എന്റെ ഫോണിലെ ആ രണ്ടു കട്ട സിഗ്നൽ നമ്മളെ രക്ഷിക്കാനല്ല, മറിച്ച് ഈ കാടിന്റെ അദൃശ്യമായ ഏതോ ഒരു വലയിൽ നമ്മൾ കൂടുതൽ കുടുങ്ങുകയാണെന്ന് ഓർമ്മിപ്പിക്കാനാണെന്ന് എനിക്ക് തോന്നി. സമയം, ദൂരം, ഇപ്പോൾ ദാ ശബ്ദങ്ങൾ
പോലു..
ഫോണിൽ നിന്നുകേട്ട ആ വിചിത്രമായ ശബ്ദത്തിന്റെ ഞെട്ടലിൽ നിന്ന് ഞങ്ങൾ ആരും മുക്തരായിരുന്നില്ല. ആ കൊടുംകാട്ടിൽ, പുറംലോകവുമായുള്ള ഞങ്ങളുടെ ഒരേയൊരു ബന്ധവും അങ്ങനെ അറ്റുപോയിരിക്കുന്നു. നിശബ്ദത വീണ്ടും ഞങ്ങളെ വരിഞ്ഞുമുറുക്കാൻ തുടങ്ങിയപ്പോൾ, ആ തണുത്തുറഞ്ഞ അന്തരീക്ഷത്തെ ഭേദിച്ചുകൊണ്ട് വിശാഖ് പറഞ്ഞു.
”എടാ… എന്തായാലും നമുക്ക് മുന്നോട്ട് തന്നെ നടക്കാം. അല്ലാതെ വേറെ വഴിയില്ലല്ലോ നമുക്ക് പോകാൻ. ഇവിടെ ഇങ്ങനെ നിന്നാൽ ചിലപ്പോൾ നമ്മൾക്ക് ഭ്രാന്ത് പിടിക്കും.”
അതുകേട്ടപ്പോൾ എന്റെ തോളിൽ ചാരി നിന്നിരുന്ന ദേവു വല്ലാത്തൊരു നിരാശയോടെ അവനെ നോക്കി.
“ഇനി എങ്ങോട്ട് പോകാനാ വിശാഖേ? നമ്മൾ കുറെ നടന്ന് ആ ജീപ്പിന്റെ അടുത്ത് എത്തിയാൽ തന്നെ എന്താ കാര്യം? അത് വർക്ക് ആയാലല്ലേ നമുക്ക് തിരികെ പോകാൻ പറ്റൂ… അതിനകത്ത് ഇരുന്നാലും നമ്മൾ ഈ കാട്ടിൽ തന്നെയാവില്ലേ?”
അവളുടെ ചോദ്യം വളരെ യുക്തിഭദ്രമായിരുന്നു. ജീപ്പ് കേടായതുകൊണ്ടാണല്ലോ ഞങ്ങൾ ഈ നരകത്തിലേക്ക് നടന്നിറങ്ങിയത് തന്നെ. പക്ഷെ ആ നിമിഷത്തിൽ അവരെ തളർത്താൻ എനിക്ക് കഴിയില്ലായിരുന്നു.
”ജീപ്പിന്റെ അടുത്തെത്തിയാൽ നമ്മൾ പകുതി സേഫ് ആണ് ദേവൂ,”
ഞാൻ വളരെ ശാന്തമായി അവളെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
“ഈ കാടിന്റെ ഉള്ളറകളെക്കാൾ കുറച്ചുകൂടി വെളിച്ചം അവിടെയുണ്ട്. പോരാത്തതിന് ജീപ്പ് കിടക്കുന്നത് കാട്ടുപാതയുടെ തുടക്കത്തിലല്ലേ. അവിടെ നിന്നാൽ ലക്കിടിയിലെ ആ പ്രധാന റോഡിലേക്ക് നടന്നെത്താൻ എളുപ്പമാണ്. ഈ കാട്ടിനുള്ളിൽ പെട്ടു കിടക്കുന്നതിലും നല്ലത് അതാണ്.”
”അശ്വിൻ പറയുന്നതാ ശരി,”
മാളവികയും എന്നോട് യോജിച്ചു.
“ഈ മരങ്ങളുടെ ഇടയിൽ നിൽക്കുമ്പോൾ എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നുന്നു. ദാഹം കൊണ്ടും പേടികൊണ്ടും എന്റെ തൊണ്ട വരണ്ടുണങ്ങുകയാ. നമുക്ക് നടക്കാം… ജീപ്പിന്റെ അടുത്തേക്കെങ്കിലും എത്താം.”
വേറെ യാതൊരു മാർഗ്ഗവുമില്ലാതിരുന്നതുകൊണ്ട് ഞങ്ങൾ വേഗത്തിൽ നടക്കാൻ തുടങ്ങി.വന്ന വഴിയേക്കാൾ വേഗത്തിലായിരുന്നു ഞങ്ങളുടെ മടക്കയാത്ര. ഓരോ ചുവടുവെക്കുമ്പോഴും ചുറ്റുമുള്ള മരങ്ങൾ ഞങ്ങളെ നോക്കി പരിഹസിക്കുന്നതുപോലെ തോന്നി. ഇടയ്ക്ക് ഞാൻ കൈയുയർത്തി എന്റെ വാച്ചിലേക്ക് നോക്കി. സ്റ്റെപ്പ് കൗണ്ടറിൽ ഞങ്ങൾ നടന്ന ദൂരം ഇപ്പോൾ 7 കിലോമീറ്റർ എന്ന് കാണിക്കുന്നുണ്ട്. സമയം രാവിലെ 10:34. സമയവും ദൂരവും തമ്മിലുള്ള ആ വലിയ പൊരുത്തക്കേട് എന്നെ ഇപ്പോഴും അലട്ടുന്നുണ്ടായിരുന്നെങ്കിലും ഞാൻ അതാരോടും പറയാൻ പോയില്ല.
കുറച്ചുദൂരം കൂടി മുന്നോട്ട് നടന്നപ്പോൾ, മരങ്ങൾക്കിടയിലൂടെ നേർത്തൊരു മഞ്ഞനിറം എന്റെ കണ്ണിൽ പെട്ടു.
മുന്നിൽ നടന്നുകൊണ്ടിരുന്ന രോഹിത് പെട്ടെന്ന് വലിയൊരു ആവേശത്തോടെ തിരിഞ്ഞുനിന്നു.
”ഗയ്സ്… എല്ലാവരും അങ്ങോട്ട് നോക്കിയേ! നമ്മൾ ആ ബോർഡിന്റെ അടുത്തെത്തി!”
അവൻ വിറയ്ക്കുന്ന കൈകൾ കൊണ്ട് കാട്ടുപാതയുടെ വശത്തേക്ക് ചൂണ്ടി.
ഇന്നലെ രാത്രി ഞങ്ങളെ ഒരുപാട് ഭയപ്പെടുത്തിയ അതേ ബോർഡ്! പകുതി തുരുമ്പിച്ച ആ ഇരുമ്പുബോർഡിൽ
‘സുഗന്ധഗിരി – 5 KM’
എന്ന് അവ്യക്തമായി എഴുതിവെച്ചിരിക്കുന്നത് കണ്ടപ്പോൾ, അത്ഭുതമെന്നു
പറയട്ടെ, എന്റെ ഉള്ളിൽ വലിയൊരു ആശ്വാസമാണ് ഉണ്ടായത്. നമ്മൾ ശരിയായ വഴിയിലൂടെ തന്നെയാണ് തിരിച്ചു നടക്കുന്നതെന്നതിനുള്ള ഏറ്റവും വലിയ തെളിവായിരുന്നു അത്.
”സത്യമായിട്ടും… എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല,”
ബോർഡിനടുത്തേക്ക് ഓടിയെത്തിയ കാവ്യ വലിയൊരു നെടുവീർപ്പോടെ പറഞ്ഞു.
“ഈ ഒരു ബോർഡ് ഇപ്പോൾ കണ്ടപ്പോൾ എന്റെ ജീവൻ തിരിച്ചു കിട്ടിയതുപോലെയാ. കുറച്ചൂടെ നടന്നാൽ നമ്മൾ രക്ഷപ്പെട്ടു!”
