ വെളിച്ചം പുറത്തേക്ക് വരുന്നത് “

ആ ഗുഹയുടെ ഇരുണ്ട ഉള്ളറകളിലേക്ക് കണ്ണുംനട്ട് വിശാഖ് പറഞ്ഞു.

അവന്റെ മുഖത്തും ആ നീല വെളിച്ചം പ്രതിഫലിക്കുന്നുണ്ടായിരുന്നു.

​”എന്തായാലും നമ്മൾ ഈ ഗുഹയുടെ വാതിൽക്കൽ വരെ വന്നില്ലേ, ഇതിനകത്ത് എന്താണെന്ന് നമുക്കൊന്ന് കേറി നോക്കാം,”

ഞാൻ എന്റെ ക്യാമറ ബാഗ് തോളിലൊന്ന് ശരിയാക്കിക്കൊണ്ട് പറഞ്ഞു.

​അതുകേട്ടതും മാളവികയും കാവ്യയും ഒരേപോലെ എതിർത്തു.

​”വേണ്ട അശ്വിൻ…”

മാളവികയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.

“നമ്മൾ ഈ കാട്ടിൽ നിന്ന് പുറത്തുകടക്കാനുള്ള വഴി നോക്കിയല്ലേ ഇങ്ങോട്ട് വന്നത്? ഇതിപ്പോ വെറുതെ ആ ഗുഹക്കകത്ത് കയറി അതിൽ നമ്മൾ പെട്ടുപോയാലോ? ഇതിനകത്ത് എന്തൊക്കെയുണ്ടെന്ന് ആർക്കറിയാം!”

​”അതെ, മാളവിക പറയുന്നതാ ശരി,”

കാവ്യയും അതിനെ പിന്തുണച്ചു.

“ഈ കാട് മുഴുവൻ വിചിത്രമായ കാര്യങ്ങളല്ലേ നടക്കുന്നത്. നമ്മൾ ഇല്ലാത്ത എസ്റ്റേറ്റ് അന്വേഷിച്ചു പോയത് പോരാഞ്ഞിട്ടാണോ ഇനി ഈ ഗുഹക്കകത്തേക്ക് കയറുന്നത്? നമുക്ക് വേഗം തിരിച്ചു പോകാം.”

​അവർ പറഞ്ഞതിൽ വലിയൊരു ശരിയുണ്ടായിരുന്നു.

അപകടങ്ങളിലേക്ക് സ്വയം നടന്നുകയറുന്നതുപോലെയാണ് എനിക്കും തോന്നിയത്. പക്ഷെ തിരിച്ചു നടന്നാൽ നമ്മൾ എവിടെയെങ്കിലും എത്തുമെന്നതിന് എന്ത് ഉറപ്പാണുള്ളത്?

​രോഹിത് പതുക്കെ പെൺകുട്ടികളുടെ അടുത്തേക്ക് ചെന്നു.

“മാളൂ… നമ്മൾ ഈ കാട്ടിൽ കുടുങ്ങിയെന്ന് നമുക്കെല്ലാവർക്കും അറിയാമല്ലോ. നമ്മൾ അകത്തേക്ക് അധികം ദൂരമൊന്നും പോകുന്നില്ല. കുറച്ചുദൂരം മാത്രം… ആ വെളിച്ചം എന്താണെന്ന് മാത്രം നോക്കിയിട്ട് നമുക്ക് വേഗം തിരിച്ചു വരാം. ചിലപ്പോൾ നമ്മളെ രക്ഷപ്പെടുത്താനുള്ള എന്തെങ്കിലും ഒരു വഴി ഇതിനകത്ത് ഉണ്ടെങ്കിലോ? ആ നീല വെളിച്ചം എന്താണെന്ന് പോലും അറിയാതെ ഇവിടുന്ന് പോയിട്ട് എന്താ കാര്യം?”

​രോഹിത്തിന്റെ ആ ചോദ്യത്തിന് മുൻപിൽ പെൺകുട്ടികൾക്കൊന്നും പറയാനുണ്ടായിരുന്നില്ല.

പുറകിലെ അവസാനിക്കാത്ത കാടിനേക്കാൾ, മുന്നിലുള്ള ആ വെളിച്ചം അവരിലും ഒരു ചെറിയ പ്രതീക്ഷ നൽകിയിട്ടുണ്ടാകണം. പരസ്പരം നോക്കി ഒരു ദീർഘനിശ്വാസത്തോടെ

അവർ ഒടുവിൽ സമ്മതം മൂളി.

Leave a Reply

Your email address will not be published. Required fields are marked *