കാലഭ്രംശം – 2 Likeഅടിപൊളി  

വന്ന വഴിയിലൂടെ തന്നെയാണ് നമ്മൾ തിരിച്ചു പോകുന്നതെന്ന് എന്താണ് ഉറപ്പ്? ചുറ്റുമുള്ള മരങ്ങൾക്കും കാട്ടുചെടികൾക്കും ഒരേ മുഖമാണ്.

​”നമ്മൾ ശരിയായ വഴിയിലൂടെ തന്നെയാണോ പോകുന്നതെന്ന് എങ്ങനെ ഉറപ്പിക്കും? തിരിച്ചു പോകുമ്പോൾ വഴിതെറ്റിയാൽ…”

പുറകിൽ നിന്ന് മാളവികയുടെ ശബ്ദത്തിൽ ഒരു സംശയം ഉയർന്നു. അത് ഞങ്ങളുടെ എല്ലാവരുടെയും ഉള്ളിലുണ്ടായിരുന്ന അതേ സംശയമായിരുന്നു.

​”എല്ലാവരും ഒന്ന് ഫോൺ എടുത്തു നോക്കിയേ… നമ്മൾ കുറെയധികം നടന്നില്ലേ, വല്ല റേഞ്ചും വന്നോ എന്ന് നോക്കാം,”

നടപ്പ് നിർത്തിക്കൊണ്ട് വിശാഖ് പറഞ്ഞു.

​അതുകേട്ടതും എല്ലാവരും അവരവരുടെ പോക്കറ്റിൽ നിന്നും ബാഗിൽ നിന്നും ഫോണുകൾ പുറത്തെടുത്തു. ഓരോരുത്തരായി നിരാശയോടെ തലയാട്ടിത്തുടങ്ങി. എങ്ങും സിഗ്നൽ ഇല്ല. എന്റെ പോക്കറ്റിൽ നിന്ന് ഞാനും ഫോൺ പുറത്തെടുത്തു. ഡിസ്പ്ലേയിലേക്ക് നോക്കിയ ഞാൻ ഒരത്ഭുതം പോലെ അത് കണ്ടു!

​”എടാ… എന്റെ ഫോണിൽ സിഗ്നൽ ഉണ്ട്! രണ്ടു കട്ട കാണിക്കുന്നുണ്ട്!”

ഞാൻ വലിയ സന്തോഷത്തോടെ വിളിച്ചുപറഞ്ഞു.

​ആ ഇരുണ്ട കാട്ടിൽ പെട്ടെന്നൊരു വെളിച്ചം വീണതുപോലെയായി എല്ലാവരുടെയും മുഖം. ദാഹിച്ചു വലഞ്ഞവന് ഒരു

തുള്ളി വെള്ളം കിട്ടിയ അവസ്ഥ.

​”വേഗം വിളിക്ക് അശ്വിൻ… അടുത്തുള്ള വല്ല പോലീസ് സ്റ്റേഷനിലേക്കും വിളിക്ക്. നമ്മൾ ഇവിടെ പെട്ടുപോയ കാര്യം പറ,”

ദേവു എന്റെ അടുത്തേക്ക് ചേർന്നു നിന്നുകൊണ്ട് ധൃതി കൂട്ടി.

​ഞാൻ വേഗം എമർജൻസി നമ്പർ ഡയൽ ചെയ്തു. സ്ക്രീനിൽ ‘കോളിങ്’ എന്ന് കാണിക്കുന്നുണ്ട്, പക്ഷെ കാതുകളിൽ ആ ബെല്ലടിക്കുന്ന ശബ്ദം വന്നില്ല.

സെക്കൻഡുകൾക്കുള്ളിൽ കോൾ തനിയെ കട്ടായി. ഞാൻ വീണ്ടും വീണ്ടും ശ്രമിച്ചു. യാതൊരു ഫലവുമില്ല. കണക്ട് ആകുന്നില്ല. മാത്രമല്ല, കോൾ കിട്ടിയാൽ തന്നെ നമ്മൾ ഈ കാട്ടിൽ എവിടെയാണെന്ന് കൃത്യമായി പോലീസിനോട് പറയാൻ എനിക്കറിയില്ലായിരുന്നു. സുഗന്ധഗിരി എന്ന പേര് മാത്രമാണ് ആകെ അറിയാവുന്നത്.

​”എന്തായി? കിട്ടിയോ?”

രോഹിത് ആകാംക്ഷയോടെ ചോദിച്ചു.

​”ഇല്ലടാ… പോലീസ് സ്റ്റേഷനിലേക്ക് കണക്ട് ആകുന്നില്ല,”

ഞാൻ നിരാശയോടെ പറഞ്ഞു.

എന്റെ കൈകൾ ചെറിയ രീതിയിൽ വിറയ്ക്കുന്നുണ്ടായിരുന്നു.

“ഞാൻ… ഞാൻ എന്റെ അമ്മയെ ഒന്ന് വിളിച്ചു നോക്കാം.”

ഞാൻ വേഗം കോൺടാക്ട്സ് എടുത്ത് അമ്മയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.

എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് ആ ഫോണിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്. ഒന്ന്… രണ്ട്… മൂന്ന് സെക്കൻഡുകൾ. പെട്ടെന്ന് ഫോണിൽ നിന്ന് ആ നീളമുള്ള റിങ്ങിങ് ശബ്ദം കേട്ടു! ​കോൾ പോകുന്നുണ്ട്! എന്റെ ഹൃദയമിടിപ്പ് ഇരട്ടിയായി. ഫോൺ ചെവിയോട് ഒന്നുകൂടി ചേർത്തുപിടിച്ചു.

രണ്ട് റിങ് കഴിഞ്ഞതും അപ്പുറത്ത് കാൾ അറ്റൻഡ് ചെയ്യപ്പെട്ടു.

​”ഹലോ… അമ്മേ… അമ്മേ കേൾക്കാമോ?”

ഞാൻ ഉറക്കെ വിളിച്ചു.

​പക്ഷെ അപ്പുറത്തുനിന്നും മനുഷ്യരുടേതായ യാതൊരു ശബ്ദവും ഉണ്ടായിരുന്നില്ല. പകരം വളരെ വിചിത്രമായ ഒരു ശബ്ദം… വലിയൊരു മെഷീൻ പ്രവർത്തിക്കുന്നതുപോലെയുള്ള ഒരു വല്ലാത്ത വൈബ്രേഷൻ സൗണ്ട് മാത്രം. ആ ശബ്ദത്തിന് ഒട്ടും സ്വാഭാവികത ഉണ്ടായിരുന്നില്ല, എന്റെ തലച്ചോറിലേക്ക് തുളച്ചുകയറുന്നതുപോലെ തോന്നിയ ആ ഇരമ്പൽ കൃത്യം നാല് സെക്കൻഡ് മാത്രം നീണ്ടുനിന്നു. അതിനുശേഷം ഒരു ‘ബീപ്പ്’ ശബ്ദത്തോടെ കാൾ കട്ടായി. ഫോണിന്റെ സ്ക്രീനിലേക്ക് നോക്കി ഞാൻ തറഞ്ഞുനിന്നുപോയി.

​”എടാ… എന്തായി അശ്വിൻ? അമ്മ എന്താ പറഞ്ഞെ?”

ദേവു വല്ലാത്തൊരു വെപ്രാളത്തോടെ എന്റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു.

​ഞാൻ പതുക്കെ അവളുടെ മുഖത്തേക്ക് നോക്കി.

“കോൾ എടുത്തു ദേവൂ… പക്ഷെ സംസാരിച്ചില്ല. പകരം എന്തോ വല്ലാത്തൊരു വൈബ്രേഷൻ സൗണ്ട് മാത്രം കേട്ടു. വലിയൊരു മെഷീൻ ഇരമ്പുന്നതുപോലെയുള്ള ഒരു ശബ്ദം… എന്നിട്ട് അത് തനിയെ കട്ടായി.”

​അതുകേട്ടതോടെ എല്ലാവരുടെയും മുഖത്തെ അവസാനത്തെ പ്രതീക്ഷയും അണഞ്ഞു. ആ കാടിന്റെ നിശബ്ദതയ്ക്ക് ഇപ്പോൾ പഴയതിനേക്കാൾ ഭീകരത തോന്നി.

Leave a Reply

Your email address will not be published. Required fields are marked *